സിനിമയിലെ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിനിമ മേഖല ഒരു തൊഴിലിടമാണ് അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ് അല്ലാതെ ഒരു സംഘടനയുടെ ഉത്തരവാദിത്തമല്ലെന്ന് ആഷിഖ് അബു പറഞ്ഞു.
തിരുവനന്തപുരം: സര്‍ക്കാരിനും സിനിമാ സംഘടനകള്‍ക്കുമെതിരെ തുറന്നടിച്ച് സംവിധായകനും പ്രൊഡ്യൂസറുമായ ആഷിഖ് അബു. പരാതി കിട്ടിയാൽ കേസെടുക്കാമെന്ന് വാചകം ഇടതുപക്ഷ സര്‍ക്കാരിന്‍റേതല്ല. ഫാസിസ്റ്റ് സര്‍ക്കാരിന്‍റേതാണ്. നടപടിയെടുക്കേണ്ടത് സംഘടനകളല്ല, സര്‍ക്കാരാണ്. സാമൂഹിക ഉത്തരവാദിത്തമില്ലാത്ത, ക്ലബ് പോലെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. സര്‍ക്കാര്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്ന ഫെഫ്ക നിലപാടിനോടും യോജിപ്പില്ല. സിനിമയിൽ പവര്‍ ഗ്രൂപ്പുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളെക്കാളും പവര്‍ഫുള്ളായ ഗ്രൂപ്പ് സിനിമയിലും സംഘടനകളിലും ഉണ്ടെന്ന് തെളിയിക്കാന്‍ ഇനി എന്താണ് തെളിവ് വേണ്ടതെന്നും ആഷിഖ് അബു ചോദിച്ചു. 'അമ്മ' സംഘടന ഒരു ക്ലബ് പോലെ, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റാനുള്ള ശേഷിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിരഭിപ്രായങ്ങള്‍ പറയാത്ത പ്രിയപ്പെട്ട അംഗങ്ങളെ മാത്രം ചേര്‍ത്ത് പിടിക്കുന്ന ഒന്ന് മാത്രമാണ് 'അമ്മ' സംഘടന. ജനാധിപത്യ മൂലത്തില്‍ അധിഷ്ഠിതമായ ഒരു സംഘടനയല്ല 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സംവിധായകരുടെ സംഘടനയായ ഫെഫ്കയുടെ ഭാരവാഹികളോട് സംസാരിച്ചപ്പോള്‍ സര്‍ക്കാര്‍ എന്ത് പറയുന്നോ അത് അനുസരിക്കും എന്നാണ് മറുപടി കിട്ടിയതെന്നും ആഷിഖ് അബു പറഞ്ഞു. നടിയെ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച ഒരു കമ്മിറ്റി സിനിമയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ചിട്ടും പരാതി ഉണ്ടെങ്കില്‍ നടപടി എടുക്കാമെന്ന നിലപാട് ഇടതുപക്ഷ സര്‍ക്കാരിന്‍റെ വാചകമായിട്ട് എടുക്കാനാവില്ലെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ പ്രശ്നങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ പ്രശ്നങ്ങളോട് സര്‍ക്കാര്‍ ഇടപെടുന്നില്ല. സിനിമ മേഖല ഒരു തൊഴിലിടമാണ് അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ് അല്ലാതെ ഒരു സംഘടനയുടെ ഉത്തരവാദിത്തമല്ലെന്ന് ആഷിഖ് അബു പറഞ്ഞു. മൂലധന ശക്തികളുടെ ഭാഗത്ത് നിന്നുള്ള പ്രശ്നങ്ങളെ അതിജീവിക്കാന്‍ വേണ്ടിയാണ് സ്വയം പ്രോഡ്യൂസര്‍ ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.