ചിത്രം ദീപാവലി റിലീസ് ആയി ഈ മാസം 31 ന് തിയറ്ററുകളില്‍. തെലുങ്കില്‍ നിന്നുള്ള ബഹുഭാഷാ പാന്‍ ഇന്ത്യന്‍ ചിത്രം
ഒരു തെലുങ്ക് താരത്തെപ്പോലെതന്നെയാണ് ദുല്‍ഖര്‍ സല്‍മാനെ ഇന്ന് തെലുങ്ക് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. മഹാനടി, സീതാരാമം എന്നിവയ്ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്കര്‍ ദീപാവലി റിലീസ് ആണ്. ഒക്ടോബര്‍ 31 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയോടെ എത്തുന്ന ചിത്രം ടോളിവുഡിന് പ്രതീക്ഷയാണ്. ഇപ്പോഴിതാ റിലീസിന് ഏതാനും ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ചും അതിലെ ദുല്‍ഖറിന്‍റെ പ്രകടനത്തെക്കുറിച്ചും ചിത്രത്തിന്‍റെ എഡിറ്റര്‍ നവീന്‍ നൂലി പറഞ്ഞ വാക്കുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.
എക്സിലൂടെയാണ് നവീന്‍റെ അഭിപ്രായ പ്രകടനം. "ചെയ്‍ത ജോലിയില്‍ അങ്ങേയറ്റം തൃപ്തി നല്‍കിയ ചിത്രങ്ങളിലൊന്നാണ് ലക്കി ഭാസ്‍കര്‍. അനുഭവപരിചയത്തിന്‍റെ സഹായത്താല്‍ ഇത്തരമൊരു ആശയം വിജയകരമായി പൂര്‍ത്തീകരിക്കാനായി. വെങ്കി അറ്റ്‍ലൂരിക്കും (സംവിധായകന്‍) നാഗ വംശിക്കും (നിര്‍മ്മാതാവ്) കൈയടി. പിന്നെ, എന്തൊരു ഗംഭീര പെര്‍ഫോമന്‍സ് ആണ് ദുല്‍ഖറിന്‍റേത്!", നവീന്‍ നൂലിയുടെ വാക്കുകള്‍.
undefined
വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980 - 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയിൽ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുൽഖർ സൽമാൻ എത്തുന്നത്. ഹൈപ്പർ ആദി, സൂര്യ ശ്രീനിവാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്ന ഈ ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി വിതരണം ചെയ്യുന്നത്.
ALSO READ : രവി ബസ്‍റൂറിന്‍റെ സംഗീതം; 'സിങ്കം എഗെയ്‍ന്‍' ടൈറ്റില്‍ ട്രാക്ക് എത്തി