ന്യൂഡെൽഹി സിനിമയുടെ ക്ലൈമാക്സിലെ ട്വിസ്റ്റും ഡെന്നിസ് ജോസഫും, ഓര്‍മ കുറിപ്പുമായി ദേവൻ

By Web Team  |  First Published May 11, 2021, 1:03 PM IST

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിനെ കുറിച്ച് നടൻ ദേവൻ.


ന്യൂഡെല്‍ഹി സിനിമയിലെ ട്വിസ്റ്റിനെ കുറിച്ച് ഓര്‍മിച്ച് നടൻ ദേവൻ. അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന് ആദരവ് അര്‍പ്പിക്കുകയായിരുന്നു ദേവൻ. നായകൻ മമ്മൂട്ടി വലിയ ഒരു സംഘട്ടണത്തിനോടുവിൽ പ്രിന്റിംഗ് പ്രെസ്സിലേക്ക് എന്നെ വലിച്ചെറിയുന്നതാണ് ക്ലൈമാക്സ്. എന്നാല്‍ അവസാന നിമിഷം സ്റ്റണ്ട് വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ദേവൻ പറയുന്നു.

ദേവന്റെ കുറിപ്പ്

Latest Videos

ഡെന്നിസ് ജോസഫ് ഇല്ലാതായിരിക്കുന്നു..

മലയാളത്തിലെ പവർഫുൾ സിനിമകളുടെ തുടക്കക്കാരൻ. അകലെ ആണെങ്കിലും  മനസ്സിൽ എന്നും സജീവമായി തന്നെ ഉള്ള ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ. പല സിനിമകളും കാണുമ്പോൾ മനസ്സിൽ ഓടിവരാറുണ്ട് ഡെന്നിസ്. ന്യൂഡെൽഹിക് ശേഷം ഇന്നുവരെ ഈ സിനിമയെ കവച്ചുവെക്കുന്ന ഒരു സിനിമ ഉണ്ടായിട്ടുണ്ടോന്നു സംശയം.

ഡെന്നിസിന്റെ നാല് സിനിമകൾ ചെയ്‌തിട്ടുണ്ട്‌. അതിൽ 'ന്യൂഡെൽഹി' എനിക്ക് പ്രിയപ്പെട്ടതാണ്. ഒരുപാടു കടപ്പാടുമുണ്ട് ജോഷിയേട്ടനോടും ഡെന്നിസിനോടും. അതിലെ ക്ലൈമാക്സ്‌ അവസാനനിമിഷത്തിൽ മാറ്റിയത് ഞാൻ ഓർക്കുന്നു. നായകൻ മമ്മൂട്ടി വലിയ ഒരു സംഘട്ടണത്തിനോടുവിൽ പ്രിന്റിംഗ് പ്രെസ്സിലേക്ക് എന്നെ വലിച്ചെറിയുന്നതാണ് ക്ലൈമാക്സ്‌. സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ കൂടെ ഒരു സ്റ്റണ്ട് ചെയ്യാനുള്ള ത്രില്ലിലായിരുന്നു ഞാൻ. സ്റ്റണ്ട് മാസ്റ്ററും ആർട്ടിസ്റ്റുകളും റെഡി. പെട്ടെന്ന്  ജോഷിട്ടൻ വന്നു 'മാസ്റ്റർ ആൻഡ് ആർട്ടിസ്റ്റ് പാക്ക് അപ്പ്‌ പറയുന്നു. സ്റ്റണ്ട് വേണ്ട' എന്ന് പറയുന്നു. ഞാൻ നിരാശനായി. പക്ഷെ പടം കണ്ടവർക്ക് അറിയാം ആ twist എത്രത്തോളം ആ സിനിമയെ വിജയിപ്പിച്ചു എന്ന്. ജോഷിയേട്ടന്റെയും ഡെന്നിസിന്റെയും മനസ്സിലുണ്ടായ മാറ്റം... അന്നേവരെ സിനിമയിലെ ക്ലൈമാക്സ്‌  സങ്കല്‍പത്തെ മാറ്റിയെഴുതിയ മാറ്റമായിരുന്നു അത്.

വല്ലപ്പോളും കാണുമ്പോൾ ഡെന്നിസ് പറയാറുണ്ട് " താൻ വാടോ, വീട്ടിലേക്കു "... ഒരിക്കലും കഴിഞ്ഞില്ല... മലയാള സിനിമയിലെ എക്കാലത്തെയും കരുത്തുറ്റ ഒരു മനുഷ്യനായിരുന്നു ഈ കലാകാരൻ.  കാലം കൈകളിലെന്തി നടന്ന മഹാനായ കലാകാരൻ... നമുക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും സമ്മാനിച്ച  കലാകാരൻ...ആ നല്ല കലാകാരന്റെ ഓർമ്മക്ക് മുൻപിൽ നമസ്‍കരിക്കുന്നു.
ആദരവോടെ
ദേവൻ ശ്രീനിവാസൻ

click me!