Narendra pitale : ന​ഗരം വിട്ടു, ​ഗ്രാമത്തിൽ രണ്ടുലക്ഷത്തിന് വീടുവച്ച്, പ്രകൃതിയോടിണങ്ങി ജീവിച്ച് എഞ്ചിനീയർ

By Web Team  |  First Published Jan 7, 2022, 7:00 AM IST

മൂന്ന് മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായി. 500 ചതുരശ്ര അടിയിൽ കിടപ്പുമുറിയും അടുക്കളയും കുളിമുറിയും വരാന്തയും അടങ്ങുന്ന വീടിന് രണ്ട് ലക്ഷം രൂപയാണ് ചെലവ് വന്നത്. 


നഗരങ്ങളിലെ സൗകര്യങ്ങള്‍ പലപ്പോഴും ആളുകളെ അങ്ങോട്ട് മാറിത്താമസിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍, നരേന്ദ്ര പിടാലെ(Narendra Pitale)യെപ്പോലുള്ള ചിലരാവട്ടെ വളരെ പരിമിതമായ സൗകര്യങ്ങളോടെ ഗ്രാമത്തില്‍ ജീവിക്കാന്‍ തീരുമാനിക്കാറുമുണ്ട്. 

പൂനെയിലും മുംബൈയിലും ജോലി ചെയ്തിരുന്ന എഞ്ചിനീയറായ ഈ 59 -കാരൻ വിരമിച്ച ശേഷം ഷിലിംബ്(Shilimb) എന്ന ഗ്രാമത്തിൽ സ്ഥിരതാമസമാക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ ആഡംബരങ്ങളും വേണ്ടെന്ന് പറഞ്ഞ അദ്ദേഹം കളിമണ്ണും റീസൈക്കിൾ ചെയ്ത വസ്തുക്കളും ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ചു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അദ്ദേഹത്തിന് സമ്മാനിച്ചത് ചെലവ് കുറഞ്ഞ ഒരു വീട് മാത്രമല്ല, സമാധാനപൂര്‍ണമായ ഒരു ജീവിതം കൂടിയാണ്. 

Latest Videos

undefined

ഇത് ഒരു രാത്രി പെട്ടെന്ന് തോന്നിയ ആശയമല്ല. മറിച്ച് കുട്ടിക്കാലം തൊട്ടുതന്നെ തനിക്ക് അത്തരം വീടുകളോട് ഇഷ്ടമുണ്ടായിരുന്നു. അത്തരം വീടുകളെ കുറിച്ച് താനൊരുപാട് വായിച്ചിരുന്നു എന്നും നരേന്ദ്ര പറയുന്നു. മെക്കാനിക്കൽ എഞ്ചിനീയറായാണ് നരേന്ദ്ര ജോലി ചെയ്തിരുന്നത്. എഞ്ചിനീയറിംഗിന് പുറമെ കൺസൾട്ടൻസി ജോലിയും ചെയ്തു. എന്നാൽ, അദ്ദേഹം ഒരിക്കലും തൃപ്തനായില്ല, കൃഷിയുടെയും പരിസ്ഥിതിശാസ്ത്രത്തിന്റെയും തീക്ഷ്ണമായ വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. 

“എനിക്ക് പരിസ്ഥിതി ശാസ്ത്രത്തിൽ വളരെയധികം താൽപ്പര്യമുണ്ടായിരുന്നു. ജോലി സമയത്ത് ഞാൻ അതിൽ ഒരു കോഴ്സ് പോലും ചെയ്തു. സുസ്ഥിരമായ ജീവിതശൈലി ഉൾപ്പടെയുള്ള നിരവധി തിരിച്ചറിവുകൾ അത് എനിക്ക് നൽകി. നമ്മൾ നയിക്കുന്ന ജീവിതം പ്രകൃതിക്ക് നല്ലതല്ല. നഗരത്തിൽ നിന്ന് പ്രകൃതിയോട് ചേർന്നുള്ള സ്ഥലത്തേക്ക് മാറാനുള്ള ഈ തീരുമാനത്തിലൂടെ എനിക്ക് ഉത്തരവാദിത്തബോധം ലഭിച്ചു” നരേന്ദ്ര പറയുന്നു.

2004 -ൽ അദ്ദേഹം പരിസ്ഥിതിശാസ്ത്രത്തിൽ പഠിച്ച കോഴ്സ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ട്രക്കിങ്ങിനോടുള്ള ഇഷ്ടവും പ്രകൃതിയുടെ ശാന്തതയെ കുറിച്ചുള്ള ഉള്‍ക്കാഴ്ച അദ്ദേഹത്തെ ബോധ്യപ്പെടുത്തി. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും, നരേന്ദ്ര അടുത്തുള്ള ഒരു ഗ്രാമത്തിൽ താമസിക്കുമായിരുന്നു. ഇത് പ്രകൃതിയോട് കൂടുതൽ അടുക്കാനുള്ള കാരണമായി അദ്ദേഹം പറയുന്നു. 

ലോണാവാലയ്ക്കടുത്തുള്ള ഷിലിംബ് എന്ന ഗ്രാമത്തിലെ തന്റെ 20 ഏക്കർ ഭൂമിയെക്കുറിച്ച് ഒരു സുഹൃത്ത് അദ്ദേഹത്തോട് പറ‍ഞ്ഞു. “ഏറ്റവും നല്ല ജോലി കൃഷിയാണ് എന്നും ഇതിന് ശേഷമാണ് മറ്റുള്ള ജോലികളെന്നും മുതിർന്നവർ ഞങ്ങളോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. എന്നാൽ, നാമെല്ലാവരും ഇന്ന് നേരെ വിപരീതമാണ് ചെയ്യുന്നത്, അത് മാറ്റണം” നരേന്ദ്ര കൂട്ടിച്ചേർക്കുന്നു. ഇതാണ് തന്റെ സുഹൃത്തിന്റെ ഭൂമിയിൽ ഒരു അഗ്രോ-ടൂറിസം കേന്ദ്രം നിർമ്മിക്കാൻ നരേന്ദ്രയെ പ്രേരിപ്പിച്ചത്. അതിനുശേഷം മറ്റൊരു ഗ്രാമത്തിൽ ഒരു വീട് പണിയാനും അവിടെ നിന്ന് ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടു. 

“ഞാൻ ഒരേസമയം എന്റെ സുഹൃത്തിനായി ഒരു നല്ല ഇക്കോ ടൂറിസ്റ്റ് കേന്ദ്രവും എനിക്കായി ഒരു ചെറിയ പരിസ്ഥിതി സൗഹൃദ വീടും പണിയുകയായിരുന്നു” നരേന്ദ്ര അനുസ്മരിക്കുന്നു. മൂന്ന് മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ വീടിന്റെ നിർമ്മാണം പൂർത്തിയായി. 500 ചതുരശ്ര അടിയിൽ കിടപ്പുമുറിയും അടുക്കളയും കുളിമുറിയും വരാന്തയും അടങ്ങുന്ന വീടിന് രണ്ട് ലക്ഷം രൂപയാണ് ചെലവ് വന്നത്. മണ്ണും പ്രാദേശികമായി ലഭിക്കുന്ന റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കളും കൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്. അതിൽ ഉപയോഗിക്കാനായി ഒരു സ്ക്രാപ്പ് ഡീലറിൽ നിന്ന് സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങളും ശേഖരിച്ചു. വാതിലുകളും ജനലുകളും മേൽക്കൂരയുടെ ഓടുകളും എല്ലാം സെക്കൻഡ് ഹാൻഡ് ആണ്. 

കുളിമുറിക്ക് ഉപയോഗിച്ചിരുന്ന ഒരു ചാക്ക് സിമന്‍റ് മാത്രമാണ് ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സിമന്റ് എന്നതാണ് ഈ പരിസ്ഥിതി സൗഹൃദ വീടിന്റെ ഏറ്റവും വലിയ സവിശേഷത. മൂന്ന് മാസം കൂടുമ്പോൾ ചാണകം മെഴുകുന്ന തറ കളിമണ്ണിലാണ് ഉണ്ടാക്കിയിരിക്കുന്നത്. വേനൽക്കാലത്തും വീടിന് തണുപ്പ് ലഭിക്കും. ഇതുകൂടാതെ, 100 വാട്ട് സോളാർ പാനലുകളും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. 

നാല് മാസം മുമ്പാണ് നരേന്ദ്ര തന്റെ കൺസൾട്ടൻസി ജോലി ഉപേക്ഷിച്ചത്. അദ്ദേഹം പറയുന്നു, “ഞാൻ പലപ്പോഴും ജോലിക്കായി പൂനെയിലേക്ക് പോകാറുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക് അടുക്കളത്തോട്ടം ഉണ്ടാക്കാൻ കഴിയാതിരുന്നത്. ഇപ്പോൾ ഞാൻ എപ്പോഴും ഇവിടെയുണ്ട്, എന്റെ പൂന്തോട്ടം പരിപാലിക്കാൻ ധാരാളം സമയമുണ്ട്.''

പരിസ്ഥിതി സൗഹൃദ വീടുകൾ നിർമ്മിക്കാൻ ആളുകളെ സഹായിക്കണമെന്നാണ് നരേന്ദ്രയുടെ ആഗ്രഹം. “അനേകം ആളുകൾക്ക് സുസ്ഥിരമായ വീടുകൾ നിർമ്മിക്കുന്നതിൽ താൽപ്പര്യമുണ്ടെങ്കിലും അതേസമയം ഭയപ്പെടുകയും ചെയ്യുന്നു. സുരക്ഷയും, വീട് എത്രകാലം നിലനില്‍ക്കുമെന്നതും അവരുടെ പ്രധാന ആശങ്കകളാണ്. എന്നാൽ, ജനങ്ങളുടെ ചിന്താഗതി മാറ്റുന്നതിനാണ് മുൻഗണന നൽകേണ്ടത്. ഇത് ആത്യന്തികമായി നമ്മുടെ പ്രകൃതിയെ സംരക്ഷിക്കുന്ന ജീവിതശൈലിയിലെ മാറ്റത്തിന് കാരണമാകും” അദ്ദേഹം പറയുന്നു.

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)

click me!