സംക്രാന്തി റിലീസ് ആയി ജനുവരി 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍
പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തുന്നത് സാധാരണയാണെങ്കിലും സമീപകാലത്ത് അതിന് വേഗം വര്‍ധിച്ചിട്ടുണ്ട്. പുതിയ റിലീസുകള്‍ തിയറ്ററുകളിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ചിലപ്പോള്‍ അന്നുതന്നെയോ ചോരാറുണ്ട്. അടുത്തിടെ എച്ച്ഡി നിലവാരത്തിലുള്ള പ്രിന്‍റുകളാണ് എത്തുന്നത്. സിനിമകളുടെ കളക്ഷനെ വലിയ രീതിയില്‍ ഇത് ബാധിക്കുന്നുമുണ്ട്. ഏറ്റവുമൊടുവില്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത് പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറിന്‍റെ നിര്‍മ്മാതാക്കളാണ്. ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പുറത്തുവിട്ടവര്‍ തങ്ങളെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
സംക്രാന്തി റിലീസ് ആയി ജനുവരി 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണിത്. ചിത്രം തിയറ്ററുകളിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് വ്യാജ പതിപ്പുകള്‍ ഓണ്‍ലൈനില്‍ എത്തിയത്. കുറ്റകൃത്യത്തിന് പിന്നില്‍ ഉള്ളവരെന്ന് കരുതുന്ന 45 പേര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ സൈബര്‍ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ റിലീസിന് മുന്‍പുതന്നെ സോഷ്യല്‍ മീഡിയയിലൂടയും മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും വ്യാജ പതിപ്പ് ചോര്‍ത്താതിരിക്കാന്‍ ഇവര്‍ നിര്‍മ്മാതാക്കളോട് പണം ആവശ്യപ്പെട്ടതായാണ് വിവരം. റിലീസിന് രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്‍റെ ചില പ്രധാന കഥാസൂചനകളും ഇവര്‍ പുറത്തുവിട്ടു.
ഈ 45 പേര്‍ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചവരാണോ എന്നാണ് സൈബര്‍ ക്രൈം വിഭാഗത്തിന്റെ അന്വേഷണം. നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുള്ള തെളിവുകള്‍ കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാവുമെന്നും അറിയുന്നു. 400 കോടി ബജറ്റില്‍ എത്തിയ ചിത്രമാണ് ഗെയിം ചേഞ്ചര്‍. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ALSO READ : 'ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ'; 'നരിവേട്ട' പൂര്‍ത്തിയാക്കി ടൊവിനോ