ധാക്ക മസ്‌ളിൻ, നൂലാക്കിമാറ്റാൻ കടന്നുപോകേണ്ടത് 16 വ്യത്യസ്ത മാർഗങ്ങളിൽക്കൂടി, അതിവിശേഷമായ തുണിയെ കുറിച്ചറിയാം

By Web Team  |  First Published Aug 29, 2022, 1:57 PM IST

എല്ലാം അങ്ങനെ നടന്നുപോകെ ബ്രിട്ടീഷുകാർ ബംഗാളിലെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അദ്ഭുതങ്ങളായി 1851 -ൽ ബ്രിട്ടനിൽ വച്ചു നടന്ന പ്രദർശനത്തിൽ സാമ്രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിച്ച ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശിപ്പിച്ചു. അന്ന് ധാക്ക മസ്‌ളിന് അവിടെ ലഭിച്ച വില ഏറ്റവും മികച്ച സിൽക്കിനേക്കാൾ 26 മടങ്ങ് അധികമായിരുന്നത്രേ.


ധാക്ക മസ്‍ളിൻ എന്ന തുണിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ബം​ഗാളിൽ നേരത്തെ ഉണ്ടായിരുന്ന സവിശേഷമായൊരു തരം തുണിയായിരുന്നു ഇത്. ഒട്ടും എളുപ്പമായിരുന്നില്ല അത് ഉണ്ടാക്കിയെടുക്കാൻ. അതിനായി കടന്നു പോകേണ്ടിയിരുന്നത് 16 വ്യത്യസ്ത മാർ​ഗങ്ങളിൽ കൂടിയായിരുന്നു. ധരിച്ചാൽ ധരിച്ചു എന്ന് പോലും തോന്നാത്തത്രയും മൃദുവായ തുണി. ആരാധകരായി രാജാക്കന്മാരും പ്രശസ്തരും. ബ്രിട്ടീഷുകാരും ശ്രമിച്ചു അത് സ്വന്തമാക്കാൻ. ഈ തുണിയെ കുറിച്ച് വിശദമായി പറഞ്ഞിരിക്കുകയാണ് വിനയ രാജ് വി.ആർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ. 

വിനയ രാജ് വി.ആർ എഴുതിയ കുറിപ്പ് വായിക്കാം: 

Latest Videos

undefined

ധാക്ക മസ്‌ളിൻ എന്നത് ആയിരത്താണ്ടുകളായി ബംഗാളിൽ ഉണ്ടാക്കിയിരുന്ന സവിശേഷമായൊരുതരം തുണിയായിരുന്നു. മേഘ്ന നദിക്കരയിൽ വളർന്നിരുന്ന ഒരു ചെടി പൂർണ്ണവളർച്ചയെത്തിയാൽ അതിൽ നിന്നും വർഷത്തിൽ രണ്ടുതവണ ഉണ്ടാവുന്ന മഞ്ഞനിറത്തിലുള്ള ഒറ്റപ്പൂവ് പിന്നീട് തൂവെള്ള പരുത്തിയായി മാറുന്നു. വളരെ മൃദുവായ ഈ പഞ്ഞി ഉപയോഗിച്ച് നെയ്യാൻ വളരെ ബുദ്ധിമുട്ടാണെന്നു മാത്രമല്ല, ഇതിനെ നൂലാക്കിമാറ്റാൻ 16 വ്യത്യസ്ത മാർഗങ്ങളിൽക്കൂടി കടന്നുപോകേണ്ടതുണ്ടായിരുന്നു. 

ഇതിൽ ഓരോന്നും സവിശേഷമായതിനാൽ ഓരോ ജോലികളും ഓരോ ഗ്രാമങ്ങളിൽ ആയിരുന്നു നടത്തിയിരുന്നത്. ബംഗാളിലെ തടാകങ്ങളിൽ കാണപ്പെടുന്ന ബോവൽ ക്യാറ്റ്ഫിഷിന്റെ താടിയെല്ലിലെ അത്യധികം മൂർച്ചയേറിയ പല്ലുകൊണ്ട് ആദ്യമായി പരുത്തിയുണ്ടകൾ വൃത്തിയാക്കുന്നു, പിന്നീടാണ് ഇത് നൂൽക്കുന്നത്. ചെറിയ നൂൽ ആയതിനാൽ നൂൽക്കാനായി നല്ല ആർദ്രത വേണ്ടതിനാൽ രാവിലെയും വൈകുന്നേരവും ആയിരുന്നു ബോട്ടുകളിൽ വച്ച് യുവതികൾ ഇത് നൂറ്റിരുന്നത്. കാണാനാവാത്തത്ര നേരിയതായിരുന്നതിനാൽ പ്രായമേറിയവർ ഈ ജോലി ചെയ്യാറുമില്ലായിരുന്നു. ആയിരക്കണക്കിന് നൂലുകൾ ഉപയോഗിച്ചുള്ള നെയ്യൽ ആയിരുന്നു തുടർന്നു ചെയ്യുന്നത്, ഇതാവട്ടെ മാസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവൃത്തിയുമാണ്. ഈ തുണിയുടെ അദ്ഭുതകരമായ മൃദുലത കാരണം ഇത് നെയ്യുന്നത് മനുഷ്യർ ആവാൻ സാധ്യതയില്ലെന്നും മറിച്ച് മൽസ്യകന്യകമാരാണ് ചെയ്തിരുന്നതെന്നും യൂറോപ്പിൽ പ്രചരിച്ചിരുന്നു.

ലോകമെങ്ങും ഈ പരുത്തികൊണ്ടുണ്ടാക്കിയ തുണിക്ക് ആവശ്യക്കാരുണ്ടായിരുന്നു. സാധാരണക്കാർക്ക് അപ്രാപ്യമായ അത്യധികം നേർത്ത ഈ തുണി പുരാതനഗ്രീസിലെ ദേവിമാരെ അണിയിച്ചിരുന്നു. മുഗൾ രാജാക്കന്മാർ ഇതിന്റെ ആരാധകരായിരുന്നു. പലതരത്തിലുള്ള തുണികൾ ഇവ കൊണ്ട് ഉണ്ടാക്കിയിരുന്നെങ്കിലും "വായുകൊണ്ട് നെയ്ത" ഇനം, അതീവമൃദുലവും വായുവിന്റത്രയും മാത്രം ഭാരമുള്ളതുമായിരുന്നു. 

18 മീറ്റർ നീളമുള്ള തുണി പുകയിലപ്പൊടി കൊണ്ടുനടക്കുന്ന ചെറിയ കൂട്ടിൽ കൊള്ളിക്കാമായിരുന്നു. ധരിച്ചിട്ടുണ്ടെന്നു തോന്നാത്തത്ര സുതാര്യമായിരുന്ന ഈ തുണി സമ്പന്നരുടെ സ്വകാര്യസ്വത്ത് ആയിരുന്നു. അക്കാലത്തെ ഏറ്റവും വിലയേറിയ തുണിത്തരമായിരുന്നു ധാക്ക മസ്‌ളിൻ. ഫ്രാൻസിലെ രാജ്ഞി മേരി അന്റോനെറ്റ്, നെപ്പോളിയന്റെ ഭാര്യ ജോസഫിൻ ബോണപ്പാർട്ട്, ജെയിൻ ഓസ്റ്റിൻ എന്നിവരെല്ലാം ഇതിന്റെ ആരാധകരായിരുന്നു. ഏഴായി മടക്കിയ ധാക്കാ മസ്‌ളിൻ തുണികൊണ്ടുണ്ടാക്കിയിരുന്ന വസ്ത്രം ധരിച്ചു നടന്നപ്പോൾപ്പോലും നഗ്നയാണെന്ന് തോന്നി ഔറംഗസീബ് തന്റെ മകളെ ശകാരിച്ചിരുന്നു എന്നുപോലും കഥയുണ്ട്.

എല്ലാം അങ്ങനെ നടന്നുപോകെ ബ്രിട്ടീഷുകാർ ബംഗാളിലെത്തി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അദ്ഭുതങ്ങളായി 1851 -ൽ ബ്രിട്ടനിൽ വച്ചു നടന്ന പ്രദർശനത്തിൽ സാമ്രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുമെത്തിച്ച ലക്ഷത്തിലധികം വസ്തുക്കൾ പ്രദർശിപ്പിച്ചു. അന്ന് ധാക്ക മസ്‌ളിന് അവിടെ ലഭിച്ച വില ഏറ്റവും മികച്ച സിൽക്കിനേക്കാൾ 26 മടങ്ങ് അധികമായിരുന്നത്രേ. ഇതിന്റെ കുത്തക ബ്രിട്ടീഷുകാർക്ക് വേണ്ടിയിരുന്നു. കൂടുതൽ നെയ്യാൻ അവർ ബംഗാളികളെ നിർബന്ധിതരാക്കി. എന്നാൽ ആ ചെറിയ പരുത്തിയെ അത്രയെളുപ്പമൊന്നും വസ്ത്രമാക്കി മാറ്റാൻ ആവില്ലായിരുന്നു. ഒരു കിലോഗ്രാം പരുത്തിയിൽ നിന്നും കിട്ടുന്നത് എട്ടുഗ്രാം നൂൽ ആയിരുന്നു. മുൻകൂർ പണം മേടിച്ച് പണിയെടുത്തവർക്കാവട്ടെ ഉൽപ്പന്നത്തിലെ മികവെങ്ങാൻ കുറഞ്ഞാൽ വാങ്ങിയ കാശുമുഴുവൻ തിരിച്ചടക്കേണ്ടിയും വന്നു. ആവശ്യം കൂടിവന്നപ്പോൾ ബ്രിട്ടനിൽത്തന്നെ ഈ തുണി ഉണ്ടാക്കാൻ അവർ ശ്രമിച്ചു. 

വൻകിട തുണിവ്യാപാരിയായ സാമുവൽ ഓൾഡ്‌നോയുടെ കീഴിൽ 1784 -ൽ ആയിരം തൊഴിലാളികൾ തുണി നെയ്യുന്നുണ്ടായിരുന്നു. എന്നാൽ അവർ ഉണ്ടാക്കിയ തുണിയുടെ നിലവാരമാവട്ടെ ധാക്ക മസ്‌ളിന്റെ അടുത്തുപോലും എത്തിയില്ല. യുദ്ധവും ദാരിദ്ര്യവും ഭൂകമ്പവും എല്ലാംകൂടി ഒരുമിച്ചുവന്നപ്പോൾ ബംഗാളിലെ നെയ്തുകാർ നിൽക്കക്കള്ളിയില്ലാതെ ഈ പണി ഉപേക്ഷിച്ചു വേറെ പണിക്കുപോയി. ധാരാളം ആൾക്കാർ ഒരുമിച്ച് ചേർന്നാൽ മാത്രം പൂർണ്ണമാവുന്ന ആ വസ്ത്രനിർമ്മാണരീതി അങ്ങനെ മണ്മറഞ്ഞ് ഇല്ലാതെയായി.

ഇന്ന് യൂറോപ്യൻ മ്യൂസിയങ്ങളിൽ മാത്രം കാണുന്ന ഒരു സാധനമായി മാറി ധാക്ക മസ്‌ളിൻ. ബംഗ്ലാദേശിൽ ഇതിന്റെ ഒരു തുണി പോലും ബാക്കിയില്ല. ആ ചെടി ഏതാണെന്ന് കൃത്യമായി അറിയില്ല. വിത്തുകൾ ലഭ്യമല്ല, ലണ്ടനിലെ ക്യൂ ഉദ്യാനത്തിലെ പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു പുസ്തകത്തിനുള്ളിൽ കണ്ടെത്തിയ ഉണങ്ങിയ ഇലകളിൽ നിന്നും ചെടിയുടെ ഡിഎൻഎ കണ്ടെത്താനായി. ചെടിയുടെ പഴയ ചിത്രങ്ങളുമായി ഉപഗ്രഹസഹായത്തോടെ മേഘ്ന നദിക്കര അങ്ങോളമിങ്ങോളം അരിച്ചുപെറുക്കി. സാധ്യമായ ചെടികളെയെല്ലാം താരതമ്യം ചെയ്തുനോക്കി. ഒടുവിൽ ആ ചെടിയെന്നു കരുതുന്ന സസ്യത്തെ കണ്ടെത്തുക തന്നെ ചെയ്തു. (Gossypium arboreum var. neglecta (Phuti karpas)) ഒരു നൂറ്റാണ്ടിനുശേഷം ആദ്യമായി 2015 ൽ അവർ ആ ചെടി നട്ടുവളർത്തി. 

ആ ചെടിയാണെന്ന് പൂർണ്ണമായി ഉറപ്പില്ലാത്തപ്പോഴും അതിന്റെ പരുത്തി ശേഖരിച്ച് നെയ്യാൻ നോക്കുമ്പോഴാണ് അതിന്റെ സാങ്കേതികവിദ്യ അതിലും ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലായത്. നൂലുണ്ടാക്കാനാവശ്യമായ അൻപതോളം ഉപകരണങ്ങൾ ഏതൊക്കെയാണെന്നുപോലും അറിയില്ല, അതിനായി അവർ പുതുതായി പലതും ഉണ്ടാക്കിയെടുത്തു. 2021 ആയപ്പോഴേക്കും അവർ പഴയതിനോട് കിടപിടിക്കാൻ സാധിക്കുന്ന നിലവാരത്തിൽ തുണികൾ നെയ്തെടുത്തു. ലക്ഷക്കണക്കിന് രൂപയ്ക്ക് അവ വിറ്റുപോവുകയും ചെയ്തു. ബംഗ്ലാദേശ് സർക്കാർ ഇതിനു നല്ല പ്രോൽസാഹനവും നൽകുന്നുണ്ട്. ഒരിക്കൽ തങ്ങളുടെ പുകൾപെറ്റ ധാക്ക മസ്‌ളിൻ അതേ നിലവാരത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞേക്കുമെന്ന വിശ്വാസത്തിൽ ആണ് ബംഗ്ലാദേശിലെ നെയ്‌ത്തുകാർ.

click me!