സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകി
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് രംഗത്ത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകി.
കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നുവെന്നും അതിൽ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നിർദ്ദേശിച്ചു, മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കിയത്.
അതിനിടെ യുവ വനിതാ തിരക്കഥാകൃത്തിനെ ഉപദ്രവിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി സംവിധായകൻ വി.കെ.പ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. പരാതിക്കാരിക്ക് ക്രിമിനൽ പശ്ചാത്തലമെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്നും ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്കും, പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നൽകിയിട്ടുണ്ടെന്നും വി.കെ.പ്രകാശ് ഹൈക്കോടതിയെ അറിയിച്ചു. അഭിഭാഷകൻ ബാബു.എസ് നായർ വഴിയാണ് ഹർജി സമർപ്പിച്ചത്