ബിഗ് ബോസ് സൂക്ഷ്മമായി കാണുന്ന, റിവ്യൂ ചെയ്യുന്ന, നന്നായി സംസാരിക്കുന്ന, പലപ്പോഴും മുഖം നോക്കാതെ പ്രതികരിച്ചിട്ടുള്ള സായ് ഹൗസില്‍ ചില കളികളൊക്കെ നടത്തുമെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കപ്പെട്ടിരുന്നു
ബിഗ് ബോസ് എന്നത് പുറത്തുനിന്ന് കാണുന്നതുപോലെ അല്ലെന്ന് മത്സരാര്‍ഥികളായി എവിടെ എത്തിയിട്ടുള്ള മിക്കവരും ആവര്‍ത്തിച്ച് പറയുന്ന കാര്യമാണ്. എത്ര പ്രീ പ്ലാനിംഗോടെ എത്തിയാലും അതിനെ മറികടക്കുന്ന ഒരു മറുപ്ലാനുമായി കാത്തിരിക്കുന്ന ബിഗ് ബോസ് തന്നെയാണ് അതിന് ഒരു കാരണം. സാധാരണ ജീവിതത്തില്‍ നിന്നുമെത്തി, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, ഉറ്റവരുടെ സാമിപ്യമില്ലാതെ, കമ്യൂണിക്കേഷന്‍ സാധ്യതകളില്ലാതെ അടച്ചിടപ്പെട്ട ഒരു വലിയ വീട്ടില്‍ അപരിചിതര്‍ക്കൊപ്പം ആഴ്ചകള്‍ പിന്നിടുമ്പോള്‍ പോക്കറ്റിലിട്ടുകൊണ്ടുവന്ന പ്ലാനിംഗ് ഒക്കെ പൊളിയുമെന്ന് ഉറപ്പാണ്. എന്നാല്‍ തന്‍റേതായ സീക്രട്ട് പ്ലാനിംഗുകള്‍ വിജയിപ്പിച്ച അപൂര്‍വ്വം മത്സരാര്‍ഥികളും മുന്‍ സീസണുകളില്‍ ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് എന്നത് ഒരാളുടെ വ്യക്തിത്വം (ഒരുപക്ഷേ അയാള്‍ക്കുപോലും വേണ്ടത്ര അറിയാത്ത) റിവീല്‍ ചെയ്യുന്ന ഷോ ആണെന്നും പറയാറുണ്ട്. ആഴ്ചകള്‍ മുന്നോട്ട് പോകവെ ഓരോ മത്സരാര്‍ഥികള്‍ക്കും സംഭവിക്കുന്ന വ്യത്യാസമാണ് ഈ ഷോയുടെ യുഎസ്‍പി തന്നെ. പ്രതിച്ഛായയില്‍ സംഭവിച്ച മാറ്റം കൊണ്ട് ഈ സീസണില്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഒരാള്‍ സായ് കൃഷ്ണയാണ്.
സീക്രട്ട് ഏജന്‍റ് അഥവാ സായ് കൃഷ്ണന്‍
ഷോ ഒരു മാസം പിന്നിട്ടപ്പോള്‍ ബിഗ് ബോസ് ഒരുമിച്ച് ഹൗസിലേക്ക് കടത്തിവിട്ട ആറ് വൈല്‍ഡ് കാര്‍ഡുകളില്‍ ഒരാളായിരുന്നു സായ് കൃഷ്ണ. സീക്രട്ട് ഏജന്‍റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ സായ് കൃഷ്ണന്‍ ആയിരുന്നു അക്കൂട്ടത്തില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും സുപരിചിതനായ ഒരാള്‍. 26-ാം എപ്പിസോഡ് വരെ സ്വന്തം ചാനലിലൂടെ റിവ്യൂ ചെയ്ത സായ് കൃഷ്ണനെയാണ് ബിഗ് ബോസ് വൈല്‍ഡ് കാര്‍ഡ് ആയി കൊണ്ടുവന്നത്. ബിഗ് ബോസ് സൂക്ഷ്മമായി കാണുന്ന, റിവ്യൂ ചെയ്യുന്ന, നന്നായി സംസാരിക്കുന്ന, പലപ്പോഴും മുഖം നോക്കാതെ പ്രതികരിച്ചിട്ടുള്ള സായ് ഹൗസില്‍ ചില കളികളൊക്കെ നടത്തുമെന്ന് സ്വാഭാവികമായും പ്രതീക്ഷ ഉയര്‍ന്നു. എന്തെങ്കിലുമൊക്കെ പ്ലാനിംഗ് അയാളുടെ പോക്കറ്റില്‍ ഉണ്ടാവുമെന്ന് പ്രേക്ഷകര്‍ സ്വാഭാവികമായും പ്രതീക്ഷിച്ചു. എന്നാല്‍ നടന്നത് അതായിരുന്നില്ല.
undefined
പ്ലാനിംഗോ അതോ കണ്‍ഫ്യൂഷനോ?
എപ്പിസോഡില്‍ കണ്ട കാര്യങ്ങള്‍ പലരോടും (വിശേഷിച്ച് ജാസ്മിനോട്) വിശദീകരിക്കുന്ന സായിയെയാണ് ഹൗസിലെ ആദ്യ ദിനങ്ങളില്‍ കണ്ടത്. ഇത് ബിഗ് ബോസ് തന്നെ ആവര്‍ത്തിച്ച് വിലക്കുന്ന നിലയിലേക്കും എത്തി. എന്നാല്‍ വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്‍റെ പ്ലാനിംഗ് ആണെന്നായിരുന്നു സായിയുടെ മറുപടി. എന്നാല്‍ അത് പ്ലാനിംഗ് ആയിരുന്നെങ്കില്‍ അതിന് തുടര്‍ച്ചകളൊന്നും സായിയുടെ ഭാഗത്തുനിന്ന് പ്രേക്ഷകര്‍ കണ്ടില്ല, അത്തരം പ്രതീക്ഷകള്‍ അവര്‍ക്ക് ഉണ്ടായിരുന്നുതാനും. എന്നാല്‍ മത്സരാര്‍ഥികളില്‍ ചില പ്രത്യേകതകളൊക്കെ വന്ന സമയം മുതല്‍ സായ് കാണിച്ചിട്ടുണ്ട്. അതില്‍ പ്രധാനം പൊതുവെയുടെ ശാന്തശീലമാണ്. ഹൗസില്‍ തര്‍ക്കങ്ങളും പൊട്ടിത്തെറികളുമൊക്കെയുണ്ടാവുമ്പോള്‍ ശബ്ദമുയര്‍ത്തി നിന്നില്ലെങ്കില്‍ ക്യാമറ സ്പേസ് മറ്റുള്ളവര്‍ കൊണ്ടുപോകുമെന്ന് ഭയപ്പെടുന്നവരാണ് അവിടെ പലരും. അതിനാല്‍ത്തന്നെ രണ്ട് പേര്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കം മറ്റ് പലരും ഏറ്റുപിടിക്കുന്നത് ബിഗ് ബോസ് ഹൗസില്‍ സാധാരണമാണ്. എന്നാല്‍ അത്തരം സംഘര്‍ഷമുഖങ്ങളില്‍പ്പോലും ക്യാമറ സ്പേസ് പോവുമോയെന്ന അരക്ഷിതത്വമൊന്നുമില്ലാതെയാണ് സായ് നില്‍ക്കാറ്. അതേസമയം വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാറുണ്ടുതാനും.
ഗെയിമര്‍ Vs വ്യക്തി
ഗെയിം പ്ലാനുകള്‍ വല്ലതും കൈയില്‍ ഉണ്ടെങ്കില്‍ അവ പരീക്ഷിച്ച് നോക്കാനുള്ള അവസരങ്ങള്‍ സായിക്ക് ലഭിച്ചിരുന്നു, പവര്‍ ടീം അടക്കം. സായ് അംഗമായിരുന്ന സമയത്ത് പവര്‍ ടീമിന്‍റെ തീരുമാനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ആ തീരുമാനങ്ങളൊക്കെ ലക്ഷ്യസ്ഥാനത്ത് കൊള്ളാത്ത അമ്പുകളായി എന്ന് മാത്രമല്ല, പവര്‍ ടീമിന് പവര്‍ ഇല്ലെന്ന് മോഹന്‍ലാല്‍ പോലും പറയുന്ന അവസ്ഥയുമായിരുന്നു. തുറന്നുകിട്ടുന്ന ചെറിയ സാധ്യതകള്‍ പോലും അവസരങ്ങളാക്കിമാറ്റുന്ന ഒരു ബിഗ് ബോസ് മെറ്റീരിയലിനെയല്ല പ്രേക്ഷകര്‍ അവിടുന്നിങ്ങോട്ട് സായിയില്‍ കണ്ടത്. മറിച്ച് ഒരു വ്യക്തി എന്ന നിലയില്‍ ബിഗ് ബോസില്‍ അവനവനായിത്തന്നെ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ സത്യസന്ധനായി നില്‍ക്കാന്‍ താല്‍പര്യമുള്ള ഒരു മത്സരാര്‍ഥിയെയാണ്. ബിഗ് ബോസ് ഇതിനകം തന്നെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ടെന്ന് സായ് പലതവണ വിശദീകരിച്ചിട്ടുണ്ട്. വ്യക്തി എന്ന നിലയില്‍ സ്വയം ശുദ്ധീകരണത്തിന് സഹായിച്ച പ്ലാറ്റ്ഫോം ആണ് തനിക്ക് ബിഗ് ബോസ് എന്നാണ് സായിയുടെ വാക്ക്.
ഇമോഷണല്‍ സത്യസന്ധത
പ്രിയപ്പെട്ട ഒരാളുടെ വീഡിയോ സന്ദേശം കാണുമ്പോഴോ അത്തരത്തില്‍ ഒരാളുടെ ശബ്ദം കേള്‍ക്കുമ്പോഴോ അതിവൈകാരികതയോടെയാവും പലപ്പോഴും ബിഗ് ബോസ് മത്സരാര്‍ഥികള്‍ പ്രതികരിക്കുക. പുറത്തുനിന്ന് നോക്കുന്നവര്‍ ഇതിനെ നാടകീയമെന്നൊക്കെ പലപ്പോഴും വിലയിരുത്താറുണ്ടെങ്കിലും ബിഗ് ബോസ് സാഹചര്യം പുറത്തുനിന്ന് മനസിലാക്കാനാവില്ലെന്ന് മുന്‍കാല മത്സരാര്‍ഥികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഏറെ ഡിറ്റാച്ച്ഡ് ആയി പെരുമാറുന്ന സായിയെയാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. ചില ചൈല്‍ഡ്ഹുഡ് ട്രോമകള്‍ തനിക്കുണ്ടെന്നും കടന്നുവന്ന വഴികളുമൊക്കെ ചുരുങ്ങിയ വാക്കുകളില്‍ സായ് വിശദീകരിക്കുമ്പോഴും അതിവൈകാരികത ഒഴിഞ്ഞുനിന്നു. ഗെയിമര്‍ എന്ന നിലയില്‍ വലിയ മികവൊന്നും കാട്ടുന്നില്ലെങ്കിലും ഇയാള്‍ വൈകാരികമായ സത്യസന്ധതയുള്ള ആളാണെന്ന് ഒരു പൊതുവിലയിരുത്തല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ഉണ്ട്. ഫാമിലി വീക്കില്‍ ഭാര്യ ഹൗസില്‍ എത്തിയപ്പോഴും വീഡിയോ കോളിലൂടെ അച്ഛന്‍ എത്തിയപ്പോഴുമുള്ള സായിയുടെ പ്രതികരണങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. അതില്‍ മലയാളം ബിഗ് ബോസിന്‍റെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു മത്സരാര്‍ഥിയായ മകനും അയാളുടെ അച്ഛനും തമ്മില്‍ തങ്ങളുടെ ബന്ധത്തിലെ കമ്യൂണിക്കേഷന്‍ ഗ്യാപ്പിനെക്കുറിച്ച് നടത്തിയ വിനിമയം.
ഇനിയുള്ള ആഴ്ചകള്‍
മത്സരങ്ങള്‍ കഠിനമാകുന്ന ആഴ്ചകളാണ് സീസണ്‍ 6 ല്‍ ഇനിയങ്ങോട്ട്. പതിനൊന്നാം വാരം തുടങ്ങുകയാണ് ഞായറാഴ്ച. വ്യക്തിഗത മത്സരത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ ബിഗ് ബോസ് തന്നെ മത്സരാര്‍ഥികളെ നിരന്തരം പ്രേരിപ്പിക്കുന്ന സമയം. ഫൈനല്‍ 5 ലക്ഷ്യമാക്കി മത്സരാര്‍ഥികളൊക്കെയും കച്ച മുറുക്കേണ്ട സമയത്ത് പക്ഷേ സായിയില്‍ അത്തരൊരു മത്സരാവേശം കാണുന്നില്ല. ഫാമിലി വീക്കില്‍ എത്തിയ ഭാര്യയോട് സായ് പറഞ്ഞത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ബിഗ് ബോസില്‍ നിന്ന് കിട്ടാനുള്ളത് തനിക്ക് ഇതിനകം തന്നെ കിട്ടി എന്നാണ്. വ്യക്തിപരമായ സ്വയം തിരിച്ചറിവുകളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ താനൊരു വിജയി ആണെന്നും. മുന്‍ സീസണുകള്‍ എടുത്താല്‍ ഫിനാലെ വീക്ക് അടുക്കുന്ന സമയത്ത് കടുത്ത ഫിസിക്കല്‍ ടാസ്കുകളിലേക്ക് കടക്കാറുണ്ട് ബിഗ് ബോസ്. നടുവേദനയുടെ പ്രശ്നങ്ങള്‍ നേരിടുന്ന സായിക്ക് അത്തരം ടാസ്കുകളും ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. അതേസമയം പ്രേക്ഷകരുടെ വോട്ടിലൂടെ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന ബിഗ് ബോസില്‍ അവരുടെ പ്രീതി നേടാനാവുകയെന്നത് ചില്ലറ കാര്യമല്ല. ഒരു ഗെയിമര്‍ എന്ന നിലയില്‍ കൂടുതല്‍ ഗൗരവത്തോടെ ഷോയെ സമീപിക്കാന്‍ തീരുമാനിച്ചാല്‍ സായിയെ കാത്തിരിക്കുന്നത് കാമ്പുള്ള വിജയമാണ്.
ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം
ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?
പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍
നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്
ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍
ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?
എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?
ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?
9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?
ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?
റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?
കളിക്കാന്‍ മറന്ന കോമണര്‍, ബിഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍
പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബിഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?
കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ
എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'