2,16,510 വ്യാജവോട്ടര്‍മാർ; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്ന് ചെന്നിത്തല

By Web Team  |  First Published Mar 19, 2021, 7:07 PM IST

51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന്  നല്‍കിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി ഉയര്‍ന്നു. 


തിരുവനന്തപുരം: സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച  വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു. 51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന്  നല്‍കിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ എണ്ണം 2,16,510 ആയി ഉയര്‍ന്നു. 

മറ്റു മണ്ഡലങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള യു.ഡി.എഫ് പ്രവര്‍ത്തകരുടെ ശ്രമം തുടരുകയാണ്.  ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വ്യാജ വോട്ടര്‍മാരുടെ വിവരം ഇങ്ങനെ : പൊന്നാനി (5589), കുറ്റ്യാടി (5478),  നിലമ്പൂര്‍ (5085), തിരുവനന്തപുരം സെന്‍ട്രല്‍ (4871), വടക്കാഞ്ചേരി (4862), നാദാപുരം (4830) തൃപ്പൂണിത്തുറ (4310), വണ്ടൂര്‍ (4104), വട്ടിയൂര്‍ക്കാവ് (4029), ഒല്ലൂര്‍ (3940), ബേപ്പൂര്‍ (3858) തൃക്കാക്കര (3835) പേരാമ്പ്ര (3834), പാലക്കാട് (3750), നാട്ടിക (3743), ബാലുശ്ശേരി (3708), നേമം (3692), കുന്ദമംഗലം (3661), കായംകുളം (3504), ആലുവ (3258), മണലൂര്‍ (3212), അങ്കമാലി (3161), തൃത്താല (3005), കോവളം (2995), എലത്തൂര്‍ (2942), മലമ്പുഴ (2909) മുവാറ്റുപുഴ (2825), ഗുരുവായൂര്‍ (2825), കാട്ടാക്കട (2806), തൃശ്ശൂര്‍ ടൗണ്‍ (2725), പാറശ്ശാല (2710), പുതുകാട് (2678), കോഴിക്കോട് നോര്‍ത്ത് (2655), അരുവിക്കര (2632), അരൂര്‍ (2573), കൊച്ചി (2531), കൈപ്പമംഗലം (2509), കുട്ടനാട് (2485), കളമശ്ശേരി (2375), ചിറ്റൂര്‍ (2368), ഇരിങ്ങാലക്കുട (2354), ഒറ്റപ്പാലം (2294), കോഴിക്കോട് സൗത്ത് (2291), എറണാകുളം ടൗണ്‍ (2238), മണാര്‍ക്കാട് (2218), ആലപ്പുഴ (2214), നെടുമങ്ങാട് (2208), ചെങ്ങന്നൂര്‍ (2202), കുന്നത്തുനാട് (2131), പറവൂര്‍ (2054), വര്‍ക്കല (2005).

Latest Videos

undefined

അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുട നീളം വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  ഓരോ മണ്ഡലത്തിലെയും യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടര്‍മാരുടെ എണ്ണം. യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടര്‍മാരെ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. 

ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. ഇത്തരത്തില്‍ തങ്ങളുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ള വിവരം  പലപ്പോഴും യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാര്‍ത്ഥ വോട്ടറുടെ കയ്യില്‍ ഒരു തിരച്ചറിയല്‍ കാര്‍ഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാര്‍ഡുകള്‍ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവര്‍ക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും.

സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് ഈ വ്യാജവോട്ട് നിര്‍മ്മാണം നടന്നിരിക്കുന്നത്. സംസ്ഥാന തലത്തില്‍ ഗൂഢാലോചനയും സംഘടിതമായ പ്രവര്‍ത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

click me!