കളിയുടെ ​ഗതി മാറിയത് ഇങ്ങനെയോ? സീസണ്‍ 6 ല്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ച നിമിഷങ്ങള്‍

By Nirmal Sudhakaran  |  First Published Jun 15, 2024, 4:29 PM IST

മുന്‍ സീസണുകളിലെ വിജയമാതൃകകള്‍ പിന്തുടരാന്‍ ശ്രമിച്ച മത്സരാര്‍ഥികള്‍ക്ക് ഇക്കുറി കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല


ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഒന്ന് മാറ്റി പിടിച്ചാലോ എന്ന ടാഗ് ലൈനുമായി എത്തിയ സീസണ്‍ അതിനെ അന്വര്‍ഥമാക്കുന്ന നിലയില്‍ നിരവധി പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. പല കാര്യങ്ങളും പുതുതായിരുന്നതിനാല്‍ മുന്‍ സീസണുകളിലെ വിജയമാതൃകകള്‍ പിന്തുടരാന്‍ ശ്രമിച്ച മത്സരാര്‍ഥികള്‍ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. അതേസമയം അതിന് ശ്രമിക്കാതെ അവരവരായി നില്‍ക്കാന്‍ ശ്രമിച്ച മത്സരാര്‍ഥികള്‍ പ്രേക്ഷകരുടെ കണ്ണില്‍ പെടുകയും ചെയ്തു. അപ്രതീക്ഷിതത്വങ്ങള്‍ എപ്പോഴും സംഭവിക്കാറുള്ള ബിഗ് ബോസിന്‍റെ പുതിയ സീസണിലും കളി മാറ്റിമറിച്ച ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിരുന്നു. അവയിലൂടെ ഒന്ന് പോയിവരാം.

കൈയേറ്റമല്ല, ആക്രമണം

Latest Videos

പുറത്തുനിന്ന് സങ്കല്‍പ്പിക്കാനാവാത്ത സമ്മര്‍ദ്ദ സാഹചര്യങ്ങളിലാണ് പലപ്പോഴും ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളുടെ നില്‍പ്പ്. ഏത് പരീക്ഷണ സാഹചര്യത്തിലും അവനവനെ അടക്കി, ഗെയിമില്‍ ഫോക്കസ് ചെയ്യുന്നവര്‍ക്ക് മുന്നിലാണ് മുന്നോട്ടുള്ള 14 ആഴ്ചകളുടെ വഴി തുറക്കപ്പെടുക. സമ്മര്‍ദ്ദം എത്ര കഠിനമാണെങ്കിലും സഹമത്സരാര്‍ഥികളോടുള്ള പെരുമാറ്റത്തില്‍ ഓരോ മത്സരാര്‍ഥിയും ഉറപ്പായും പാലിക്കേണ്ട ചില നിയമങ്ങളുണ്ട് ബിഗ് ബോസില്‍. അതില്‍ ഏറ്റവും പ്രധാനമാണ് ശാരീരികമായ കൈയേറ്റമോ ആക്രമണമോ ഒരിക്കലും നടത്തരുത് എന്നത്. മുന്‍ സീസണുകളിലും അതിന്‍റെ പേരില്‍ ചില മത്സരാര്‍ഥികള്‍ പുറത്താക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും ഗുരുതരമായ ഫിസിക്കല്‍ വയലന്‍സ് ആണ് ഈ സീസണില്‍ നടന്നത്.

undefined

 

സിജോയ്ക്ക് എതിരെ റോക്കി നടത്തിയ ആക്രമണമായിരുന്നു അത്. ഇരുവര്‍ക്കുമിടയിലെ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് രൂപപ്പെട്ട വാക്കുതര്‍ക്കം രൂക്ഷമാവുകയും റോക്കി സിജോയുടെ മുഖത്ത് ഇടിക്കുകയുമായിരുന്നു. രണ്ട് പ്രധാന മത്സരാര്‍ഥികളുടെ ബിഗ് ബോസിലെ വിധി ഇത് മാറ്റിമറിച്ചു. റോക്കി ഷോയില്‍നിന്ന് അന്നുതന്നെ പുറത്താക്കപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ സിജോയെ ചികിത്സാര്‍ഥം പിറ്റേദിവസം ബിഗ് ബോസ് ഹൌസില്‍ നിന്ന് മാറ്റി. 16-ാം ദിവസം ഹൌസില്‍ നിന്ന് പോയ സിജോ ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷം 45-ാം ദിവസമാണ് തിരിച്ചെത്തിയത്. സീസണില്‍ വലിയ ചലനം സൃഷ്ടിക്കുമെന്ന് കരുതിയ രതീഷ് കുമാറിന്‍റെ എവിക്ഷന് പിന്നാലെ ശക്തരായ രണ്ട് മത്സരാര്‍ഥികള്‍ കൂടി ഹൌസിന് പുറത്തായത് കളിയെ കാര്യമായി സ്വാധീനിച്ചു. ഫിസിക്കല്‍ വയലന്‍സ് ഏതറ്റം വരെയും പോകാമെന്നും അത് സൂക്ഷിക്കണമെന്നും വരും സീസണുകളിലെ മത്സരാര്‍ഥികള്‍ക്കുകൂടി മുന്നറിയിപ്പ് നല്‍കുന്ന സംഭവമായി ഇത്. സിജോ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയതിന് പിന്നാലെയായിരുന്നു ഈ സംഭവം. രതീഷിനു പിന്നാലെ സിജോയും റോക്കിയും കൂടി പോയതോടെ മറ്റ് പല മത്സരാര്‍ഥികള്‍ക്കും സ്ക്രീന്‍ സ്പേസ് കൂടി. അതുവരെ ബഹളമയമായിരുന്ന സീസണ്‍ 6 അതിന്‍റെ താളം കണ്ടെത്തുന്നത് ഈ സംഭവത്തിന് ശേഷമാണ്.

ഒന്നല്ല, ആറ് പേര്‍ ഒരുമിച്ച്

ഫിനാലെയ്ക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ പോലും വിജയി ആരെന്ന് കൃത്യമായി പ്രവചിക്കാനാവാത്ത സീസണാണ് ഇത്. മത്സരാര്‍ഥികളില്‍ നിന്ന് ഒരു ഹീറോ/ ഹീറോയിന്‍ ഉദയം ചെയ്യാത്ത സീസണ്‍. ബിഗ് ബോസ് മലയാളം മുന്‍ സീസണുകളില്‍ നിന്ന് ആറാം സീസണിനെ വേര്‍തിരിച്ച് നിര്‍ത്തുന്ന പ്രധാന കാര്യവും ഇതാണ്. രതീഷ് കുമാര്‍, റോക്കി എന്നിവരുടെ എവിക്ഷനും സിജോയുടെ മാറിനില്‍ക്കലിനും ശേഷം സീസണ്‍ അതിന്‍റെ താളം കണ്ടെത്തിയെങ്കിലും അത് പ്രേക്ഷകരില്‍ വലിയ ആവേശം ഉണ്ടാക്കുന്ന ഒന്നായിരുന്നില്ല. നാല് കിടപ്പുമുറികളും അതിലൊന്ന് പവര്‍ റൂമും ഒക്കെയായി ഡിസൈന്‍ ചെയ്യപ്പെട്ട സീസണ്‍ 6 മത്സരാര്‍ഥികള്‍ക്ക് കളിയില്‍ മുന്നേറാന്‍ മുന്‍ മാതൃകകള്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഉറക്കംതൂങ്ങി സീസണെന്ന, പ്രേക്ഷകരുടെ പരാതികള്‍ക്കിടയിലേക്കാണ് നാലാം വാരാന്ത്യത്തില്‍ വൈല്‍ഡ് കാര്‍ഡുകളുടെ വരവ്. ഒന്നല്ല, ആറ് പേരാണ് ഇത്തവണ ഒരുമിച്ചെത്തിയത്.

 

ബിഗ് ബോസിന് പാളിപ്പോകാത്ത സെലക്ഷന്‍ കൂടിയായിരുന്നു വൈല്‍ഡ് കാര്‍ഡുകളുടേത്. സിബിന്‍, സായ്, നന്ദന, അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയദീപ്, പൂജ എന്നിവരാണ് എത്തിയത്. വന്ന ദിവസം തന്നെ അഭിഷേക് ശ്രീകുമാര്‍, അഭിഷേക് ജയദീപ് എന്നിവര്‍ ശ്രദ്ധിക്കപ്പെട്ടു. തൊട്ടുപിന്നാലെ വമ്പന്‍ സ്ട്രാറ്റജികള്‍ക്ക് തുടക്കമിട്ട സിബിന്‍ ഈ സീസണിനെ മാറ്റിമറിക്കുമെന്ന് തോന്നിപ്പിച്ചു. അതുവരെയുള്ള ഷോ കണ്ട് കൃത്യമായ നിരീക്ഷണങ്ങളോടെ വന്നുവെന്ന് തോന്നിപ്പിച്ച പൂജയും മികച്ച ഇംപ്രഷന്‍ ഉണ്ടാക്കി. സായ് കൃഷ്ണ പതുക്കെ തുടങ്ങി വേറിട്ട വഴിയിലൂടെ ഏറെ മുന്നോട്ടുപോയി. വൈല്‍ഡ് കാര്‍ഡുകളിലെ അപ്രതീക്ഷിത പ്രകടനം നന്ദനയുടേത് ആയിരുന്നു. ഉള്ള ആവേശം വാക്കുകളിലാക്കാന്‍ ബുദ്ധിമുട്ടുള്ള ആളെന്ന ആദ്യ പ്രതിച്ഛായയില്‍ നിന്ന് ഏറെ മുന്നോട്ടുപോയി നന്ദന. വൈല്‍ഡ് കാര്‍ഡുകള്‍ വന്നതോടെയാണ് ഈ സീസണ്‍ ചലനാത്മകമായത്. അതുവരെയുണ്ടായിരുന്ന മത്സരാര്‍ഥികളെയും ഇവരുടെ വരവ് ഉണര്‍ത്തി.

വീട്ടിലെ വിവരം

ഈ സീസണിലെ രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളായിരുന്നു ജാസ്മിന്‍ ജാഫറും ഗബ്രി ജോസും, അവരുടെ കോമ്പോയും. സൌഹൃദത്തിന് അപ്പുറമെന്ന് ഇരുവരും പറഞ്ഞ, അതേസമയം വിവാഹത്തിലേക്ക് എത്താന്‍ പ്രായോഗിക തടസങ്ങളുള്ളതിനാല്‍ പ്രണയത്തിലേക്ക് കടക്കുന്നില്ലെന്ന് തീരുമാനിച്ചെന്ന് അറിയിച്ചവര്‍. ഇവരുടേത് വോട്ട് നേടാന്‍ വേണ്ടി സൃഷ്ടിച്ച ഒരു ലവ് ട്രാക്ക് ആണെന്ന് മത്സരാര്‍ഥികളില്‍ പലരും വിമര്‍ശിച്ചു. ഒപ്പം പ്രേക്ഷകരില്‍ ഒരു വിഭാഗവും. പുറത്ത്, പ്രത്യേകിച്ച് വീട്ടുകാരില്‍ ഇത് എത്തരത്തിലുള്ള പ്രതിച്ഛായയാണ് സൃഷ്ടിക്കുന്നതെന്ന് ജാസ്മിനാണ് കൂടുതല്‍ ആശങ്ക ഉണ്ടായിരുന്നത്. അച്ഛന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വീട്ടില്‍നിന്ന് വന്ന ഒരു ഫോണ്‍കോള്‍ ബിഗ് ബോസ് കണക്റ്റ് ചെയ്ത് കൊടുത്തിരുന്നു. ജാസ്മിന്‍ തകര്‍ന്നുപോയ സന്ദര്‍ഭമായിരുന്നു ഇത്.

 

ഗബ്രിയുമായുള്ള ബന്ധത്തെയും ഒരു മത്സരാര്‍ഥിയെന്ന നിലയില്‍ ജാസ്മിന്‍റെ മുന്നോട്ടുപോക്കിനെയുമൊക്കെ ഇത് സ്വാധീനിച്ചു. ബിഗ് ബോസിലെ നിലനില്‍പ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ജാസ്മിനില്‍ തോന്നലുളവാക്കിയ സംഭവമായിരുന്നു ഇത്. ഗബ്രിയെ സംബന്ധിച്ചും ഇത് പ്രധാനമായിരുന്നു.

വരുന്നു കുടുംബങ്ങള്‍

സാധാരണ ഉണ്ടാവാറുള്ളതിനേക്കാള്‍ നേരത്തെയാണ് ബിഗ് ബോസ് ഇക്കുറി ഫാമിലി വീക്ക് സംഘടിപ്പിച്ചത്. മത്സരങ്ങള്‍ ബാക്കി ഉണ്ടായിരുന്നതിനാല്‍ മത്സരാര്‍ഥികള്‍ക്ക് ഇത് വലിയ അഡ്വാന്‍റേജ് ആണ് നല്‍കിയത്. പുറത്തെ പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്കകള്‍ ദുരീകരിച്ച്, കളിയിലേക്ക് ഫോക്കസ് ചെയ്യാന്‍ ഇത് എല്ലാവരെയും പ്രേരിപ്പിച്ചു. ഫാമിലി വീക്കില്‍ ഏറ്റവുമധികം ആശ്വാസം കണ്ടെത്തിയത് ജാസ്മിന്‍ ആയിരുന്നു. പ്രതിച്ഛായ എന്തുതന്നെ ആയിരിക്കാമെങ്കിലും കുടുംബം ഒപ്പമുണ്ടെന്ന ഉറപ്പ് ലഭിച്ച ജാസ്മിന്‍ പൂര്‍വ്വാധികം ശക്തയായി ഗെയിമുകളിലേക്ക് തിരിച്ചുവരുന്നതാണ് പിന്നീട് കണ്ടത്. അതേസമയം ഫാമിലി വീക്ക് നെഗറ്റീവ് പ്രതിച്ഛായ സൃഷ്ടിച്ച ഒരാള്‍ നോറ ആയിരുന്നു. വീട്ടുകാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും സ്വന്തം ഭാഗം സ്ഥാപിക്കാനായി നോറ അവരെ കുറ്റപ്പെടുത്തുന്നെന്നുമൊക്കെയുള്ള ആരോപണം സഹമത്സരാര്‍ഥികളില്‍ നിന്നും ഉയര്‍ന്നു. അന്‍സിബയാണ് ഈ വിമര്‍ശനം ആദ്യം ഉയര്‍ത്തിയത്. മറ്റുള്ളവര്‍ ഇത് ഏറ്റുപിടിക്കുകയും ചെയ്തു. ഫൈനല്‍ 5 സാധ്യതകള്‍ അതുവരെ സജീവമായി നിലനിര്‍ത്തിയിരുന്ന നോറ ഒരു ഗെയിമര്‍ എന്ന നിലയില്‍ ദുര്‍ബലയാവുന്നതും ഇതിന് ശേഷമാണ്.

 

പരിക്ക്, പിന്മാറ്റം

ശാരീരികവും മാനസികവുമായ കാരണങ്ങളാല്‍ മത്സരാര്‍ഥികള്‍ ഏറ്റവുമധികം തവണ ഡോക്ടറുടെ സേവനം തേടിയ സീസണ്‍ ഇതായിരിക്കും. ഹൌസില്‍ വച്ച് നേരിട്ട ആക്രമണത്താല്‍ സിജോയ്ക്ക് ശസ്ത്രക്രിയ പോലും വേണ്ടിവന്നു. മറ്റ് ചില മത്സരാര്‍ഥികള്‍ക്ക് നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ബിഗ് ബോസ് ഹൌസില്‍ വച്ച് വഷളാവുകയും ചെയ്തു.  പൂജ, സായ് ഇവരൊക്കെ അക്കൂട്ടത്തില്‍ പെടും. രണ്ടുപേര്‍ക്കും അസ്ഥി സംബന്ധമായ വേദന ആയിരുന്നു. ഇതില്‍ പൂജയ്ക്ക് എവിക്റ്റ് ആവാതെതന്നെ കളി നിര്‍ത്തി പോവേണ്ടിവന്നെങ്കില്‍ സായ് തന്‍റെ ഗെയിം സ്റ്റാറ്റജി തന്നെ അതിനുശേഷം മാറ്റി.

സാബു, ശ്വേത എന്‍ട്രി

ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി ഇക്കുറി എത്തിയത് ആദ്യ സീസണ്‍ ടൈറ്റില്‍ വിജയി സാബുമോനും സീസണിലെ മറ്റൊരു മത്സരാര്‍ഥി ശ്വേത മേനോനുമാണ്. അന്‍സിബയുടേ നേതൃത്വത്തിലുള്ള പവര്‍ ടീം ചാര്‍ജ് ഏറ്റെടുത്ത വാരമാണ് സാബുവും ശ്വേതയും വരുന്നത്. ഋഷി ആയിരുന്നു ആ സമയത്തെ ക്യാപ്റ്റന്‍. അക്കാരണം കൊണ്ടുതന്നെ ഒരു ഗെയിമര്‍ എന്ന നിലയില്‍ അന്‍സിബ വലിയ മുന്നേറ്റം കാഴ്ച വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാരം പക്ഷേ ഈ അതിഥികളുടെ വരവോടെ മാറിമറിഞ്ഞു. തന്ത്രപൂര്‍വ്വം കളിയുടെ ചുക്കാന്‍ പിടിച്ച സാബുമോന്‍ ഹൌസില്‍ വച്ച് വലിയ വിമര്‍ശനം ഉയര്‍ത്തിയില്ലെങ്കിലും വീക്കെന്‍ഡ് എപ്പിസോഡില്‍ വീഡിയോ കോളിലൂടെ വന്ന് വിമര്‍ശനങ്ങളുടെ കെട്ടഴിച്ചു. പവര്‍ ടീം അംഗങ്ങളായിരുന്ന അന്‍സിബയ്ക്കും അഭിഷേകിനും ക്യാപ്റ്റന്‍ ഋഷിക്കുമൊക്കെ കണക്കിന് കിട്ടി. ആ സമയത്തെ സാബുവിന്‍റെ വരവ് അന്‍സിബയ്ക്കാണ് ഏറ്റവും ദോഷം ചെയ്തത്.

ALSO READ : എല്ലാം മാറ്റിപ്പിടിച്ചു, ഒടുവിൽ രാജാവും റാണിയും ഇല്ലാത്ത സീസൺ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!