'നന്ദന'ത്തിലെ ഉണ്ണിയേട്ടന്‍, 'ജാനകിക്കുട്ടി'യിലെ കുഞ്ഞാത്തോല്‍, ജീവിതമുനമ്പിലെ ഭ്രമകല്‍പ്പനകള്‍

By Web Team  |  First Published Nov 3, 2022, 5:25 PM IST

ന്ദന'ത്തിലെ ഉണ്ണിയേട്ടനും, 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ കുഞ്ഞാത്തോലും മനസിന്റെ ഭ്രമ ഭാവനകള്‍ക്ക് അപ്പുറത്ത് ജീവിക്കുന്നില്ലെങ്കിലും, കഥയിലെ എല്ലാമെല്ലാമായിത്തീരുന്നത് മേല്‍പറഞ്ഞത് ആസ്വാദകരുടെ മനസ്സിന്റെയും ഒരു പൊതുസ്വഭാവമായതുകൊണ്ടാണ്. 


നിറങ്ങള്‍ മാഞ്ഞു തുടങ്ങിയ ജീവിതത്തില്‍ പ്രതീക്ഷകള്‍ എല്ലാം അവസാനിക്കാറായി എന്ന നിമിഷം ആത്മഹത്യയുടെ വക്കില്‍ എത്തിയ ബാലാമണിയുടെയും, ആള്‍ക്കൂട്ടത്തില്‍ തന്റെ മാത്രം ലോകത്ത് തനിച്ചായ ജാനകിക്കട്ടിയുടെയും മനസ്സില്‍ മിഥുനമഴയും പാര്‍വണ പാല്‍മഴയും പെയ്യിക്കുന്നു.
 

Latest Videos

undefined

 

നിര്‍വചനങ്ങള്‍ക്ക് അതീതമാണ് മനസ്സ്. അതിജീവനത്തിന്റെ പാതയില്‍ പലപ്പോഴും നിസ്സഹായരായി  തീരുമ്പോള്‍ ഇല്ലായ്മയിലും സമ്പൂര്‍ണ്ണത സൃഷ്ടിക്കാന്‍ അത് വെമ്പാറുണ്ട്. നിഴലും നിശ്ശബ്ദതയും ഏകാന്തതയും എല്ലാം മനസ്സിനെ സ്പര്‍ശിക്കുന്നത് ഒന്നുമില്ലായ്മയിലും ആസ്വാദനത്തിനു വകയുണ്ട് എന്നതിന്റെ തെളിവുകളാണ്. 

മനസ്സ് അങ്ങനെയാണ്. ചിലപ്പോള്‍ അത് സ്വയം അഭിമുഖ സംഭാഷണത്തില്‍ ഏര്‍പ്പെടു. ആരോടൊക്കെയോ എപ്പോഴൊക്കെയോ പറയാന്‍ കൊതിച്ച കാര്യങ്ങള്‍ ഭാവനയില്‍ കെട്ടിപ്പണിത വേദിയിലിരുന്ന്  സംസാരിക്കും. നിലനില്‍പ്പ് ചോദ്യമായി വരുന്ന ചില സന്ദര്‍ഭങ്ങളില്‍ അത് സ്വന്തമായി ചിലതൊക്കെ സൃഷ്ടിക്കാറുമുണ്ട്. തന്‍സൃഷ്ടി ആണെങ്കിലും അതിന് തന്നെ കവിഞ്ഞ് ബാഹ്യരൂപവും അര്‍ത്ഥതലവും എല്ലാം കൈവരുമ്പോള്‍ അവ നമ്മെ ചേര്‍ത്തുപിടിക്കുന്നതു പോലൊരു തോന്നല്‍ കൈവരും.

സ്വന്തം സൃഷ്ടിയുടെ മായിക രൂപങ്ങള്‍ക്ക് മുന്‍പില്‍ തന്റെ യുക്തി ബോധം കണ്ണടയ്ക്കുമ്പോള്‍ സൃഷ്ടികള്‍ക്ക് ജീവന്‍ വെക്കുകയാണ്.

'നന്ദന'ത്തിലെ ഉണ്ണിയേട്ടനും, 'എന്ന് സ്വന്തം ജാനകിക്കുട്ടി'യിലെ കുഞ്ഞാത്തോലും മനസിന്റെ ഭ്രമ ഭാവനകള്‍ക്ക് അപ്പുറത്ത് ജീവിക്കുന്നില്ലെങ്കിലും, കഥയിലെ എല്ലാമെല്ലാമായിത്തീരുന്നത് മേല്‍പറഞ്ഞത് ആസ്വാദകരുടെ മനസ്സിന്റെയും ഒരു പൊതുസ്വഭാവമായതുകൊണ്ടാണ്. 

ഒരാളുടെ  വിശ്വാസങ്ങളെയോ മൂല്യങ്ങളെയോ സ്ഥിരീകരിക്കുന്നതോ പിന്തുണയ്ക്കുന്നതോ ആയ രീതിയില്‍ വിവരങ്ങള്‍ തിരയാനും വ്യാഖ്യാനിക്കാനും അനുകൂലിക്കാനും ഉറപ്പിക്കാനും ഉള്ള പ്രവണതയായ സ്ഥിരീകരണ പക്ഷപാതം (കണ്‍ഫര്‍മേഷന്‍ ബയസിങ്)  ഈ കഥാപാത്രങ്ങളെ ശക്തിപ്പെടുത്തുന്നു.

ആഴത്തിലുള്ള വിശ്വാസവും, ചിന്തകളും തോന്നലുകളും, തന്നെ വൈകാരികമായി അലട്ടുന്ന  പ്രശ്‌നങ്ങള്‍ക്ക് ഉത്തരം പറഞ്ഞു തുടങ്ങുന്നു.

അടങ്ങാത്ത ആഗ്രഹങ്ങളും നഷ്ടബോധവും സാക്ഷാത്കരിക്കാന്‍ മനസ്സ് ഉണ്ണിയേട്ടനും കുഞ്ഞാത്തോലും ഒക്കെ ആവുകയാണ്.

ഒരാളെ തന്നെ കാത്തിരുന്നാല്‍ വരുന്നതെല്ലാം അവന്‍ എന്നു തോന്നുന്ന പോലൊരു സ്ഥിരീകരണ പക്ഷപാതം ഭ്രമ സൃഷ്ടികളെ ബോധതലത്തില്‍ നിറഞ്ഞാടിക്കുകയാണെന്ന് പറയാം.

നിറങ്ങള്‍ മാഞ്ഞു തുടങ്ങിയ ജീവിതത്തില്‍ പ്രതീക്ഷകള്‍ എല്ലാം അവസാനിക്കാറായി എന്ന നിമിഷം ആത്മഹത്യയുടെ വക്കില്‍ എത്തിയ ബാലാമണിയുടെയും, ആള്‍ക്കൂട്ടത്തില്‍ തന്റെ മാത്രം ലോകത്ത് തനിച്ചായ ജാനകിക്കട്ടിയുടെയും മനസ്സില്‍ മിഥുനമഴയും പാര്‍വണ പാല്‍മഴയും പെയ്യിക്കുന്നു.
 
മനുവും ഭാസ്‌കരേട്ടനും എന്നെന്നേക്കുമായി അകന്നു പോവുകയാണ് എന്ന് തോന്നുന്ന നിമിഷങ്ങളില്‍ ഇത്തരം മായാ രൂപങ്ങള്‍ സൗഹൃദം സ്ഥാപിക്കുകയാണ് . അത് തകര്‍ന്നടിഞ്ഞ മനസ്സിനെ അതിജീവനത്തിന്റെ പാതയില്‍ നയിക്കുന്നു

ജീവിതത്തില്‍ സര്‍വത്ര വീട്ടുജോലി എടുക്കാന്‍ വിധി അനുസരിപ്പിക്കുന്ന ഒരു പാവയാണ് ബാലാമണി. എല്ലാവരും ഉണ്ടായിട്ടും തന്നെ മനസ്സിലാക്കാനും  ചേര്‍ത്തു പിടിക്കാനും ആരാലും സാധിക്കാത്ത ഒരു പ്രാകൃതമായ കുടുംബ വ്യവസ്ഥയിലാണ് ജാനകി ജീവിക്കുന്നത്

അന്തര്‍മുഖത ഒരു വൈകല്യമായി കണ്ടിരുന്ന കാലത്ത് ഒറ്റയ്ക്കുള്ള സംസാരവും , സങ്കല്‍പ്പനങ്ങളും കൊണ്ട് വന്‍ വീഴ്ചകളില്‍ നിന്നും മനസ്സിനെ കൈപിടിച്ചു കയറ്റാന്‍ ശ്രമിക്കുകയാണ് ഇരുവരും.

ഇവ ചിലപ്പോള്‍ തക്കം നോക്കി ബോധമനസിന്റെ സാഫല്യത്തിനായി വേദനിപ്പിച്ചവരുടെ നേര്‍ക്ക് കല്ലെറിയുന്നു, എല്ലാം അവസാനം നല്ലതേ വരുത്തൂ എന്ന് പറഞ്ഞ് പഠിപ്പിക്കുന്നു. തനിക്ക് മാത്രം അറിയാവുന്ന കാര്യങ്ങള്‍ തന്നോട് തന്നെ പറഞ്ഞു ഞെട്ടിക്കുന്നു..

തന്റെ താല്‍പര്യങ്ങള്‍ അറിഞ്ഞ് ജീവിതം പങ്കുവെക്കാന്‍ തനിക്ക് പ്രിയപ്പെട്ട ഒരാളെ സ്വന്തമായി കിട്ടുന്ന നിമിഷം ഈ മായിക രൂപങ്ങള്‍ എല്ലാം തന്നെ രണ്ടു സിനിമകളില്‍ നിന്നും യാത്ര പറയുന്നതായും കാണാം.

മരണശേഷം മുത്തശ്ശിയുടെ കൈകളില്‍ കാണുന്ന പൂക്കള്‍ ഏറെ ചിന്തിപ്പിക്കുമെങ്കിലും അവ മരണം മുന്‍കൂട്ടി കണ്ടു മുത്തശ്ശി തന്നെ കയ്യില്‍ സൂക്ഷിച്ച് വെച്ചതായിരിക്കാം . അതല്ലെങ്കില്‍ നിറവേറ്റാതെ പോയ മുത്തശ്ശിയുടെ ആഗ്രഹം സാധിപ്പിക്കാന്‍ കഴിയുന്നത് ജാനകിക്കുട്ടി ചെയ്തു വച്ചതുമാവാം. 

എന്തുതന്നെയായാലും മനസ്സിന്റെ ഭാവന സൃഷ്ടിപാടവത്തിനു മുമ്പില്‍ അസാധ്യമായി ഒന്നുമില്ലല്ലോ. അല്ലെങ്കില്‍ തന്നെ എന്താണ് മനസ്സിന്റെ സൃഷ്ടി അല്ലാതായിട്ടുള്ളത?

ഇരുട്ടു വീണു തുടങ്ങിയ ജീവിതങ്ങള്‍ക്കുമേല്‍ പ്രതീക്ഷയുടെ വെളിച്ചം വീഴ്ത്താന്‍ ഇത്തരം ഓര്‍മകള്‍ ഉണ്ടെങ്കില്‍ എന്തുവേണം സഖി, ഇനി നിനക്കെന്തു വേണം?

click me!