ജയ്പൂരിന്റെ വഴികളില്‍ യാത്ര ചെയ്യുമ്പോള്‍ കാണാം ഇരുവശത്തുമായി ചെമ്മണ്‍ നിറത്തില്‍ വളഞ്ഞു പുളഞ്ഞുപോകുന്ന കോട്ടകളും കൊട്ടാരങ്ങളും ജലാശയങ്ങളും. വെറും ഭൂപ്രകൃതി മാത്രം കണ്ട് ജീവിക്കുന്ന മലയാളികള്‍ക്ക് ഇതൊക്കെ വല്ല്യ അത്ഭുതങ്ങള്‍ തന്നെ. മുന്‍കൂട്ടി ആസുത്രണം ചെയ്തുണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരികൂടിയാണ് ജയ്പൂര്‍.
ഗൈഡ് എടുത്തെടുത്ത് പറഞ്ഞ കാര്യങ്ങള്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു. രാജാ മാന്‍ സിങ്ങിന് കൊട്ടാരത്തില്‍ 12-ഭാര്യമാരു ണ്ടായിരുന്നു. 12-പേര്‍ക്കും ഒരേപോലത്തെ റൂമും സൗകര്യങ്ങളും. പക്ഷേ, ഒരാള്‍ക്ക് പോലും അന്യോന്യമറിയില്ല രാജാവ് ഏത് റൂമില്‍ ഏത് ഭാര്യയോടൊപ്പമാണ് ഉള്ളതെന്ന്. മറ്റൊന്ന്, മഹാറാണി കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് പോവുന്നത് വീല്‍ ചെയറിലിരുന്നാണ്. കാരണമറിയോ? വസ്ത്രങ്ങളും ആടയാഭരണങ്ങളുമൊക്കെ ധരിച്ചു കഴിഞ്ഞാല്‍പ്പിന്നെ, അവയുടെ കനം കാരണം വീല്‍ ചെയറിലേ സഞ്ചരിക്കാനാവൂ!
undefined
തലമുടി അറ്റം വരെ മെടഞ്ഞുകെട്ടി, സൂര്യപ്രകാശത്തില്‍ വജ്രംപോലെ തിളങ്ങുന്ന ആറേഴ് കുടങ്ങളും തലയിലേന്തി, കണ്ണാടിചില്ലുകള്‍ പതിപ്പിച്ച, വര്‍ണാഭമായ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച്, മരുഭൂമിയിലൂടെ നടന്ന് നീങ്ങുന്ന പ്രസന്ന വദനകളായ രാജസ്ഥാനി യുവതികളുടെ ഒരു ക്ലാസ്സിക്ക് ചിത്രമായിരുന്നു രാജസ്ഥാനെക്കുറിച്ചുള്ള ധാരണകളില്‍ ഏറ്റവും പ്രധാനമായി ഉണ്ടായിരുന്നത്. എന്നാല്‍ കൊട്ടാരങ്ങളും, കോട്ടകളും നിറഞ്ഞ ജയ്പൂര്‍ ആ ധാരണകളെ മാറ്റി.
ജയ്പൂരിന്റെ വഴികളില്‍ യാത്ര ചെയ്യുമ്പോള്‍ കാണാം ഇരുവശത്തുമായി ചെമ്മണ്‍ നിറത്തില്‍ വളഞ്ഞു പുളഞ്ഞുപോകുന്ന കോട്ടകളും കൊട്ടാരങ്ങളും ജലാശയങ്ങളും. വെറും ഭൂപ്രകൃതി മാത്രം കണ്ട് ജീവിക്കുന്ന മലയാളികള്‍ക്ക് ഇതൊക്കെ വല്ല്യ അത്ഭുതങ്ങള്‍ തന്നെ. മുന്‍കൂട്ടി ആസുത്രണം ചെയ്തുണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെ നഗരികൂടിയാണ് ജയ്പൂര്‍.
ബംഗാളിയായ വിദ്യാധര്‍ ഭട്ടാചര്യ 1727-ലാണ് ഈ നഗരം പ്ലാന്‍ ചെയ്തത്. ജയ്പൂര്‍ നഗരത്തിന് പിങ്ക് സിറ്റി എന്നൊരു പേര് കൂടിയുണ്ട്. 145 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1876-ല്‍ വിക്ടോറിയ രാജ്ഞിയുടെ മകന്‍ ആല്‍ബര്‍ട്ട് എഡ്വേഡ് ഇന്ത്യ കാണാനെത്തി. ഇദ്ദേഹത്തിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിനായി അന്നത്തെ ജയ്പ്പൂര്‍ മഹാരാജാവ് രാംസിങ് നഗരത്തിലെ എല്ലാ കെട്ടിടങ്ങള്‍ക്കും ഒരേ നിറം നല്‍കി മനോഹരമാക്കി. നമ്മള്‍ക്കതുകാണുമ്പോള്‍ ഒരു ടെറക്കോട്ട നിറം പോലെ തോന്നുമെങ്കിലും എഡ്വേഡ് രാജകുമാരന്‍ ഇതിനെ വിശേഷിപ്പിച്ചത് പിങ്ക് സിറ്റി എന്നാണ്. അതിന് ശേഷം ജയ്പൂരിന് പിങ്ക് സിറ്റി എന്നും പേര് വീണു. അന്നത്തെ ജയ്പൂര്‍ മഹാറാണിക്കും ഇഷ്ട്ടപ്പെട്ട നിറമായിരുന്നത്രേ ഇത്. അങ്ങിനെ, ജയ്പൂര്‍ നഗരിയില്‍ ഭാവിയില്‍ നിര്‍മ്മിക്കപ്പെടുന്ന കെട്ടിടങ്ങള്‍ക്കും, നിലവിലുള്ള കെട്ടിടങ്ങള്‍ക്കും ഒരേ (ടെറക്കോട്ട) നിറം നല്‍കി നില നിര്‍ത്താനുള്ള നിയമം മഹാരാജാവ് നടപ്പിലാക്കി.
ഈ പിങ്ക് സിറ്റിയില്‍ ടെറക്കോട്ട നിറത്തില്‍ നിരന്ന് കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് നടുവില്‍ നമ്മളെ വീണ്ടും അതിശയിപ്പിക്കുന്നൊരു മാളികയുണ്ട്. ഹവാ മഹല്‍ എന്ന ഈ കെട്ടിടം അടിത്തറയില്ലാതെ അഞ്ചു നിലയില്‍ പണിതൊരു അന്തപുരമാണ്. ശ്രീകൃഷ്ണ ഭക്തനായിരുന്ന അന്നത്തെ മഹാരാജാവിന്റെ താല്പര്യപ്രകാരം പണിത ഹവാമഹല്‍ പുറത്ത് നിന്ന് നോക്കിയാല്‍ കൃഷ്ണന്റെ കിരീടംപോലെ തോന്നും. ഒരു തേനീച്ച കൂടിന്റ മാതൃകയും തോന്നാം, കാരണം 953 ജനാലകളുണ്ട് ഹവാ മഹലിന്!
പഴയ കാലത്ത് അന്തപുരത്തിലെ സ്ത്രീകള്‍ക്ക് കൊട്ടാരത്തിന് പുറത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധ്യതയില്ലായിരുന്നു. അന്ന് തെരുവിലെ കാഴ്ചകള്‍ മറഞ്ഞിരുന്നുകൊണ്ട് കാണാനും, ആസ്വാദിക്കാനുമായി പണിത കൊട്ടാരമാണിത്. ഇതിന്റെ ഓരോ നിലയും ഓരോ പേരിലാണ് അറിയപ്പെടുന്നത്. ശരത് മന്ദിര്‍, രത്തന്‍ മന്ദിര്‍, വിചിത്ര മന്ദിര്‍, പ്രകാശ് മന്ദിര്‍, ഹവാ മന്ദിര്‍ (ഹവാ മഹല്‍ )എന്നിങ്ങനെ പേരുകള്‍. ഏറ്റവും മുകളിലത്തെതാണ് ഹവാ മഹല്‍. ഏത് കടുത്ത വേനലിലും പുറത്തേക്ക് തുറക്കുന്ന ജനാലകളിലൂടെ കാറ്റ് വന്ന് കടന്ന് പോകുന്ന ഹവാ മന്ദിര്‍ കാറ്റുകളുടെ മാളിക എന്നും അറിയപ്പെടുന്നു.
അംബര്‍ കോട്ട
രജപുത്രരാജാക്കന്‍മാരില്‍ ഏറ്റവും പ്രശ്സ്തനായിരുന്നു രാജാ മാന്‍ സിങ്. മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ, രാജസദസ്സിലെ നവരത്‌നങ്ങളില്‍ ഒരാള്‍. ഇദ്ദേഹത്തിന്റെയും കുടുംബ പരമ്പരയുടെയും കൊട്ടാരവും, കാര്യാലയവും, അതിഥിമന്ദിരവും കോട്ടയുമൊക്കെയായിരുന്നു ഒരു കാലത്തിവിടം.
ജയ്പൂരില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് അംബര്‍ കോട്ട അല്ലെങ്കില്‍ അമര്‍ ഫോര്‍ട്ട്. അംബര്‍ കൊട്ടാരം എന്നും പറയും. 4-കിലോമീറ്ററിനുള്ളിലുള്ള ഒരു ടൗണിലാണ് അംബര്‍ കോട്ട. കോട്ടയിലേക്ക് വലിയ വാഹനങ്ങള്‍ കടത്തില്ല. അത് കൊണ്ട് കോട്ടക്ക് താഴ്വാരത്ത് നിന്ന് ജീപ്പ് കയറിയും നടന്നും കോട്ടയിലെത്താം. രാജസ്ഥാനിലെ പൗരാണിക കെട്ടിടസമുച്ചയമാണിത് . അംബര്‍ കോട്ട ജയ്പൂരിന്റെ മാറിലെ മുത്ത് മാലപോലെ തോന്നാം. േ
കാട്ടയുടെ കവാടം കടന്നാല്‍ മുഗള്‍ ശൈലിയും, രജപുത്രശൈലിയും സമന്വയിപ്പിച്ചുകൊണ്ടുള്ള കോട്ടകളും, കൊട്ടാരങ്ങളുമാണ്. ഏകദേശം 429 കൊല്ലം പഴക്കമുള്ള ഈ കൊട്ടാര സമുച്ചയം ഒരു നുറ്റാണ്ട് മുഴുവനുമെടുത്താണ് പല ഘട്ടങ്ങളായി പൂര്‍ത്തിയാക്കിയത്. സാധാരണക്കാര്‍ക്ക് രാജാവിനെ കാണാനുള്ള സ്ഥലമായ ദിവാനി ആം, സ്വകാര്യവ്യക്തികള്‍ക്കുള്ള ദിവാനി ഘാസ്, വിശിഷ്ടവ്യക്തികള്‍ക്കുള്ള കണ്ണാടി മാളികകള്‍, രാജാവിനും, റാണിമാര്‍ക്കുമുള്ള സുഖമന്ദിര്‍, പൂന്തോട്ടം, കച്ചേരി നടത്തുന്ന സ്ഥലം, അമ്പലങ്ങള്‍ എന്ന് വേണ്ട എല്ലാം ഇതിനുള്ളില്‍ത്തന്നെയാണ് ഉണ്ടായിരുന്നത്.
മാര്‍ബിളില്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ ആനകള്‍, വള്ളിപടര്‍പ്പുകള്‍, പഴച്ചാറുകളും, ഇല ച്ചാറുകളുമുപയോഗിച്ച് നിറം കൊടുത്ത ചിത്രങ്ങള്‍ അങ്ങിനെ കണ്ണുകള്‍ക്ക് ഇമ്പമാര്‍ന്ന പലതുമുണ്ടിവിടെ. കോട്ടക്ക് മുന്നിലുള്ള തടാകത്തില്‍ നിന്ന് കപ്പിയുപയോഗിച്ച് വെള്ളം ശേഖരിച്ച് അത് പൂന്തോട്ടത്തിലെ ഫൗണ്ടന്‍ വഴി, തണുത്ത കാറ്റായി കൊട്ടാരത്തിലേക്ക് എത്തിക്കുന്നതും, കൊട്ടാരച്ചുവരുകളിലുള്ള ചെറിയ, ചെറിയ ദ്വാരങ്ങളിലൂടെ കാറ്റിന്റെ സുഗമമായ സഞ്ചാരവും കൊട്ടാരത്തിന്റെ സുഖ് മഹല്‍ എന്ന പേര് അന്വര്‍ഥമാക്കുന്നു.
യുദ്ധഭീതിയുള്ള സമയങ്ങളില്‍ കൊട്ടാരത്തിനടിയിലുള്ള തുരങ്കം വഴി ഈ കോട്ടയുടെ തന്നെ ഭാഗമായ ജയ് ഹട്ട് കോട്ടയിലേക്ക് വഴിയുണ്ട്. അരവല്ലി പര്‍വതസാനുക്കളിലാണ് കോട്ടയും കൊട്ടാരവുമൊക്ക സ്ഥിതി ചെയ്യുന്നത്. തലസ്ഥാനം ജയ്പൂരിലേക്ക് മാറ്റിയപ്പോള്‍ രാജകുടുബവും ജയ്പൂരിലെ പുതിയ കൊട്ടാരത്തിലേക്ക് മാറുകയായിരുന്നു. അവിടെക്കണ്ട ഗൈഡ് എടുത്തെടുത്ത് പറഞ്ഞ കാര്യങ്ങള്‍ കൗതുകമുണര്‍ത്തുന്നതായിരുന്നു. രാജാ മാന്‍ സിങ്ങിന് കൊട്ടാരത്തില്‍ 12-ഭാര്യമാരു ണ്ടായിരുന്നു. 12-പേര്‍ക്കും ഒരേപോലത്തെ റൂമും സൗകര്യങ്ങളും. പക്ഷേ, ഒരാള്‍ക്ക് പോലും അന്യോന്യമറിയില്ല രാജാവ് ഏത് റൂമില്‍ ഏത് ഭാര്യയോടൊപ്പമാണ് ഉള്ളതെന്ന്. ഒറ്റു കൊടുക്കാനും ആക്രമിക്കപ്പെടാനും, ഉപജാപങ്ങളില്‍പ്പെടാതിരിക്കാനുമുള്ള തന്ത്രങ്ങളായിരിക്കാം!
മറ്റൊന്ന്, മഹാറാണി കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് പോവുന്നത് വീല്‍ ചെയറിലിരുന്നാണ്. കാരണമറിയോ? വസ്ത്രങ്ങളും ആടയാഭരണങ്ങളുമൊക്കെ ധരിച്ചു കഴിഞ്ഞാല്‍പ്പിന്നെ, അവയുടെ കനം കാരണം വീല്‍ ചെയറിലേ സഞ്ചരിക്കാനാവൂ!
സിറ്റി പാലസ്
1729-നും 1732-നും ഇടയില്‍ ആംബറിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന സവായ് ജയ് സിങ് രണ്ടാമനാണ് ഈ കൊട്ടാരത്തിന്റ പണിയാരംഭിച്ചത്. പിന്നീടുള്ള കൂട്ടിചേര്‍ക്കലുകള്‍ 20-ാം നൂറ്റാണ്ട്വരെയുള്ള പിന്‍ഗാമികളാണ് പൂര്‍ത്തിയാക്കിയത്. സിറ്റി പാലസിന്റെ ഒരു പ്രധാന കൗതുകമാണ് ചന്ദ്ര മഹല്‍! ഇവിടെയാണ് ഇപ്പോഴത്തെ രാജാവും കുടുംബവും താമസിക്കുന്നത്.
അദ്ദേഹം കൊട്ടാരത്തിലുണ്ടെങ്കില്‍ കൊട്ടാരത്തിന് മുകളില്‍ ഒരു വിശേഷാല്‍ പതാക കാണാം. നിലവിലുള്ള രാജാവ് ലണ്ടനില്‍ പഠിക്കയാണെന്നാണ് അറിഞ്ഞത്. രാജാവിന്റെ കൊട്ടാരം ഒഴിച്ചുള്ള ഭാഗങ്ങള്‍ സന്ദര്‍ശകര്‍ക്ക് കാണാനുള്ള സൗകര്യമുണ്ട്. കൂടുതല്‍ കൊട്ടാരഭാഗങ്ങള്‍ കാണണമെങ്കില്‍ സ്‌പെഷ്യല്‍ ഫീസ് കൊടുക്കണം- 2000/രൂപ. കൊട്ടാരവും ബാക്കിയുള്ള കെട്ടിട സമുച്ചയങ്ങളുമെല്ലാം കാണാന്‍ ഇമ്പമുള്ള കാഴ്ചകളാണ്. രാജാവിന്റെ സിംഹസനവും, സഭാവാസികളുടെ ഇരിപ്പിടങ്ങളുമെല്ലാം ഇവിടത്തെ കെട്ടിടമായ സഭാ നിവാസില്‍ (പൊതു സഭ )അത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റൊരു കെട്ടിടമായ മുബാറക് മഹലില്‍ വസ്ത്രമ്യൂസിയമുണ്ട്. ഇവിടെക്കണ്ട വേറൊരു കൗതുക കാഴ്ച്ച 1902-ല്‍ എഡ്വേഡ് 7-മന്റെ (ജയ്പൂരനു പിങ്ക്‌സിറ്റി എന്ന് പേര് നല്‍കിയ ആള്‍) സ്ഥാനാരോഹണത്തിന് ഇംഗ്ലണ്ടിലേക്ക് തിരിച്ച ജയ്പൂര്‍ രാജാവ് ഗംഗാജലം നിറച്ചുകൊണ്ട് പോയ രണ്ട് വെള്ളി പാത്രങ്ങളാണ്! ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് വെള്ളിപ്പാത്രങ്ങളാണത്രെ ഇവ. 345 കിലോയാണ് ഇതിലൊന്നിന്റെ ഭാരം!
ജന്തര്‍ മന്തര്‍.
ജ്യോതിശാസ്ത്രസംബന്ധിയായ 14 ഉപകരണങ്ങളുടെ കൂട്ടമാണിവിടെയുള്ളത്. ജന്തര്‍ എന്നാല്‍ സംസകൃതത്തില്‍ യന്ത്രങ്ങള്‍, മന്തര്‍ -എന്നാല്‍ കണക്ക് കൂട്ടുക. ചുരുക്കിപറഞ്ഞാല്‍ സമയവും, കാലവും, നക്ഷത്രവും ഗ്രഹങ്ങളുടെ സ്ഥാനവുമൊക്കെ വാനനീരിക്ഷണം നടത്തി കണ്ട് പിടിക്കാനുള്ള 14-വ്യത്യസ്ത ഉപകരണങ്ങളുടെ കൂട്ടമാണിവിടം.
ഏകദേശം 300 വര്‍ഷം പഴക്കമുള്ള ഒരു നിര്‍മിതിയാണിത്. ഇത് പോലുള്ള നാലെണ്ണം ഡല്‍ഹി, ഉജ്ജയിനി, മധുര, വാരാണസി എന്നിവിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പൂര്‍ണ്ണമായ നിര്‍മിതിയാണ് ജയ് പൂരിലുള്ളത്. സവായി മഹാരാജ മാന്‍സിങ് രണ്ടാമന്‍ ബഹുഭാഷാപണ്ഡിതനായിരുന്നു. അറബി, സയന്‍സ്, ജ്യോതിഷം, കണക്ക് എന്നിവയിലൊക്കെ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് ലോക പൈതൃക സ്മാരക പട്ടികയിലെത്തുന്ന 28-ാമത്തെ സ്മാരകമാണിത്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികരമായ സാമ്രാട്ട് യന്ത്ര' ജന്തര്‍ മന്തറിന്റെ ഭാഗമാണ്.
കല്ല് കൊണ്ട് നിര്‍മിച്ച ജന്തര്‍ മന്തര്‍ വളരെ ലളിതമായി തോന്നുമെങ്കിലും മികച്ച രീതിയില്‍ ഗ്രഹങ്ങളുടെയും, നക്ഷത്രങ്ങളുടെയും സ്ഥാനം അറിയാന്‍ കഴിയുന്ന രീതിയിലാണ് ഇന്നുമിതിന്റെ പ്രവര്‍ത്തനം. ഇന്നും വൈകുന്നേരങ്ങളില്‍ ജ്യോതിഷസംബന്ധിയായ സംശയങ്ങള്‍ തീര്‍ക്കാന്‍ പലരുമിവിടെ വരാറുണ്ട്.
ജല്‍ മഹല്‍.
കുന്നുകളുടെയും, പച്ചപ്പിന്റെയും പശ്ചാത്തലത്തില്‍ അമര്‍റോഡിലെ മന്‍ സാഗര്‍ തടാകമധ്യത്തിലുള്ള, അഞ്ച് നിലയുള്ള ഒരു കൊട്ടാരമാണ് ജല്‍ മഹല്‍. ഇതിന്റെ നാല് നിലകള്‍ വെള്ളത്തിനടിയിലാണ്. മുകളില്‍ ഒരു നിലയും ടെറസ്സില്‍ തോട്ടവുമുണ്ട്. ഇതാണ് തടാകക്കരയില്‍ നിന്ന് നോക്കിയാല്‍ കിട്ടുന്ന ജല്‍ മഹലിന്റ ദൃശ്യഭംഗി! ഇപ്പോള്‍ ജല്‍ മഹലിനടുത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. രജപുത്രശൈലിയും, മുഗള്‍ വാസ്തുശില്‍പശൈലിയും ഒത്തുചേര്‍ന്ന ഒരു കൊട്ടാരമാണിതും. 18-ാം നൂറ്റാണ്ടില്‍ പണിതതെന്ന് പറയുന്ന ഈ കൊട്ടാരത്തിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല.