ഡിസംബർ അഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' എന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈൻ ടീം പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായി. റസൂൽ പൂക്കുട്ടി, എം.ആർ. രാജാകൃഷ്ണൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ ശബ്ദമികവ് ഒരുക്കിയിരിക്കുന്നത്.
ചെന്നൈ: ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുൻ ചിത്രമായ ‘പുഷ്പ 2: ദ റൂൾ’ ഡിസംബർ അഞ്ചിന് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്ക്രീനുകളിൽ എത്താനൊരുങ്ങുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിംഗിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിങ് ടീം പങ്കുവെച്ചിരിക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ചിത്രത്തിന്‍റെ സൗണ്ട് ഡിസൈൻ ആൻഡ് സൗണ്ട് മിക്സിങ് ടീമിൽ ഉള്‍പ്പെട്ട റസൂൽ പൂക്കൂട്ടി, എം.ആർ. രാജകൃഷ്ണൻ, വിജയകുമാർ എന്നിവർ ചേർന്നുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
''സാധാരണ ഒരു കൊമേഴ്സ്യൽ സിനിമ മിക്സ് ചെയ്യുമ്പോള്‍ മിക്സിങ് എൻജിനിയേഴ്സ് സാധാരണ ചിന്തിക്കുന്നത് തിയേറ്റററിൽ ചിലപ്പോള്‍ ലെവൽ കുറയ്ക്കും അതിനാൽ നമ്മള്‍ കൂട്ടണം എന്നാണ്. അതിനുസരിച്ച് തിയേറ്ററിൽ പിന്നേയും കുറയ്ക്കും എൻജിനിയേഴ്സ് കൂട്ടും അങ്ങനെയാണ്. പക്ഷേ ഒരു ഹോളിവുഡ് സിനിമ വന്നാൽ തിയേറ്ററിൽ കൃത്യമായി ഡോള്‍ബി സ്റ്റാൻഡേര്‍ഡ് ലെവൽ 7 എല്ലാ തിയേറ്ററുകളും പ്ലേ ചെയ്യും. ഈ ഒരു വാറിൽ നഷ്ടപ്പെട്ടുപോകുന്നത് ഓഡിയൻസിന് ഒരു ട്രൂ ഓഡിയോ വിഷ്വൽ സിനിമാറ്റിക് എക്സ്പീരിയൻസ് ആണ്'', റസൂൽ പൂക്കുട്ടി പറഞ്ഞിരിക്കുകയാണ്.
''ഞങ്ങള്‍ ഈ സിനിമയിലൂടെ ഈ ലൗഡ്നെസ് വാര്‍ നിര്‍ത്തുകയാണ്. പുഷ്പ 2 ലെവൽ 7-ൽ ആണ് മിക്സ് ചെയ്തിരിക്കുന്നത്. തിയേറ്റര്‍ ഉടമകള്‍ക്ക് സ്പീക്കർ അടിച്ചുപോകുമെന്ന് പേടിക്കേണ്ട. പ്രേക്ഷകർക്ക് ഒരു ട്രൂ ഓഡിയോ വിഷ്വൽ എക്സീപിരിയൻസ് കൊടുക്കണം എന്നാണ് തിയേറ്റർ ഉടമകളോട് ഞങ്ങളുടെ ഈ ടീമിന്‍റെ റിക്വസ്റ്റ്'', അദ്ദേഹം പറഞ്ഞു.
''ഞാൻ ഭയങ്കര എക്സൈറ്റഡ് ആണ്. മലയാളികള്‍ക്കും ഇന്ത്യയ്ക്കും അഭിമാനമായ ഓസ്കാര്‍ കൊണ്ടുവന്ന റസൂൽ പൂക്കുട്ടിയോടൊപ്പം വർക്ക് ചെയ്യാൻ പുഷ്പ 2ലൂടെ എനിക്ക് കഴിഞ്ഞു. ഞങ്ങള്‍ തമ്മിൽ വലിയ സുഹൃത് ബന്ധവും ഇതിലൂടെ ലഭിച്ചു. പുഷ്പ 2 അമേസിങ് സിനിമയാണ്, ഞങ്ങള്‍ വളരെ എൻജോയ് ചെയ്ത് വർക്ക് ചെയ്തു. സൗണ്ടിനും വിഷ്വലിനും വളരെ സാധ്യതകളുണ്ട് ഈ ചിത്രത്തിൽ. ഈ വീഡിയോയുടെ ഉദ്ദേശ്യം ഞങ്ങള്‍ കുറച്ച് മലയാളികളും പുഷ്പ 2-ന്‍റെ പിന്നണിയിലുണ്ടെന്ന് അഭിമാനത്തോടെ നിങ്ങളെ അറിയിക്കാനാണ്. ശബ്‍ദവും വെളിച്ചവും ചേർന്നതാണ് സിനിമ. വെളിച്ചം നന്നാവുകയും ശബ്‍ദം മോശമാവുകയും ചെയ്താൽ ആർക്കും ആസ്വദിക്കാൻ പറ്റില്ല. അതിനാൽ പ്രേക്ഷകർ ഈ സിനിമ തിയേറ്ററിൽ കാണുമ്പോള്‍ ശബ്‍ദം അരോചകമായി തോന്നിയാൽ പൂര്‍ണ്ണ അധികാരത്തോടെ തിയേറ്റര്‍ അധികൃതരോട് സംസാരിച്ച് ശബ്‍ദം കൂട്ടാനാണെങ്കിൽ കൂട്ടാനും കുറയ്ക്കാനാണെങ്കിൽ കുറയ്ക്കാനും പറയാൻ മനസ്സുണ്ടാകണം. ഞങ്ങള്‍ മൂന്ന് മാസത്തോളം കഷ്ടപ്പെട്ടത് കൃത്യമായ ആസ്വാദനം നിങ്ങൾക്ക് നൽകുന്നതിന് വേണ്ടിയാണ്, ബി ബോൾഡ്'', എം. ആർ രാജാകൃഷ്ണൻ പറഞ്ഞു.
undefined
‘പുഷ്പ 2: ദ റൂൾ’ ഓരോ അപ്‍ഡേറ്റുകളും സിനിമാപ്രേമികള്‍ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയുപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ 'കിസ്സിക്' പാട്ടെത്തിയിരുന്നു. അതിന് ശേഷം കിസ്സിക് പാട്ടും ഏവരുടേയും പ്രിയം നേടി. ഒടുവിൽ 'പീലിങ്സ്' സോങ് സിനിമാപ്രേമികളെ ആവേശം കൊള്ളിക്കാനായി എത്തിക്കഴിഞ്ഞിട്ടുമുണ്ട്.
ഈ വർഷം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2' എത്താൻ ഇനി ഏതാനും ദിനങ്ങൾ മാത്രമാണുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ്. ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.