എന്തായാലും ഗെയിമർ എന്ന നിലയിൽ തിളങ്ങാനായില്ലെങ്കിലും നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് എന്ന ലേബലോടെ ആണ് ശ്രീതു ബിഗ് ബോസിൽ വിട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്.
ഒരു കൂട്ടം മത്സരാർത്ഥികൾ ഒരു വീട്ടിൽ പുറംലോകവുമായി യാതൊരു വിധ ബന്ധവും ഇല്ലാതെ 100 ദിവസം കഴിയുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് വ്യത്യസ്ത ക്യാരക്ടറുകൾ ഉള്ളവർ ഒരുമിച്ച് ജീവിക്കുക എന്നത്. സ്വാഭാവികമായും ഒരാഴ്ചയിൽ കൂടുതൽ അഭിനയിച്ച് നിൽക്കാനോ, തങ്ങളുടെ വ്യക്തിത്വം മറച്ചു വയ്ക്കാനോ അവർക്ക് സാധിക്കില്ല. പ്രത്യേകിച്ച് ബിഗ് ബോസ് പോലൊരു ഷോയിൽ. എന്നാൽ ആഴ്ചകളും മാസങ്ങളും പിന്നിട്ടാലും ഒരുപിടിയും തരാത്ത ചില മത്സരാർത്ഥികൾ ഷോയിൽ ഉണ്ടാകാറുണ്ട്. വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാതെ, അനാവശ്യമായി ഒരു കാര്യങ്ങളിലും ഇടപെടാതെ തങ്ങളുടേതായ ലോകത്ത് കഴിയുന്ന ചിലർ. എന്നാൽ സ്ക്രീൻ പ്രെസൻസ് ആവശ്യം പോലെ കിട്ടുകയും ചെയ്യും. അത്തരത്തിലൊരു മത്സരാർത്ഥി ആയിരുന്നു ശ്രീതു.
ഈ സീസണിൽ ഹേറ്റേഴ്സ് ഒട്ടും ഇല്ലാത്ത മത്സരാർത്ഥികളിൽ ഒരാളായ ശ്രീതു ഇന്ന് ബിഗ് ബോസ് വീടിന്റെ പടി ഇറങ്ങുകയാണ്. അതും ടോപ് 6ൽ എത്തിയതിന് പിന്നാലെ. ഈ ഘട്ടത്തിൽ ശ്രീതുവിന്റെ ബിഗ് ബോസ് ജീവിതം എന്തായിരുന്നു എന്ന് നോക്കാം.
ബിഗ് ബോസ് സീസൺ ആറിൽ ഏറ്റവും കുടുതൽ പേർക്ക് പരിചിതമായ മുഖം ആയിരുന്നു ശ്രീതുവിന്റേത്. 2020ൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ എന്ന സീരിയലിൽ അലീന ടീച്ചർ ആയെത്തി ആയിരുന്നു ശ്രീതു പ്രേക്ഷക ശ്രദ്ധനേടിത്. അത് ബിഗ് ബോസിലും ശ്രീതുവിനെ തുണച്ചു. ആദ്യദിനം മുതൽ പ്രേക്ഷകർ ശ്രീതുവിനെ ഏറ്റെടുത്തു. പ്രത്യേകിച്ച് മിനിസ്ക്രീൻ പ്രേക്ഷകർ. പക്ഷേ ബിഗ് ബോസ് എന്ന ഷോയെ സംബന്ധിച്ച് പരിചിതമായ മുഖം മാത്രം പോര. ഗെയിമിലും സ്ട്രാറ്റജികളിലും ആക്ടീവും മെന്റൽ ഗെയിമറും ഒക്കെ ആകണം മത്സരാർത്ഥി. അക്കാര്യത്തിൽ ശ്രീതു പരാജയം ആയിരുന്നു എന്നത് വ്യക്തമാണ്.
undefined
ഷോയിൽ എത്തിയത് മുതൽ വളരെ സേഫ് ആയിട്ടായിരുന്നു ശ്രീതു ഗെയിം കളിച്ചത്. ഒരു പോയിന്റിൽ പോലും ശ്രീതു തന്റെ സേഫ് സോണിൽ നിന്നും പുറത്തുവരാൻ നോക്കിയിട്ടില്ല. സേഫ് സോണിൽ നിന്നും പുറത്താകുമെന്ന ഘട്ടത്തിൽ എത്തിയപ്പോഴാണ് അമ്മ വരുന്നതും അത് സ്പോട്ടിൽ തന്നെ കെടുത്തിക്കളയുകയും ചെയ്തത്.
അർജുനുമായുള്ള ബന്ധത്തെ ശ്രീതു ഒരു കോമ്പോ ആയിട്ട് ആദ്യം കണ്ടിരുന്നില്ല. ഇടയ്ക്ക് ഒരു കൺഫ്യൂഷൻ ഉണ്ടായെങ്കിലും അമ്മ അത് ഇല്ലാതാക്കി. സ്വാഭാവികമായും അർജുനുമായി ശ്രീതു അകന്നു. എന്നാൽ ശ്രീതു പ്രതീക്ഷിച്ചത് പോലെ അല്ല അർജുൻ പെരുമാറിയത്. അർജുൻ നിരാശനാകുമെന്ന് കരുതിയെങ്കിലും അർജുൻ തന്റേതായ രീതിയിൽ മുന്നോട്ട് പോകുകയും ചെയ്തു. ഇത് ശ്രീതുവിനെ വല്ലാതെ ബാധിച്ചു. അമ്മ വന്ന് പോയ ശേഷം അർജുന്റെ പുറകെ ശ്രീതു നടക്കുന്നത് പോലെ തോന്നിപ്പിച്ചിട്ടുണ്ട്. അർജുന്റെ അറ്റൻഷന് വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു. അർജുൻ ആർക്കൊപ്പം സംസാരിക്കുന്നുവോ അവിടെ ശ്രീതുവും എത്തും. അതായത്, തുടക്കത്തിൽ തമാശയോ, നിർബന്ധിതമായ കോമ്പോയോ ആയിട്ട് തുടങ്ങിയത് ശ്രീതുവിന് പിന്നീട് അത് ഇമോഷണലി കണക്ട് ആയി. അർജുനുമായുള്ള കോമ്പോ ഒഴികെ വേറൊരു കണ്ടന്റും ശ്രീതുവിന് ഇല്ലായിരുന്നു താനും.
ഇതിനിടയിലും അർജുനുമായുള്ള ബന്ധത്തിൽ കൃത്യമായ ധാരണ ശ്രീതുവിന് ഉണ്ടായിരുന്നു. നൻപൻ എന്നാണ് പലപ്പോഴും അർജുനെ ശ്രീതു വിശേഷിപ്പിച്ച് കണ്ടിട്ടുള്ളത്. പക്ഷേ അമ്മ വന്നപ്പോൾ ആകെ ആശയക്കുഴപ്പത്തിലായ ശ്രീതു അർജുനിൻ നിന്നും മാറി നിൽക്കാൻ ശ്രമിച്ചു.
ഗെയിമർ എന്ന നിലിയിൽ ശ്രീതുവിന്റെ ഗ്രാഫ് ഒട്ടും ഉയർന്നതായിരുന്നില്ല. ഏറ്റവും താഴ്ന്ന കൺസിസ്റ്റന്റ് ആയി പോയെന്ന് പറയേണ്ടി വരും. എപ്പോഴോ വീണ് പോകും എന്നൊരവസ്ഥയിൽ എത്തിയപ്പോഴാണ് 'വീണിടം വിഷ്ണു ലോകം' എന്ന നിലയിൽ ക്യാപ്റ്റൻസി ശ്രീതുവിന് ലഭിക്കുന്നത്. മികച്ച ഗെയിം കാഴ്ചവച്ച് തന്നെയാണ് ശ്രീതു ആ ഖ്യാതി സ്വന്തമാക്കിയതും. തനിക്ക് കിട്ടിയ അവസരം തരക്കേടില്ലാത്ത രീതിയിൽ വിനിയോഗിക്കാനും ശ്രീതുവിന് സാധിച്ചു. ഗെയിമിൽ എല്ലാം താഴ്ന്ന് നിന്നൊരാൾ ക്യാപ്റ്റൻസിയ്ക്ക് അത്രത്തോളം എഫേർട്ട് എടുത്തത് പ്രേക്ഷകരും സഹമത്സരാർത്ഥികളും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.
പെർഫോമൻസുകളിൽ എല്ലാം ശ്രീതു തന്റെ മാക്സിമം എഫേർട്ടുകൾ ഇടുന്നുണ്ടായിരുന്നു. സ്പോൺസേർഡ് ടാസ്കുകൾ ഉൾപ്പടെ ഉള്ളവയിൽ. ഏറ്റവും ഒടുവിലത്തെ ഫാൻസി ഡ്രെസ് ഷോയിൽ അടക്കം അത് പ്രതിഫലിച്ചതാണ്. അതിന് അപ്പുറത്തേക്കൊരു കണ്ടന്റ് ശ്രീതുവിന് ഉണ്ടായിരുന്നില്ല. അത് തന്നെയാണ് ശ്രീതുവിന്റെ ഏറ്റവും വലിയ പരാജയവും.
ടിക്കറ്റ് ടു ഫിനാലെയിലും ശ്രീതു തന്റെ മാക്സിമം എഫേർട്ട് എടുത്തിരുന്നു. അരുതരുത് കുതിരെ എന്ന ടങ് ട്വിസ്റ്റർ വാചകം പ്രേക്ഷകരിലേക്ക് ശ്രീതുവിനെ കൂടുതൽ അടുപ്പിക്കുകയും ചെയ്തു. തമിഴ് ആയിട്ട് പോലും മലയാളത്തിൽ ഇങ്ങനെ ഒരു പ്രകടനം കാഴ്ചവച്ച ശ്രീതുവിനെ മോഹൻലാൽ അടക്കം അഭിനന്ദിച്ചിരുന്നു.
'തമിഴ് പെൺങ്കൊടി പാസം' ആയിരുന്നു ശ്രീതുവിനെ ഇതുവരെ ബിഗ് ബോസിൽ പിടിച്ചുനിർത്താൻ ഇടയാക്കിയ
പ്രധാന കാരണങ്ങളിൽ ഒന്ന്. തമിഴും മലയാളവും കലർന്ന സംസാര ശൈലിയും ക്യൂട്ട്നെസും പ്രേക്ഷകരെ ശ്രീതുവിലേക്ക് അടുപ്പിച്ചു. പ്രത്യേകിച്ച് യുവാക്കളിൽ. ബിഗ് ബോസ് വീട്ടിൽ താൻ മാത്രമെ ക്യൂട്ട് ആവാൻ പാടുള്ളൂ എന്നൊരു നിർബന്ധവും ശ്രീതുവിന് ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.
ശ്രീതുവിനെ ഒരു നിർഗുണപരബ്രഹ്മം എന്ന് വേണമെങ്കിൽ പറയാം. അതായത് ആർക്കെങ്കിലും ഗുണവും ഇല്ല ദോഷവും ഇല്ലാത്ത വ്യക്തിത്വം. പലപ്പോഴും കണ്ടന്റിനായി പോയിന്റുകൾ കിട്ടിയിട്ട് പോലും ശ്രീതു അത് മുതലാക്കിയില്ല. പ്രത്യകിച്ച് അപ്സര ശ്രീതുവിനെ കുറിച്ച് കുറ്റം പറഞ്ഞത് ഗെയിമിൽ ബിഗ് ബോസ് അവതരിപ്പിച്ചപ്പോൾ. വലിയൊരു പ്രശ്നം ഉണ്ടാക്കണ്ട എന്ന തരത്തിൽ അതിനെ ശ്രീതു സോൾവ് ആക്കി വിടുക ആയിരുന്നു. ഇതിലൂടെ പോസ്റ്റിവും നെഗറ്റീവും ശ്രീതുവിന് ഉണ്ടായിട്ടുണ്ട്. ഇതിന് ശേഷം അപ്സരയുമായി കൃത്യമായി അകലം പാലിക്കാൻ ശ്രീതുവിന് സാധിച്ചു. അതായത് കാര്യങ്ങളെ ടാക്ടിക്കലായി കൈകാര്യം ചെയ്യാൻ ശ്രീതുവിന് സാധിച്ചു എന്നത് വ്യക്തം.
ശ്രീതുവിനെ ഇതുവരെ ബിഗ് ബോസിൽ നിർത്താൻ സോഷ്യൽ മീഡിയ കാരണമായിട്ടുണ്ട്. അർജുൻ-ശ്രീതു കോമ്പോയുടെ വീഡിയോകൾ റീലുകളായി ഫാൻ പേജുകളിലും മറ്റും പ്രത്യക്ഷപ്പെട്ടു. ഇത് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർ അല്ലാത്തവരിൽ പോലും ശ്രീതുവിനെ സുപരിചതാക്കി മാറ്റി.
ആരെയും വെറുപ്പിക്കാത്ത വ്യക്തിത്വത്തിന് ഉടമ ആയിരുന്നു ശ്രീതു. അതുകൊണ്ട് തന്നെ ബിഗ് ബോസിനകത്ത് ശത്രുക്കൾ ഇല്ലാത്ത മത്സരാർത്ഥികളിൽ ഒരാളും ഇവരായിരുന്നു. അധികം ആക്ടീവ് അല്ലെന്ന് പറയുമ്പോഴും സ്ക്രീനിൽ നിറഞ്ഞു നിൽക്കാൻ ശ്രീതുവിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് ഷോയെ സംബന്ധിച്ച് അതൊരു പോസിറ്റീവ് വശവുമാണ്.
മുഖം കറുപ്പിച്ച് ആരോടും സംസാരിക്കാത്തത് ശ്രീതുവിന് പോസിറ്റീവിനെക്കാൾ ഏറെ നെഗറ്റീവ് ആണ് സമ്മാനിച്ചത്. പറയേണ്ട കാര്യങ്ങൾ പറഞ്ഞ്, നിലപാടുകൾ ഉറക്കെ പറഞ്ഞ് നിൽക്കുന്നവർക്ക് മാത്രമെ ബിഗ് ബോസ് ഷോയിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ എന്നത് കഴിഞ്ഞ അഞ്ച് സീസണുകളിൽ നിന്നും വ്യക്തമായ കാര്യമാണ്. കൂടാതെ അവസരങ്ങൾ സൃഷ്ടിക്കാനും ശ്രീതുവിനായില്ല. അപ്സര വിഷയത്തിൽ പോസിറ്റീവ് വശം പറയുമ്പോഴും അതിനെ അവസരമായി എടുക്കാൻ സാധിക്കാത്തതും ശ്രീതുവിന് ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഗെയിമർ എന്ന നിലയിൽ നെഗറ്റീവുമാണത്. ജിന്റോ, ജാസ്മിൻ തുടങ്ങിവരെല്ലാം അത്തരത്തിൽ അവസരങ്ങൾ ഉണ്ടാക്കിയവരാണ്. ഇമേജ് കോൺഷ്യസ് അയത് കൊണ്ടുതന്നെ നിലപാടുകളും ഉറക്കെ പറയാൻ ശ്രീതു മടി കാണിച്ചു.
ബിഗ് ബോസ് സീസൺ ആറിൽ പ്രേക്ഷകർക്കും സഹ മത്സരാർത്ഥികൾക്കും ആരോചകമായി തോന്നുന്ന തരത്തിലുള്ള പ്രകടനങ്ങളും വാക്കുകളും ഉപയോഗിക്കുന്ന മത്സരാർത്ഥികൾ ഉണ്ടായിരുന്നു. അത്തരം മത്സരാർത്ഥികൾക്ക് ഇടയിലെ അരോചകമല്ലാത്ത വ്യക്തി ആയിരുന്നു ശ്രീതു. ഇതും ശ്രീതുവിന് ബിഗ് ബോസ് വീട്ടിലെ മുന്നോട്ടുള്ള യാത്രയ്ക്ക് ഗുണം ചെയ്തു.
ശ്രീതു എന്താണ് എന്ന് മൂന്ന് മാസത്തിനിടയിലും പ്രേക്ഷകർക്ക് മനസിലായിട്ടില്ല എന്നതും നെഗറ്റീവ് ആയി ബാധിച്ചിട്ടുണ്ട്. സ്ക്രീൻ പ്രെസൻസ് ഉണ്ടെങ്കിലും ശ്രീതുവിന്റെ വ്യക്തിത്വം എന്താണ് എന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല എന്നതാണ് വാസ്തവം.
ഒരു ഹീറോ അല്ലെങ്കിൽ ഒരു ഹീറോയിൻ സങ്കല്പത്തിലാണ് എപ്പോഴും ബിഗ് ബോസിൽ ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുന്നത്. അല്ലെങ്കിൽ പ്രേക്ഷകർക്ക് അത്രത്തോളം ഇഷ്ടം ആ മത്സരാർത്ഥിയോട് തോന്നണം. ഋഷി അല്ലെങ്കിൽ ശ്രീതു എന്ന നിലയിൽ ആയിരുന്നു ബിഗ് ബോസ് അവസാനം എത്തി നിന്നത്. അതായത് ആറ് പേരിൽ ആരാകും എവിക്ട് ആകുക എന്ന കാര്യത്തിൽ. ഈ രണ്ട് പേരുകൾ തന്നെയാണ് ഉയർന്ന് കേട്ടതും.
എന്തുകൊണ്ട് ശ്രീതു ടോപ് ഫൈവിൽ എത്തിയില്ല എന്ന ചോദ്യത്തിന്, ആകർഷകമായ വ്യക്തിത്വം എന്നത് അല്ലാതെ ഒരു ബിഗ് ബോസ് മെറ്റീരിയൽ ആണന്നോ ഗെയിമർ ആണന്നോ തെളിയിക്കാൻ ശ്രീതുവിന് ഇതുവരെയും സാധിച്ചിട്ടില്ല എന്നത് തന്നെയാണ്. ഒപ്പം അർജുന്റെ കാര്യത്തിൽ വന്ന ആശയക്കുഴപ്പവും. ഋഷിയ്ക്ക് പക്ഷേ അങ്ങനെ ആശയക്കുഴപ്പം ഉണ്ടായില്ല. ആശയവ്യക്തതയാണ് ഉണ്ടായത്. അൻസിബ പോയ ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഋഷിക്ക് സാധിച്ചിട്ടുമുണ്ട്. കൂടാതെ ജനപ്രീതിയിൽ മുൻപനും ഋഷിയാണ്.
സംഭവം ഗംഭീരമാകുമോ? ജൂൺ 21ന് 'നടന്ന സംഭവം' തിയറ്ററുകളിലേക്ക്
എന്തായാലും ഗെയിമർ എന്ന നിലയിൽ തിളങ്ങാനായില്ലെങ്കിലും നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് എന്ന ലേബലോടെ ആണ് ശ്രീതു ബിഗ് ബോസിൽ വിട്ടിൽ നിന്നും പടിയിറങ്ങിയിരിക്കുന്നത്. കയ്യടി നേടിയില്ലെങ്കിലും ഉള്ള പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ ശ്രീതു ശ്രമിച്ചിട്ടുമില്ല, ഏറ്റിട്ടുമില്ല. അതുകൊണ്ട് തന്നെ സധൈര്യം മുന്നോട്ട് പോകാൻ ശ്രീതുവിന് സാധിക്കുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..