കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക.
കൊച്ചി: നടൻ ബാലയ്ക്കെതിരെ മുൻ ഭാര്യ നൽകിയ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഭിഭാഷക ഫാത്തിമ സിദ്ദിഖ്. കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ബാലയുടെ അഭിഭാഷക മാധ്യമങ്ങളോട് അറിയിച്ചു. നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നെന്നും എന്നിട്ടും പൊലീസ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഇവർ പറയുന്നു.
ഇന്ന് പുലര്‍ച്ചെയാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്നും കടവന്ത്ര പൊലീസ് ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസില്‍ പ്രതികളാണ്. മകളുമായി ബന്ധപ്പെട്ടടക്കം ബാല നടത്തിയ പരാമർശങ്ങളും അറസ്റ്റിന് കാരണമായിട്ടുണ്ട്. ബാല നീതി നിയമപ്രകാരവും നടനെതിരെ കേസ് എടുത്തിട്ടുണ്ട്.
undefined
ഏതാനും നാളുകൾക്ക് മുൻപ് ബാലയും മുൻ ഭാര്യയും തമ്മിലുള്ള തർക്കം വലിയ വാർത്തയായിരുന്നു. ബാലയ്ക്ക് എതിരെ മകൾ രംഗത്ത് എത്തിയതായിരുന്നു ഇതിന് കാരണം. തനിക്ക് അച്ഛനെ കാണാൻ താല്പര്യം ഇല്ലെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും വീഡിയോയിൽ മകൾ പറഞ്ഞിരുന്നു.
അമ്മയും വീട്ടുകാരും നേരിടുന്ന വിമർശനങ്ങൾ കണ്ടായിരുന്നു ഇങ്ങനെ ഒരു വീഡിയോ കുഞ്ഞ് പങ്കുവച്ചത്. ഇത് ഏറെ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തു. കുഞ്ഞിനെതിരെയും വലിയ സൈബർ അറ്റാക്കുകൾ നടന്നു. പിന്നാലെ ഇതുവരെ ബാലയ്ക്ക് എതിരെ പറയാത്ത പല വെളിപ്പെടുത്തലുകളുമായി മുൻ ഭാര്യയും സുഹൃത്തുക്കളും രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഈ പ്രശ്നങ്ങളാണ് ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും പരാതിക്കാരിയും 2010ലാണ് വിവാഹിതരായത്. പിന്നീട് 2019ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം