പല വ്യവസായ സ്ഥാപനങ്ങളും ഇപ്പോൾ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ പരസ്യം ചെയ്യുന്നതിന് ആവശ്യമായ പുരുഷ മോഡലുകളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ്.
അടിവസ്ത്രങ്ങളുടെ പരസ്യം മോഡലായി അഭിനയിക്കുന്നതിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി ചൈന. ഇതിനെ തുടർന്ന് ചൈനീസ് ലൈവ് സ്ട്രീം ഫാഷൻ കമ്പനികൾ അവരുടെ വീഡിയോകളിൽ പുരുഷ മോഡലുകളെ ഉൾപ്പെടുത്തിക്കൊണ്ട് പരസ്യങ്ങൾ ചിത്രീകരിച്ച് പ്രദർശിപ്പിക്കാൻ ആരംഭിച്ചു. പുരുഷ മോഡലുകൾ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചു വരുന്ന വീഡിയോകളുടെ ലൈവ് സ്ട്രീമിംഗ് പരസ്യ കമ്പനികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
സ്ത്രീകളെ ഉപയോഗിച്ച് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ ഓൺലൈൻ വഴി പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കമ്പനികളെ നിയമലംഘനം ആരോപിച്ച് അടച്ചു പൂട്ടിയ ചരിത്രമാണ് ചൈനക്കുള്ളത്. അതുകൊണ്ടുതന്നെ സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളെ മോഡലുകൾ ആക്കാൻ കമ്പനികൾ ഒരുക്കമല്ല എന്ന് വേണം അനുമാനിക്കാൻ.
ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സു എന്ന വസ്ത്ര വ്യാപാരി പറയുന്നത് കസ്റ്റമേഴ്സ് തങ്ങളോട് ക്ഷമിക്കണമെന്നും പരസ്യ ചിത്രങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്താൻ തങ്ങൾക്ക് യാതൊരു നിർവാഹവും ഇല്ല എന്നുമാണ്. പുരുഷ മോഡലുകളിലൂടെ മാത്രമേ ഇപ്പോൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഇയാൾ പറയുന്നു.
പല വ്യവസായ സ്ഥാപനങ്ങളും ഇപ്പോൾ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ പരസ്യം ചെയ്യുന്നതിന് ആവശ്യമായ പുരുഷ മോഡലുകളെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ്. ഒരു ഇ-കൊമേഴ്സ് സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് 2023 -ൽ 700 ബില്യൺ ഡോളർ (57 ലക്ഷം കോടി രൂപ) ചൈനയുടെ ലൈവ് സ്ട്രീം ഷോപ്പിങ് രംഗം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തിന്റെ ഇ-കൊമേഴ്സ് മേഖലയുടെ പത്ത് ശതമാനം അടിവസ്ത്രവ്യവസായത്തിന്റെ സംഭാവനയാണ്.
പുരുഷന്മാർ മോഡൽ ആയുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ പരസ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. സർക്കാരിന്റെ നടപടി അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ ആണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത്.