പ്രണയദിനത്തിൽ അനേകം പ്രണയികളാണത്രെ ഇവിടെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി എത്തുന്നത്.
വർഷങ്ങളായി പ്രണയിച്ചിട്ടും വീട്ടുകാരുടെ സമ്മതമില്ലാത്തതിനാൽ വിവാഹിതരാവാതെ തുടരുന്ന അനേകം ആളുകളുണ്ട്. നിങ്ങളും അതിലൊരാളാണോ? ഏതായാലും, അത്തരക്കാർ വിവാഹിതരാവാനായി എത്തിച്ചേരുന്ന ഒരു ക്ഷേത്രമുണ്ട് അങ്ങ് അഹമ്മദാബാദിൽ. അതൊരു ഹനുമാൻ ക്ഷേത്രമാണ്. ഇവിടുത്തെ പൂജാരി അറിയപ്പെടുന്നത് തന്നെ 'വാലന്റൈൻ ബാബ' എന്നാണ്.
വാലന്റൈൻ ബാബയെ കാണാനും വിവാഹിതരാവാനും വേണ്ടി അനേകം അനേകം പ്രണയികളാണ് ഇവിടെ എത്തിച്ചേരുന്നത്. 'ലഗാനിയ ഹനുമാൻ' എന്നാണ് ഇവിടുത്തെ ഹനുമാന് പേര്. വിവാഹത്തിന്റെ ഗുജറാത്തി പദമാണത്രെ ലഗാൻ. അഹമ്മദാബാദിലെ മേഘനി നഗർ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രണയദിനത്തിൽ അനേകം പ്രണയികളാണത്രെ ഇവിടെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമായി എത്തുന്നത്.
undefined
പ്രണയദിനത്തിൽ അവിടെ വച്ച് ഇതുപോലെ നിരവധി വിവാഹവും നടക്കുന്നു. 2001 -ലെ ഗുജറാത്ത് ഭൂകമ്പത്തിന് ശേഷമാണ് ഇവിടെ ഇത്തരത്തിൽ പ്രണയികളുടെ വിവാഹങ്ങൾ നടത്തി തുടങ്ങിയത്. ഹീരാഭായ് ജാഗുജി എന്നാണ് ഇവിടുത്തെ പുരോഹിതന്റെ പേര്. 'ഭൂകമ്പത്തിന് ശേഷം ഞാൻ ഇവിടെ വച്ച് പ്രണയികളുടെ വിവാഹം നടത്തിക്കൊടുത്ത് തുടങ്ങി. രാവിലെ മൂന്ന് മണിക്ക് ചടങ്ങുകൾ ആരംഭിക്കും' എന്ന് ജാഗുജി പറയുന്നു. അങ്ങനെ വിവാഹിതരാകുന്നവർക്ക് വേണ്ടി ക്ഷേത്രത്തിൽ നിന്നും തന്നെ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി കൊടുക്കുന്നു.
നേരത്തെ ഇതിനടുത്ത് പ്രവർത്തിച്ചിരുന്ന ഒരു മാര്യേജ് കോർട്ടിൽ വിവാഹിതരാവാൻ എത്തുന്ന ഹിന്ദു ദമ്പതികൾക്ക് ഒരു പുരോഹിതന്റെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് അവർ നേരെ ക്ഷേത്രത്തിൽ എത്താൻ തുടങ്ങിയത്. വിവിധ മതത്തിലുള്ളവരുടെ വിവാഹവും ഇവിടെ വച്ച് നടത്താറുണ്ട്. ഇവിടെ വിവാഹം നടത്താനായി ആദ്യം അപേക്ഷ സമർപ്പിക്കണം. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അടക്കം വിവിധ രേഖകളും അതിനായി ഹാജരാക്കണം.
എന്തായാലും, നിത്യബ്രഹ്മചാരിയായ ഹനുമാൻ ക്ഷേത്രത്തിൽ എത്രയോ പ്രണയികളാണ് ഇപ്പോൾ പ്രണയസാഫല്യം നേടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം