സിനിമാ സെറ്റുകളിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന വീഡിയോ എടുക്കുന്നു എന്നാണല്ലോ രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തലിലൂടെ മനസ്സിലാകുന്നത്. എന്തൊരു അധോലോകമാണിതെന്ന് കെ കെ രമ എംഎൽഎ
തിരുവനന്തപുരം: കാരവാനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുവെന്ന നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ ഞെട്ടിച്ചെന്ന് കെ കെ രമ എംഎൽഎ. കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? എന്തൊരു ക്രൂരമാണീ സിനിമാലോകമെന്നും കെ കെ രമ ചോദിക്കുന്നു.
"സിനിമാ സെറ്റുകളിൽ കാരവാനിൽ ഒളിക്യാമറ വെച്ച് നഗ്ന വീഡിയോ എടുക്കുന്നു എന്നാണല്ലോ രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തലിലൂടെ മനസ്സിലാകുന്നത്. എന്തൊരു ക്രൂരമാണീ സിനിമാലോകം, എന്തൊരു അധോലോകമാണിത്? കാരവാൻ സൗകര്യങ്ങൾ ഉണ്ടെങ്കിൽ സുരക്ഷിതരാണ് എന്നല്ലേ നടിമാർ കരുതിയിരുന്നത്? വസ്ത്രം മാറാനും ടോയ്‍ലറ്റിൽ പോവാനും സുരക്ഷിതം എന്നല്ലേ കരുതിയിരുന്നത്. അങ്ങനെ കരുതിയിരുന്നവർക്ക് ഇടയിലേക്കല്ലേ ഈ ഞെട്ടിക്കുന്ന വാർത്ത വന്നത്? ഇതുപോലെ ഞെട്ടിക്കുന്ന വിവരങ്ങൾ സർക്കാരിന്‍റെ പക്കലുണ്ടായിട്ട് ഒരു നടപടിയുമെടുക്കാതെ വച്ചു എന്നത് വലിയ കുറ്റമാണ്"- കെ കെ രമ പ്രതികരിച്ചു.
കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് രാധിക ഏഷ്യാനെറ്റ് ന്യൂസിലൂടെ വെളിപ്പെടുത്തിയത്. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ, ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു.
കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഓരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും രാധിക പറഞ്ഞു.
രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ലെന്നും അവരുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി ചോദിച്ചു. പൊലീസിൽ അവർ പരാതി നൽകണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം. ഇവരുടെ നിശബ്ദത ക്രൈമിന് വഴിവച്ച് കൊടുക്കുകയല്ലേ ചെയ്തത്. എന്തുകൊണ്ട് അവരന്ന് തന്നെ പുറം ലോകത്തെ അറിയിച്ചില്ല. ഈ ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താൻ പറ്റുമെന്നാണോ വിചാരിക്കുന്നത്. നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താൻ സാധിക്കൂവെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.