25 മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പല സമയത്തായി എത്തിയത്. അതില്‍ നിന്നും പ്രേക്ഷകരുടെ പ്രിയം ഏറ്റവും നേടിയ മത്സരാര്‍ഥിയാണ് ജിന്‍റോ. എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു മേല്‍ക്കൈ അദ്ദേഹത്തിന് ലഭിച്ചത്?
ബിഗ് ബോസ് ടൈറ്റില്‍... ഏത് ഭാഷകളിലെ ഏത് സീസണിലും മത്സരാര്‍ഥികള്‍ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥാനം. പക്ഷേ അതിലേക്ക് എത്തല്‍ ഒരു മത്സരാര്‍ഥിയെ സംബന്ധിച്ച് ഒട്ടും എളുപ്പമല്ല. ഒരാഴ്ച അതിജീവിക്കല്‍ പോലും ദുഷ്കരമായ ബിഗ് ബോസ് ഹൗസില്‍ 14 ആഴ്ചകള്‍ നിന്ന് ടോപ്പ് 5 ല്‍ എത്തി അതില്‍ നിന്നും വോട്ടിംഗില്‍ ഒന്നാമതെത്തുന്ന ആള്‍ക്കാണ് ബിഗ് ബോസ് ടൈറ്റില്‍ ലഭിക്കുക. 25 മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പല സമയത്തായി എത്തിയത്. അതില്‍ നിന്നും പ്രേക്ഷകരുടെ പ്രിയം ഏറ്റവും നേടിയ മത്സരാര്‍ഥിയാണ് ജിന്‍റോ. എന്തുകൊണ്ടാണ് അത്തരത്തില്‍ ഒരു മേല്‍ക്കൈ അദ്ദേഹത്തിന് ലഭിച്ചത്?
ജിന്‍റോയുടെ യുഎസ്‍പി
സഹമത്സരാര്‍ഥികളുമായുണ്ടാവുന്ന തര്‍ക്കങ്ങളില്‍ കൃത്യമായ പോയിന്‍റുകള്‍ പറഞ്ഞ് എതിരാളികളുടെ വായടപ്പിക്കാന്‍ സാധിച്ച മത്സരാര്‍ഥിയല്ല ജിന്‍റോ. സഹമത്സരാര്‍ഥികളുമായി മിക്കപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാക്കുമായിരുന്നെങ്കിലും പറഞ്ഞ് ജയിക്കാന്‍ സാധിക്കാത്ത ജിന്‍റോയെ പ്രേക്ഷകര്‍ പലപ്പോഴും കണ്ടു. എന്നാല്‍ മുന്നോട്ടുപോകാന്‍ അതൊന്നും ജിന്‍റോയെ തടഞ്ഞില്ല എന്നതാണ് പ്രധാനം. തന്‍റെ കുറവുകള്‍ ഏറ്റവും നന്നായി മനസിലാക്കിയത് ജിന്‍റോ തന്നെ ആയിരുന്നു. ടൈറ്റില്‍ എന്നത് അയാളുടെ അടങ്ങാത്ത മോഹമായിരുന്നു. കഠിനമായി അധ്വാനിച്ചാല്‍ അത് ലഭിക്കുമെന്ന് അയാള്‍ ഉറച്ച് വിശ്വസിച്ചു. ഇതൊക്കെക്കൊണ്ട് ജിന്‍റോയുടെ തെറ്റുകുറ്റങ്ങള്‍ ഹൗസിലെ എതിരാളികള്‍ പലപ്പോഴും ചൂണ്ടിക്കാണിച്ചപ്പോഴും പലപ്പോഴും മണ്ടനെന്ന് വിളിച്ച് പരിഗസിച്ചപ്പോഴും തങ്ങളില്‍പ്പെട്ട ഒരു സാധാരണക്കാരനായി ജിന്‍റോയെ പ്രേക്ഷകര്‍ ഒപ്പം ചേര്‍ത്തുനിര്‍ത്തി. അയാള്‍ക്കായി വോട്ട് ചെയ്തു.
എതിരാളികള്‍
മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് കാര്യമായ ഭീഷണി നേരിട്ടില്ല എന്നത് ജിന്‍റോയ്ക്ക് ഗുണകരമായി ഭവിച്ച ഘടകമാണ്. വലിയ അധികാരം പ്രയോഗിക്കുന്ന മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ ജിന്‍റോ നിഷ്പ്രഭനായിപ്പോവാറുണ്ടായിരുന്നു. റോക്കി പുറത്താക്കപ്പെട്ടതിന് ശേഷമാണ് ജിന്‍റോ ജനപ്രീതിയിലേക്ക് ഉയരുന്നത്. പിന്നീട് വൈല്‍ഡ് കാര്‍ഡ് ആയി എത്തിയ സിബിന്‍ അധികാരം ഷാര്‍പ്പ് ആയി ഉപയോഗിച്ച ആളായിരുന്നു. സിബിന്‍ പവര്‍ റൂമില്‍ എത്തിയ സമയത്ത് ജിന്‍റോ ആയിരുന്നു ക്യാപ്റ്റന്‍. പവര്‍ റൂമിന്‍റെ അധികാരത്തിന് വശംവദനായി നില്‍ക്കുന്ന ക്യാപ്റ്റന്‍ ആയിരുന്നു ജിന്‍റോ. ഇതിന്‍റെ പേരില്‍ സഹമത്സരാര്‍ഥികളില്‍ നിന്ന് ജിന്‍റോ വിമര്‍ശനവും കേട്ടിരുന്നു. ജിന്‍റോയെ സിബിന്‍ ബുദ്ധിപരമായി ഉപയോഗിക്കുകയാണെന്ന വിമര്‍ശനവും വന്നിരുന്നു. സിബിന്‍റെ മടക്കവും ആ തരത്തില്‍ ജിന്‍റോയ്ക്ക് ഗുണകരമായി.
ടോപ്പ് 1
അഭിഷേക്, ജാസ്മിന്‍, ഋഷി, അര്‍ജുന്‍ എന്നിവരാണ് ജിന്‍റോയ്ക്കൊപ്പം ടോപ്പ് 5 ല്‍ ഉണ്ടായിരുന്നത്. ഇതില്‍ ജനങ്ങളുമായി ഉണ്ടാക്കിയ കണക്ഷന്‍റെ കാര്യത്തില്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ജിന്‍റോ. ഇതില്‍ ജിന്‍റോയുടെ ഏറ്റവും വലിയ എതിരാളിയായി കരുതപ്പെട്ടിരുന്നത് ജാസ്മിന്‍ ആയിരുന്നു. എന്നാല്‍ ഗബ്രിയുടെ റീ എന്‍ട്രി ജാസ്മിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകളില്‍ കുറവ് വരുത്തിയിട്ടുണ്ടാവണം. ജാസ്മിന്‍ മൂന്നാം സ്ഥാനത്തേക്ക് പോയതോടെ ജിന്‍റോയുടെ ഡയറക്റ്റ് കോമ്പറ്റീഷന്‍ അര്‍ജുന്‍ ആയിരുന്നു. എന്നാല്‍ തികച്ചും വേറിട്ട വോട്ട് ബാങ്കുകളായിരുന്നു ഇവര്‍ ഇരുവരുടേതും. അര്‍ജുന്‍ കൂടുതലും പുതിയ തലമുറ, പ്രത്യേകിച്ചും ഇന്‍സ്റ്റഗ്രാമില്‍ സജീവമായ കാണികളുടെ പ്രിയങ്കരനായിരുന്നു. ജിന്‍റോ ആവട്ടെ അതിന് മുകളിലുള്ള എല്ലാ പ്രായക്കാരുടെയും. അഭിഷേക്, ഋഷി എന്നിവര്‍ ജിന്‍റോയ്ക്ക് നേരിട്ടുള്ള എതിരാളികളേ ആയിരുന്നില്ല വോട്ടിംഗ് പരിഗണിക്കുമ്പോള്‍.
'മസിലളിയന്‍'
ബിഗ് ബോസ് മലയാളം സീസണുകളിലെ ഒരു സ്ലോട്ട് ആണ് ബോഡി ബില്‍ഡറുടേത്. ഈ മേഖലയിലുള്ള ചില മത്സരാര്‍ഥികള്‍ മുന്‍പും ജനപ്രീതി നേടിയിട്ടുണ്ടെങ്കിലും അവരൊന്നും ജിന്‍റോയോളം മുന്നോട്ടുപോയിട്ടില്ല. രതീഷ് കുമാറും റോക്കിയുമൊക്കെ ബഹളമയമാക്കിയ ആദ്യ വാരങ്ങളില്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു മറ്റ് മത്സരാര്‍ഥികളെപ്പോലെ ജിന്‍റോയും. ഏത് റൂട്ട് പിടിക്കണമെന്ന കണ്‍ഫ്യൂഷന്‍. ജാന്‍മോണി ഗ്യാസ് സ്റ്റൗവില്‍ നിന്ന് സിഗരറ്റ് കൊളുത്തിയത് രതീഷ് കുമാര്‍ പ്രശ്നമാക്കിയതിന്‍റെ ചുവട് പിടിച്ച് ജിന്‍റോയും ചില്ലറ കാര്യങ്ങള്‍ വലിയ വിമര്‍ശനമായി അവതരിപ്പിച്ചിരുന്നു. ഉദാഹരണത്തിന് യമുന ഇട്ട ചായ കൊള്ളില്ലെന്നും തനിക്ക് നല്ല ചായ വേണമെന്നുമൊക്കെ ഗൗരവസ്വരത്തില്‍ പറയുന്ന ജിന്‍റോയെ പ്രേക്ഷകര്‍ തുടക്കത്തില്‍ കണ്ടു. അതേസമയം എതിര്‍വാദങ്ങള്‍ വരുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ ജിന്‍റോ നന്നേ വിയര്‍ത്തു. ഓരോ വാക്കുകളില്‍ സഹമത്സരാര്‍ഥികളെ വിശേഷിപ്പിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മണ്ടന്‍ എന്ന ടാഗ് ഏറ്റവുമധികം ലഭിച്ചത് ജിന്‍റോയ്ക്ക് ആയിരുന്നു. കാര്യഗൗരവമില്ലാത്ത മസില്‍മാന്‍ ഇന്ന ഇമേജ് ആയിരുന്നു ജിന്‍റോയ്ക്ക് തുടക്കത്തില്‍.
അഭിനേതാവ്, നര്‍ത്തകന്‍
പ്രേക്ഷകരെ കാര്യമായി എന്‍റര്‍ടെയ്ന്‍ ചെയ്ത മത്സരാര്‍ഥികള്‍ കുറവായ സീസണാണ് ഇത്. ആ ഗ്യാപ്പ് തന്‍റെ രീതിയില്‍ നികത്താന്‍ ജിന്‍റോയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. കഥാപാത്രങ്ങളായി മാറേണ്ട ഒരു ടാസ്കിന് മുന്‍പ് ബാത്ത്റൂം ഏരിയയില്‍ വന്ന് കണ്ണാടിയില്‍ സ്വന്തം മുഖം നോക്കി ഭാവാഭിനയം പ്രാക്റ്റീസ് ചെയ്യുന്ന ജിന്‍റോ ഈ സീസണിലെ രസകരമായ നിമിഷങ്ങളില്‍ ഒന്നാണ്. അപ്സര പുറത്ത് വന്ന് വിളിക്കുമ്പോഴത്തെ ജിന്‍റോയുടെ പ്രതികരണവും എല്ലാം ചേര്‍ത്താണ് ഇയാളിലെ നിഷ്കളങ്കതയുടെ അംശം പ്രേക്ഷകര്‍ മനസിലാക്കുന്നത്. പിന്നീടങ്ങോട്ട് ജിന്‍റോയില്‍ നിന്ന് നെഗറ്റീവ് ആയ ചില കാര്യങ്ങള്‍ സംഭവിച്ചപ്പോഴും അയാളെ താങ്ങിനിര്‍ത്തിയത് ഇതെല്ലാം ചേര്‍ന്ന പ്രതിച്ഛായ ആയിരുന്നു. കൂടാതെ തനിക്ക് അറിയാത്ത മേഖലകളിലെ പ്രകടനങ്ങള്‍ക്ക് ജിന്‍റോ നടത്തിയ പരിശ്രമങ്ങളും ലഭിച്ച റിസള്‍ട്ടുമൊക്കെ പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ജിന്‍റോയില്‍ ഒളിഞ്ഞുകിടന്ന നര്‍ത്തകനെ പുറത്തെത്തിച്ചത് അപ്സര ആയിരുന്നു. കിച്ചണ്‍ ഏരിയയില്‍ തമാശ മട്ടില്‍ ആരംഭിച്ച ചില സ്റ്റെപ്പുകള്‍ വീക്കെന്‍ഡ് എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ പലവട്ടം അഭിനന്ദിക്കുന്ന തലത്തിലേക്ക് എത്തി. വിജയത്തിനായുള്ള അടങ്ങാത്ത ദാഹമാണ് ഈ സീസണിലെ മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് ജിന്‍റോയെ പ്രധാനമായും വേറിട്ടുനിര്‍ത്തുന്നത്. സാധ്യമായ എല്ലാ വഴികളിലൂടെയും അയാള്‍ വിജയത്തിനായി ശ്രമിച്ചുകൊണ്ടേയിരുന്നു.
കള്ളം പറയുന്ന ജിന്‍റോ
ബിഗ് ബോസ് ഹൗസില്‍ കള്ളം പറഞ്ഞ് പിടിച്ചുനില്‍ക്കല്‍ ഏറെ ദുഷ്കരമാണ്. എവിടെ തിരിഞ്ഞാലും ക്യാമറ ഉള്ളിടത്ത് കള്ളം പറഞ്ഞാല്‍ സഹമത്സരാര്‍ഥികള്‍ക്ക് മുന്നില്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ സാധിച്ചേക്കുമെങ്കിലും പ്രേക്ഷകര്‍ അത് കൈയോടെ പിടിക്കും. വീക്കെന്‍ഡ് എപ്പിസോഡുകളില്‍ വീഡിയോ പ്ലേ ചെയ്യുന്നത് ഇപ്പോള്‍ സാധാരണമാണെന്നതിനാല്‍ സഹമത്സരാര്‍ഥികളും വസ്തുത വൈകാതെ അറിയാം. കള്ളം പറയുന്ന ആള്‍ എന്ന ടാഗ് സീസണ്‍ മുന്നോട്ട് പോകവെ ജിന്‍റോയ്ക്ക് ലഭിച്ചിരുന്നു. ഒരിക്കല്‍ സ്മോക്കിംഗ് ഏരിയയില്‍ കിടന്ന് ഉറങ്ങിയ സമയത്ത് ബിഗ് ബോസ് അതിന്‍റെ സൂചനയെന്നോണം പട്ടി കുരയ്ക്കുന്ന ശബ്ദം കേള്‍പ്പിച്ചു. മറ്റുള്ളവര്‍ കൈ ചൂണ്ടിയപ്പോഴും താനല്ല ഉറങ്ങിയതെന്നതില്‍ ജിന്‍റോ ഉറച്ചുനിന്നു. ഒടുവില്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ആ വീഡിയോ കാണിക്കുകയും ചെയ്തു. കള്ളം പറയുക എന്നത് മനുഷ്യര്‍ സ്വാഭാവികമായി ചെയ്യുന്ന കാര്യമാണെന്നും താന്‍ വിജയിക്കാനായി താന്‍ കള്ളം പറയാറുണ്ടെന്നും പിന്നീട് പലപ്പോഴായി ജിന്‍റോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്‍സിബ ഒരിക്കല്‍ ജിന്‍റോയെക്കുറിച്ച് പറഞ്ഞത് ഭൂരിഭാഗം പ്രേക്ഷകരെ സംബന്ധിച്ചും ശരിയായിരുന്നു. വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങള്‍ ജിന്‍റോയില്‍ നിന്ന് പലപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും അയാളെ വെറുക്കാന്‍ നമുക്ക് സാധിക്കില്ലെന്നായിരുന്നു അന്‍സിബ പറഞ്ഞത്. അത് സത്യവുമായിരുന്നു.
എപ്പോഴും കോണ്ടെന്‍റ്
ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ എപ്പോഴും അന്വേഷിക്കുന്ന ഒന്നാണ് ക്യാമറ സ്പേസ്. അതിനായി നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും പ്രേക്ഷകരില്‍ താല്‍പര്യക്കുറവും ഉണ്ടാക്കാറുണ്ട്. എന്നാല്‍ അത് ഈസിയായി ചെയ്ത ഒരാളായിരുന്നു ജിന്‍റോ. ഉള്ളടക്കം സൃഷ്ടിക്കാന്‍ ജിന്‍റോയ്ക്ക് ഒരിക്കലും പ്രയാസമുണ്ടായിരുന്നില്ല. സഹമത്സരാര്‍ഥികളിലെ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാന്‍ ലഭിക്കുന്ന ഒരു ആയുധവും ജിന്‍റോ ഉപയോഗിക്കാതെയിരുന്നില്ല. അത് പിന്നത്തേക്ക് കാത്തുവച്ചുമില്ല. അര്‍ധാവസരങ്ങള്‍ പോലും ഉപയോഗിക്കുന്നതിനെ സഹമത്സരാര്‍ഥികള്‍ പലപ്പോഴും ട്രോള്‍ ചെയ്തിരുന്നു. ജിന്‍റോ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ ചിലത് ഗൗരവമുള്ളതും മറ്റു ചിലത് ഗൗരവമില്ലാത്തതുമായിരുന്നു. എന്നാല്‍ ഉന്നയിക്കുന്നത് ജിന്‍റോ ആയതിനാല്‍ കഴമ്പില്ലാത്തതിലും പ്രേക്ഷകര്‍ക്ക് രസിക്കാന്‍ ചിലത് ഉണ്ടായിരുന്നു. തനിക്ക് കിട്ടിയ ചായ കൊള്ളില്ലെന്ന് പറഞ്ഞുകൊണ്ടാണ് സ്വന്തം കോണ്ടെന്‍റ് മേക്കിംഗ് ജിന്‍റോ തുടങ്ങിയത്. ഒന്നും കിട്ടിയില്ലെങ്കില്‍ അടുക്കളയിലെ പാചകമോ ഭക്ഷണ വിതരണമോ സംബന്ധിച്ച് അതിന്‍റെ ഉത്തരവാദിത്തമുള്ളവരോട് ജിന്‍റോ വഴക്കുണ്ടാക്കി. അതിനൊക്കെ രസകരമായ ഒരു തലം ഉണ്ടായിരുന്നതിനാല്‍ എപ്പിസോഡുകളിലേക്ക് എത്തുകയും ചെയ്തു.
പാലിച്ച പ്രതിജ്ഞ
ചില കാര്യങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ കഴിഞ്ഞ ആളാണ് ജിന്‍റോ. പ്രധാന കാര്യം ഗെയിമുകളില്‍ പങ്കെടുക്കുമ്പോള്‍ തന്‍റെ ഭാഗത്തുനിന്ന് സഹമത്സരാര്‍ഥികള്‍ക്ക് ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചുവെന്നതാണ്. താനൊരു ബോഡി ബില്‍ഡര്‍ ആണെന്ന ബോധ്യം ഫിസിക്കല്‍ ടാസ്കുകളില്‍ പങ്കെടുക്കുമ്പോഴും ജിന്‍റോ കൈവിട്ടില്ല. ഒരു ഫിസിക്കല്‍ അസോള്‍ട്ട് എന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. അത് ഞാന്‍ ഒരിക്കലും ചെയ്യില്ല, ജിന്‍റോ പലപ്പോഴും ഊന്നി പറഞ്ഞു. അത് ശരിയുമായിരുന്നു.
ബിഗ് ബോസും മാറ്റിപ്പിടിച്ച സീസണ്‍
ബിഗ് ബോസ് മലയാളത്തിന്‍റെ മുന്‍ സീസണുകള്‍ പരിഗണിക്കുമ്പോള്‍ എക്സ്ട്രാ ഓര്‍ഡിനറി ഗെയിമര്‍മാരെന്ന് വിളിക്കാവുന്ന മത്സരാര്‍ഥികളൊന്നും ഈ സീസണില്‍ ഉണ്ടായിരുന്നില്ല. വലിയ പ്രീ പ്ലാനിംഗോടെ വന്ന് ഒരു പ്രതിച്ഛായാ നിര്‍മ്മാണം നടത്തിയ മത്സരാര്‍ഥികളും ഇക്കുറി ഇല്ലായിരുന്നു. അഥവാ നാല് മുറികളും അതിലൊന്ന് പവര്‍ റൂമും ഒക്കെയായി ബിഗ് ബോസ് തന്നെ മാറ്റിപ്പിടിച്ച സീസണില്‍ മത്സരാര്‍ഥികള്‍ക്ക് പരീക്ഷിക്കാന്‍ മുന്‍ മാതൃകകള്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. അഥവാ അതിന് ശ്രമിച്ചിട്ട് യാതൊരു കാര്യവും ഉണ്ടായിരുന്നില്ലതാനും. ഏറെക്കുറെ സ്വന്തം വ്യക്തിത്വത്തോട് നീതി പുലര്‍ത്തുന്നുവെന്ന് തോന്നിപ്പിച്ച മത്സരാര്‍ഥികള്‍ ഉള്ള സീസണാണ് ഇത്. അവിടെ വലിയ ഗെയിമര്‍മാരൊന്നും ഇല്ലാതിരുന്നതിനാല്‍ ജിന്‍റോയ്ക്ക് ടൈറ്റിലിലേക്ക് വഴി തുറന്നു.
ബിഗ് ബോസ് സീസണ്‍ 6 റിവ്യൂസ് വായിക്കാം
ഫൈനല്‍ 5 ല്‍ എത്തിയ ജെന്‍റില്‍മാന്‍; അര്‍ജുന്‍ ജനപ്രീതി നേടിയ വഴികള്‍
ജിന്‍റോയോ ജാസ്‍മിനോ, അതോ.., കപ്പുയര്‍ത്തുക ആരാകും? പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്
'ഫൂള്‍' ആക്കാന്‍ ശ്രമിച്ചവരെ മലര്‍ത്തിയടിച്ച ജിന്‍റോ; പരിഹാസങ്ങള്‍ക്ക് മറുപടി പറഞ്ഞ മസില്‍മാന്‍
ലവ് ട്രാക്കോ സ്ട്രാറ്റജിയോ ഫെയ്‌ക്കോ? കോമ്പോകളിൽ നിറഞ്ഞ ബിഗ് ബോസ് സീസൺ
ഒരുമിച്ചെത്തി ഞെട്ടിച്ച ആറു പേര്‍, വൈല്‍ഡ് കാര്‍ഡ് എൻട്രിയില്‍ ബിഗ് ബോസ് ഷോയും കുലുങ്ങി
വിവാദങ്ങളിൽ നിറഞ്ഞു, എന്നിട്ടും പടവുകൾ ചവിട്ടിക്കയറി; ജാസ്മിൻ ഫൈനലിൽ എത്തിയത് എങ്ങനെ?
കളിയുടെ ഗതി മാറിയത് ഇങ്ങനെയോ? സീസണ്‍ 6 ല്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ച നിമിഷങ്ങള്‍
എല്ലാം മാറ്റിപ്പിടിച്ചു, ഒടുവിൽ രാജാവും റാണിയും ഇല്ലാത്ത സീസൺ
അവസാന ഓവറില്‍ 'ബൗള്‍ഡ്' ആകുന്ന ശ്രീതു; ഈ പുറത്താവല്‍ എന്തുകൊണ്ട്? കാരണങ്ങള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 തിരുത്തല്‍ ശക്തിയായി ഷോ റണ്ണറായ സോഷ്യല്‍ മീഡിയ
'പ്യൂവർ സോൾ, സത്യസന്ധൻ, ഇമോഷണല്‍'; ഋഷി ഫൈനലിലേക്ക് എത്തിയത് എങ്ങനെ?
അയാള്‍ വിജയിയാണ്, പക്ഷേ...; 'ടോപ്പ് 6' ല്‍ എത്താതെ സിജോ പുറത്തായത് എന്തുകൊണ്ട്? കാരണങ്ങള്‍
'ഫൈനല്‍ ഫൈവ്' കാണാതെ നോറ പോവുന്നത് എന്തുകൊണ്ട്? 8 കാരണങ്ങള്‍ ഇവയാണ്
സര്‍പ്രൈസ് 'സീക്രട്ട് റൂം'! അവസാന അവസരം മുതലാക്കുമോ നോറ?
നടത്തിയത് വന്‍ കുതിപ്പ്; ഫിനാലെയ്ക്ക് രണ്ടാഴ്ച ശേഷിക്കെ നന്ദന പുറത്താവുന്നത് എന്തുകൊണ്ട്? കാരണങ്ങള്‍
ജാസ്‍മിനോ അഭിഷേകോ? അന്തിമ പോരാട്ടത്തില്‍ ആര് ജയിക്കും?
ആ നിര്‍ണായക തീരുമാനം പിഴച്ചു; അന്‍സിബയുടെ ഞെട്ടിക്കുന്ന എവിക്ഷന് പിന്നിലെ കാരണങ്ങള്‍
അപ്‍സര എന്തുകൊണ്ട് പുറത്തായി? സര്‍പ്രൈസ് എവിക്ഷന് പിന്നിലെ 5 കാരണങ്ങള്‍
പുറത്താവുമ്പോഴും റെസ്‍മിന്‍റെ മടക്കം വിജയിയുടേത്? ഈ 'കോമണര്‍' പോവുന്നത് റെക്കോര്‍ഡുമായി
ഈ കൈയടി വോട്ടായി മാറുമോ? 'സീക്രട്ട് ഏജന്‍റ്' സായ് കൃഷ്‍ണനായി മാറുമ്പോള്‍
ആരാണ് ശരിക്കും അഭിഷേക് ശ്രീകുമാര്‍? ട്വിസ്റ്റ് കൊണ്ടുവരുമോ 'ഇമോഷണല്‍ ട്രാക്ക്'?
പെര്‍ഫോമര്‍ ഓഫ് ദി സീസണ്‍; ശ്രീരേഖ എന്തുകൊണ്ട് പുറത്തായി? 6 കാരണങ്ങള്‍
നമ്മള്‍ വിചാരിച്ച ആളല്ല അന്‍സിബ! 9 കാരണങ്ങള്‍ ഇവയാണ്
ഗബ്രി എന്തുകൊണ്ട് പുറത്തായി? സീസണ്‍ 6 ലെ സര്‍പ്രൈസ് എവിക്ഷനിലേക്ക് നയിച്ച കാരണങ്ങള്‍
ബിഗ് ബോസ് സീസണ്‍ 6 കപ്പ് ആര്‍ക്ക്? ടോപ്പ് 6 ല്‍ ഇവരോ?
എന്താണ് സിബിന് സംഭവിക്കുന്നത്? അകത്തേക്കോ പുറത്തേക്കോ?
ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?
9 പേരുള്ള എലിമിനേഷന്‍ ലിസ്റ്റ്; ഈ വാരം ആരൊക്കെ പുറത്താവും?
ജിന്‍റോയുടെ 'പവര്‍' കുറയ്ക്കുമോ അര്‍ജുന്‍? എന്നെത്തും സീസണിലെ ആദ്യ വൈല്‍ഡ് കാര്‍ഡ്?
റോക്കിയുടെ അപ്രതീക്ഷിത എക്സിറ്റ്; ഇനി നേട്ടമുണ്ടാക്കുന്ന മത്സരാര്‍ഥികള്‍ ആരൊക്കെ?
കളിക്കാന്‍ മറന്ന കോമണര്‍, ബിഗ് ബോസിലെ അഭിനയം വഴങ്ങാത്ത നടന്‍
പ്രതീക്ഷ നല്‍കി, കത്തിക്കയറി, ഇമോഷണലായി; ബിഗ് ബോസിൽ ഋഷിക്ക് സംഭവിക്കുന്നത് എന്ത്?
കളി മാറ്റാന്‍ വന്നയാള്‍ പുറത്ത്! ബിഗ് ബോസില്‍ ഇനി ശ്രദ്ധിക്കേണ്ടത് ഇവരെ
എവിടെ തിരിഞ്ഞാലും രതീഷ് കുമാര്‍! സീസണ്‍ 6 ലെ കുമ്പിടിയാവുമോ ഈ ടെലിവിഷന്‍ അവതാരകന്‍?'