'ഇംഗ്ലീഷില്‍ സംസാരിക്കാം, ബിബിസി അഭിമുഖം ഞാന്‍ കണ്ടിരുന്നു'; മന്ത്രി ശൈലജയോട് കമല്‍ ഹാസന്‍

By Web Team  |  First Published May 31, 2020, 1:33 PM IST

സംഭാഷണം മറ്റുള്ളവരും കാണുന്നുണ്ടോ, ഏത് ഭാഷയില്‍ സംസാരിക്കണമെന്ന കെ കെ ശൈലജയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്‍റെ മറുപടി. 


കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു കമല്‍ ഹാസന്‍. 'എന്‍റെ കേരള സര്‍ക്കാര്‍' എന്ന് പറയുമെന്നും കേരള മാതൃകയില്‍ നിന്ന് തമിഴ്‍നാടിന് പലതും പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയോട് കൊവിഡ് പ്രതിരോധത്തിലെ കേരള മാതൃകയെക്കുറിച്ച് സംവദിച്ചിരിക്കുകയാണ് കമല്‍. വീഡിയോ കോളിലൂടെ നടത്തിയ സംഭാഷണം കമല്‍ ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യതിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. 

സംഭാഷണം മറ്റുള്ളവരും കാണുന്നുണ്ടോ, ഏത് ഭാഷയില്‍ സംസാരിക്കണമെന്ന കെ കെ ശൈലജയുടെ ചോദ്യത്തിന് മാഡം ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതിയെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖം താന്‍ കണ്ടിരുന്നുവെന്നുമായിരുന്നു കമലിന്‍റെ മറുപടി. തുടര്‍ന്ന് കൊവിഡ് പശ്ചാത്തലത്തില്‍ കേരളം പല സമയത്ത് സ്വീകരിച്ച കരുതല്‍ നടപടികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. വുഹാന്‍ യൂണിവേഴ്‍സിറ്റിയില്‍ നിന്ന് മൂന്ന് വിദ്യാര്‍ഥികള്‍ എത്തിയ സമയം മുതല്‍ പുലര്‍ത്തിയ ജാഗ്രതയെക്കുറിച്ചും ക്വാറന്‍റൈന്‍ നടപടികളെക്കുറിച്ചും കെ കെ ശൈലജ പറഞ്ഞു. "മാനവ വികസന സൂചികയില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളം. സാമ്പത്തിക പ്രതിസന്ധി യാഥാര്‍ഥ്യമായിരിക്കുമ്പോള്‍ത്തന്നെ മികച്ച പൊതു ആരോഗ്യ സംവിധാനമുണ്ട് കേരളത്തില്‍. കൊവിഡിന്‍റെ കാര്യത്തില്‍ മുന്‍കൂട്ടി നടത്തിയ തയ്യാറെടുപ്പുകളും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനവുമാണ് സഹായകരമായത്", മന്ത്രി കെ കെ ശൈലജ പറഞ്ഞു.

Latest Videos

undefined

അതേസമയം വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനുശേഷം നിലവില്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. "മെയ് വരെ 512 പോസിറ്റീവ് കേസുകളാണ് രേഖപ്പെടുത്തപ്പെട്ടത്. മൂന്ന് മരണങ്ങളും സംഭവിച്ചിരുന്നു. മെയ് 7ന് ശേഷം മറുനാടുകളില്‍ നിന്ന് വലിയ തോതില്‍ മലയാളികള്‍ മടങ്ങിയെത്തിത്തുടങ്ങി. ഒന്നരലക്ഷം പേര്‍ എത്തി. ഈ സമയത്തെ വൈറസ് നിയന്ത്രണം ബുദ്ധിമുട്ടുള്ള ഒന്നാണ്. പലരും ഹോട്ട്സ്പോട്ടുകളില്‍ നിന്നും എത്തുന്നവരാണ്. മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നും എത്തിയ പലരും പോസിറ്റീവ് ആയി. രണ്ടാം ഘട്ടത്തില്‍ 550 പോസിറ്റീവ് കേസുകളും രേഖപ്പെടുത്തപ്പെട്ടു. രണ്ടാം ഘട്ടത്തില്‍ അഞ്ച് മരണങ്ങള്‍ കൂടി സംഭവിച്ചു", മന്ത്രി കെ കെ ശൈലജ പറഞ്ഞു. സെന്‍റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്സ്, എക്കണോമിക്സ് ആന്‍ഡ് പോളിസ് സ്ഥാപകന്‍ ഡോ: രമണന്‍ ലക്ഷ്മിനാരായണന്‍, സൈക്കാട്രിസ്റ്റ് ഡോ: ശാലിനി എന്നിവരുമായും കമല്‍ ഹാസന്‍ സംവദിച്ചു.

click me!