കുറ്റക്കാർക്കെതിരെ കേസെടുക്കണം, സിനിമയിലെ എല്ലാവരും മോശക്കാരെന്ന് പറയുന്നതിൽ സങ്കടം: സിദ്ദിഖ്

By Web TeamFirst Published Aug 23, 2024, 3:57 PM IST
Highlights

ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്തുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ്. കുറ്റം ചെയ്തവര്‍ക്ക് എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്തുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

"ഒരു വിഷമം തോന്നിയത് മലയാള സിനിമയില്‍ എല്ലാവരും മോശക്കാരാണ് എന്ന് പറയുന്നതിലാണ്. അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. മറ്റ് പല മേഖലകളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ പരാതിപ്പെട്ട് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ആ തൊഴില്‍ മേഖലയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉണ്ടാകാറില്ല. ഒരു രാഷ്ട്രീയക്കാരന്‍ അഴിമതി നടത്തിയാല്‍ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയാണെന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കാറില്ല. അങ്ങനെ ചെയ്തയാളെ കണ്ടെത്തി ശിക്ഷിക്കുകയാണ് ചെയ്യുന്നത്. എവിടെയോ ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുള്ളൊരു അറിവിന്‍റെ അടിസ്ഥാനത്തില്‍, ഒരു വ്യവസായ മേഖലയെ അല്ലെങ്കില്‍ ജനങ്ങള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന കുറേ ആളുകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള പ്രവണത നല്ലതല്ല. അത് ഞങ്ങള്‍ക്ക് ഒരുപാട് ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. വളരെ വിഷമത്തോടെയാണ് ഞങ്ങള്‍ അക്കാര്യം അറിയിക്കുന്നത്", എന്നാണ് സിദ്ദിഖ് പറഞ്ഞത്. 

Latest Videos

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയകളും ഇല്ല: ജഗദീഷ്

ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‍ക്കെതിരായ റിപ്പോർട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ലെന്നും സിദ്ദിഖ് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!