സിനിമാ രംഗത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ നിലപാട് വൈസ് പ്രസിഡന്റ് ജഗദീഷ് തള്ളി.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താരസംഘടന 'അമ്മ'യിൽ കടുത്ത ഭിന്നത. സിനിമാ രംഗത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ നിലപാട് വൈസ് പ്രസിഡന്റ് ജഗദീഷ് തള്ളി. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായവര്‍ ശിക്ഷിക്കപ്പെടണം അതിനായി അന്വേഷണം അനിവാര്യമെന്നും ജഗദീഷ് നിലപാടെടുത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പറഞ്ഞൊഴിഞ്ഞ് ജനറൽ സെക്രട്ടറി സിദ്ദിഖിന്‍റെ നിലപാടിനോട് കടുത്ത വിയോജിപ്പുമായിട്ടാണ് വൈസ് പ്രസിഡന്റ് ജഗദീഷ് രംഗത്തെത്തിയിരിക്കുന്നത്. വേട്ടക്കാരുടെ പേര് പുറത്തുവരണമെന്ന് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. വാതിലില്‍ മുട്ടി എന്ന് ഒരു ആര്‍ട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ല എന്നാണ് തന്‍റെ പക്ഷമെന്ന് ജഗദീഷ് പറഞ്ഞു.
അമ്മ എന്ന സംഘടനയും വാദിക്കുന്നത് അത് തന്നെയാണ്. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. പല തൊഴിലിടത്തിലും ഇതുപോലെ നടക്കുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അങ്ങനെ ചോദിക്കാന്‍ പാടില്ല എന്ന പക്ഷക്കാരമാണ് താന്‍. അത് ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. വേട്ടക്കാരന്‍റെ പേര് രഹസ്യമാക്കാൻ ആരും പറഞ്ഞിട്ടില്ല. കുറ്റക്കാരുടെ പേര് കോടതി അനുവദിച്ചാൽ പുറത്തുവരട്ടെയെന്നും ശിക്ഷിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. ആരോപണം നേരിടുന്നവര്‍ അഗ്നി ശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് അഭിപ്രായപ്പെട്ടു.
അതേസമയം, അമ്മയിൽ ഭിന്നത ഇല്ലെന്ന് സിദ്ദിഖ് പ്രതികരിച്ചു. താൻ പറഞ്ഞതിന് എതിരായി ജഗതീഷ് ഒന്നും പറഞ്ഞിട്ടുണ്ടാവില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികൾ എല്ലാം രഹസ്യമാണ്. അത് പുറത്ത് വരാൻ ഞങ്ങളും ആഗ്രഹിക്കുന്നില്ല. പുറത്ത് വരണം എന്ന് നിർദേശിക്കുന്നുമില്ല. ആ മൊഴികൾ രഹസ്യമായി തന്നെ ഇരിക്കട്ടെ. ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് അമ്മ സംഘടനയുടെ നിലപാടെന്നും സിദ്ദിഖ് വ്യക്തമാക്കി. ആദ്യം പ്രതികരിച്ച ശേഷം വീണ്ടും തിരിച്ചെത്തിയാണ് അമ്മയിൽ ഭിന്നത ഇല്ലെന്ന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്.