കനെമിസു എന്നറിയപ്പെടുന്ന ഒരു പ്രത്യേക ചായം പ്രയോഗിച്ച് പല്ലുകൾ കറുപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ആൺകുട്ടികളും പെൺകുട്ടികളും 15 -ാം വയസ്സിലാണ് ഇത് ചെയ്യുന്നത്.
ഓരോ കാലത്തും മനുഷ്യർ ഓരോ ആചാരങ്ങളിലൂടെയും സൗന്ദര്യവർധക മാർഗങ്ങളിലൂടെയും ഒക്കെ കടന്നു പോകാറുണ്ട്. ഒരുപക്ഷേ, ഇന്ന് നമ്മൾ വലിയ കാര്യമായി ചെയ്യുന്ന ചിലതൊക്കെ ഭാവിയിൽ ഒരു തലമുറയ്ക്ക് ചിരി വരുന്ന സംഗതികളായി മാറിയേക്കാം അല്ലേ? എന്തിനായിരുന്നു അവരന്ന് അങ്ങനെയൊക്കെ ചെയ്തത് എന്ന് ചിരിച്ചുകൊണ്ട് ചോദിക്കുന്ന ഒരു കാലവും വന്നേക്കാം. എന്തായാലും, ജപ്പാനിൽ അങ്ങനെ കേട്ടാൽ വിചിത്രമെന്ന് തോന്നുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. അതാണ് പല്ല് കറുപ്പിക്കുക എന്നത്.
ഒഹാഗുറോ എന്നാണ് ഇതിനെ പറയുന്നത്. കറുത്ത പല്ലുകൾ എന്ന് അർത്ഥം. ജാപ്പനീസ് സംസ്കാരത്തിൽ, പ്രത്യേകിച്ച് ഹിയാൻ കാലഘട്ടത്തിലെ (794-1185) ഒരു പ്രധാന രീതിയായിരുന്നു ഇത്. കനെമിസു എന്നറിയപ്പെടുന്ന ഒരു പ്രത്യേക ചായം പ്രയോഗിച്ച് പല്ലുകൾ കറുപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ആൺകുട്ടികളും പെൺകുട്ടികളും 15 -ാം വയസ്സിലാണ് ഇത് ചെയ്യുന്നത്. ഇത് ഒരു ആചാരം പോലെയായിരുന്നു. ഇങ്ങനെ ചെയ്ത് തുടങ്ങുന്നതോടെ അവർക്ക് പ്രായപൂർത്തിയായി എന്നാണ് കണക്കാക്കപ്പെടുന്നത്.
undefined
കറുത്ത പല്ലുകൾ സ്ത്രീകൾക്കിടയിൽ സൗന്ദര്യം, ലൈംഗികകാര്യങ്ങളിൽ പക്വത, വിവാഹത്തിനുള്ള സന്നദ്ധത എന്നിവയെ ആണത്രെ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ ഇത് ചെയ്യുന്നവർ ഒരുപാടുണ്ടായിരുന്നു. എഡോ കാലഘട്ടത്തിൽ (1603-1868) സമ്പന്നരായ, വിവാഹിതരായ സ്ത്രീകൾക്കിടയിലാണ് ഒഹാഗുറോ പ്രത്യേകിച്ചും ജനപ്രിയമായിരുന്നത്. മുഖത്ത് വെളുത്ത ചായം പൂശുകയും പല്ലുകളിൽ കറുപ്പ് നിറവും കൂടി ആകുമ്പോൾ വളരെ ദൂരത്ത് നിന്നുതന്നെ ആർക്കും അവരുടെ ചിരി കാണാമായിരുന്നു.
1870 -ൽ എന്തായാലും ഇത് നിയമവിരുദ്ധമാക്കി. പക്ഷേ, എന്നിട്ടും പ്രത്യേക ആഘോഷവേളകളിലും നാടകങ്ങളിലും സിനിമകളിലും ചില ഗ്രാമീണർക്കിടയിലും ഒക്കെ ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ടത്രെ.