'കുറച്ച് ആളുകള്‍ക്ക് വര്‍ക്ക് ആയില്ലെന്ന് പറയുമ്പോള്‍'; 'വാഴ' ട്രോളില്‍ പ്രതികരണവുമായി അമിത് മോഹന്‍ രാജേശ്വരി

By Web TeamFirst Published Oct 3, 2024, 8:04 AM IST
Highlights

"അഭിപ്രായങ്ങള്‍ പറയാം, നൂറ് ശതമാനം. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എങ്ങനെയാണെങ്കിലും പറയാം. പക്ഷേ"

തിയറ്ററുകളില്‍ മികച്ച പ്രദര്‍ശനവിജയം നേടുന്ന ചില ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടാവാറുണ്ട്. അതിന്‍റെ അവസാനത്തെ ഉദാഹരണമായിരുന്നു വാഴ എന്ന ചിത്രം. ഇത്ര വിജയമായത് എന്തുകൊണ്ടെന്ന കമന്‍റുകള്‍ക്കൊപ്പം ചിത്രത്തിലെ ഒരു രം​ഗത്തിലെ പ്രകടനത്തിന്‍റെ പേരില്‍ ഒരു യുവനടനെതിരെ വലിയ പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ വിഷ്ണു രാധാകൃഷ്ണനെ അവതരിപ്പിച്ച അമിത് മോഹന്‍ രാജേശ്വരിയാണ് വലിയ ട്രോള്‍ നേരിടേണ്ടിവന്നത്. കോട്ടയം നസീര്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തോട് കലഹിച്ച് വിഷ്ണു വൈകാരികമായി പ്രതികരിക്കുന്ന ഒരു രം​ഗമാണ് നടന്‍റെ പ്രകടനം പോരെന്ന രീതിയില്‍ വിമര്‍ശനവിധേയമായത്. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമിത്. വിമര്‍ശനങ്ങള്‍ തന്‍റെ ആത്മവിശ്വാസത്തെ കെടുത്തിക്കളഞ്ഞിട്ടില്ലെന്ന് പറയുന്നു അമിത്. വിമര്‍ശനം നല്ലതായിരിക്കുമ്പോള്‍ത്തന്നെ പ്രതികരണങ്ങളിലെ ചില ന്യൂനതകളെക്കുറിച്ച് അമിത് പറയുന്നു. യെസ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് മോഹന്‍ രാജേശ്വരിയുടെ പ്രതികരണം.

വിമര്‍ശനങ്ങള്‍ ആത്മവിശ്വാസത്തെ കെടുത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ- "ആത്മവിശ്വാസത്തെ കെടുത്തിക്കളഞ്ഞിട്ടില്ല. വിമര്‍ശനങ്ങളെ ആരോ​ഗ്യകരമായി എടുത്താല്‍ മതി. നല്ലത് പറഞ്ഞാല്‍ സന്തോഷം വരില്ലേ, അതുപോലെ കുറച്ച് ആളുകള്‍ക്ക് വര്‍ക്ക് ആയില്ല എന്ന് പറയുമ്പോള്‍ അതും സ്വീകരിക്കുക. അടുത്ത വര്‍ക്ക് വരുമ്പോഴേക്ക് അവരെയും കൂടി ഹാപ്പി ആക്കാന്‍ നോക്കുക എന്നാണ് ഞാന്‍ ചിന്തിക്കുന്നത്", അമിതിന്‍റെ മറുപടി. വിമര്‍ശനങ്ങളിലെ പ്രശ്നത്തെക്കുറിച്ചും യുവനടന്‍ ഇങ്ങനെ പ്രതികരിക്കുന്നു- "അഭിപ്രായങ്ങള്‍ പറയാം, നൂറ് ശതമാനം. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും എങ്ങനെയാണെങ്കിലും പറയാം. പക്ഷേ അബ്യൂസ് ചെയ്യുന്നതുപോലെയൊക്കെ സംസാരിക്കുമ്പോള്‍ നമുക്ക് തോന്നും, ഇത് എന്താണ് ഇങ്ങനെ എന്ന്". 

Latest Videos

"നിങ്ങള്‍ക്ക് പറയാനുണ്ടെങ്കില്‍ നിങ്ങള്‍ കാര്യം പറയൂ. സ്വീകരിക്കാന്‍ നമ്മളും തയ്യാറാണ്. മനസിലാക്കാനും ഉള്‍ക്കൊള്ളാനും അടുത്ത പരിപാടി വരുമ്പോള്‍ അതിനനുസരിച്ച് മുന്നോട്ട് പോവാനും നമ്മളും ആ​ഗ്രഹിക്കുന്നുണ്ട്. ചര്‍ച്ചകള്‍ അത്തരത്തിലേക്ക് കൊണ്ടുവന്നാല്‍ കുറച്ചുകൂടി നല്ലതായിരിക്കും. സെന്‍സറിം​ഗ് നല്ലതായിരിക്കും. പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയൂ. അല്ലാതെ നീ എന്താടാ, എന്തുകൊണ്ട് ഇതില്ല എന്നൊക്കെ പറയുന്നത് കറക്റ്റ് വഴിയാണെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. ചിലപ്പോള്‍ കുറച്ച് ലൈക്ക് കിട്ടുമായിരിക്കും. ഞാന്‍ ഭയങ്കരമായിട്ട് അഭിനയിച്ച് മല മറിക്കുന്ന ആളൊന്നുമല്ല. തുടക്കക്കാരനാണ്. നമ്മുടെ ഭാ​ഗത്ത് പ്രശ്നമുണ്ടെന്ന് പുറത്തുനിന്നുള്ള ഒരാള്‍ പറഞ്ഞുതരുന്നതിന് മുന്‍പ് നമുക്കേ അറിയാം. ഇനിയും മെച്ചപ്പെടാനുണ്ട്, പഠിക്കാനുണ്ട്, കാര്യങ്ങള്‍ മനസിലാക്കാനുണ്ട് എന്നൊക്കെ. നമ്മള്‍ തന്നെ അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്", അമിത് മോഹന്‍ രാജേശ്വരി പറയുന്നു. സൈജു കുറുപ്പ് നായകനാവുന്ന വെബ് സിരീസ് ജയ് മഹേന്ദ്രനിലാണ് അമിതിന്‍റെ അടുത്ത വേഷം. 

ALSO READ : പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം; 'എ ഫിലിം ബൈ' യുട്യൂബില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!