രണ്ട് ഭാഷകളിലും ഇടംപിടിച്ചത് ഒരേയൊരു മലയാളി താരം
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ മറുഭാഷകളില്‍ നിന്ന് ഇന്ന് ഏറ്റവുമധികം അവസരങ്ങള്‍ ലഭിക്കുന്നത് മലയാളി താരങ്ങള്‍ക്കാണെന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. സൂപ്പര്‍സ്റ്റാറുകള്‍ മുതല്‍ താരതമ്യേന തുടക്കക്കാരായവര്‍ വരെ മലയാളത്തിന് പുറത്ത് ഇന്ന് അഭിനയിക്കുന്നുണ്ട്. മലയാളി അഭിനേതാക്കളെക്കുറിച്ച് മുന്‍പുതന്നെ മികച്ച അഭിപ്രായം പാന്‍ ഇന്ത്യന്‍ തലത്തില്‍ ഉണ്ടെങ്കിലും ഒടിടിയുടെ വരവോടെ അവര്‍ക്ക് പുറത്ത് ലഭിക്കുന്ന അവസരങ്ങള്‍ കൂടി. ഇപ്പോഴിതാ തമിഴ്, തെലുങ്ക് ഭാഷകളിലെ ജനപ്രിയ നടിമാരുടെ പുറത്തെത്തിയ പുതിയ ലിസ്റ്റില്‍ മലയാളികളെ സംബന്ധിച്ച് ഒരു കൗതുകമുണ്ട്.
പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ ലിസ്റ്റുകളിലാണ് ഇത്. ജനുവരി മാസത്തെ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഇവ. തെലുങ്ക്, തമിഴ് സിനിമകളുടെ ലിസ്റ്റകളില്‍ ആവര്‍ത്തിക്കുന്ന പേരുകള്‍ പലതുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ മലയാളിയായി ഒരേയൊരാള്‍ മാത്രമാണ് ഉള്ളത്. കീര്‍ത്തി സുരേഷ് ആണ് അത്. തെലുങ്ക് ലിസ്റ്റില്‍ ഒന്‍പതാമതും തമിഴ് ലിസ്റ്റില്‍ നാലാമതുമാണ് കീര്‍ത്തി.
സാമന്ത, കാജല്‍ അഗര്‍വാള്‍, സായ് പല്ലവി, രശ്മിക മന്താന, തമന്ന എന്നിവരും കീര്‍ത്തി സുരേഷിനൊപ്പം ഇരു ലിസ്റ്റുകളിലും ഇടംപിടിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി തെലുങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. അനുപമ പരമേശ്വരനാണ് അത്. എന്നാല്‍ തമിഴ് ലിസ്റ്റില്‍ അനുപമ ഇല്ല. തമിഴില്‍ നാല് ചിത്രങ്ങളാണ് കീര്‍ത്തി സുരേഷിന്‍റേതായി വരാനിരിക്കുന്നത്. സൈറന്‍, രഘുതാത്ത, റിവോള്‍വര്‍ റീത്ത, കന്നിവെടി എന്നിവയാണ് അവ. ഇതില്‍ സൈറന്‍ റിലീസ് ഇന്നാണ്. തെലുങ്കിലെ അവസാന റിലീസ് ചിരഞ്ജീവി നായകനായ ഭോലാ ശങ്കര്‍ ആയിരുന്നു.
ALSO READ : ഈ വെള്ളിയാഴ്ച ഇല്ല; ഇന്ദ്രജിത്തിന്‍റെ 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' റിലീസ് നീട്ടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം