'പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്'; ഇന്നസെന്‍റിന്‍റെ നില അതേപോലെ തുടരുന്നുവെന്ന് ഇടവേള ബാബു

By Web Team  |  First Published Mar 25, 2023, 7:41 PM IST

രണ്ട് ആഴ്‍ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്


കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്‍റിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും അദ്ദേഹത്തിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലാണ് ഇന്നസെന്‍റ് ചികിത്സയിലുള്ളത്. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്‍ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ നിരന്തര നിരീക്ഷണത്തിലാണ് അദ്ദേഹമെന്നാണ് ആശുപത്രി അവസാനം അറിയിച്ചിരിക്കുന്ന വിവരം. ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം എക്മോ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ) സപ്പോര്‍ട്ടിലാണ് എന്നും ആശുപത്രി അധികൃതര്‍ രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.

Latest Videos

'നൃത്തശാല' എന്ന ചിത്രത്തിലൂടെ 1972-ൽ ആണ് ഇന്നസെന്റ് വെള്ളിത്തിരയിൽ എത്തുന്നത്. ഹാസ്യനടനും സ്വഭാവനടനുമായി ശ്രദ്ധ പിടിച്ചുപറ്റി. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിന്റെ സവിശേഷതകളായി. മലയാളക്കര ഒന്നടങ്കം പ്രിയ നടനെ ഏറ്റെടുത്തു. 'ഗജകേസരിയോഗം', 'റാംജിറാവു സ്‍പീക്കിംഗ്', 'ഡോക്ടർ പശുപതി', 'മാന്നാർ മത്തായി സ്‍പീക്കിംഗ്‌', 'കാബൂളിവാല', 'ദേവാസുരം', 'പത്താംനിലയിലെ തീവണ്ടി' തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് കൂടിയായിരുന്നു ഇന്നസെന്റ്. രാഷ്ട്രീയത്തിലും ഇന്നസെന്റിന് തിളങ്ങാൻ സാധിച്ചു. ലോക്സഭയിലേക്ക് 2014 ല്‍ ചാലക്കുടിയില്‍ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ : 50-ാം ദിവസവും കേരളത്തിലെ 107 തിയറ്ററുകളില്‍! 'രോമാഞ്ചം' ഇതുവരെ നേടിയത്

click me!