ഞാന്‍ 20 വയസ്സിനു ശേഷമേ വിവാഹിതയാവൂ. ഞാന്‍ തുന്നല്‍ പഠിക്കും. അതുകഴിഞ്ഞ് മാര്‍ക്കറ്റില്‍ വലിയൊരു ടൈലറിംഗ് ഷോപ്പ് തുടങ്ങും.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 18 വയസ്സില്‍ താഴെയുള്ള 12 മില്ല്യണ്‍ പെണ്‍കുട്ടികളെങ്കിലും വിവാഹിതരാവുന്നുണ്ട്. 30 -യുവാക്കളില്‍ ഒന്ന് എന്ന കണക്കില്‍ പുരുഷന്മാര്‍ ബാല്യത്തില്‍ തന്നെ വിവാഹിതരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനപദ്ധതിയുടെ ഭാഗമായി 2030 ആകുന്നതോടെ ബാലവിവാഹങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഈ ശ്രമങ്ങള്‍ വളരെ മെല്ലെ മാത്രമേ നടക്കുന്നുള്ളൂ. നിലവിലെ മഹാമാരിയും അതേത്തുടര്‍ന്നുണ്ടായ സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികളും സ്‍കൂളുകള്‍ അടച്ചുപൂട്ടിയതുമെല്ലാം അത്തരം പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയാണ്. പദ്ധതിക്ക് തടസം വന്നാല്‍ അടുത്ത പതിറ്റാണ്ടിനുള്ളില്‍ 13 മില്ല്യണ്‍ പേരെങ്കിലും പ്രായപൂര്‍ത്തിയാവും മുമ്പേ വിവാഹിതരാവേണ്ട അവസ്ഥയിലെത്തിച്ചേരും. എങ്കിലും ചില പെണ്‍കുട്ടികളും സ്ത്രീകളും ബാലവിവാഹത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെയുള്ള അഞ്ചുപേരാണിവര്‍. വിവരങ്ങള്‍ക്ക് കടപ്പാട്: ദ ഗാര്‍ഡിയന്‍.
റൂബി (16), നേപ്പാള്‍
undefined
റൂബിക്ക് 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഒരാള്‍ വന്ന് അവളുടെ വീട്ടുകാരോട് അവരുടെ മകളെ വിവാഹം ചെയ്‍തയക്കുമോ എന്ന് ചോദിക്കുന്നത്. നേപ്പാളില്‍ 40 ശതമാനം പെണ്‍കുട്ടികളും 18 വയസ്സെത്തും മുമ്പ് വിവാഹിതരാവുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഭൂരിഭാഗം വിവാഹങ്ങളും വീട്ടുകാര്‍ തന്നെ ആലോചിച്ചുറപ്പിച്ച് നടത്തുന്നതാണ്. എന്നാല്‍, നേപ്പാളില്‍ 20 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കരുത് എന്ന് റൂബിക്ക് അറിയാമായിരുന്നു. പെണ്‍കുട്ടികളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്ന ജാനകി വിമണ്‍സ് അവെയര്‍നെസ്സ് സൊസൈറ്റി -യുടെ കൂടി സഹായത്തോടെ അവള്‍ വീട്ടുകാരെ തന്‍റെ വിവാഹതീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചു.
'ഞാന്‍ 20 വയസ്സിനു ശേഷമേ വിവാഹിതയാവൂ. ഞാന്‍ തുന്നല്‍ പഠിക്കും. അതുകഴിഞ്ഞ് മാര്‍ക്കറ്റില്‍ വലിയൊരു ടൈലറിംഗ് ഷോപ്പ് തുടങ്ങും. വസ്ത്രങ്ങള്‍ തുന്നി സ്വന്തമായി കാശുണ്ടാക്കും. ലെഹങ്ക, സ്യൂട്ട്‍സ്, ഡ്രസ്, ഷര്‍ട്ട് ഇവയെല്ലാം ഞാന്‍ തുന്നും. മുത്തുകള്‍ പതിപ്പിച്ച, നല്ല എംബ്രോയിഡറി വര്‍ക്കുകളൊക്കെയുള്ള വസ്ത്രങ്ങള്‍ എനിക്കിഷ്‍ടമാണ്' -റൂബി പറയുന്നു.
റൂബി അവളുടെ സുഹൃത്തുക്കളെയും ഇതേകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നുണ്ട്. 'ഞാനെന്‍റെ സുഹൃത്തുക്കളോട് പഠിക്കാന്‍ പറയാറുണ്ട്. എന്തെങ്കിലും കഴിവുണ്ടാക്കിയെടുക്കണം, സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്‍തയാക്കുന്ന എന്തെങ്കിലും ചെയ്യണം. ഈ പ്രായത്തില്‍ വിവാഹിതരായാല്‍, കുട്ടികളുണ്ടായാല്‍ പിന്നീടുള്ള ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും' എന്നും റൂബി പറയുന്നു.
സൂസി (19), ഇന്തോനേഷ്യ
ഓരോ വീടിന്‍റെയും വാതിലില്‍ മുട്ടിവിളിച്ച് ഒരു നിവേദനം ഒപ്പിടാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് സൂസി ബാലവിവാഹത്തിന് എതിരെയുള്ള തന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ, പിന്നീട് കുറച്ചുകൂടി വലുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോള്‍ അവളും കൂട്ടരും കാമ്പയിനുമായി തെരുവിലേക്കിറങ്ങി. എന്തുകൊണ്ട് ബാലവിവാഹം നിര്‍ത്തലമാക്കണമെന്ന് വിശദീകരിച്ചുകൊണ്ട് ഒരു ബാനറുമായി ഗ്രാമങ്ങളിലൂടെ അവര്‍ പ്രകടനം നടത്തി.
ബാലവിവാഹത്തിന് ഒരറുതി വരുത്തണമെന്ന് സൂസിക്ക് തോന്നിത്തുടങ്ങിയത് അവളുടെ സഹോദരന്‍ 15 വയസുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചപ്പോഴാണ്. ആ പെണ്‍കുട്ടി അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളുമെല്ലാം സൂസി നേരില്‍ കണ്ടറിഞ്ഞതാണ്. ലൊംബോക്കിലെ തന്‍റെ ഗ്രാമത്തില്‍ ഒരു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നടത്തുന്നുണ്ട് ഇപ്പോള്‍ സൂസി. തന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നതിനായി അവള്‍ ബാങ്കോക്കിലും ജക്കാര്‍ത്തയിലും സന്ദര്‍ശനം നടത്താറുണ്ട്.
ഇന്തോനേഷ്യയിലെ 14 ശതമാനം പെണ്‍കുട്ടികളും 18 വയസിനു മുമ്പ് വിവാഹിതരാവുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ഉള്‍പ്രദേശങ്ങളില്‍ ബാലവിവാഹങ്ങള്‍ സാധാരണമാണ്. ദാരിദ്ര്യവും സ്ത്രീ-പുരുഷ അസമത്വവുമെല്ലാം അതിന് കാരണമായിത്തീരുന്നു.
ജെനിന (23), കെനിയ
13 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ജെനിന വിവാഹിതയാവുന്നത്. നാത്തൂന്മാരുടെ കൂടെയായിരുന്നു വിവാഹശേഷം അവളുടെ ജീവിതം. പക്ഷേ, അവള്‍ ഗര്‍ഭിണിയായില്ല. അതേത്തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നുമുള്ള ഉപദ്രവം സഹിക്കവയ്യാതെ അവള്‍ അവിടെനിന്നും ഓടിപ്പോയി. ഇപ്പോള്‍ അവള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹജീവിതത്തിലെ അവളുടെ ദുരിതങ്ങള്‍ കണ്ടതോടെ അച്ഛനും അമ്മയും അവള്‍ക്കൊപ്പം നിന്നുതുടങ്ങി.
അന്ന് ഇപ്പോള്‍ വിവാഹം വേണ്ടെന്നും തനിക്ക് പഠിക്കണമെന്നും പറയാനുള്ള ധൈര്യമോ ആര്‍ജ്ജവമോ ബോധമോ ജെനിനയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍, അന്ന് അങ്ങനെ പറഞ്ഞിരുന്നുവെങ്കില്‍ എന്ന തോന്നല്‍ എപ്പോഴും അവളിലുണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ തന്‍റെ ഗതി മറ്റ് കുട്ടികള്‍ക്കുണ്ടാവാതിരിക്കാന്‍ അവര്‍ക്ക് അവള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗസല്‍ (18) ലെബനന്‍
പതിമൂന്നാമത്തെ വയസിലാണ് ഗസലിന്‍റെ വിവാഹം കഴിയുന്നത്. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോള്‍ കുട്ടിയായ ഗസലിന്‍റെ മനസില്‍ ആദ്യം ഓടിയെത്തിയത്, വിവാഹത്തിന് വെള്ള വസ്ത്രമൊക്കെ ധരിക്കാം, തനിക്ക് നല്ലൊരു വീടുണ്ടാവും, കുട്ടികളൊക്കെ ഉണ്ടാവും, സിറിയയില്‍ താന്‍ സ്വപ്‍നം കണ്ടതുപോലെ ഒരു വീട് തനിക്കുണ്ടാവും എന്നൊക്കെയാണ്. അവളെ വിവാഹം ചെയ്‍തയാള്‍ക്ക് പ്രായം 19 വയസായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗസലിന്‍റെ പിതാവ് സിറിയയില്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ആഴ്‍ചകള്‍ക്ക് ശേഷം അവരുടെ മാതാവ് അവളെയും മൂന്ന് സഹോദരിമാരെയും കൊണ്ട് ലെബനന്‍ അതിര്‍ത്തി കടന്നു. അവളുടെ വിവാഹം ഉറപ്പിച്ചശേഷം മാത്രമാണ് അവള്‍ തന്‍റെ ഭാവിവരനെ കണ്ടത്. വിവാഹത്തിന് മൂന്നുമാസങ്ങള്‍ക്ക് ശേഷം അവള്‍ ഗര്‍ഭിണിയായി. മൂത്ത കുട്ടിക്ക് വെറും രണ്ട് മാസം പ്രായമായപ്പോഴേക്കും അവള്‍ അടുത്ത കുട്ടിയേയും ഗര്‍ഭം ധരിച്ചിരുന്നു. അവളുടെ ഇളയ മകന് ഇപ്പോള്‍ മൂന്ന് വയസ്സായി. ഇപ്പോഴും ഭര്‍ത്താവിനൊപ്പം തന്നെയാണ് അവള്‍ കഴിയുന്നത്. ലെബനനിലെ ഇന്‍റര്‍നാഷണല്‍ റെസ്ക്യൂ കമ്മിറ്റിയില്‍ നിന്നും പ്രസവശേഷമുള്ള ആരോഗ്യം, വീട്ടിലെ തീരുമാനമെടുക്കലില്‍ പങ്കാളിയാവല്‍, ആരോഗ്യകരമായ ബന്ധം സൂക്ഷിക്കല്‍ എന്നിവയെല്ലാം അവള്‍ മനസിലാക്കിയിട്ടുണ്ട്.
ഒരുപാട് പ്രയാസങ്ങളെ തങ്ങള്‍ക്ക് തരണം ചെയ്യാനുണ്ട് എന്ന് ഗസല്‍ പറയുന്നു. അവര്‍ക്ക് കൃത്യമായി നില്‍ക്കാനൊരിടമോ സ്ഥിരതയോ ഇല്ല. സിറിയയിലേക്ക് പോയാല്‍ തന്‍റെ ഭര്‍ത്താവിനെ നഷ്‍ടപ്പെടും എന്ന ഭയമുണ്ട് ഗസലിന്. ഇപ്പോള്‍ തന്‍റെ സഹോദരിയെ എന്തായാലും ഇത്രയും ചെറിയ പ്രായത്തില്‍ വിവാഹിതയാവാന്‍ സമ്മതിക്കില്ല എന്ന തീരുമാനമെടുത്തിരിക്കുകയാണ് ഗസല്‍. തന്‍റെ മകളെയും അങ്ങനെയൊരു വിവാഹത്തിലേക്ക് തള്ളിവിടില്ലായെന്നും ഗസല്‍ പറയുന്നു.
യെലിന (20) മാലാവി
പതിനേഴാമത്തെ വയസ്സിലാണ് യെലിനയുടെ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിരുന്നു അവള്‍. അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം സെന്‍ട്രല്‍ മലാവിയിലെ ഒരു അഭയാര്‍ത്ഥിക്യാംപിലാണ് അവള്‍ കഴിഞ്ഞിരുന്നത്. അച്ഛനുമായി പിരിഞ്ഞതിനെ തുടര്‍ന്ന് വളരെ കുഞ്ഞായിരിക്കുമ്പോഴേ യെലിനയെ അമ്മ ഉപേക്ഷിച്ചതാണ്.
എന്നാല്‍, അച്ഛനും രണ്ടാനമ്മയ്ക്കും ഒപ്പമുള്ള ജീവിതവും അവള്‍ക്ക് എളുപ്പമായിരുന്നില്ല. 'എന്‍റെ രണ്ടാനമ്മയ്ക്ക് ഞാനവരുടെയൊപ്പം കഴിയുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അവരെന്നെ പരിഗണിച്ചിരുന്നില്ല. അതില്‍ നിന്നും ഒരു രക്ഷയാകും വിവാഹം എന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്‍റെ മുന്നില്‍ അപ്പോള്‍ ആ ഒറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ.' -യെലിന പറയുന്നു.
എന്നാല്‍, അഭയാര്‍ത്ഥിസ്ത്രീകളുടെ സാമൂഹികക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനെ കുറിച്ച് യെലിന കേട്ടു. അതവള്‍ക്ക് പുതിയൊരു വഴി തുറന്നുകൊടുത്തു. അവള്‍ അവിടെ ഒരു ഹെയര്‍ഡ്രെസിംഗ് കോഴ്‍സ് തെരഞ്ഞെടുത്തു. ക്യാമ്പില്‍ ഓര്‍ഗനൈസേഷന്‍ തന്നെ നടത്തുന്ന ഒരു കുഞ്ഞ് സലൂണില്‍ അവളിപ്പോള്‍ ജോലി ചെയ്യുന്നു. ആ ജോലിയില്‍ നിന്നും കിട്ടുന്ന തുക അവള്‍ അവളുടെയും കുടുംബത്തിന്‍റെയും ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അത് കുടുംബവുമായുള്ള അവളുടെ ബന്ധം മെച്ചപ്പെടുത്തുകയും അവള്‍ക്ക് മറ്റൊരു വഴി തെളിക്കുകയും ചെയ്‍തു. 'ഇപ്പോള്‍ ആരെങ്കിലും ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അവരോട് ഞാന്‍ പറയാറ്, എന്തെങ്കിലും പഠിക്കണം വിവാഹം കഴിക്കുന്നതിന് പകരമായി എന്നാണ്' യെലിന പറയുന്നു.
(പേരുകള്‍ സാങ്കല്‍പികം. ചിത്രം പ്രതീകാത്മകം)