ദുലോങ് സ്ത്രീകൾക്കിടയിൽ ഒരു കാലത്ത് ടാറ്റൂ ചെയ്യുന്നത് പതിവായിരുന്നു. അവരുടെ സംസ്കാരത്തിന്റെ ഭാഗവുമായിരുന്നു ഇത്. ശക്തിയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമായിട്ടാണ് ഈ ടാറ്റൂ വിശ്വസിക്കപ്പെട്ടത്.
ചൈനയിൽ നിന്നുള്ള വളരെ ആവേശകരമായ ഒരു അനുഭവം പങ്കിടുകയാണ് കണ്ടന്റ് ക്രിയേറ്ററായ ഡാനിയൽ പിൻ്റോ. ചൈനയിലെ യുനാനിലെ ദുലോംഗ് താഴ്‌വരയാണ് പിന്റോ സന്ദർശിച്ചത്. ഇവിടെ ടാറ്റൂ ചെയ്ത സ്ത്രീകളിൽ അവസാനത്തെ സ്ത്രീകളെ കാണാനാണ് പിന്റോ ഇവിടേക്ക് യാത്ര പോയത്.
ചൈനയിലെ ഏറ്റവും ചെറിയ ഗോത്രവർഗമെന്നാണ് ദുലോങ് അറിയപ്പെടുന്നത് തന്നെ. 6000 മാത്രമാണ് ഇവരുടെ ജനസംഖ്യ. മാത്രമല്ല, ചൈനയിലെ തന്നെ ഏറ്റവും വിദൂരമായതും ഒറ്റപ്പെട്ടതുമായ സ്ഥലത്താണ് ദുലോങ് ജനത കഴിയുന്നത്. വളരെ കഠിനമായ യാത്രക്കൊടുവിലാണ് യുവാവ് അവിടെ എത്തിച്ചേരുന്നത് തന്നെ.
ഇപ്പോൾ, ഇവരുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്. അതുപോലെ അവരുടെ പാരമ്പര്യവും സംസ്കാരവും മറ്റും അന്യം നിന്നുപോകുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. അവിടെ നിന്നുള്ള കാഴ്ചയാണ് പിന്റോ പകർത്തിയിരിക്കുന്നത്. താൻ ചൈനയിലെ അവസാനത്തെ ടാറ്റൂ ചെയ്ത സ്ത്രീകളെ തേടി നടത്തിയ യാത്രയാണ് ഇത് എന്ന് പിന്റോ പറയുന്നുണ്ട്.
ഇവർ ചെറിയ ഗോത്രവിഭാഗമാണ് എന്നും തീർത്തും ഒറ്റപ്പെട്ട ജനങ്ങളാണ് എന്നും പിന്റോ പറയുന്നു. 20 വർഷം മുമ്പ് വരെ ഇവിടേക്ക് റോഡ് മാർഗം എത്താൻ സാധിക്കില്ലായിരുന്നു. ഇത് അവരുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കപ്പെടാൻ കാരണമായി തീർന്നു എന്നും ഇത് തന്റെ അവിസ്മരണീയമായ അനുഭവമാണ് എന്നും പിന്റോ പറയുന്നു.
അവസാനമായി അഞ്ച് സ്ത്രീകൾ മാത്രമാണ് ടാറ്റൂ ചെയ്തവരിൽ ഇനി ഇവിടെ ശേഷിക്കുന്നത്. ദുലോങ് സ്ത്രീകൾക്കിടയിൽ ഒരു കാലത്ത് ടാറ്റൂ ചെയ്യുന്നത് പതിവായിരുന്നു. അവരുടെ സംസ്കാരത്തിന്റെ ഭാഗവുമായിരുന്നു ഇത്. ശക്തിയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമായിട്ടാണ് ഈ ടാറ്റൂ വിശ്വസിക്കപ്പെട്ടത്. എന്നാൽ, 20 -ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ചൈനയിലെ സർക്കാർ ഇത് നിരോധിച്ചു. അതിനാൽ തന്നെ പ്രായമായ ഈ തലമുറകളിൽ മാത്രമേ ടാറ്റൂ കാണാൻ സാധിക്കൂ.
വീഡിയോയിൽ പിന്റോയുടെ ഈ പ്രദേശത്തേക്കുള്ള യാത്രയും മനുഷ്യരോട് ഇടപഴകുന്നതും ടാറ്റൂ ചെയ്ത സ്ത്രീകളെ കണ്ടുമുട്ടുന്നതും ഒക്കെ കാണാം.
ആരുമധികം ചിന്തിക്കില്ല, വന്‍ ഐഡിയ, സമ്പാദ്യം കോടികൾ