ഒടിടി കാത്തിരിപ്പിന് അവസാനം; 'ഗഗനചാരി' സ്ട്രീമിംഗ് ആരംഭിച്ചു

By Web TeamFirst Published Oct 26, 2024, 10:55 AM IST
Highlights

ജൂണില്‍ തിയറ്ററുകളിലെത്തിയ സമയത്ത് ശ്രദ്ധേയ അഭിപ്രായങ്ങള്‍ നേടിയ ചിത്രം. അരുണ്‍ ചന്തുവാണ് സംവിധാനം

വലിയ പ്രൊമോഷനുകളൊന്നുമില്ലാതെ തിയറ്ററുകളിലെത്തി ഞെട്ടിച്ചിട്ട് പോകുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലൊന്നായിരുന്നു ഈ വര്‍ഷം ജൂണില്‍ തിയറ്ററുകളിലെത്തിയ ഗഗനചാരി. മലയാളത്തില്‍ അപൂര്‍വ്വമായ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ചന്തു ആയിരുന്നു. കണ്ടവര്‍ വലിയ അഭിപ്രായം പറഞ്ഞെങ്കിലും ചിത്രം തിയറ്ററുകളില്‍ വലിയ സാമ്പത്തിക വിജയം ആയില്ല. ഇപ്പോഴിതാ തിയറ്ററില്‍ കാണാനായില്ലെന്ന് നിരാശപ്പെട്ടവര്‍ക്ക് ചിത്രം കാണാനുള്ള അവസരം എത്തിയിരിക്കുകയാണ്. നാല് മാസത്തിന് ഇപ്പുറം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ് ഗഗനചാരി.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 2043 ലെ സാങ്കല്‍പിക കേരളം പശ്ചാത്തലമാക്കിയാണ് സംവിധായകന്‍ അരുണ്‍ ചന്ദു ചിത്രം ഒരുക്കിയിരിക്കുന്നത്. മോക്യുമെന്‍ററി സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഏലിയന്‍ ഹണ്ടര്‍ വിക്ടര്‍ വാസുദേവനെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി എടുക്കാനായി ഒരു സംഘം ചെറുപ്പക്കാര്‍ എത്തുകയാണ്. വിക്ടര്‍ വാസുദേവന്‍റെ സഹായികളാണ് ഗോകുല്‍ സുരേഷും അജു വര്‍ഗീസും അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍, കെ ബി ഗണേഷ് കുമാര്‍ ആണ് വിക്ടര്‍ വാസുദേവനെ അവതരിപ്പിച്ചിരിക്കുന്നത്. അനാര്‍ക്കലി മരക്കാരാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Videos

ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയ ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ എഫക്ട്സ് എന്ന വിഭാഗങ്ങളില്‍ ന്യൂ യോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വെച്ച് നടന്ന പ്രമാണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദര്‍ശിപ്പിച്ചിരുന്നു. 

ALSO READ : ഷറഫുദ്ദീനൊപ്പം അനുപമ പരമേശ്വരന്‍; 'ദി പെറ്റ് ഡിറ്റക്റ്റീവ്' പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!