ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാൻ ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ; സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്ന് നിർദേശം

By Web TeamFirst Published Jul 6, 2024, 12:01 PM IST
Highlights

വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് കമ്മീഷൻ റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. 

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊട്ടിഘോഷിച്ച് കമ്മിറ്റിയെ വെച്ച് ഇടത് സർക്കാർ റിപ്പോർട്ടിലെ വിശദാംശങ്ങൾ നാലര വർഷത്തോളമായി പൂഴ്ത്തിവെക്കുകയായിരുന്നു. റിപ്പോർട്ട് പൂർണ്ണമായും പുറത്തുവിടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണുന്നു. നടിമാരടക്കം സിനിമാമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുൻകിട നായികമാർ മുതൽ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ വരെ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നു. പല പ്രമുഖർക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയായിരുന്നു സർക്കാർ റിപ്പോർട്ട് പൂഴ്ത്തിയത്. വ്യക്തികൾക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകൾ ശരിവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്. 49 ആം പേജിലെ 96 ആം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നാണ് ഉത്തരവ്. 

Latest Videos

മൊഴികളും അതിനനുസരിച്ചുള്ള തെളിവുകളും റിപ്പോർട്ടിലുണ്ടെന്നാണ് ഈ ഉത്തരവ് തന്നെ വ്യക്തമാക്കുന്നത്. പക്ഷെ ഉത്തരവനുസരിച്ച് അവയൊന്നും പുറത്തുവരില്ല. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ളുസിസി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടാക്കിയത്. ഇന്ത്യയിൽ തന്നെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള ആദ്യ കമ്മിറ്റി. അത് വലിയ നേട്ടമായി ഇടത് സർക്കാർ ഉയർത്തിക്കാട്ടി. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് നൽകിയെങ്കിലും പുറത്തുവിടാതെ പൂഴ്ത്തിവെക്കാനായിരുന്നു സർക്കാറിൻ്റെ ശ്രമം. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്നം ഉയർത്തി സർക്കാർ ഒഴിഞ്ഞുമാറി.

ഇതിനിടെ റിപ്പോർട്ടിലെ ശുപാർശ പഠിക്കാൻ സർക്കാർ ഉദ്യോഗസ്ഥരടങ്ങുന്ന മറ്റൊരു കമ്മിറ്റിയുണ്ടാക്കിയതല്ലാതെ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. ലൊക്കേഷനിൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി നിലവിൽ വന്നത് ഡബ്ല്യുസിസി ഹൈക്കോടതിയിൽ പോയി അനുകൂല ഉത്തരവ് നേടിയതിന് പിന്നാലെ മാത്രമായിരുന്നു. ഞെട്ടിക്കുന്ന പല വിവരങ്ങളുമുണ്ടായിട്ടും ഒളിച്ചുകളിച്ച സർക്കാറിന് വിവരാവകാശ കമ്മീഷൻ ഉത്തരവ് തിരിച്ചടിയാണ്. എല്ലാം പുറത്തുവരുന്നില്ലെങ്കിലും കുറെയെങ്കിലും വിവരങ്ങളെങ്കിലും പരസ്യമാകുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!