അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചിയുടെ ഡബ്ബിംഗ് ആരംഭിച്ചു. അതിനിടെ ടീസര്‍ നവംബര്‍ 10ന് റിലീസ് ചെയ്യുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ട്
ചെന്നൈ: അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിട്ട് വര്‍ഷം രണ്ട് ആകാറായി. ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റും ഇല്ലാതെ അജിത്ത് ആരാധകര്‍ നിരാശയിലുമായിരുന്നു. ഒക്ടോബര്‍ 28ന് ഒരു അപ്ഡേറ്റ് വരും എന്നാണ് തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അത് കാത്തിരുന്ന അജിത്ത് ആരാധകരെ ശരിക്കും നിരാശരാക്കി ചിത്രത്തിന്‍റെ ഡബ്ബിംഗ് തുടങ്ങിയെന്ന അപ്ഡേറ്റാണ് എത്തിയത്. നടന്‍ ആരാവ് ഡബ്ബിംഗിന് എത്തിയ ചിത്രങ്ങളാണ് നിര്‍മ്മാതാക്കളായ ലൈക്ക പുറത്തുവിട്ടത്.
ഈ പോസ്റ്റിന് അടിയില്‍ എപ്പോ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിടും എന്ന രോഷം അജിത്ത് ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുന്നു എന്നാണ് വിവരം. ഇതിന് പിന്നാലെ ടീസര്‍ വരുന്ന നവംബര്‍ 10ന് റിലീസ് ചെയ്യും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന അഭ്യൂഹം. പല ട്രേഡ് അനലിസ്റ്റുകളും ഇത് സത്യമാണ് എന്ന രീതിയില്‍ പറയുന്നുണ്ട്.
മഗിഴ് തിരുമേനിയാണ് വിഡാ മുയര്‍ച്ചി സംവിധാനം ചെയ്യുന്നത്. നേരത്തെ വിഘ്നേശ് ശിവന്‍ പ്രൊജക്ടിനാണ് അജിത്ത് കൈ കൊടുത്തതെങ്കിലും വിഘ്നേശിന്‍റെ കഥ ഇഷ്ടപ്പെടാത്തതോടെ അജിത്ത് മഗിഴ് തിരുമേനിക്ക് ഡേറ്റ് നല്‍കി. തടം അടക്കം ശ്രദ്ധേയമായ ത്രില്ലറുകള്‍ ഒരുക്കിയ സംവിധായകനാണ് മഗിഴ് തിരുമേനി. ഇദ്ദേഹത്തിന്‍റെ ആദ്യത്തെ സൂപ്പര്‍താര ചിത്രം കൂടിയാണ് ഇത്.
അനിരുദ്ധാണ് വിഡാ മുയര്‍ച്ചിക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി എത്തും എന്നാണ് അനിരുദ്ധ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതേ സമയം അജിത്ത് നായകനാകുന്ന 'ഗുഡ് ബാഡ് അഗ്ലീ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്. പുഷ്പയുടെയും മറ്റും നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സാണ് ഇത് നിര്‍മ്മിക്കുന്നത്.
എന്തായാലും വിഡാ മുയര്‍ച്ചിയുടെ ടീസര്‍ അപ്ഡേറ്റ് നവംബര്‍ 10ന് ലഭിക്കും എന്ന അഭ്യൂഹത്തിന് പിന്നാലെ ഇത് സംബന്ധിച്ചുള്ള തങ്ങളുടെ സന്തോഷവും ആശങ്കകളും ഒരേ പോലെ എക്സ് പോസ്റ്റുകളിലും മറ്റും പറയുകയാണ് അജിത്ത് ആരാധകര്‍.
ആ യുവ താരവും അജിത്ത് ചിത്രത്തില്‍, ഗുഡ് ബാഡ് അഗ്ലി അപ്‍ഡേറ്റ്
അജിത്ത് കുമാറിന്റെ നായികയായി തൃഷ, ചിത്രത്തിന്റ പുത്തൻ അപ്‍ഡേറ്റ്