സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിൽ വ്യക്തമാക്കി
തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണമെന്ന നിര്‍ദേശം അപ്രായോഗികവും അസാധ്യവുമാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടികാണിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് വിശദമായ കത്ത് നല്‍കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് കത്ത് നല്‍കിയതെന്ന അസോസിയേഷൻ അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഒരു സിനിമ സംഘടന സർക്കാരിനോട് പ്രതികരിക്കുന്നത്.
ഓരോ സിനിമയിലും വിപണിമൂല്യവും സര്‍ഗാത്മക മികവും കണക്കാക്കിയാണ് അഭിനേതാക്കള്‍ക്ക് പ്രതിഫലം നിശ്ചയിക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യവേതനമെന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശ ബാലിശമാണ്. വേതനം തീരുമാനിക്കുന്നത് നിര്‍മാതാവിന്‍റഫെ വിവേചനാധികാരമാണ്. പുരുഷുന്മാരേക്കാള്‍ പ്രതിഫലം വാങ്ങുന്ന സ്ത്രീകള്‍ സിനിമയില്‍ ഉണ്ടെന്നും കത്തിലുണ്ട്.
കഥയിലും കഥാപാത്രത്തിലും സ്ത്രീകൾക്ക് സംവരണം വേണമെന്ന ശുപാർശ പരിഹാസ്യമാണെന്നും ഇത്തരം നിര്‍ദേശങ്ങളിൽ വ്യക്തത വേണം എന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തില്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയിൽ സിനിമയിൽ സജീവ സാന്നിധ്യം ഉള്ളവരെ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്നും കത്തിൽ അസോസിയേഷൻ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഹേമ കമ്മിറ്റി നടത്തിയത് കേവല വിവരശേഖരണമാണെന്നും സിനിമ സെറ്റുകളിൽ സ്ത്രീകൾക്ക് സുരക്ഷയും സൗകര്യവും ഒരുക്കുന്നുണ്ടെന്നും അസോസിയേഷൻ കത്തിൽ വ്യക്തമാക്കി.
അനിയൻ യുവാവിനെ മർദ്ദിച്ചുകൊന്നു, കുറ്റമേറ്റ് അമ്മ, പൊലീസ് ചോദ്യം ചെയ്യലിൽ പതറി, അറസ്റ്റ്