ആഗോള ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് ആദ്യ ഭാഗം നേടിയത്
ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ സീക്വലുകളുടെ കാലമാണ്. ബിഗ് ബജറ്റ്, ബിഗ് കാന്‍വാസ് ചിത്രങ്ങളുടെ അണിയറക്കാരെ സംബന്ധിച്ച് അതൊരു ബിസിനസ് പ്ലാനിംഗ് കൂടിയാണ്. വമ്പന്‍ പ്രീ റിലീസ് കൊടുത്ത് ഇറക്കുന്ന ആദ്യഭാഗം വിജയിച്ചാല്‍ പരസ്യമൊന്നും ചെയ്യാതെതന്നെ രണ്ടാം ഭാഗത്തിന് മിനിമം ഗ്യാരന്‍റി ലഭിക്കും. അത്തരത്തില്‍ പ്ലാന്‍ ചെയ്ത് ഇറക്കിയ ഏറ്റവും പുതിയ ചിത്രം ദേവര ആണ്. ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്ത ആദ്യ ഭാഗം സെപ്റ്റംബര്‍ 27 നാണ് പുറത്തെത്തിയത്. ആദ്യ ഭാഗം പ്രേക്ഷകശ്രദ്ധ നേടിയതോടെ രണ്ടാം ഭാഗത്തെക്കുറിച്ച് അണിയറക്കാര്‍ക്ക് പ്രതീക്ഷ ഏറുകയാണ്.
അസോസിയേറ്റഡ് പ്രസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ തന്നെ ആദ്യ ഭാഗത്തിന്‍റെ വിജയം രണ്ടാം ഭാഗത്തേക്കുറിച്ച് ഉയര്‍ത്തിയിട്ടുള്ള പ്രതീക്ഷകളെക്കുറിച്ച് പറയുന്നുണ്ട്. ആദ്യഭാഗത്തിന്‍റെ ചിത്രീകരണ സമയത്തുതന്നെ രണ്ടാം ഭാഗത്തിന് ആവശ്യം വരുന്ന ചില സീക്വന്‍സുകള്‍ ചിത്രീകരിച്ചിരുന്നെന്നും എന്നാല്‍ ആദ്യ ഭാഗം പ്രേക്ഷകരില്‍ പ്രതീക്ഷയേറ്റിയതോടെ സീക്വലിനുവേണ്ടി പതുക്കെ സഞ്ചരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും ജൂനിയര്‍ എന്‍ടിആര്‍ പറയുന്നു.
undefined
രണ്ടാം ഭാഗം ആരംഭിക്കുന്നതിന് മുന്‍പ് സംവിധായകന്‍ കൊരട്ടല ശിവ നിര്‍ബന്ധമായും ഒരു ഇടവേള എടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ജൂനിയര്‍ എന്‍ടിആര്‍ പറയുന്നു- "ആദ്യ ഭാഗം നന്നായി പോകുന്നതുകൊണ്ട് മുഴുവന്‍ അണിയറക്കാരെയും സംബന്ധിച്ച് രണ്ടാം ഭാഗത്തിന്‍റെ ഉത്തരവാദിത്തം വര്‍ധിച്ചിരിക്കുകയാണ്. സീക്വല്‍ കൂടുതല്‍ വലുതും മികച്ചതുമാക്കാന്‍ സമയമെടുക്കും". അതേസമയം രണ്ടാം ഭാഗത്തിന്‍റെ എഴുത്ത് പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറയുന്നു. "അത് ആരംഭിക്കുന്നതിന് മുന്‍പ് കൊരട്ടല ശിവയെ ഒരു മാസത്തേക്ക് ഹൈദരാബാദിന് പുറത്തേക്ക് അയക്കണം. ദേവരയെക്കുറിച്ച് മറന്ന് അദ്ദേഹത്തിന് ആസ്വദിക്കാനുള്ള സമയമാണ് അത്. സംവിധായകനെ സംബന്ധിച്ച് അത് ഏറെ ആവശ്യമാണ്. എന്നാല്‍ മാത്രമേ കൂടുതല്‍ ഊര്‍ജ്ജത്തോടെ അദ്ദേഹത്തിന് രണ്ടാം ഭാഗം ഒരുക്കാനാവൂ", ജൂനിയര്‍ എന്‍ടിആര്‍ പറയുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഒരാഴ്ച കൊണ്ട് ദേവര പാര്‍ട്ട് 1 405 കോടി നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
ALSO READ : അന്‍വര്‍ സാദത്തും ഡയാന ഹമീദും കേന്ദ്ര കഥാപാത്രങ്ങള്‍; 'അര്‍ധരാത്രി' ചിത്രീകരണം തുടങ്ങി