ജനം കൈയടിച്ച താരപ്പൊലിമ, ഇന്ന് ഉത്തരം മുട്ടിയ 'അമ്മ'; ഇനിയെന്ത്?

By Web TeamFirst Published Aug 27, 2024, 9:37 PM IST
Highlights

ഒരു വലിയ സോഷ്യല്‍ ഓഡിറ്റിംഗിന്‍റെ റഡാറിലേക്ക് അമ്മ സംഘടനയ്ക്ക് ആദ്യമായി വന്നുനില്‍ക്കേണ്ടിവന്നത് 2017 ല്‍ നടി ആക്രമിക്കപ്പെട്ട കേസ് സമൂഹശ്രദ്ധയിലേക്ക് വരുന്നതോടെയാണ്

അമ്മ എന്ന് മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയ്ക്ക് പേരിട്ടത് അന്തരിച്ച നടന്‍ മുരളിയാണ്. സുരേഷ് ഗോപി നല്‍കിയ 25,000 രൂപയും മണിയന്‍ പിള്ള രാജുവും ഗണേഷ് കുമാറും ഇട്ട 10,000 രൂപ വീതവുമായിരുന്നു സംഘടനയുടെ ആദ്യ മൂലധനം. രൂപീകരിക്കപ്പെട്ട 1994 മുതല്‍ ഇന്നുവരെ മലയാളി എപ്പോഴും സാകൂതം നിരീക്ഷിച്ച സംഘടന കൂടിയാണ് ഇത്. തിരശ്ശീലയില്‍ കാണുന്ന താരങ്ങളെ ഒരുമിച്ച് കാണുന്ന വേദി എന്ന നിലയിലാണ് അത്. തിരുവിതാംകൂര്‍ കൊച്ചിന്‍ ലിറ്റെററി, സയന്‍റിഫിക് ആന്‍റ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ്. നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദ്യ ഷോകള്‍ മുതല്‍ അമ്മ സംഘടിപ്പിച്ച താരനിശകളൊക്കെയും വലിയ തോതില്‍ ജനപ്രീതി നേടിയിട്ടുണ്ട്. എല്ലാ താരങ്ങളും ചേര്‍ന്ന് വരുമ്പോഴുള്ള അധിക മൂല്യം തന്നെ അതിന് കാരണം.

സിനിമയുടെ ഫ്രെയ്‍മിനകത്തെ മനോഹര ചിത്രമായി നിന്നിരുന്ന ഈ സംഘടന ആദ്യമായി സമൂഹത്തിന്‍റെ ചര്‍ച്ചകളിലേക്ക് എത്തുന്നത് അന്തരിച്ച നടന്‍ തിലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളിലൂടെയാണ്. ഒരു സൂപ്പര്‍താരം തന്‍റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്നും തനിക്കെതിരെ കരുനീക്കങ്ങള്‍ നടത്തുന്നുവെന്നുമുള്ള തിലകന്‍റെ ആരോപണമാണ് അമ്മ സംഘടനയുടെ അപ്രീതിക്ക് കാരണമായത്. അമ്മയുമായി നിരന്തര സംഘര്‍ഷങ്ങളിലായിരുന്ന സംവിധായകന്‍ വിനയന്‍റെ സിനിമകളില്‍ അഭിനയിച്ചതിലൂടെയും തിലകന്‍ അടക്കമുള്ളവര്‍ അമ്മയ്ക്ക് അനഭിമതരായി. തിലകനെപ്പോലെ പ്രഗത്ഭനും പ്രശസ്തനുമായ ഒരു അഭിനേതാവിനെ എന്തുകൊണ്ട് വിലക്കുന്നു എന്ന സമൂഹത്തിന്‍റെ ചോദ്യത്തിന് ഉത്തരം പറയാന്‍ അമ്മ സംഘടനയ്ക്ക് ബാധ്യതയുണ്ടാവുന്നുണ്ട്. ആദ്യ ഘട്ടങ്ങളില്‍ അത് വസ്തുതയല്ലെന്നും തിലകന്‍റെ ആരോപണം മാത്രമാണെന്നുമൊക്കെ പറഞ്ഞവര്‍ ഒരു ഘട്ടത്തില്‍ അദ്ദേഹത്തെ അമ്മയില്‍ നിന്ന് പരസ്യമായി സസ്പെന്‍ഡ് ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ എത്തി.

Latest Videos

തിലകന്‍ വിഷയവും മറ്റ് പല താരങ്ങളും സിനിമാ പ്രവര്‍ത്തകരുമൊക്കെ പല കാലങ്ങളിലായി നേരിട്ട അപ്രഖ്യാപിത വിലക്കുകളില്‍ അമ്മ ഭാരവാഹികള്‍ക്ക് നേര്‍ക്കും മാധ്യമങ്ങളുടെ മൈക്കുകള്‍ തിരിഞ്ഞിട്ടുണ്ട്. എന്നാല്‍‌ ഇന്‍ഡസ്ട്രിക്ക് ഉള്ളിലുള്ള കാര്യമെന്ന നിലയില്‍ അവരെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ അവര്‍ക്ക് ആയി. എന്നാല്‍ ഒരു വലിയ സോഷ്യല്‍ ഓഡിറ്റിംഗിന്‍റെ റഡാറിലേക്ക് അമ്മ സംഘടനയ്ക്ക് ആദ്യമായി വന്നുനില്‍ക്കേണ്ടിവന്നത് 2017 ല്‍ നടി ആക്രമിക്കപ്പെട്ട കേസ് സമൂഹശ്രദ്ധയിലേക്ക് വരുന്നതോടെയാണ്. അത്രകാലവും ബിഗ് സ്ക്രീനില്‍ തങ്ങളെ രസിപ്പിച്ച താരങ്ങള്‍ അതീവഗൌരവമുള്ള ഒരു വിഷയത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന് കേരളീയ സമൂഹം ആദ്യമായി ശ്രദ്ധിച്ചതും അപ്പോഴാണ്. ഏഴ് വര്‍ഷത്തിനിപ്പുറം സംഘടനയുടെ ഭരണസമിതി പിരിച്ചുവിടുന്നതിലേക്ക് എത്തിച്ച സാഹചര്യം സൃഷ്ടിച്ചതും ആ കേസ് തന്നെ.

ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടന്‍ ദിലീപും, രണ്ട് പേരും അമ്മയുടെ മക്കളാണെന്നും രണ്ട് പേരെയും സംരക്ഷിക്കുമെന്നുമായിരുന്നു അമ്മ വക്താക്കളുടെ ആദ്യ പ്രതികരണം. എന്നാല്‍ അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ പൊലീസിന് നല്‍കിയ മൊഴി 21 പേര്‍ കോടതിയില്‍ മാറ്റുന്നതും സമൂഹം പിന്നീട് കണ്ടു. നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയ്ക്ക് പുറത്ത് സമൂഹത്തിലേക്കും പരക്കുന്ന ലിംഗവിവേചനം സംബന്ധിച്ച ഗൌരവതരമായ ചര്‍ച്ചകള്‍ക്ക് കൂടിയാണ് വഴിതെളിച്ചത്. തങ്ങളുടെ സഹപ്രവര്‍ത്തക നേരിട്ട ഗുരുതരമായ കുറ്റകൃത്യത്തില്‍ സംഘടനാ നേതൃത്വം ഒരു നിലപാടെടുക്കാതെ എളുപ്പത്തില്‍ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസി എന്ന വനിതകളുടെ സംഘടന രൂപീകരിക്കപ്പെടുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹേമ കമ്മിഷനെ നിയോഗിച്ചതും നാലര വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ആ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ മീ ടൂ ആരോപണങ്ങളടക്കം ഉയരുന്നതും.

രൂപീകരിക്കപ്പെട്ട 1994 ന് ശേഷം ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് അമ്മ സംഘടന ഇപ്പോള്‍. ദീര്‍ഘകാലം പ്രസിഡന്‍റ് ആയിരുന്ന ഇന്നസെന്‍റിന് ശേഷം 2018 ല്‍ ആ സ്ഥാനത്തേക്ക് എത്തിയ മോഹന്‍ലാലിന് ഏറ്റവും പുതിയ ഭരണസമിതിയിലേക്ക് എത്താന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ അംഗങ്ങളില്‍ ഒരു വലിയ വിഭാഗത്തിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹം അത് ഏറ്റെ‌ടുക്കുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം ജനറല്‍ ബോഡി കൂടി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കും എന്നാണ് സംഘടന ഇന്ന് അറിയിച്ചിരിക്കുന്നത്. സമൂഹത്തിന് മുന്നില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നതാണ് സംഘടനയ്ക്ക് മുന്നില്‍ അടിയന്തിരമായുള്ള ടാസ്ക്. ഇതിനായി പൊതുസ്വീകാര്യതയുള്ളവരെ മുഖ്യ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരാനാണ് ആലോചിക്കുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പൃഥ്വിരാജിന്‍റെ പേര് പലരും നിര്‍ദേശിക്കുന്നുണ്ട്. അമ്മയുടെ തലപ്പത്തേക്ക് ഒരു വനിതാ പ്രതിനിധി എത്തിയാല്‍ എന്താണ് കുഴപ്പമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ പലപ്പോഴും സമൂഹത്തിന്‍റെ കൂടി ചോദ്യങ്ങള്‍‌ക്ക് മറുപടി പറയാന്‍ ബാധ്യതയുള്ള സ്ഥാനങ്ങളിലേക്ക് എത്താന്‍ ആരൊക്കെ തയ്യാറാവുമെന്ന് കണ്ടറിയണം.

ALSO READ : 'ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു', സിദ്ദിഖിനെതിരെ നടി പരാതി നൽകി 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!