'മസാലദോശ കിട്ടുമ്പോള്‍ ബീഫ് ആണ് പ്രതീക്ഷിച്ചതെന്ന് പറയുമ്പോലെ'; 'വാലിബന്‍' പ്രതികരണങ്ങളെക്കുറിച്ച് അനുരാഗ്

By Web TeamFirst Published Jan 28, 2024, 1:41 PM IST
Highlights

"ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഒഴിഞ്ഞ മനസുമായാണ് ഞാന്‍ തിയറ്ററിലേക്ക് പോകുന്നത്"

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന സിനിമ എന്നതായിരുന്നു മലൈക്കോട്ടൈ വാലിബന്‍റെ യുഎസ്‍പി. ഇക്കാരണത്താല്‍ തന്നെ വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ പുലര്‍ച്ചെ 6.30 ന് നടന്ന ഫാന്‍സ് ഷോകള്‍ക്ക് ശേഷം ചിത്രം തങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന തരത്തില്‍ നിരാശ കലര്‍ന്ന പ്രതികരണങ്ങളാണ് കൂടുതലും എത്തിയത്. എന്നാല്‍ രണ്ടാം ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തുകയും ചെയ്തു. എന്നിരിക്കിലും ആദ്യ പ്രതികരണങ്ങള്‍ ചിത്രത്തിന്‍റെ ബിസിനസില്‍ ഉണ്ടാക്കിയ ആഘാതം ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയാ നിരൂപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വാലിബനെ മുന്‍നിര്‍ത്തി ഉത്തരം പറയുകയാണ് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. 

സോഷ്യല്‍ മീഡിയയിലെ സിനിമാ നിരൂപണങ്ങള്‍ സിനിമയെ ദോഷകരമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അനുരാഗിന്‍റെ മറുപടി ഇങ്ങനെ- "സിനിമാ നിരൂപണത്തെ ഞാനിന്ന് അത്ര ഗൗരവത്തില്‍ എടുക്കുന്നില്ല. കാരണം സോഷ്യല്‍ മീഡിയയില്‍ ഇന്ന് എല്ലാവരും സിനിമാ നിരൂപകരാണ്. അതല്ലാത്ത, ചില യഥാര്‍ഥ സിനിമാ നിരൂപകരെ ഞാന്‍ കേള്‍ക്കാറുണ്ട്, വായിക്കാറുണ്ട്. അവരുടെ നിരൂപണം എന്നെ സംബന്ധിച്ച് പ്രധാനമാണ്. മറ്റെല്ലാം അഭിപ്രായങ്ങളാണ്. ആളുകള്‍ അഭിപ്രായം പറയുന്നതില്‍ വ്യക്തിപരമായി എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ സിനിമാവ്യവസായത്തിന് അത് ഗുണകരമല്ല. അതേസമയം നെഗറ്റീവ് വിമര്‍ശനത്തിന് ഒരു നല്ല സിനിമയെ തകര്‍ക്കാനാവില്ലെന്നും ഞാന്‍ കരുതുന്നു", പിന്നീട് മലൈക്കോട്ടൈ വാലിബന് വന്ന പ്രതിരണങ്ങളെക്കുറിച്ച് അനുരാഗ് വിശദീകരിക്കുന്നു.

Latest Videos

"മലൈക്കോട്ടൈ വാലിബന്‍റെ കാര്യം തന്നെ പറയാം. പുതിയതൊന്ന് ചെയ്യാന്‍ കാണിച്ചതിന്‍റെ ധൈര്യത്താല്‍ എനിക്ക് വലിയ ഇഷ്ടം തോന്നിയ സിനിമയാണ് അത്. ഒരുപാട് പേര്‍ ഈ സിനിമയ്ക്കെതിരെ സംസാരിക്കുന്നതായി ഞാന്‍ കേട്ടു. നവീനമായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു വെസ്റ്റേണ്‍ ആണ് ഈ സിനിമ. മോഹന്‍ലാലിനും ലിജോയ്ക്കും ആരാധകരുണ്ട്. മോഹന്‍ലാല്‍ ആരാധകരെ സംബന്ധിച്ച് ലിജോയ്ക്കൊപ്പം അദ്ദേഹം സിനിമ ചെയ്തത് അവരെ നിരാശരാക്കുന്നു. മറിച്ച് ലിജോ ആരാധകരെ സംബന്ധിച്ച് മോഹന്‍ലാലിന്‍റെ താരപദവിക്ക് മുന്നില്‍ അദ്ദേഹം അടിയറവ് പറഞ്ഞിരിക്കുന്നു. ഇവിടെ പ്രേക്ഷകന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്കാണ് പ്രശ്നം. ഏത് തരം സിനിമയാണ് കാണേണ്ടതെന്ന് നിങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു. സ്ക്രീനില്‍ കാണുന്ന സിനിമ സ്വതന്ത്രമായി കാണുകയല്ല നിങ്ങള്‍ ചെയ്യുന്നത്. ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ ഞാനും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അത്", അനുരാഗ് പറയുന്നു.

"ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഒഴിഞ്ഞ മനസുമായാണ് ഞാന്‍ തിയറ്ററിലേക്ക് പോകുന്നത്. മലൈക്കോട്ടൈ വാലിബന്‍ കാണാന്‍ പോകുമ്പോള്‍ അത് കാണാനാണ്, അല്ലാതെ അങ്കമാലി ഡയറീസോ ഈമയൗവോ കാണാനല്ല ഞാന്‍ പോകുന്നത്. ലിജോ എന്താണ് ഇത്തവണ ചെയ്തിരിക്കുന്നതെന്ന്, ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ എങ്ങനെയാവും ചെയ്തിട്ടുണ്ടാവുക എന്ന് കാണാനാണ് ഞാന്‍ പോകുന്നത്. അല്ലാതെ മുന്‍പേ നിശ്ചയിച്ച ഒരു മാതൃകയും മനസിലിട്ടല്ല. നേരത്തേ പറഞ്ഞ രീതിയില്‍ പോയാല്‍ മറ്റൊരാളുടെ വീട്ടിലേക്ക് ചെന്നിട്ട് അവിടെ മസാലദോശയും സാമ്പാറും കിട്ടുമ്പോള്‍, ഇതല്ല ഞാന്‍ പ്രതീക്ഷിച്ചത് ബീഫ് ആണെന്ന് പറയുമ്പോലെ ആണ്. ആ മനോഭാവം സിനിമാ വ്യവസായത്തെ തകര്‍ക്കുന്നതാണ്. ഇത് ഞങ്ങള്‍ പ്രതീക്ഷിച്ച മോഹന്‍ലാല്‍ അല്ല, ഇത് ഞങ്ങള്‍ പ്രതീക്ഷിച്ച ലിജോ അല്ല എന്ന് പറയുമ്പോള്‍ അവിടെ പ്രശ്നം നിങ്ങളുടെ പ്രതീക്ഷയാണ്, നിങ്ങളാണ്. അല്ലാതെ മോഹന്‍ലാലോ ലിജോയോ അല്ല", അനുരാഗ് പറയുന്നു. മലൈക്കോട്ടൈ വാലിബന്‍റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാലിന്‍റെ വാലിബന് ശബ്ദം പകര്‍ന്നത് അനുരാഗ് കശ്യപ് ആണ്.

ALSO READ : 'തോഷിറോ മിഫ്യൂണിനെ ഓര്‍മ്മിപ്പിക്കുന്ന മോഹന്‍ലാല്‍'; വാലിബന്‍റെ വിമര്‍ശകരോട് പ്രശസ്‍ത ഛായാഗ്രാഹകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!