ഓജോ ബോർഡ് എന്നാണ് നിലവിൽ വന്നത്? എന്താണ് ഇതിന് പിന്നിലെ നി​ഗൂഢത?

By Web Team  |  First Published Jun 1, 2021, 4:26 PM IST

1840 -കളുടെ അവസാനത്തിൽ അമേരിക്കയിലാണ് ഇത് ഉടലെടുത്തത്. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമിടയിലെ   ഇടനിലക്കാരെന്ന് പറഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഇതിന് നേതൃത്വം നൽകിയത്. 


ഹൊറർ സിനിമകളിൽ പലപ്പോഴും നമ്മൾ കാണാറുള്ള ഒരു ഗെയിമാണ് ഓജോ ബോർഡ്. ചതുരാകൃതിയിലുള്ള ഒരു ബോർഡിൽ അക്ഷരങ്ങൾ ഒരു മഴവില്ല് ആകൃതിയിലാണ് എഴുതിയിരിക്കുന്നത്. അതിനു താഴെയായി മധ്യഭാഗത്ത് അക്കങ്ങളും, മുകളിൽ രണ്ട് അറ്റങ്ങളിൽ അച്ചടിച്ച ‘അതെ’, ‘ഇല്ല’, ചുവടെ 'ഗുഡ് ബൈ' എന്നിവയും ഉണ്ട്. ഇതിനൊപ്പം മരംകൊണ്ടുള്ള ‘ടിയർ ഡ്രോപ്പ്’ ആകൃതിയിലുള്ള ഉപകരണവും കാണും. ‘പ്ലാൻ‌ചെറ്റ്’ എന്ന് വിളിക്കപ്പെടുന്നു അതിന്റെ മധ്യഭാഗത്ത് ഗ്ലാസ് കൊണ്ട് മൂടിയ ഒരു ദ്വാരമുണ്ട്.

ആത്മാക്കളോട് സംസാരിക്കാൻ ഉപയോഗിക്കുന്ന ഇത് ഒരു കൗതുകത്തിനായി കുട്ടിക്കാലത്ത് പലരും പരീക്ഷിച്ചിട്ടു നോക്കിയിട്ടുണ്ടാകും. എന്നാൽ, പലപ്പോഴും നാണയം അനങ്ങുന്നതും നോക്കി കുറെ ഇരുന്നത് മാത്രം മിച്ചമാകും. എന്നാൽ, മറ്റ് ചിലർ കൂടെ ഉള്ളവരെ പേടിപ്പിക്കാനായി അത് മനഃപൂർവ്വം അനക്കാറുമുണ്ട്. എന്നിരുന്നാലും പലപ്പോഴും കുട്ടിക്കാലത്തെ ഒരു കൗതുകമായി മാത്രം ഒടുങ്ങുന്ന അത് എങ്ങനെയാണ് ഉടലെടുത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? 

Latest Videos

undefined

1840 -കളുടെ അവസാനത്തിൽ അമേരിക്കയിലാണ് ഇത് ഉടലെടുത്തത്. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കുമിടയിലെ   ഇടനിലക്കാരെന്ന് പറഞ്ഞ് പ്രവർത്തിക്കുന്നവരാണ് ഇതിന് നേതൃത്വം നൽകിയത്. ആഭ്യന്തരയുദ്ധ കാലത്ത് നിരവധി പേർ മരണമടയുകയും, മരിച്ചവരുമായി ബന്ധപ്പെടാൻ ആളുകൾക്ക് കലശലായ ആഗ്രഹം ഉണ്ടാവുകയും ചെയ്‌തു. പല കുടുംബങ്ങൾക്കും അവരുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരിക്കലും വീണ്ടെടുക്കാനായില്ല. മരണപ്പെട്ടവരുടെ വിവരങ്ങൾ അറിയാൻ സാധിക്കാത്ത ആളുകൾ ആത്മാക്കളുമായി ആശയവിനിമയം നടത്തുന്ന ഉപകരണങ്ങളെ ആശ്രയിച്ചു. 'എന്റെ അച്ഛൻ യുദ്ധത്തിന് പോയി. എന്തുകൊണ്ടാണ് അദ്ദേഹം തിരിച്ചെത്താത്തത്?' തുടങ്ങിയ ധാരാളം ചോദ്യങ്ങൾ ആളുകൾ ചോദിക്കാൻ തുടങ്ങി.    

മേരിലാൻഡിലെ ചെസ്റ്റർടൗണിൽ താമസിക്കുന്ന ചാൾസ് കെന്നാർഡ് എന്നയാളാണ് ഈ ബോർഡ് ഉണ്ടാക്കിയതെന്ന് വിശ്വസിക്കുന്നു. 1886 -നും 1890 -നും ഇടയിൽ ഇത് ചെസ്റ്റർടൗണിൽ വളരെ പ്രസിദ്ധമായി. ഒരു ദിവസം കെന്നാർഡ് ബാൾട്ടിമോറിലുള്ള അഭിഭാഷകനായ ഏലിയാ ബോണ്ടിനെ കണ്ടുമുട്ടി. 1890 ഏപ്രിൽ 25 -ന് അവർ ഈ ബോർഡ് ഉപയോഗിച്ച് ആത്മാവിനെ വിളിച്ചു വരുത്തുകയും ബോർഡിനെ എന്താണ് വിളിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിക്കുകയും ചെയ്‌തു. അത്  'O-U-I-J-A' എന്ന് ഉച്ചരിച്ചെന്നും, അതിന്റെ അർത്ഥമെന്താണെന്ന് ചോദിക്കുമ്പോൾ, ബോർഡ് 'G-O-O-D L-U-C-K' എന്ന് പറഞ്ഞുവെന്നുമാണ് കഥ. അതിന് ശേഷമാണ് ബോർഡിന് ഓജോ എന്ന പേര് ലഭിച്ചത്. ആ കെട്ടിടം ഇപ്പോഴും 529 എൻ. ചാൾസ് സ്ട്രീറ്റിൽ ഉണ്ട്.  

തുടർന്ന് ഇതിന്റെ പ്രശസ്തി കണ്ട ഏലിയാ ബോണ്ട്, ചാൾസ് കെന്നാർഡ്, വില്യം എച്ച്.എ. എന്നിവർ ബോർഡിനെ ഒരു കളിപ്പാട്ടമാക്കി മാറ്റാനുള്ള ശ്രമം നടത്തി. ഒരു ഗെയിമിനായി അവർ ആദ്യത്തെ പേറ്റന്റ് ഫയൽ ചെയ്തു. 1891 -ലാണ് പേറ്റന്റ് ലഭിച്ചത്. തുടർന്ന്, കെന്നാർഡ് ബോർഡുകൾ നിർമ്മിച്ചു. 1891-ൽ കെന്നാർഡ് കമ്പനി വിട്ടു. കെന്നാർഡ് നോവൽറ്റി കമ്പനി ഔജോ നോവൽറ്റി കമ്പനിയായി. അവിടത്തെ ജോലിക്കാരനായ വില്യം ഫുൾഡ് ഒടുവിൽ ബോർഡുകളുടെ ഉത്പാദനം ഏറ്റെടുത്തു. 1901-ൽ അദ്ദേഹം ഓജോ എന്ന പേരിൽ സ്വന്തം ബോർഡുകൾ നിർമ്മിക്കാൻ തുടങ്ങി. 1920 വരെ അത് വളരെ ജനപ്രിയമായി തന്നെ തുടർന്നു.  

ഇന്ന് പലരും വെറുമൊരു കൗതുകത്തിന്റെ പുറത്താണ് ഇത് കളിക്കുന്നതെങ്കിലും, ഇതിന്റെ പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് സംശയിക്കുന്നവരും കാണും. എന്നാൽ, ചിലപ്പോൾ ഐഡിയോമോട്ടർ ഇഫക്റ്റായിരിക്കാം ചിലരിൽ പ്രവർത്തിക്കുന്നത്. അബോധാവസ്ഥയിൽ ശരീരം അറിയാതെ തന്നെ ചലിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് ഐഡിയോമോട്ടർ ഇഫക്റ്റ്. അതായത് ഒരു ഓജോ ബോർഡിൽ എന്തെങ്കിലും സന്ദേശങ്ങൾ കാണുകയാണെങ്കിൽ ആത്മാക്കൾ അതിലൂടെ പറഞ്ഞുതന്ന കാര്യങ്ങളല്ല, മറിച്ച് നമ്മുടെ സ്വന്തം ഉപബോധമനസ് നമ്മോട് പറയുന്ന കാര്യങ്ങളാണ് എന്നതാണ് ഇതിന്റെ ഒരു വിശദീകരണം.   


 

click me!