'കതകിൽ മുട്ടി'; സംവിധായകൻ തുളസീദാസ് മോശമായി പെരുമാറിയെന്ന് നടി ഗീതാ വിജയൻ

By Web TeamFirst Published Aug 26, 2024, 12:52 PM IST
Highlights

കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്‍റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ പറയുന്നു. 

കൊച്ചി: സംവിധായകൻ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ​ഗീതാ വിജയൻ. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു.  കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്‍റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ പറയുന്നു. 

'1991ൽ എനിക്ക് ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട്. ചാഞ്ചാട്ടം എന്ന സിനിമയുടെ സെറ്റിൽ വച്ചായിരുന്നു ഇത്. തുളസീദാസ് ആണ് സംവിധായകൻ. കതകിൽ മുട്ടലും കോളിം​ഗ് ബെല്ലടിക്കലും ഒക്കെ ആയിരുന്നു. ആ സമയത്ത് ഞാൻ വളരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. പ്രതികരിക്കേണ്ട സമയത്ത് ഞാൻ കൃത്യമായി പ്രതികരിച്ചു എന്നുള്ളതാണ്. പിന്നീട് ഡേറ്റ്സ് ഒക്കെ വേസ്റ്റ് ചെയ്ത് എന്നെ റൂമിൽ ഇരുത്തിയിരുന്നു. അങ്ങനെ ഒത്തിരി കാര്യങ്ങൾ എനിക്ക് എതിരെ സംഭവിച്ചു. എന്നാലും ഞാൻ സിനിമയിൽ നിന്നും പിന്മാറിയിരുന്നില്ല. കാരണം അതെന്റെ ജോലിയാണല്ലോ. കട്ട് ചെയ്തതോ എഴുതി വച്ചതോ ആയ സീനുകൾ ഞാൻ അഭിനയിച്ചു. എന്റെ ജോലി ഞാൻ ചെയ്തു. എന്റെ ഭാ​ഗത്ത് നിന്നും ഒരു പ്രശ്നവും ഉണ്ടാവതരുതല്ലോ. ഞാൻ കാരണം ഒരു സിനിമയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല. പിന്നെ ആ സമയത്ത് ഇതൊന്നും ആരോടും പറഞ്ഞില്ല. കാരണം നമുക്ക് തുറന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് ഞാൻ തന്നെ ആ സംഭവത്തെ കൈകാര്യം ചെയ്തു. അന്ന് പൊലീസിനെ വിളിക്കേണ്ടി വന്നില്ല എനിക്ക്. അങ്ങനെയാണ് ഞാൻ അതിനെ സോൾവ് ചെയ്തത്. പൊലീസിനെ വിളിക്കേണ്ടി വന്നിരുന്നുവെങ്കിൽ ഉറപ്പായും വിളിക്കുമായിരുന്നു. ഇതേ തുളസീദാസ് തന്നെ ശ്രീദേവിക എന്നൊരു നടിയ്ക്ക് നേരെയും മോശമായി പെരുമാറി. 2006ൽ ആയിരുന്നു അത് ', എന്ന് ഗീതാ വിജയന്‍ പറയുന്നു. 

Latest Videos

ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരെ ഡിജിപിയ്ക്ക് പരാതി നൽകി സിദ്ദിഖ്

വെളിപ്പെടുത്തലുകളെ കുറിച്ചും ​ഗീതാ വിജയൻ സംസാരിച്ചു. "വരട്ടെ.. ഇനിയും നിരവധി ആളുകള്‍ വെളിപ്പെടുത്തലുകളുമായി വരട്ടെ. ആരൊക്കെ ബുദ്ധിമുട്ടുകള്‍ നേരിട്ടോ അവരെല്ലാവരും വരണം. ഇതാണ് സ്ത്രീശക്തീകരണം എന്ന് പറയുന്നത്. സ്ത്രീ ശാക്തീകരണ പ്രസ്ഥാനം ഇപ്പോൾ ആരംഭിക്കുകയാണ്. അതിന് പിണറായി സർക്കാരിനോട് അങ്ങേയറ്റം നന്ദി അറിയിക്കുകയാണ്. ഒപ്പം ഹേമ കമ്മിറ്റി കണ്ടെത്തലുകൾക്കും. കാരണം ഈ ഒരു പ്ലാറ്റഫോം ഇല്ലായിരുന്നു എങ്കിൽ ഇനിയും ഇത്തരം ചൂഷണങ്ങൾ തുടരും. കേട്ടാൽ അറയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. മുൻ കാലങ്ങളിൽ നമ്മൾ കൊടുത്ത പരാതികൾ തള്ളിക്കളയുന്നത് കൊണ്ടാണ് വീണ്ടും പരാതി നൽകാൻ സാധിക്കാത്തത്. അതുകൊണ്ടല്ലേ ഇത്രയും ക്രൂരതകൾ നടന്നത്. രാക്ഷസന്മാരാണ് അവർ. വേട്ടക്കാരാണ് അവർ. ഹേമ കമ്മിറ്റി നമുക്കൊരു പടച്ചട്ട പോലെയാണ്. നമുക്ക് ശക്തി നൽകിയിരിക്കുകയാണ്. ഇതാണ് സ്ത്രീശാക്തീകരണം. സർക്കാരിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല", എന്നാണ് ഗീതാ വിജയന്‍ പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!