'സാമന്ത- നാ​ഗ ചൈതന്യ വേര്‍പിരിയലിന് കാരണം കെടിആർ'; പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തെലങ്കാന മന്ത്രിയോട് കോടതി

By Web TeamFirst Published Oct 25, 2024, 4:34 PM IST
Highlights

ഈ മാസം തുടക്കത്തിലാണ് തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പ്രസ്‍താവന ഉണ്ടായത്

തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) നേതാവ് കെ ടി രാമ റാവു (കെടിആര്‍) ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യണമെന്ന് കൊണ്ട സുരേഖയോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. സാമന്തയുടെയും നാ​ഗ ചൈതന്യയുടെ വേര്‍പിരിയലുമായി കെടിആറിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാനാണ് ഹൈദരാബാദിലെ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കെ ടി രാമ റാവുവിന്‍റെ പരാതി പരി​ഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. കൊണ്ട സുരേഖയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ട കേസും കെടിആര്‍ കൊടുത്തിട്ടുണ്ട്.

നാ​ഗ ചൈതന്യയും സാമന്ത റൂത്ത് പ്രഭവും 2021 ല്‍ വേര്‍പിരിയാന്‍ കാരണക്കാരന്‍ കെടിആര്‍ (കെ ടി രാമ റാവു) ആണെന്ന് ഈ മാസം തുടക്കത്തിലാണ് കൊണ്ട സുരേഖ ആരോപണവുമായി എത്തിയത്. മന്ത്രിയായിരുന്ന സമയത്ത് കെടിആര്‍ അഭിനേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ലക്ഷ്യം വച്ചായിരുന്നു ഇതെന്നും സുരേഖ ആരോപിച്ചിരുന്നു. താരദമ്പതികളെ കെടിആര്‍ ലഹരിക്ക് അടിമകളാക്കിയെന്നും ഇരുവരുടെയും കുടുംബങ്ങള്‍ക്കും ഇത് അറിയാവുന്നതാണെന്നുമൊക്കെ കൊണ്ട സുരേഖയുടെ ആരോപണം നീണ്ടു. ഈ ആരോപണങ്ങളെ എഴുതിത്തള്ളിക്കൊണ്ട് സാമന്തയും നാ​ഗ ചൈതന്യയും പ്രസ്താവനകള്‍ പുറത്തിറക്കിയിരുന്നു. നാ​ഗ ചൈതന്യയുടെ പിതാവും പ്രമുഖ തെലുങ്ക് താരവുമായ അക്കിനേനി നാ​ഗാര്‍ജുനയും സുരേഖയ്ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു. ചിരഞ്ജീവി, ജൂനിയര്‍ എന്‍ടിആര്‍, മഹേഷ് ബാബു, വിജയ് ദേവരകൊണ്ട തുടങ്ങി തെലുങ്ക് സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും കൊണ്ട സുരേഖയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു.

Latest Videos

തന്‍റെ പ്രസ്താവന വന്‍ വിവാദമായതിന് പിന്നാലെ അഭിനേതാക്കളോടും അവരുടെ കുടുംബങ്ങളോടും കൊണ്ട സുരേഖ ക്ഷമ ചോദിച്ചിരുന്നു. അതേസമയം കെടിആറിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു- "ഒരു കുടുംബത്തക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. അത് പറഞ്ഞപ്പോള്‍ എനിക്ക് നാക്കുപിഴ സംഭവിച്ചതാണ്. അവരുടെ ട്വീറ്റുകള്‍ കണ്ടപ്പോള്‍ എനിക്ക് ബുദ്ധിമുട്ട് തോന്നി. ഒരാളെ വേദനിപ്പിച്ചതില്‍ എനിക്ക് ഖേദം തോന്നി. അതിനാലാണ് ആ പ്രസ്താവന നിരുപാധികം ഞാന്‍ പിന്‍വലിച്ചത്. പക്ഷേ കെടിആറിന്‍റെ കാര്യത്തില്‍ എനിക്കൊരു മടക്കം ഇല്ല. അദ്ദേഹം മാപ്പ് പറയണം", മന്ത്രി പറഞ്ഞിരുന്നു. 

ALSO READ : ജോജുവിന്‍റെ ബ്രില്യന്‍റ് 'പണി'; റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!