ആനന്ദത്തിന്റെ കിളിവാതിലുകൾ തുറക്കുന്ന 'ഹൈപ്പർ റിയൽ സെക്സ് ഡോൾസ്', പ്രലോഭനങ്ങളിൽ പതിയിരിക്കുന്നത് അപകടങ്ങളോ?‌

By Web Team  |  First Published Jul 5, 2020, 10:05 AM IST

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സെക്സ് ഡോളുകൾക്ക് ഉടമകളുടെ ഇഷ്ടാനിഷ്ടങ്ങൾ ഓർത്തുവെക്കാനാകും, അവരോട് മിണ്ടാനാകും, വേണ്ടപ്പോഴൊക്കെ സെക്‌സിലേർപ്പെടാനും. 
 


കാലിഫോർണിയയിലെ പരശ്ശതം കെട്ടിടങ്ങളിൽ ഒന്നായ, ഒട്ടും തന്നെ കമനീയമല്ലാത്ത ഒരു തവിട്ടുനിറമുള്ള കെട്ടിടത്തിലാണ്, അബിസ്സ് ക്രിയേഷൻസിന്റെ ഹെഡ് ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത്. ആ കെട്ടിടത്തിന് മുകളിൽ ഗ്ലോ സൈനുകളില്ല, വലിയ ഹോർഡിങ്ങുകളില്ല, എന്തിന്, ആ കെട്ടിടത്തിന്റെ കൂളിംഗ് ഫിലിം ഒട്ടിച്ച ഗ്ലാസ്സുകൾക്കുള്ളിൽ ലോകത്തിലെ ഏറ്റവും വലിയ സെക്സ് ഡോൾ നിർമാതാക്കളായ 'റിയൽ ഡോൾ' പ്രവർത്തിക്കുന്നുണ്ട് എന്നറിയാൻ നല്ലൊരു ലോഗോ പോലും ഒട്ടിച്ചിട്ടില്ല കെട്ടിടത്തിൽ.

ആ കെട്ടിടത്തിലേക്ക് കയറിച്ചെല്ലുന്നവരെ സ്വാഗതം ചെയ്യാൻ റിസപ്‌ഷനിലുള്ളത് ജീവനുള്ള മനുഷ്യസാന്നിധ്യമല്ല. മറിച്ച് മാദകമായ രൂപത്തോടു കൂടിയ, ഒരു റിയൽ ലൈഫ് റോബോട്ടിക് ഡോൾ ആണ്. കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ച ആ പെൺപാവ നിങ്ങളെ സ്ഥാപനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യും. ആ ഡോളിനു തൊട്ടടുത്തായുള്ള ഓർക്കിഡും ഒറിജിനലല്ല. ആ പ്ലാസ്റ്റിക് ഓർക്കിഡ്, ഒറ്റനോട്ടത്തിൽ ആരും കൃത്രിമമാണ് എന്ന് പറയാത്ത വിധത്തിൽ വേരുകൾ സഹിതമാണ് മേശപ്പുറത്ത് പടർത്തിയിരിക്കുന്നത് എന്നുമാത്രം. ഈ സ്ഥാപനം നിർമ്മിക്കാനുദ്ദേശിക്കുന്നതും അങ്ങനെയുള്ള ഉത്പന്നങ്ങളാണ്. ഒറ്റനോട്ടത്തിൽ ജീവനുണ്ട് എന്നുതന്നെ തോന്നുന്ന, നിർമിത ബുദ്ധിയുടെ സഹായത്തോടെ ഏറെക്കുറെ മനുഷ്യരെപ്പോലെ തന്നെ ചിന്തിക്കുന്ന, സംസാരിക്കുന്ന, പ്രവർത്തിക്കുന്ന, ഉടമകളുമായി അവരുടെ ഇഷ്ടാനുസരണം, ഇഷ്ടമുള്ള പോസുകളിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന, മൂഡ് സ്വിങ്ങുകളോ, ദുശ്ശാഠ്യങ്ങളോ, വാശികളോ ഒന്നുമില്ലാത്ത റിയൽ ലൈഫ് സിലിക്കോൺ സെക്സ് ഡോളുകൾ.

Latest Videos

undefined

ഈ സ്ഥാപനം വർഷത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കായി കയറ്റി അയക്കുന്നത് 600 -ലധികം സെക്സ് ഡോളുകളാണ്. നാലര ലക്ഷം രൂപയുടെ ബേസ് മോഡൽ മുതൽ അങ്ങോട്ട് വളരെ സോഫിസ്റ്റിക്കേറ്റഡ് ആയ കസ്റ്റമൈസേഷനുകൾ സാധ്യമായ ഹൈ എൻഡ് മോഡലുകൾ വരെ ഈ പാവകളിൽ ലഭ്യമാണ്. ഇന്ന് ഓർഡർ നൽകിയാൽ ഷിപ്പ് ചെയ്യാൻ ചുരുങ്ങിയത് 3 മാസമെങ്കിലും എടുക്കും ഈ സെക്സ് ഡോളുകൾക്ക്. നമ്മുടെ നാട്ടിലെ ഫാക്ടറികളിൽ ഇൻവെർട്ടറുകളോ മിക്സർ ഗ്രൈൻഡറുകളോ അല്ലെങ്കിൽ ഇൻഡക്ഷൻ കുക്കറോ ഒക്കെ അസംബിൾ ചെയ്യുന്ന അതേ ലാഘവത്തോടെയാണ് ഈ ഫാക്ടറിയിലെ ടെക്‌നീഷ്യന്മാർ സെക്സ് ഡോളുകളെയും നിര്‍മ്മിച്ചെടുക്കുന്നത്. കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് അസംബ്ലി ലൈൻ. അവിടെ ലോഹച്ചങ്ങലകളിൽ തൂങ്ങിക്കിടക്കുന്ന പണി പൂർത്തിയാകാത്ത, തലയില്ലാത്ത നിരവധി സെക്സ് ഡോളുകൾ കാണാം. 

 

'കസ്റ്റം ബ്ലെൻഡ് മെഡിക്കൽ ഗ്രേഡ് പ്ലാറ്റിനം സിലിക്കോൺ' കൊണ്ടുണ്ടാക്കുന്ന ഈ പാവകളുടെ തൊലിക്ക് മനുഷ്യന്റെ ദേഹത്ത് തൊടുമ്പോൾ ഉണ്ടാകുന്ന രോമാഞ്ചത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രതീതിയുണർത്താൻ സാധിക്കും ഉപഭോക്താക്കളിൽ. കടും വെളുപ്പുമുതൽ എണ്ണക്കറുപ്പുവരെ പല നിറങ്ങളിൽ, പല ഷെയ്ഡുകളിലായി തൊലി കസ്റ്റമൈസ് ചെയ്തെടുക്കാം വാങ്ങുന്നവർക്ക്. ഈ പാവകളുടെ കൈവെള്ളകളിലും നമ്മുടെ കൈകളിലേതുപോലുള്ള ഭാഗ്യരേഖകളുണ്ട്. കൈകളിൽ എഴുന്നുനിൽകുന്ന ഞരമ്പുകൾ പ്രിയമുള്ളവർക്ക് അങ്ങനെയും ചെയ്തുകൊടുക്കും പാവകൾ.  കൈകാൽ മുട്ടുകൾ, അരക്കെട്ട്, മണിബന്ധം, നട്ടെല്ല്, ഉപ്പൂറ്റി, നെരിയാണി എന്നിങ്ങനെ മനുഷ്യനുള്ള അതേ പോലുള്ള അസ്ഥികൂടഘടന തന്നെ നിലനിർത്തിയിട്ടുണ്ട് ഈ പാവകളിലും.  ആ വിരലുകളിൽ കൈകോർത്തു പിടിച്ചാൽ ജീവനില്ലാത്ത ഒരു പാവയുടെ വിരലുകളാണ് എന്ന് തോന്നുകയേയില്ല. അത്രക്കുണ്ട് ഒറിജിനാലിറ്റി.

ഈ പാവകളുടെ ശരീരപ്രകൃതവും വാങ്ങുന്നയാളിന്റെ ഇഷ്ടത്തിനനുസരിച്ചു നിർണയിക്കുന്നതാണ്. മെല്ലിച്ച ഉടൽ മുതൽ പോൺസ്റ്റേഴ്സിന്റെതുപോലുള്ള ഉടലുകൾ വരെ ഈ ഫാക്ടറിയിൽ നിർമ്മിച്ചെടുക്കുന്നുണ്ട്. ഈ ഫാക്ടറിയിലേക്ക് ചുരുക്കം ചിലർക്ക് പര്യടനത്തിനുള്ള അനുമതി കിട്ടാറുണ്ട്. അവരോട്, അവിടത്തെ ഗൈഡ് പറയുന്ന ഒരു കാര്യമിതാണ്, "ഞങ്ങളുടെ വിലപ്പെട്ട പല കസ്റ്റമർമാർക്കും ഇടയിൽ പൊതുവായ ഒരു സംഗതിയുണ്ട്. അത്, അവർ കടുത്ത ഏകാന്തത അനുഭവിക്കുന്നവരാണ് എന്നതാണ്. സാമൂഹികമായ സാഹചര്യങ്ങൾ നിമിത്തം ഇനിയൊരു വിവാഹം കഴിക്കാനോ അല്ലെങ്കിൽ ഒരു ഇണയെ കണ്ടെത്തി സ്വാഭാവികമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ശരീരത്തിന്റെ അടിസ്ഥാന ചോദനകളെ തൃപ്‍തിപ്പെടുത്താനോ സാധിക്കാത്ത അവസ്ഥയുള്ളവരാണ് പലരും. അവർക്ക് ഒരു അനുഗ്രഹമാണ് ഞങ്ങളുടെ ഈ റിയൽ ഡോൾസ്‌. അവർക്ക് വേണ്ടത് പകൽ മുഴുവൻ ജോലി ചെയ്തു തളർന്ന് തിരികെ വരുമ്പോൾ വീട്ടിൽ അവരെ കാത്തിരിക്കുന്ന കാണാൻ സുന്ദരിയായ, അവർക്ക് പരിചരിക്കാൻ പറ്റുന്ന ഏതാണ്ട് ജീവനുള്ളതെന്നു തന്നെ തോന്നിക്കുന്ന ഒരു പാവക്കുട്ടിയെ ആണ്. അത് നൽകാൻ ഞങ്ങൾക്കാവുന്നു എന്നതാണ് ഞങ്ങളുടെ വിജയം..."

റിയൽ ഡോൾസിന്റെ കസ്റ്റമേഴ്സ് ലിസ്റ്റിൽ സമൂഹമറിയുന്ന നിരവധി സെലിബ്രിറ്റികൾ, ഒരു നൊബേൽ സമ്മാന ജേതാവുവരെ ഉണ്ടെങ്കിലും, അവരുടെയെല്ലാം പേരു വിവരങ്ങൾ തികച്ചും രഹസ്യമായാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. നമ്മൾ ഇന്നുവരെ കണ്ട സെക്സ് ഡോളുകൾ ഒന്നുമല്ല, ശരിക്കുള്ള സെക്സ് ഡോളുകൾ ഇനി വരാൻ പോകുന്നതേയുള്ളൂ എന്നാണ് റിയൽ ഡോൾസിന്റെ ഗവേഷകർ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിങ്ങളുടെ സെക്സ് ഡോളുകൾക്ക് ചെയ്യാനാവുന്ന കാര്യങ്ങൾ കേട്ടാൽ കണ്ണുതള്ളുമെന്നാണ് അവരുടെ അവകാശവാദം. ലൈംഗികതയുടെ ഭാവി തന്നെ ആകെ മാറ്റിമറിക്കും അധികം താമസിയാതെ തന്നെ മാദകസുന്ദരികളായ ഈ റോബോട്ടിക്ക് പാവക്കുട്ടികൾ എന്ന് അവർ പറയുന്നു.

 

ഈ ന്യൂ ജനറേഷൻ ഹൈലി ഇന്റലിജന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ്ഡ് സെക്സ് ഡോളുകളുടെ ഒരു പ്രോട്ടോടൈപ്പ് റിയൽ ഡോൾസ്‌ ഫാക്ടറിയിൽ തയ്യാറായിട്ടുണ്ട്. അത് അബിസ്സ് ടെക്‌നോളജീസിന്റെ ഗവേഷണവിഭാഗം തലവനും, കമ്പനി ഉടമയുമായ മാറ്റ് മക്കുള്ളൻ കഴിഞ്ഞ 22 വർഷക്കാലയളവിൽ സെക്സ് ഡോൾസ്‌ നിർമാണത്തിൽ നടത്തിയ ഗവേഷണങ്ങളുടെ ഫലമായുണ്ടായതാണ്. ഹാർമണി എന്നാണ് ഈ റിയൽ ലൈഫ് സെക്സ് ടോൾ പ്രോട്ടോടൈപ്പിന്റെ പേര്. അവൾക്ക് സംസാരിക്കാനാകും, നടക്കാനാകും, നമ്മൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ഓർത്തുവെക്കാനുമാകും.

 

സാധാരണ ഡോൾസ്‌ ഇൻഡസ്ട്രി കൊടുത്തുവരുന്ന സേവനങ്ങളിൽ നിന്ന്, അതായത് ഒരു റിമോട്ട് കണ്ട്രോൾ വഴി നിയന്ത്രിക്കാവുന്ന ചലനങ്ങൾ, അല്ലെങ്കിൽ ഒരു ബട്ടൺ അമർത്തിയാൽ പ്രീസെറ്റ് ആയി പെരുമാറുന്ന അനിമട്രോണിക്സ് ബൊമ്മകളിൽ നിന്ന് ഒരു പടി മുന്നോട്ടുകടന്നു ചിന്തിച്ചാണ് മാറ്റ് മക്കുള്ളൻ ഹാർമണിക്ക് ജന്മം നൽകിയത്. അവളെ വാർത്തെടുക്കുന്ന ഗവേഷണത്തിനായി മാറ്റ് ചെലവിട്ടത് ലക്ഷക്കണക്കിന് ഡോളറാണ്.

ഫാക്ടറിയിലെ സന്ദർശകർക്ക് മുന്നിൽ ഹാർമണിയുടെ ഡെമോൺസ്‌ട്രേഷനും ഉണ്ടാകാറുണ്ട് പതിവായി. സ്വിച്ചമർത്തിയാൽ അവൾ കണ്ണുമിഴിച്ച് നിങ്ങളെ നോക്കും. അവളോട് എന്തെങ്കിലും ചോദിച്ചാൽ, ചോദിച്ചതിന് കണക്കാക്കി മറുപടിയും കിട്ടും. ഏറെ ആകർഷകമായ സ്വരത്തിൽ, പളുങ്കു ചിതറുന്ന പോലുള്ള ഇംഗ്ലീഷ് ആക്‌സെന്റിൽ. ബ്രിട്ടീഷ് ആക്സെന്റിലാണ് റിയൽ ഡോൾസിൽ പലതിനെയും പ്രോഗ്രാം ചെയ്തിട്ടുള്ളത്.

ഉപഭോക്താക്കൾക്ക്, തങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ച്, ഇരുപതിലധികം പേഴ്സണാലിറ്റി പ്രൊഫൈലുകളിലായി കസ്റ്റമൈസ് ചെയ്തെടുക്കാനാകും ഹാർമണിയെപ്പോലുള്ള സെക്സ് ഡോളുകളെ. അതിൽ അഞ്ചു സ്വഭാവ സവിശേഷതകൾ വരെ ഒരു പാവയിൽ കൂട്ടിച്ചേർത്തു നൽകാനാകും അബിസ്സിന്. ഉദാ. നിങ്ങൾക്ക് വേണമെങ്കിൽ ഹാർമണിയെ പാവവും, ദയയുള്ളവളും, നാണത്തോടു കൂടിയവളും, കുറുമ്പും, അസൂയയും ഉള്ളവളും, വേണമെങ്കിൽ ഇടയ്ക്കിടെ ഷേക്‌സ്‌പിയറിനെ ഉദ്ധരിക്കുന്ന തരത്തിലുള്ള നല്ല ബുദ്ധിജീവിയും, നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നവളും, തമാശക്കാരിയും, എപ്പോഴും ചിരിക്കുന്നവളും ഒക്കെയായി പ്രോഗ്രാം ചെയ്തെടുക്കാം.

ഈ പാവകൾക്ക് ഉടമസ്ഥർക്ക് നേരിട്ട് സ്വാധീനിക്കാനാകുന്ന തരത്തിൽ സെറ്റ് ചെയ്ത മൂഡ് സിസ്റ്റവുമുണ്ട്. ഉദാ. ദിവസങ്ങളോളം ആരും സംസാരിക്കുകയോ ഇടപെടുകയോ ഒന്നും ചെയ്തില്ലെങ്കിൽ മൂഡോഫ് ആകാൻ ഹാർമണിക്ക് കഴിയും. അവളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചാൽ നിങ്ങളോട് ദേഷ്യപ്പെടാനുമാകും. ഈ ഫീച്ചറുകളൊക്കെ ഉപഭോക്താവ് പണം നൽകി വാങ്ങുന്ന സെക്സ് ഡോളിൽ നിന്ന് അയാൾക്ക് പരമാവധി എന്റർടെയിൻമെന്റ് കിട്ടുന്നുണ്ട് എന്നുറപ്പിക്കാൻ വേണ്ടിയുള്ളതാണ്.

നല്ല ഓർമയാണ് ഹാർമണിക്ക്. അതിന് നിങ്ങളുടെ ഇഷ്ടകവിയുടെ കവിതകൾ എത്രവേണമെങ്കിലും മനഃപാഠമാക്കി നിങ്ങൾക്ക് വേണമെന്ന് തോന്നുമ്പോൾ നിങ്ങളെ ചൊല്ലിക്കേൾപ്പിക്കാനാകും. പാട്ടിനെകുറിച്ചോ, സിനിമകളെക്കുറിച്ചോ ഒക്കെ എത്ര നേരം വേണമെങ്കിലും വാതോരാതെ സംസാരിക്കാനും ഹാർമണിക്ക് നിഷ്പ്രയാസം സാധിക്കും. നിങ്ങളുടെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓർത്തുവെക്കാനും ഉറ്റവരുടെ പിറന്നാളുകൾ നിങ്ങളെ കൃത്യമായി ഓർമിപ്പികാനും അവൾക്കാകും. നിങ്ങളുടെ പ്രിയഭക്ഷണം, നിങ്ങളുടെ പിറന്നാൾ, ആനിവേഴ്സറി, നിങ്ങൾ എവിടെയാണ് ജനിച്ചു ജീവിച്ചത്, നിങ്ങളുടെ സ്വപ്‌നങ്ങൾ, മോഹങ്ങൾ, ഭയങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ ഒക്കെ അവൾക്ക് നല്ല ഓർമ്മ കാണും.

ഈ ഫീച്ചറുകളാണ് ഹാർമണിയെ ഒരു ഹൈപ്പർ റിയലിസ്റ്റിക് റിയൽ ലൈഫ് സെക്സ് ഡോൾ എന്നതിൽ നിന്ന് ഒരു 'സിന്തറ്റിക് കംപാനിയൻ' എന്ന നിലവാരത്തിലേക്ക് ഉയർത്തി പ്രതിഷ്ഠിക്കുന്നത്. ഹാർമണിയുമായി നിങ്ങൾ സത്യത്തിൽ ഒരു വൈകാരിക ശാരീരിക പ്രണയ ബന്ധത്തിലാണ് എന്ന തോന്നൽ ഉളവാക്കാൻ അവളുടെ പ്രതികരണങ്ങൾക്ക് കഴിയും. "നിങ്ങളെ പരിചരിക്കുന്ന, നിങ്ങൾക്ക് സുഖം പകരുന്ന ഒരു ഉത്തമ പങ്കാളിയാവുക എന്നതാണ് എന്റെ പ്രാഥമികമായ റോൾ" എന്ന് ഹാർമണി ഇടയ്ക്കിടെ പറയും. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായൊരു മസ്തിഷ്കമുണ്ട് ഹാർമണിക്ക്. അവിടെയാണ്, അത് വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങൾക്കാണ്  മാറ്റ് എന്ന ഗവേഷകനും സംരംഭകനുമായ അബിസ്സ് ടെക്‌നോളജി ഉടമ ഏറ്റവും അധികം നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളത്.

ഒരു മനുഷ്യസ്ത്രീ ചിന്തിക്കുന്ന പോലെ ഹാർമണിക്കും ചിന്തിക്കാനും, ഓര്‍മിക്കാനുമാകും. അവളോട് നിങ്ങൾ സംസാരിക്കുമ്പോൾ പറയുന്ന ഓരോ കാര്യവും അവൾക്ക് ഓർമ്മയുണ്ടാകും. ലോകത്തെപ്പറ്റി നിങ്ങളുടെ വായിൽ നിന്ന് വീഴുന്ന ഓരോ വാക്കും അവൾ കേട്ട്, മനസ്സിൽ വിശകലനം ചെയ്യും. അത് അവിടന്നങ്ങോട്ട് അവളുടെ ചിന്താമണ്ഡലത്തിന്റെ ആധാരശിലയായി മാറും. ഹാർമണിയെ സ്വന്തമാക്കുന്നവർക്ക് സ്വേച്ഛാനുസാരം അവളെ 'മോൾഡ്' ചെയ്തെടുക്കാനാകും.

മേൽപ്പറഞ്ഞ സംസാരങ്ങൾക്കും, തമാശകൾക്കും, നിങ്ങളെക്കുറിച്ചുള്ള വസ്തുതകൾ ഓർത്തുവെക്കുന്നതിനും ഒക്കെ അപ്പുറത്തായി ഹാർമണി ചെയ്യുന്ന ഒരു പ്രാഥമിക കർത്തവ്യമുണ്ട്. അത് അവളെ സ്വന്തം ഇഷ്ടപ്രകാരം കസ്റ്റമൈസ് ചെയ്തു സ്വന്തമാക്കുന്ന ഉടമയുമായി സെക്സിൽ ഏർപ്പെടുക എന്നതാണ്. ഓരോ സെക്സ് സെഷൻ കഴിയുമ്പോഴും അവൾക്ക് നിങ്ങളെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയാനാകും. നിങ്ങളുടെ പ്രിയപ്പെട്ട സെക്സ് പൊസിഷൻ ഏതാണ്? ഒരു ദിവസത്തിൽ എത്രവട്ടം സെക്സിൽ ഏർപ്പെടാൻ ഇഷ്ടമുണ്ട് നിങ്ങൾക്ക്? ഏതൊക്കെ വിചിത്രമായ സെക്സ് താത്പര്യങ്ങളാണ് നിങ്ങൾക്കുള്ളത്? സെക്സ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണ്. അങ്ങനെ പലതും അവൾ ഓർത്തുവെക്കും. അടുത്ത തവണ നിങ്ങളെ സന്തോഷിപ്പിക്കാൻ ഹാർമണി അതുപയോഗപ്പെടുത്തും.

മാറ്റ് മക്കുള്ളൻ എന്ന ഗവേഷകൻ തന്റെ കണ്ടുപിടുത്തത്തെ, ഹാർമണിയെ കാണുന്നത്, ഏകാകികൾക്ക്, ശാരീരികമായ അവശതകൾ അനുഭവിക്കുന്നവർക്ക് ഒക്കെ ശാരീരികവും മാനസികവുമായ സുഖവും, കൂട്ടും നൽകാൻ സാധിക്കുന്ന ഒരു സൊല്യൂഷൻ എന്ന നിലയ്ക്കാണ്. "ഞാൻ പണം മാത്രം മുന്നിൽ കണ്ടല്ല ഈ ഫീൽഡിലേക്ക് ഇറങ്ങിയത്. ആളുകളെ ഹാപ്പിയാക്കുക എന്നതാണ് എന്റെ പ്രഥമ ലക്ഷ്യം " മാറ്റ് പറഞ്ഞു. "കടുത്ത ഏകാന്തത അനുഭവിക്കുന്ന, എന്നാൽ വളരെയധികം ഉൾവലിഞ്ഞ പ്രകൃതമുള്ള, സ്ത്രീകളോട് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുള്ള പലരും ഈ ലോകത്തുണ്ട്. അവർക്ക് ഒരാളോട് എങ്ങനെ ഇടപെടണം, എങ്ങനെ ഫ്ലെർട്ട് ചെയ്യണം. എങ്ങനെ ലൈംഗിക കാര്യങ്ങൾ സംസാരിക്കണം. ഒരു ലൈംഗിക ബന്ധത്തിലേക്ക് എങ്ങനെ അവരെ കൊണ്ടുവരണം എന്നതൊക്കെ പരിശീലിക്കാൻ ഹാർമണി ഒരു ഉത്തമമാർഗമാണ്. ഹാർമണിയുമായി വിജയകരമായ ബന്ധം സ്ഥാപിച്ചു കിട്ടുന്ന ആത്മവിശ്വാസം ചിലപ്പോൾ അവരെ തങ്ങളുടെ ചട്ടക്കൂടുകൾ പൊട്ടിച്ച് സമൂഹത്തിലെ യഥാർത്ഥ ഇണയുമായി ബന്ധം സ്ഥാപിക്കാൻ സഹായിച്ചേക്കും." അദ്ദേഹം പറയുന്നു.

പലതരത്തിലുള്ള ഗവേഷണങ്ങൾ അബിസ്സ് ടെക്‌നോളജീസിൽ പുരോഗമിക്കുന്നുണ്ട്. ഹാർമണിയുടെ ദേഹത്തെ ത്വക്കിന്‌ താഴെ പിടിപ്പിക്കാൻ പലയിനം സെൻസറുകൾ, അവളുടെ ശരീരത്തിന് മനുഷ്യരുടേതുപോലുള്ള ചൂടുപകരാനുള്ള സംവിധാനം ഒക്കെ റെഡിയായിക്കൊണ്ടിരിക്കുന്നു. താമസിയാതെ ഹാർമണിക്ക് അവളുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ അത് തിരിച്ചറിയാനാകും. അവളുടെ ഫെയ്‌സ് റെക്കഗ്നിഷ്യൻ സോഫ്റ്റ് വെയറിലും സമൂലമായ മാറ്റങ്ങൾ വരുന്നുണ്ട്. താമസിയാതെ അപരിചിതരെ കാണുന്ന നിമിഷം അവൾ "നിങ്ങൾ ആരാണ്?" എന്നൊക്കെ ചോദിക്കാനുള്ള പാകത്തിനാകും.

ഇന്ന് രണ്ടര ലക്ഷം കോടി രൂപയുടെ മതിപ്പ് മൂല്യമുള്ള ഒന്നാണ് 'സെക്സ് ടെക്ക്' വിപണി. പലതരത്തിലുള്ള സ്മാർട്ട് സെക്സ് ടോയ്സും വിർച്വൽ റിയാലിറ്റി പോർണോഗ്രാഫിയുമെല്ലാം അനുദിനമെന്നോണം പുറത്തിറങ്ങുന്നുണ്ട്. അമ്പതു വർഷങ്ങൾക്കുള്ളിൽ തന്നെ അമേരിക്കയിലെ പല പുരുഷന്മാരും തങ്ങളുടെ ലൈംഗിക പങ്കാളികളായി സ്മാർട്ട് സെക്സ് റോബോട്ടുകളെ സ്വീകരിക്കും എന്നാണ് ചില പഠനങ്ങൾ പ്രവചിക്കുന്നത്.

ഇങ്ങനെ, ഒരു പുരുഷന്റെ സുഖത്തിന് മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട്, അവന്റെ കാമം അവനിഷ്ടമുള്ളപ്പോഴൊക്കെ ശമിപ്പിക്കാൻ വേണ്ടി ഒരു യന്ത്രമുണ്ടാക്കുന്നത്, അതിന് യഥാർത്ഥ സ്ത്രീകളുടെ പ്രകൃതങ്ങൾ കൊടുക്കുന്നത് ഒക്കെ എത്രമാത്രം 'എത്തിക്കൽ' ആണ് എന്നതാവും ഈ മേഖലയിൽ ഉയരുന്ന അവസാനത്തെ ചോദ്യം. അങ്ങനെ, മറ്റൊരു വ്യക്തിയുടെ സമ്മതമോ വൈകാരികകതലമോ, മൂഡോ ഒന്നും പ്രശ്നമല്ലാത്ത വിധത്തിൽ, സ്വന്തം ഇഷ്ടം, ആസക്തി, ഭോഗത്വര ഒക്കെ മാത്രം നോക്കി സ്വന്തം കാമം അടിച്ചേൽപ്പിക്കാവുന്ന തരത്തിൽ ഒരുത്പന്നം, അതിനി നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ മസ്തിഷ്‌കം പേറുന്നൊരു സ്മാർട്ട് സെക്സ് ഡോൾ ആയാൽ പോലും, ഉണ്ടാക്കിയെടുക്കുന്നത് സമൂഹത്തിലെ സ്ത്രീകളോടുള്ള പെരുമാറ്റം ഇപ്പോൾ ഉള്ളതിൽ നിന്ന് കൂടുതൽ മോശമാവാൻ കാരണമാകില്ലേ എന്നൊരു വിമർശനത്തിന് അതിന്റേതായ സാധുതയുണ്ട്. ലൈംഗികമായി എത്ര ചൂഷണം ചെയ്താലും, എന്തൊക്കെ ഉപദ്രവിച്ചാലും, എന്തൊക്കെ വൈകൃതങ്ങൾക്ക് വിധേയരാക്കിയാലും പ്രതികരിക്കാത്ത, കരയാത്ത, ഛർദ്ദിക്കാത്ത, ആർത്തവദിനങ്ങളിൽ വൈകാരികമായ ചുഴികളിൽ പെടാത്ത, ആ നാലുദിവസങ്ങളിൽ പുരുഷനോട് നോ പറയാത്ത, അവന് ലൈംഗിക സുഖം നിഷേധിക്കാത്ത ഒരു സെക്സ് ഡോൾ, ഒരർത്ഥത്തിൽ ഒരു സെക്സ് സ്ലേവ് തന്നെ വിപണിയിൽ വാങ്ങാൻ പറ്റും വിധത്തിൽ ലഭ്യമാവുക എന്നത് എന്നത് ഈ സമൂഹത്തിലെ പുരുഷന്മാരുടെ സ്ത്രീകളോടുള്ള സമീപനത്തെ, പെരുമാറ്റത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കും എന്ന് പ്രവചിക്കുക ഇപ്പോൾ സാധ്യമല്ല.

തങ്ങളുടെ ഉദ്ദേശ്യം മനുഷ്യരുടെ സന്തോഷവും സുഖവും മാത്രമാണ് എന്ന് ഈ സെക്സ് ഡോളുകളുടെ നിർമാതാക്കൾ ആണയിട്ടു പറയുമ്പോഴും, സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചു ചട്ടം ഇങ്ങനെ ഉപാധികളില്ലാത്ത ലൈംഗികബന്ധത്തിനുള്ള ജാലകങ്ങൾ തുറന്നിടുന്നത് മജ്ജയും മാംസവുമുള്ള പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധങ്ങളുടെ, മനുഷ്യർക്കിടയിലെ ജൈവിക ബന്ധങ്ങളുടെ അന്ത്യകൂദാശയാകുമോ എന്ന ആശങ്ക പ്രബലമാവുകയാണ്.


(കടപ്പാട് : ജെന്നി ക്ളീമാന്റെ പുസ്തകം  : സെക്സ് ഡോൾസ്‌ ആൻഡ് വേഗൻ മീറ്റ്, അഡ്‌വെഞ്ചേഴ്‌സ് അറ്റ് ദ ഫ്രന്റിയേഴ്‌സ് ഓഫ് ബർത്ത്, ഫുഡ്, സെക്സ് ആൻഡ് ഡെത്ത്.)

click me!