'ചാക്കോച്ചൻമാനിയ' എന്ന ഹാഷ്‍ടാഗില്‍ കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തകാലത്ത് ആഘോഷിക്കപ്പെട്ടിരുന്നു.
ബാലതാരമായി അരങ്ങേറ്റം. ചോക്ലേറ്റ് നായകനായി ഒട്ടേറെ വര്‍ഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്നു. ഹിറ്റുകളും സ്വന്തമാക്കി. ഇന്ന് പക്ഷേ പ്രകടനം കൊണ്ട് അമ്പരപ്പിക്കുന്ന വേഷപ്പകര്‍ച്ചകളിലൂടെയാണ് കുഞ്ചാക്കോ ബോബനെകുറിച്ച് (Kunchacko Boban) ആലോചിക്കാൻ മലയാളികള്‍ക്ക് ഇഷ്‍ടം. കാമ്പുള്ള കഥാപാത്രങ്ങളാലും വേറിട്ട ചിത്രങ്ങളാലും (Kunchacko Boban movies) വൻ മാറ്റമാണ് കുഞ്ചാക്കോ ബോബൻ അഭിനയജീവിതത്തില്‍ വരുത്തിയിരിക്കുന്നത്. ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസായ ചിത്രം നായാട്ട് തന്നെ അതിന് ഏറ്റവും വലിയ സാക്ഷ്യം.
ഫാസിലിന്റെ സംവിധാനത്തിലുള്ള 'ധന്യ'യെന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോയായിരുന്നു 1981ല്‍ 'ധന്യ' നിര്‍മിച്ചത്. 1997ല്‍ ഒരു പ്രണയ ചിത്രത്തിലെ നായകനെ തേടിയപ്പോള്‍ ഫാസിലിന്റെ ഓര്‍മയിലേക്ക് എത്തിയത് കുഞ്ചാക്കോ ബോബന്റെ മുഖം. അങ്ങനെ അനിയത്തിപ്രാവില്‍ നായകനായി. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്തപ്പോള്‍ അനിയത്തിപ്രാവ് വൻ ഹിറ്റ്. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലെ പ്രണയ നായകന്റെ മുഖമായിരുന്നു പിന്നീടുള്ള ചിത്രങ്ങളിലും പ്രേക്ഷകരുടെ മനസിലും കുഞ്ചാക്കോ ബോബന്. ചോക്ലേറ്റ് ഹീറോയെന്ന വിളിപ്പേരും കുഞ്ചാക്കോ ബോബന് അങ്ങനെ കിട്ടി.
അനിയത്തിപ്രാവിന്റെ വിജയം തുടര്‍ന്നുള്ള ചിത്രങ്ങളില്‍ നിലനിര്‍ത്താനായില്ലെങ്കിലും ആദ്യ വിജയത്തിന്റെ ഹാംഗോവറിലെന്നോണം കുഞ്ചാക്കോ ബോബൻ തുടര്‍ച്ചയായി നായകനായി.
തിയറ്ററുകളില്‍ കുഞ്ചാക്കോ ബോബൻ ചിത്രങ്ങള്‍ തളര്‍ന്നുതുടങ്ങിയപ്പോഴാണ് പ്രണയത്തിന്റെ മറ്റൊരു വസന്തമായി 'നിറം' വന്നത്. ആദ്യ നായിക നിറമെന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന് കൂട്ടായി. കുഞ്ചാക്കോ ബോബൻ- ശാലിനി കെമിസ്‍ട്രി തിയറ്ററുകളില്‍ വീണ്ടും ക്ലിക്കായതോടെ ട്രെൻഡ് സെറ്ററാകുകയായിരുന്നു 'നിറം'. നൃത്തരംഗങ്ങളില്‍ മികവ് കാട്ടിയ കുഞ്ചാക്കോ ബോബന്റെ ഗാനരംഗങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. പെണ്‍കുട്ടികളുടെ സ്വപ്‍ന നായകനുമായി.
undefined
പിന്നീട് കുടുംബകഥകള്‍ പറയുന്ന ചിത്രങ്ങളില്‍ നായകനായെങ്കിലും ചോക്ലേറ്റ് ഹീറോ മുഖം മാറ്റാൻ കഴിയാതെ പോകുന്ന കുഞ്ചാക്കോ ബോബനെയാണ് പിന്നീട് കണ്ടത്. വിശേഷണങ്ങളിലും അങ്ങനെതന്നെ ആയതോടെ കുഞ്ചാക്കോ ബോബനെ തേടിയെത്തിയതും ഭൂരിഭാഗവും അത്തരം ചിത്രങ്ങളായി. ഈ സ്‍നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം വേറിട്ടുനില്‍ക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‍കാരം ലഭിക്കുകയും ചെയ്‍തു. അനിയത്തിപ്രാവിനും നിറത്തിനും പുറമേ ദോസ്‍ത്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്‍തൂരിമാൻ, സ്വപ്‍നക്കൂട് തുടങ്ങിയവയാണ് ഹിറ്റുകളായി കുഞ്ചാക്കോ ബോബന്റെ ക്രഡിറ്റിലുണ്ടായിരുന്നത്.
വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്‍തു കുഞ്ചാക്കോ ബോബൻ. പ്രിയയുമായി 2005ല്‍ വിവാഹിതനായ കുഞ്ചാക്കോ ബോബൻ 2006ല്‍ കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിൽ മാത്രം അഭിനയിച്ചു. 2017ല്‍ കുഞ്ചാക്കോ ബോബൻ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. 2008ല്‍ ഷാഫിയുടെ സംവിധാനത്തിലുള്ള ചിത്രമായ ലോലിപോപ്പിലൂടെ തിരിച്ചുവരവ്. എൽസമ്മ എന്ന ആൺകുട്ടിയെന്ന ചിത്രം തിരിച്ചുവരവില്‍ ബ്രേക്കായി. മലയാളത്തില്‍ പുതിയ കാലത്തിന്റെ സിനിമകള്‍ക്ക് സിഗ്‍നല്‍ കാട്ടിയ 'ട്രാഫിക്ക്' കുഞ്ചാക്കോ ബോബനും വേറിട്ട വേഷം നല്‍കി. സീനിയേഴ്‍സ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളും ഹിറ്റായതോടെ കുഞ്ചാക്കോ ബോബൻ നായകനായി വീണ്ടും തുടര്‍ച്ചയായി തിയറ്ററുകളില്‍ എത്തിത്തുടങ്ങി.
ചോക്ലേറ്റ് ഹീറോ ഇമേജ് മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും കുഞ്ചാക്കോ ബോബനിലെ നടനെ തേച്ചുമിനുക്കുന്നതാണ് പിന്നീട് കണ്ടത്. 'അഞ്ചാം പാതിരയില്‍' അത് വ്യക്തമായി വെളിപ്പെട്ടു. പൊലീസിനെ സഹായിക്കുന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തില്‍ കുഞ്ചാക്കോ ബോബൻ അമ്പരപ്പിച്ചപ്പോള്‍ നടന്റെ വഴിമാറ്റമായി അത്.
പ്രവീണ്‍ മൈക്കിളായി നായാട്ടെന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ ആ മേയ്‍ക്കോവര്‍ കൂടുതല്‍ മികവിലേക്ക് എത്തുകയായിരുന്നു. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായി അടുത്തകാലത്ത് മാറിയ നായാട്ട് കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിലും വഴിത്തിരിവായിരിക്കുകയാണ്. 'നായാട്ടി'റങ്ങിയപ്പോള്‍ 'ചാക്കോച്ചന്‍മാനിയ' ഹാഷ്‍ടാഗായി. വേറിട്ട കഥാപാത്രങ്ങളെയും പുത്തൻ സിനിമകളെയും സ്‍നേഹിക്കുന്ന പ്രേക്ഷകര്‍ കുഞ്ചാക്കോ ബോബനെയും ഏറ്റെടുത്ത് ചര്‍ച്ച് ചെയ്യുന്നു സാമൂഹ്യമാധ്യമങ്ങളിലടക്കം. ഇനിയും എണ്ണംപറഞ്ഞ കഥാപാത്രങ്ങളും ചിത്രങ്ങളും കുഞ്ചാക്കോ ബോബനേ തേടിയത്തട്ടെയെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസിക്കുകയും ചെയ്യുന്നു പ്രേക്ഷകര്‍.