നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്.
കൊച്ചി: മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവച്ചത്. നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നിലവില്‍ ചെന്നൈയിലാണെന്നാണ് വിവരം. മോഹന്‍ലാലിന് നേരിട്ട് തന്നെ യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞതുകൊണ്ടുമാണ് യോഗം മാറ്റിവച്ചത്. പുതിയ തീയതി ഉടന്‍ അറിയിക്കാമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
അമ്മ ജനറല്‍ സെക്രട്ടറിയായിരുന്ന നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും പിന്നാലെയുള്ള രാജിക്കും പിന്നാലെയാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാനിരുന്നത്. യോഗത്തില്‍ ചില നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനിരുന്നതാണ്. പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തെരഞ്ഞെടുക്കണം. കൂടാതെ ഓരോദിവസവും ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അമ്മയുടെ നിലപാട് വ്യക്തമാക്കണം. സംഘടനയുടെ മുന്നോട്ട് പോക്ക് തുടങ്ങിയവയെ കുറിച്ച് പറയേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യാനുള്ള യോഗമാണ് പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മാറ്റിവച്ചത്. നിലവില്‍ ബാബു രാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കുന്നത്. ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ബാബു രാജ്. ഈ ആഴ്ച തന്നെ എക്സിക്യൂട്ടീവ് യോഗം ചേരുമെന്നാണ് വിവരം.
അതേസമയം, നടന്‍മാരായ മുകേഷിനും ജയസൂര്യയ്ക്കുമെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ രംഗത്ത് എത്തിയിട്ടുണ്ട്. മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് മിനു മുനീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹകരിച്ചാൽ ഗുണമുണ്ടാകുമെന്ന് ജയസൂര്യ പറഞ്ഞു. താൻ എതിർത്തതോടെ അവസരങ്ങൾ നിഷേധിക്കുകയായിരുന്നു. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നില്‍നിന്ന് കെട്ടിപ്പിടിച്ച ശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീര്‍ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചതെന്നും മിനു പറഞ്ഞിരുന്നു. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും ഇവര്‍ വെളിപ്പെടുത്തി.
അമ്പമ്പോ..മലയാളത്തിന്റെ മറ്റൊരു ദൃശ്യവിസ്മയം; അമ്പരപ്പിച്ച് 'അജയന്റെ രണ്ടാം മോഷണം' ട്രെയിലർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..