മധ്യ തിരുവിതാംകൂറിൽ കേരളാ കോൺഗ്രസ്സുകളിലെ വിവിധ വിഭാഗങ്ങൾ തമ്മിലും, അവരും കോൺഗ്രസ്സും തമ്മിലുള്ള ബന്ധത്തിലും പങ്കുവഹിച്ചിട്ടുള്ള ചരിത്രമാണ് ഇടുക്കി പാർലമെന്റ് സീറ്റിന്റെത്. -നിസാം സെയ്‌ദ് എഴുതുന്നു
ഒരിക്കൽ ഇടുക്കി സീറ്റിനുവേണ്ടി ഒന്നായ കേരളാ കോൺഗ്രസ് മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം അതേ സീറ്റിനു വേണ്ടി പിളരുമോ..? - നിസാം സെയ്‌ദ് എഴുതുന്നു
മധ്യ തിരുവിതാംകൂറിൽ കേരളാ കോൺഗ്രസ്സുകളിലെ വിവിധ വിഭാഗങ്ങൾ തമ്മിലും, അവരും കോൺഗ്രസ്സും തമ്മിലുള്ള ബന്ധത്തിലും പങ്കുവഹിച്ചിട്ടുള്ള ചരിത്രമാണ് ഇടുക്കി പാർലമെന്റ് സീറ്റിന്റെത്. 1977 ൽ അതുവരെ പീരുമേട് മണ്ഡലത്തിലായിരുന്നു ചില ഭാഗങ്ങൾ ചേർന്നാണ് ഇടുക്കി മണ്ഡലം രൂപീകൃതമായത്. ആദ്യ തെരഞ്ഞെടുപ്പിൽ അന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായിരുന്ന സി എം സ്റ്റീഫൻ ഇടുക്കിയിൽ നിന്നും വിജയിച്ചു. ആ ലോക്‌സഭയുടെ കാലാവധിയിൽ സ്റ്റീഫൻ ലോക്സഭയിൽ പ്രതിപക്ഷ നേതാവായി. അങ്ങനെ ഇന്ത്യൻ പാ ർലമെന്റിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായിരുന്ന ആദ്യമലയാളിയെ തെരഞ്ഞെടുത്ത മണ്ഡലം എന്ന ഖ്യാതി ഇടുക്കിക്ക് സ്വന്തമായി. 1980-ൽ എം എം ലോറൻസ് ഇടുക്കിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
undefined
1984-ലാണ് ഇടുക്കി സീറ്റ് വാർത്താ പ്രാധാന്യം നേടുന്നത്. യുഡിഎഫിലെ ഘടക കക്ഷികളായിരുന്ന കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗവും മാണി വിഭാഗവും തങ്ങൾക്ക് നിലവിലുള്ള ഓരോ സീറ്റിനൊപ്പം ഇടുക്കി സീറ്റും വേണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ്സ് ഇരുവരുടെയും ആവശ്യം നിഷ്കരുണം തള്ളി. പിന്നീട് നടന്നത് അത്ഭുതകരമായ സംഭവ പരമ്പരകളായിരുന്നു. അന്നുവരെ കീരിയും പാമ്പുമായി കഴിഞ്ഞിരുന്ന മാണിയും ജോസഫും പെട്ടെന്ന് ഒന്നാകാൻ തീരുമാനിച്ചു. അവർ ഒത്തുചേർന്ന് മൂന്നാം സീറ്റ് എന്ന ആവശ്യം ഉന്നയിച്ചു.സമ്മർദ്ദം ശക്തമായതോടെ കോൺഗ്രസ്സിന് വഴങ്ങേണ്ടി വന്നു. പക്ഷേ , കോട്ടയത്തിനും മൂവാറ്റുപുഴയ്ക്കും പുറമെ ഇടുക്കി സീറ്റുകൂടി വിട്ടുനൽകിയാൽ മധ്യതിരുവിതാംകൂർ കേരളാ കോൺഗ്രസ്സുകാർക്ക് തീറെഴുതേണ്ടി വരുമെന്ന ബോധ്യം വന്ന കോൺഗ്രസ്സ്, പകരം മുകുന്ദപുരം സീറ്റ് കേരളാ കോൺഗ്രസ്സിന് നൽകി. എങ്കിലും വർഷങ്ങളോളം പിണങ്ങിക്കഴിഞ്ഞിരുന്ന കേരളാ കോൺഗ്രസ്സുകളെ ഒന്നാക്കി മാറ്റിയ സീറ്റെന്ന പ്രത്യേകത അങ്ങനെ ഇടുക്കിക്ക് ലഭിച്ചു.
പിന്നീട് കുറേനാൾ കോൺഗ്രസ്സിലെ ദേശാടനപ്പക്ഷികളെ കുടിയിരുത്താനുള്ള സ്ഥലമായിരുന്നു ഇടുക്കി.
ഒരു പാർലമെന്റ് സീറ്റിനുവേണ്ടി ഒന്നായ കേരളാ കോൺഗ്രസ്സ് 1987ലെ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി അസംബ്ലി സീറ്റിലെ സ്ഥാനാർഥി ആരാവണമെന്ന തർക്കത്തെത്തുടർന്ന് വീണ്ടും പിളർന്നു. 1989ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടുക്കി വീണ്ടും വാർത്തകളിൽ നിറഞ്ഞു. ജോസഫ് ഗ്രൂപ്പിന് വേണ്ടി കോൺഗ്രസ്സ് നീക്കി വെച്ചത് ഇടുക്കി സീറ്റാണ്. പക്ഷേ, മൂവാറ്റുപുഴ സീറ്റിനുവേണ്ടി ജോസഫ് വാശിപിടിച്ചു. കിട്ടാതെ വന്നപ്പോൾ മുന്നണി വിട്ട്, ഒറ്റയ്ക്ക് മത്സരിച്ച് മൂന്നാം സ്ഥാനം കയ്യടക്കി. പാലാ K M മാത്യുവിന് ഓർക്കാപ്പുറത്ത് എംപിയാവാൻ അവസരം ലഭിച്ചു. പിന്നീട് കുറേനാൾ കോൺഗ്രസ്സിലെ ദേശാടനപ്പക്ഷികളെ കുടിയിരുത്താനുള്ള സ്ഥലമായിരുന്നു ഇടുക്കി. 1984ൽ ഇടുക്കിയിൽ നിന്നും റിക്കാർഡ് ഭൂരിപക്ഷത്തിനു ജയിച്ച പി ജെ കുര്യൻ 99ൽ സൂര്യനെല്ലി ആഘാതം ഭയന്ന് മാവേലിക്കരയിൽ നിന്ന് ഇടുക്കിയിലെത്തി. കുര്യന്റെ ലോക്സഭാവാസത്തിന് ഇടുക്കി തന്നെ അന്ത്യം കുറിച്ചു.
പക്ഷേ , ജോസ് കെ മാണിയേക്കാൾ സീനിയറായ ഒരാൾ കേരളാ കോൺഗ്രസ്സിൽ നിന്നും പാർലമെന്ററിൽ എത്തുന്നതിൽ താത്പര്യമില്ലാതിരുന്ന മാണി...
പിന്നീട് ഇടുക്കി സീറ്റ് വാർത്തകളിൽ നിറയുന്നത് 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്താണ്. കസ്തൂരി രംഗൻ , ഗാഡ്ഗിൽ റിപ്പോർട്ടുകളെ അനുകൂലിച്ചു എന്നതിന്റെ പേരിൽ സിറ്റിംഗ് എം പി, പി ടി തോമസിനെതിരെ കത്തോലിക്കാ സഭയും സിപിഎമും സംയുക്തമായി പ്രചാരണം അഴിച്ചു വിട്ടു. ഇതിനിടയിൽ വീണ്ടും ഒന്നായിക്കഴിഞ്ഞിരുന്ന കേരളാ കോൺഗ്രസ്സ് രണ്ടാം സീറ്റായി ഇടുക്കി ആവശ്യപ്പെടണമെന്ന വാദം പാർട്ടിക്കുള്ളിൽ ഉയർന്നുവന്നു. ഫ്രാൻസിസ് ജോർജ്ജിനെ സ്ഥാനാർത്ഥിയാക്കാൻ വേണ്ടി പ്രധാനമായും ജോസഫ് ഗ്രൂപ്പാണ് ഈ ആവശ്യം ഉന്നയിച്ചത്. പക്ഷേ , ജോസ് കെ മാണിയേക്കാൾ സീനിയറായ ഒരാൾ കേരളാ കോൺഗ്രസ്സിൽ നിന്നും പാർലമെന്ററിൽ എത്തുന്നതിൽ താത്പര്യമില്ലാതിരുന്ന മാണി ഇടുക്കി സീറ്റിനുവേണ്ടി യുഡിഎഫിൽ ശക്തമായി വാദിച്ചില്ല. ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കേരളാ കോൺഗ്രസ്സ് വിടുന്നതിലേക്കാണ് ഇത് നയിച്ചത്.
പാർലമെന്റ് തെരഞ്ഞെടുപ്പ് വീണ്ടുമെത്തുമ്പോൾ ഇടുക്കി സീറ്റ് പിന്നെയും വാർത്തകളിൽ നിറയുകയാണ്. കേരളാ കോൺഗ്രസ്സ് ഇടുക്കി സീറ്റിനായി ശക്തമായി ആവശ്യപ്പെടണമെന്ന് ജോസഫ് ഗ്രൂപ്പ് സമ്മർദ്ദം ചെലുത്തുന്നു. ഒരു സീറ്റേ കോൺഗ്രസ്സ് നല്കുന്നുള്ളുവെങ്കിൽ അത് ഇടുക്കിയായിരിക്കണമെന്ന നിലപാടാണ് അവരുടേത്.പി ജെ ജോസഫിന് മത്സരിക്കാൻ വേണ്ടിയാണ് സീറ്റ് ആവശ്യപ്പെടുന്നത്. കോൺഗ്രസ്സ് നേതൃത്വത്തിൽ ഉണ്ടായേക്കാവുന്ന കേന്ദ്രമന്ത്രിസഭയിൽ ഒരു സ്ഥാനമാണ് ജോസഫ് സ്വപ്നം കാണുന്നത്.അതേ ആഗ്രഹമുള്ള ജോസ് കെ മാണി ജോസഫിന്റെ സ്ഥാനാർത്ഥിത്വം അനുവദിക്കില്ല എന്ന നിർബന്ധത്തിലാണ്. ജോസഫ് ഒരു വിട്ടുവീഴ്ചയുമില്ല എന്ന നിലപാടിലുമാണ്. പാർട്ടിയാവട്ടെ ഒരു പൊട്ടിത്തെറിയുടെ വക്കിലും. ഒരിക്കൽ ഇടുക്കി സീറ്റിനുവേണ്ടി ഒന്നായ പാർട്ടി മുപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷം അതേ സീറ്റിനു വേണ്ടി പിളരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.