ഒട്ടും ഉപ്പ് കഴിക്കാതെ എത്രനാള്‍ ജീവിക്കാനാവും?

By Joe Joseph Muthireri  |  First Published May 18, 2020, 4:43 PM IST

ജോ ജോസഫ് മുതിരേരി എഴുതുന്നു: ഉപ്പ് ഇല്ലാതായാല്‍ ലോകത്തിനെന്ത് സംഭവിക്കും? 


ഈ ഉപ്പ് ലോകത്തുനിന്ന് തന്നെ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും? മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഉപ്പ് നമുക്ക് വേണ്ടത്രതന്നെ ആവശ്യമാണ്. സമുദ്രങ്ങള്‍ മുഴുവന്‍ ഉപ്പുവെള്ളം ആയതില്‍ നമുക്ക് അല്‍പ്പം ദേഷ്യം ഉണ്ടാകുമല്ലേ. അവ മുഴുവന്‍ ശുദ്ധജലം ആയിരുന്നെങ്കില്‍ എന്ത് രസം ആയിരിക്കുമല്ലേ? 
 

Latest Videos

undefined

 

അവഗണിക്കപ്പെട്ടു കിടക്കുന്ന ഒരു ഹീറോയുടെ കൗതുകം നിറഞ്ഞ ചരിത്രമാണ് ഇനി പറയാന്‍ പോകുന്നത്. ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിച്ച ഒരു ധാതുവിന്റെ കഥ. 

ലാറ്റിന്‍ ഭാഷയിലെ 'sal'  എന്ന വാക്കില്‍ നിന്നാണ് 'salt' ഉണ്ടായത്. ഉപ്പിന്റെ പേരില്‍ നഗരങ്ങള്‍ ഉണ്ടായിട്ടുണ്ട് (salzburg - Austria).  സമ്പദ്‌വ്യവസ്ഥകള്‍ കെട്ടിപ്പടുത്തിട്ടുണ്ട്, യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്- ( Venice Genoa രാജ്യത്തോട് യുദ്ധം ചെയ്തതും അത് വിജയിച്ചതും ഉപ്പിന് വേണ്ടിയാണ്).  മനുഷ്യ ചരിത്രത്തില്‍ ഇത്രയ്ക്ക് എഴുതപ്പെട്ട,  കലഹിക്കപ്പെട്ട മറ്റൊരു ധാതു ഉണ്ടാവില്ല. 

എന്താണ് ഉപ്പിന്റെ മൂല്യം? ഉപ്പില്ലാതെ നമുക്ക് ജീവിക്കാന്‍ സാധിക്കുമോ? ഉപ്പ് ഇല്ലാതായാല്‍ എന്ത് സംഭവിക്കും?

ഉപ്പ് എന്നാല്‍ ഹൈ ബിപി എന്ന് മാത്രമല്ല. ഏകദേശം 14,000 ഓളം ഉപയോഗങ്ങള്‍ ഉണ്ട് ഉപ്പിന്. വ്യാവസായികമായി ഉണ്ടാക്കുന്ന ഉപ്പില്‍ 6% മാത്രമാണ് ഭക്ഷണത്തിന് വേണ്ടി നാം ഉപയോഗിക്കുന്നത്. 12% ജലം ശുദ്ധീകരിക്കാനും, 8% മഞ്ഞുമൂടിയ രാജ്യങ്ങളില്‍ ഐസ് ഉരുക്കാനും, 6% കൃഷി ആവശ്യങ്ങള്‍ക്കും, ബാക്കി 68% നിര്‍മാണമേഖലയിലും ഓയില്‍ ഗ്യാസ് വ്യവസായത്തിലുമാണ് ഉപയോഗിക്കുന്നത്. പി വി സി പൈപ്പുകള്‍ നിര്‍മ്മിക്കാന്‍ ഉപ്പില്ലെങ്കില്‍ സാധിക്കില്ല. ഹീബ്രു , റോമന്‍ , ബൈസാന്റിയന്‍ ഭരണകാലത്ത് ശമ്പളം കൊടുത്തിരുന്നത് 'ഉപ്പ്' കിഴികളാണ്. ഈ ഉപയോഗത്തില്‍ നിന്നാണ് - ഉപ്പില്‍ നിന്നാണ് 'sal-ary (salary ) എന്ന വാക്കും വരുന്നത്. 'salad' ഉം മറ്റൊന്നല്ല. റോമന്‍ പടയാളികള്‍ ഉപയോഗിച്ചിരുന്ന 'ഉപ്പ് തേച്ച ഇലക്കറികള്‍ ' ആണ്' salad ' ആയി മാറിയത്. salad എന്നാല്‍ 'salted ' എന്നും അര്‍ഥം ഉണ്ട്. ഇംഗ്ലീഷിലെ 100 ന് മേലെ വാക്കുകള്‍ -sal -salt - ഉപ്പില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന 'sauce 'വരെ ലാറ്റിന്‍ sal ല്‍ നിന്നാണ് അര്‍ഥം 'ഉപ്പ് തേച്ചത്.'

അമേരിക്കന്‍ വിപ്ലവത്തില്‍ ഉപ്പ് നികുതി, ഉപ്പ് വ്യാപാരം എന്നിവ വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ത്യന്‍ സ്വതന്ത്ര സമരവും ഉപ്പുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് അറിവുള്ളതാണ്. കൊളംബസിന്റെ യാത്രകള്‍ക്ക് വന്ന ചിലവിലേറെയും കണ്ടെത്തിയിരുന്നത് തെക്കന്‍ സ്‌പെയിനിലെ ഉപ്പ് വ്യാപാരത്തില്‍ നിന്നാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ അനേക കാരണങ്ങളില്‍ ഒന്ന് അധിക ഉപ്പ് നികുതി ആയിരുന്നു എന്നത് ചരിത്ര സത്യം. സഹാറയ്ക്ക് കുറുകെ ഉപ്പ് വ്യാപാരത്തിന് 'സില്‍ക്ക് റൂട്ട്' പോലെ ഒട്ടക കാരവന്‍ മാത്രം ആശ്രയിച്ച 'salt റൂട്ട് ' ഉണ്ടായിരുന്നു എന്നത് ഉപ്പിന്റെ ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു. ബൊളിവിയയിലെ 'Salar De Uyuni' എന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടത്തിന്റെ വിസ്തൃതി 27 ലക്ഷം ഏക്കര്‍ ആണ്.

മതപരമായ ചടങ്ങുകളിലും ഉപ്പ് പ്രധാനം ആണ്. ഹിന്ദു സംസ്‌കാരത്തില്‍ ഭവന പ്രവേശനം, വിവാഹം , ശവ സംസ്‌കാരം എന്നിവയ്ക്ക് ഇന്നും ഉപ്പ് ഉപയോഗിക്കുന്നു. വൈക്കിങ്ങുകള്‍  ഉപ്പിന്റെ ദേവതയെ പ്രീതിപ്പെടുത്താന്‍ ഉപ്പ് അര്‍പ്പിച്ചും തളിച്ചും പ്രാര്‍ത്ഥിച്ചിരുന്നു. ഇതില്‍ നിന്നാണ് ക്രിസ്ത്യന്‍ ആചാരങ്ങളിലെ 'വെഞ്ചരിച്ച വെള്ളം' (holy water) ഉണ്ടായത്. 

 

 

ഇന്ന് ലഭ്യമായതില്‍ ഏറ്റവും വിലയേറിയ ധാതുവും ഒരു പ്രത്യേക 'കറിഉപ്പാണ്' Amethyst Bamboo 9xsalt ' എന്ന പ്രത്യേകം തയ്യാറാക്കുന്ന ഫസ്റ്റ് ക്വാളിറ്റി കറിയുപ്പിന്റെ വില  ഇന്ത്യന്‍ രൂപയില്‍ കിലോയ്ക്ക് 57,500 രൂപ വരും. 'Jugyeom  എന്നറിയപ്പെടുന്ന ഈ പ്രത്യേക ഉപ്പ് ഡോ. ഇന്‍സാന്‍ എന്നയാള്‍ 1917 -ല്‍ തെക്കന്‍ കൊറിയയില്‍ ആണ് ഉല്‍പ്പാാദനം തുടങ്ങിയത്. മൂന്ന് വര്‍ഷം എടുക്കും ഇതിന്റെ നിര്‍മാണം. കടലുപ്പ് വെയിലില്‍ ഇട്ട് ഉണക്കി മുളംകുറ്റികളില്‍ നിറച്ച് പ്രത്യേക കളിമണ്ണ് പൊതിഞ്ഞു മൂന്ന് വര്‍ഷം സൂക്ഷിക്കുന്നു. പിന്നീട് 760 ഡിഗ്രിയില്‍ പ്രത്യേകം തയ്യാറാക്കിയ അടുപ്പില്‍ പൈന്‍ മരങ്ങളുടെ കാതല്‍ മാത്രം കത്തിച്ച് ഒന്‍പത് ഘട്ടങ്ങളിലായി വറുത്തെടുത്ത് പൊടിച്ചാണ് തയ്യാറാക്കുന്നത്. ഈ ഉപ്പിന് ഔഷധഗുണങ്ങള്‍ ഏറെയാണെന്നും പറയപ്പെടുന്നു.

രണ്ട് മാരകമായ രാസവസ്തുക്കള്‍-സോഡിയം, ക്‌ളോറിന്‍- ഒന്നിച്ചുചേര്‍ന്നാല്‍ ജീവന് അത്യന്താപേക്ഷിതമായ ഒരു ധാതു ആയി മാറുന്ന മാജിക്ക് ആണ് ഉപ്പ്. സോഡിയം വായുവിലോ വെള്ളത്തിലോ വെച്ചാല്‍ മാരകമായി തീപിടിച്ചു പൊട്ടിത്തെറിക്കും. ക്‌ളോറിനും മനുഷ്യന് വിഷം തന്നെ. എന്നാല്‍ ഇവ ചേര്‍ന്ന 'സോഡിയം ക്‌ളോറൈഡ്' പ്രിയപ്പെട്ട നമ്മുടെ സ്വന്തം 'ഉപ്പ്.'

ഉപ്പ് നമ്മുടെ ശരീരത്തില്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? തലച്ചോറില്‍ നിന്നുള്ള സിഗ്‌നലുകളെ നാഡീവ്യൂഹത്തിലൂടെ വേഗത്തില്‍ കടത്തി വിട്ട് മസിലുകള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് നമ്മെ ഓരോ കാര്യങ്ങളും ചെയ്യിക്കുന്നത്. ഞാന്‍ ഇത് എഴുതുന്ന പ്രക്രിയപോലും. ശരീരത്തില്‍ സോഡിയം ഇല്ലെങ്കില്‍ സാധ്യമല്ല. ഹൃദയം രക്തം പമ്പ് ചെയ്യുന്നത്, ധാതു ലവണങ്ങള്‍ വൈറ്റമിനുകള്‍ എന്നിവ ഭക്ഷണത്തില്‍ നിന്ന് ആഗിരണം ചെയ്ത് ശരീരത്തില്‍ ഉപയോഗിക്കുന്നത്, മുറിവുണക്കുന്നത് എന്നിവയ്ക്കെല്ലാം സോഡിയം അത്യാവശ്യമാണ്. എന്നാല്‍ അധികമായാലോ? രക്തസമ്മര്‍ദ്ദം. ഹൃദയാഘാതം, പക്ഷാഘാദം, മരണം! 

വളരെ ബഹുമാനത്തോടെ  ഉപയോഗിക്കണം ഈ ധാതുവിനെ. ജീവന്‍ നിലനിര്‍ത്തുന്നത് പോലെ തിരിച്ചെടുക്കാനും അറിയാം ഇതിന്.


മനുഷ്യ ശരീരത്തില്‍ 40 സ്പൂണോളം ഉപ്പ് പ്രകൃത്യാല്‍ തന്നെ ഉണ്ട്. കരയുക, വിയര്‍ക്കുക , മൂത്രമൊഴിക്കുക എന്നിവയിലൂടെ അവ നഷ്ടപ്പെടുന്നുമുണ്ട്. നഷ്ടടമായവ വീണ്ടെടുക്കേണ്ടതുണ്ട്. ശരീരത്തില്‍ ഉപ്പിന്റെ അംശം കുറഞ്ഞാല്‍ എന്ത് സംഭവിക്കും? 1500-2300 mg ഉപ്പ് മനുഷ്യന്‍ ഒരു ദിവസം ആവശ്യമുണ്ട് എന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ മലയാളി മീന്‍ കറിയില്‍ ഇതിലും ഇരട്ടി ഉപ്പ് ഉണ്ട് താനും. ഉപ്പ് തീറ്റി കുറയ്ക്കണം എന്ന് കരുതി പറ്റേ വേണ്ട എന്ന് വെക്കുകയും അരുത്.

1930 -ല്‍ ഡോ. റോബര്‍ട്ട് മക്കൈന്‍ ഒരു പ്രസിദ്ധമായ പരീക്ഷണം നടത്തി. തയ്യാറായി വന്ന നാല്  ആളുകളോട് അശേഷം ഉപ്പില്ലാതെ 10 ദിവസം ജീവിക്കാനാവശ്യപ്പെട്ടു. ആദ്യമായി അവരെ നന്നായി വിയര്‍പ്പിച്ച് ശരീരത്തിലെ ഉപ്പ് മുഴുവന്‍ കളഞ്ഞു. കൊടുക്കുന്ന എല്ലാ ഭക്ഷണവും വെള്ളവും ഉപ്പ് അശേഷം ഇല്ലാത്തത് എന്ന് ഉറപ്പാക്കി. ആദ്യ ദിവസം തന്നെ അവര്‍ക്ക് ക്ഷീണം ആരംഭിച്ചു. ശരീരത്തില്‍ ഉപ്പിന്റെ അംശം ഇല്ലാതെ ആകുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയുടെ പേരാണ്  'hyponatremia.  രക്ത കോശങ്ങള്‍ വീര്‍ക്കാന്‍ തുടങ്ങുന്നു. കാരണം കോശങ്ങള്‍ക്ക് എത്ര ജലം ആവശ്യമുണ്ട് എന്ന് നോക്കി അത് നിയന്ത്രിക്കുന്നതില്‍ സോഡിയത്തിന് വലിയ പങ്കുണ്ട്. അത് ഇല്ലാതെ അനാവശ്യമായി ജലം സ്വീകരിച്ചു കോശങ്ങള്‍ വീര്‍ക്കുന്ന അവസ്ഥയാണ് 'hypnatremia.'  കൃത്യ സമയത്ത് ചികില്‍സിച്ചില്ല എങ്കില്‍ ചുഴലി, ബോധക്ഷയം, കോമ, മരണം എന്നിവയാണ് ഫലം.

പരീക്ഷണത്തിന്റെ ആറാം ദിവസം തന്നെ ക്ഷീണം തലവേദന, ഭക്ഷണം കഴിക്കാന്‍ പോലും ആരോഗ്യം ഇല്ലാത്ത അവസ്ഥ, രുചി ഇല്ലായ്മ എന്നിവ ഉണ്ടായി. ഇത് കേവലം 10 ദിവസം ഉപ്പില്ലാതെ ഉള്ള ജീവിതം ആണെന്ന് ഓര്‍ക്കണം.

ഈ ഉപ്പ് ലോകത്തുനിന്ന് തന്നെ അപ്രത്യക്ഷമായാല്‍ എന്ത് സംഭവിക്കും? മനുഷ്യന് മാത്രമല്ല മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഉപ്പ് നമുക്ക് വേണ്ടത്രതന്നെ ആവശ്യമാണ്. സമുദ്രങ്ങള്‍ മുഴുവന്‍ ഉപ്പുവെള്ളം ആയതില്‍ നമുക്ക് അല്‍പ്പം ദേഷ്യം ഉണ്ടാകുമല്ലേ. അവ മുഴുവന്‍ ശുദ്ധജലം ആയിരുന്നെങ്കില്‍ എന്ത് രസം ആയിരിക്കുമല്ലേ? 

എന്നാല്‍ തെറ്റി. സമുദ്രങ്ങളിലെ ഉപ്പ് ഇല്ലാതായാല്‍ 'ആള്‍ജികള്‍' പരിപൂര്‍ണ്ണമായും തുടച്ചു നീക്കപ്പെടും എല്ലാ കടല്‍ ചെടികളും. അവയാണ് ഭൂമിക്ക് വേണ്ട 50 % ഓക്‌സിജന്‍ പ്രകാശസംശ്ലേഷണം വഴി ഉണ്ടാക്കുന്നത്. കടല്‍ സസ്യങ്ങള്‍ നശിച്ചാല്‍ കരയിലെ സസ്യങ്ങളുടെയും ഗതി വേറൊന്നല്ല. അവയ്ക്കും ഉപ്പ് ആവശ്യമാണ്. സസ്യങ്ങള്‍ നശിച്ചാല്‍ ഓക്‌സിജന്‍ ഇല്ലാതാകും, കാലാവസ്ഥ തകിടം മറിയും . ചൂടിനും കൊടും തണുപ്പിനും ഇടയില്‍ കിടന്നു ഭൂമി വട്ടം കറങ്ങും. മനുഷ്യരും സര്‍വ്വ ജീവജാലങ്ങളും നശിക്കാന്‍ അധിക സമയം വേണ്ട 

ഭക്ഷണ ലഭ്യത ഇല്ലാതെ, ഓക്‌സിജന്‍ ഇല്ലാതെ പിന്നെന്ത് ജീവന്‍? ഇത് തികച്ചും സാങ്കല്‍പ്പികം മാത്രം.

ഒരിക്കലും ഉപ്പ് ഇല്ലാതാകില്ല എന്ന വസ്തുതയില്‍ നമുക്ക് സമാധാനിക്കാം 'നീ ഭൂമിയുടെ ഉപ്പാകുന്നു ' എന്ന് യേശുക്രിസ്തു പറഞ്ഞത് വെറുതെ അല്ല . എന്തായാലും ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.

click me!