ഗോട്ട് സിനിമയില്‍ അജിത്തിന്റെ ഒരു റഫറന്‍സ് ഉണ്ടെന്ന് സംവിധായകന്‍ വെങ്കിട്ട് പ്രഭു ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു. അജിത്തിനെ അസര്‍ബൈജാനില്‍ വച്ച് സന്ദര്‍ശിച്ചിരുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി, ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് കാരണമായി.
ചെന്നൈ: വിജയ് ചിത്രം ഗോട്ട് വരുന്ന സെപ്തംബര്‍ 5ന് റിലീസാകുകയാണ്. അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വലിയ പ്രതികരണമാണ് ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിംഗിന് ലഭിക്കുന്നത്. വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം വെങ്കിട്ട് പ്രഭുവാണ് സംവിധാനം ചെയ്യുന്നത്. വലിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രം ചിലപ്പോള്‍ വിജയിയുടെ അവസാന ചിത്രമായേക്കാം എന്ന തരത്തിലെ വാര്‍ത്തകള്‍ വലിയ പ്രതികരണമാണ് ഉണ്ടാക്കുന്നത്.
അതേ സമയം ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് സംവിധായകന്‍ വെങ്കിട്ട് പ്രഭു. ഇതിന്‍റെ ഭാഗമായി തമിഴ് യൂട്യൂബ് ചാനലുകളിലും മറ്റും ഇദ്ദേഹം നിരന്തരം അഭിമുഖം നല്‍കുകയാണ്. ഇതില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗോട്ട് ഷൂട്ടിംഗിനിടെ വെങ്കിട്ട് പ്രഭു അജിത്തിനെ അസര്‍ബൈജാനില്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫാന്‍ തിയറിയെ സംബന്ധിച്ച ചോദ്യത്തിലായിരുന്നു വെങ്കിട്ട് പ്രഭുവിന്‍റെ പ്രതികരണം.
വിഡാമുയര്‍ച്ചി എന്ന തന്‍റെ ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബൈജാനിലായിരുന്ന അജിത്തിനെ അവിടെ എത്തി സന്ദര്‍ശിച്ച വെങ്കിട്ട് പ്രഭു. അജിത്തിന്‍റെ ഒരു റഫറന്‍സ് ഗോട്ടില്‍ ഉള്‍പ്പെടുത്താന്‍ പോയതാണ് എന്നായിരുന്നു ആ ഫാന്‍ തിയറി. അത് വോയിസായോ മറ്റോ പടത്തിലുണ്ടെന്നും റൂമര്‍ വന്നു.
എന്നാല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് നിഷേധിക്കാതെയാണ് വെങ്കിട്ട് പ്രഭു പ്രതികരിച്ചത്. ഒരു അജിത്ത് റഫറന്‍സ് ചിത്രത്തിലുണ്ട് എന്ന രീതിയിലും സംവിധായകന്‍ പറഞ്ഞു. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു മൊമന്‍റ് ഉണ്ടെന്ന് തന്നെ സംവിധായകന്‍ വിപി ഉറപ്പു നല്‍കുന്നു.
പിന്നാലെ തമിഴ് സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. കഴിഞ്ഞ ഒരു പതിനഞ്ച് കൊല്ലത്തിനിടെ അജിത്ത് ആരാധകര്‍ ഏറ്റവും ആഘോഷിച്ച ഒരു പടമാണ് മങ്കാത്തെ. അതിന്‍റെ സംവിധായകന്‍ വെറുതെ പറയില്ലെന്നാണ് അജിത്ത് ആരാധകരുടെ പോസ്റ്റുകള്‍. അതേ സമയം സ്ക്രീനില്‍ ഇതുവരെ ഒന്നിക്കാത്ത തല ദളപതി സമാഗമം നടക്കുമോ എന്ന ആകാംക്ഷയിലാണ് വിജയ് ആരാധകര്‍.
ഫാന്‍ ഫൈറ്റ് ഒഴിവാക്കാനുള്ള നീക്കമാണോ ഇതെന്നും ചിലര്‍ സംശയിക്കുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍. സാധാരണ അജിത്ത് ചിത്രം ഇറങ്ങിയാല്‍ വിജയ് ഫാന്‍സും, വിജയ് പടം ഇറങ്ങിയാല്‍ അജിത്ത് ഫാന്‍സും ഡീഗ്രേഡിംഗിന് ഇറങ്ങാറുണ്ടെന്നതാണ് സത്യം. അത് ഒഴിവാക്കാന്‍ കൂടിയാണ് ഈ നീക്കം എന്നും ചിലര്‍ സംശയിക്കുന്നത്. എന്തായാലും സെപ്തംബര്‍ 5 വരെ കാത്തിരിക്കാം എന്നാണ് പലരും പറയുന്നത്.
കേരളത്തില്‍ മാത്രം റിലീസ് ദിനം 4000 ഷോ: ദളപതി വിജയിയുടെ ഗോട്ടിന് റെക്കോഡ് റിലീസ്