ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് ബൈജുവിന്‍റെ വാഹനം അപകടത്തില്‍പ്പെട്ടത്. മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച ബൈജു സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറുപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: സിനിമ നടന്‍ ബൈജു മദ്യലഹരിയിൽ അമിത വേഗത്തിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെള്ളയമ്പലത്ത് ഇരുചക്ര വാഹനത്തെ ഇടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടം നടക്കുന്ന സമയത്ത് അമിത വേഗത്തിലായിരുന്നു വാഹനമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടമുണ്ടായത്. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് എഴുതി നല്‍കുകയായിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തിട്ടുണ്ട്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി ഒരു മണിയോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
undefined
അപകടത്തില്‍പ്പെട്ട സ്കൂട്ടർ യാത്രക്കാരന് കാര്യമായ പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ വലത് ടയർ പഞ്ചറായിരുന്നു. അതിനാൽ ടയര്‍ മാറ്റി ഇട്ട് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ ബൈജുവിന്‍റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. പൊലീസ് കാർ മാറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാനെ കൈയേറ്റം ചെയ്യാനും ബൈജു ശ്രമിച്ചു. അമിത വേഗതയിൽ കാർ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച വാഹനം ഓടിച്ചതിന് മോട്ടാർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താനല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളാണെന്നും ബൈജുവിന്‍റെ മകള്‍ ഐശ്വര്യ സന്തോഷ് പ്രതികരിച്ചു.