വിവാദമായ നൃത്തരംഗം ഛാവയിൽ നിന്ന് നീക്കം ചെയ്യുമെന്ന് സംവിധായകൻ ലക്ഷ്മൺ ഉടേകർ. രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.
മുംബൈ: വിക്കി കൗശലും രശ്മിക മന്ദാനയും അവതരിപ്പിക്കുന്ന ഡാൻസ് സീക്വൻസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഛാവയുടെ സംവിധായകൻ ലക്ഷ്മൺ ഉടേകർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തില്‍.ചിത്രത്തിലെ വിവാദമായ രംഗം ഒരു ചെറിയ നൃത്ത സീക്വൻസ് മാത്രമാണെന്നും ഛത്രപതി സംഭാജി മഹാരാജിൻ്റെ പാരമ്പര്യത്തേക്കാൾ വലുതായി ഒന്നുമില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.
മഡോക്ക് ഫിലിംസ് നിർമ്മിച്ച ഛാവ ഇതിഹാസ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതം പറയുന്ന ഹിസ്റ്റോറിക്കല്‍ ഡ്രാമയാണ്. വിക്കി കൗശലാണ് സംഭാജിയെ അവതരിപ്പിക്കുന്നത്. ഈ ചിത്രം 1681-ൽ സംഭാജിയുടെ കിരീടധാരണം മുതല്‍ വിവിധ ചരിത്ര മുഹൂര്‍ത്തങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.
മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ചിത്രത്തിലെ നൃത്ത രംഗം നീക്കം ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചു.
"ഞാൻ രാജ് താക്കറെയെ കണ്ടു. അദ്ദേഹം ഒരു നല്ല വായനക്കാരനും മറത്ത ചരിത്രം അറിയുന്ന വ്യക്തിയുമാണ്. അതിനാൽ ഞാൻ അദ്ദേഹത്തിൽ നിന്ന് ചില നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്വീകരിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ എനിക്ക് വളരെ സഹായകരമാണെന്ന് എന്ന് പറയാം. അദ്ദേഹത്തെ കണ്ടതിന് ശേഷം, ഞാൻ ഇപ്പോള്‍ തര്‍ക്കം വന്ന രംഗം സിനിമയില്‍ ഉണ്ടാകില്ലെന്ന് തീരുമാനിച്ചു. സംഭാജി മഹാരാജ് ലെസിം നൃത്തം കളിക്കുന്ന രംഗങ്ങള്‍ ഇനി കാണില്ല" സംവിധായകൻ പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 14 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് ടീം ആ രംഗങ്ങൾ ചിത്രത്തിൽ നിന്ന് നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഷിയാജി സാവന്തിൻ്റെ ഛാവ എന്ന പുസ്തകം ഉദ്ധരിച്ച് ഉടേകർ, ഛത്രപതി സംഭാജിയെ 20കളിലൂടെ കടന്ന് പോകുന്ന ഒരു യുവാവയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നും സംവിധായകന്‍ വിശദീകരിച്ചു.
നേരത്തെ ഛാവ എന്ന ചിത്രത്തിനെതിരെ മഹാരാഷ്ട്ര മന്ത്രി രംഗത്ത് എത്തിയിരുന്നു. സിനിമയില്‍ പുറത്തുവന്ന ടീസര്‍ അനുസരിച്ച് നൃത്തം ചെയ്യുന്ന ഒരു രംഗം ഉദ്ധരിച്ച് മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്താണ് ചിത്രത്തിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയത്. ഈ രംഗം നീക്കം ചെയ്യണമെന്നും, ചരിത്രകാരന്മാരെയും പണ്ഡിതന്മാരെയും സിനിമ ആദ്യം കാണിക്കണമെന്നും അവർ എതിർപ്പ് ഉന്നയിച്ചാൽ ഞങ്ങൾ അത് റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വീണ്ടും വിജയം ആവര്‍ത്തിക്കുമോ ബേസില്‍: അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ഛാവയ്‌ക്കെതിരെ മഹാരാഷ്ട്ര മന്ത്രി; ചരിത്രത്തെ വളച്ചൊടിച്ചാല്‍ റിലീസ് തടയും