ടൊവീനോ നായകനായ നാരദനാണ് ആഷിഖിന്‍റെ പുതിയ റിലീസ്
മോഹന്‍ലാലിന്‍റെ (Mohanlal) ഭാവി പ്രോജക്റ്റുകളെക്കുറിച്ചുള്ള ആരാധക ചര്‍ച്ചകളില്‍ ഏറെക്കാലമായി ഇടംപിടിക്കുന്ന ഒന്നാണ് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അതിനൊപ്പം സിനിമാഗ്രൂപ്പുകളിലും മറ്റും ചര്‍ച്ചയായ മറ്റൊരു പ്രോജക്റ്റ് ആണ് ആഷിഖ് അബുവിന്‍റെ (Aashiq Abu) മോഹന്‍ലാല്‍ ചിത്രം. തന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ, നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ബറോസിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കാനിരിക്കുന്ന ചിത്രം ആഷിഖ് അബു സംവിധാനം ചെയ്യുന്നതാണെന്നും ഇതിന് അദ്ദേഹം ഡേറ്റ് നല്‍കിക്കഴിഞ്ഞെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനെ നിഷേധിച്ച് ആന്‍റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്‍റെ ഭാവി പ്രോജക്റ്റുകളെക്കുറിച്ചുള്ള ചോദ്യത്തില്‍ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ചും മറുപടി നല്‍കുകയാണ് ആഷിഖ് അബു. മാതൃഭൂമി വാരാന്തപ്പതിപ്പിനു നല്‍കിയ അഭിമുഖത്തിലാണ് ആഷിഖിന്‍റെ മറുപടി.
മോഹന്‍ലാലുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാന്‍ ആണെന്ന് ആഷിഖ് പറയുന്നു- ലാലേട്ടനുമൊത്തുള്ള സിനിമ ഏറെക്കാലമായുള്ള പ്ലാനാണ്. അതിന്‍റെ ആലോചനകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം ഒത്തുവരുന്ന സമയം ആ സിനിമ സംഭവിക്കുമെന്നാണ് എന്‍റെ വിശ്വാസം, ആഷിഖ് അബു പറയുന്നു. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ മമ്മൂട്ടി (Mammootty) നായകനാവുന്ന ഒരു ചിത്രവും ആഷിഖിന്‍റെ ആലോചനയിലുണ്ട്. അതിനായും കുറച്ച് കാത്തിരിക്കേണ്ടിവരുമെന്ന് ആഷിഖ് പറയുന്നു. ശ്യാം പുഷ്കരന്‍റെ തന്നെ തിരക്കഥയില്‍ ഷാരൂഖ് ഖാന്‍ (Shahrukh Khan) നായകനാവുന്ന ബോളിവുഡ് ചിത്രവും ആഷിഖിന്‍റെ ആലോചനയിലുണ്ട്. ഷാരൂഖ് ഖാനുമായിട്ട് ഒരു മീറ്റിംഗ് ആണ് ഞാനും ശ്യാം പുഷ്കരനും കൂടി നടത്തിയത്. അന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ഒരു ഐഡിയ സംസാരിച്ചു. അത് തിരക്കഥയായി വളര്‍ത്തിയെടുക്കണമെങ്കില്‍ കുറച്ചധികം സമയം ആവശ്യമാണ്. അതിനിടയില്‍ കൊവിഡ് വന്നപ്പോള്‍ ഷാരൂഖിന്‍റെയും ശ്യാമിന്‍റെയും എല്ലാ പ്രോജക്റ്റുകളും ഷെഡ്യൂളുകളും മാറിപ്പോയി. അതുകൊണ്ട് ആ സിനിമയ്ക്കുവേണ്ടി കുറേ സമയം ഇനിയും ആവശ്യമായി വരും, ആഷിഖ് അബു പറയുന്നു.
undefined
ആഷിക് അബുവും ശ്യാം പുഷ്‌കരനും ബോളിവുഡിലേക്ക്; നായകന്‍ കിംഗ് ഖാന്‍!
ഉണ്ണി ആറിന്‍റെ തിരക്കഥയില്‍ ടൊവീനോ തോമസ് നായകനാവുന്ന നാരദന്‍ ആണ് ആഷിഖിന്‍റെ സംവിധാനത്തില്‍ അടുത്തതായി തിയറ്ററുകളിലെത്തുന്ന ചിത്രം. 'വൈറസി'നു ശേഷം ആഷിക് അബുവിന്‍റെ സംവിധാനത്തിലെത്തുന്ന ഫീച്ചര്‍ ചിത്രമാണ് നാരദന്‍. ആണും പെണ്ണും എന്ന ആന്തോളജിയിലെ ഒരു ചെറു ചിത്രമാണ് ഇതിനിടെ ആഷിക്കിന്‍റേതായി പ്രദര്‍ശനത്തിനെത്തിയത്. പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത 'മിന്നല്‍ മുരളി'ക്കു ശേഷം ടൊവീനോയുടേതായി പുറത്തെത്തുന്ന ചിത്രവുമാണ് നാരദന്‍. 'മായാനദി'ക്കു ശേഷം ആഷിക്കും ടൊവീനോയും ഒന്നിക്കുന്ന ചിത്രവുമാണിത്. ഒരു ടെലിവിഷന്‍ വാര്‍ത്താ ചാനലിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായി എത്തുന്നുണ്ട്. അന്ന ബെന്‍ ആണ് നായിക. മാര്‍ച്ച് 3നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പ്രശസ്ത ചെറുകഥയായ നീലവെളിച്ചത്തിന്‍റെ സിനിമാരൂപമാണ് ആഷിഖ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. കഥയുടെ പേര് തന്നെയാണ് സിനിമയ്ക്കും.