കാന്‍സറുമായുള്ള പോരാട്ടത്തിനിടെ വിടപറഞ്ഞ പ്രിയതമനായി അസാധാരണ ഓര്‍മ്മപ്പുസ്തകം തയ്യാറാക്കിയ ഭാര്യയുടെ അനുഭവക്കുറിപ്പ്.
ഡോ. ഷാനു എഴുതിയ കുറിപ്പിന്റെ അവസാന ഭാഗം
ഇക്കഴിഞ്ഞ ആഴ്ച കോഴിക്കോട്ട് വെച്ച്, അത്ര സാധാരണമല്ലാത്ത ഒരു പുസ്തകത്തിന്റെ പ്രകാശനം നടന്നു. കാന്‍സര്‍ രോഗവുമായുള്ള പോരാട്ടത്തിനിടയില്‍, 2021 ഒക്ടോബര്‍ 17-ന് അപ്രതീക്ഷിതമായി വിടപറഞ്ഞ പ്രിയതമനു വേണ്ടി ഭാര്യ തയ്യാറാക്കിയ ഓര്‍മ്മപ്പുസ്തകം. വ്യവസായ, വാണിജ്യ, ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരിക്കെ, 39-ാം വയസ്സില്‍ പൊടുന്നനെ വിടപറഞ്ഞ ഭര്‍ത്താവ്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് പാറക്കടവ് സ്വദേശി ഷൈജല്‍ പി.കെ.സിയുടെ ഓര്‍മ്മയ്ക്കായാണ് ഭാര്യ ഡോ. ഷാനു കമനീയമായ ഈ കോഫിടേബിള്‍ പുസ്തകം ഒരുക്കിയത്. ഭര്‍ത്താവുമായി പല നിലയ്ക്ക് അടുപ്പങ്ങളുണ്ടായിരുന്ന 169 പേരുടെ ഓര്‍മ്മകള്‍ സമാഹരിച്ചാണ്, ഡോ. ഷാനു, 'ഷൈജല്‍ 1981-2021' എന്ന ശീര്‍ഷകത്തിലുള്ള 250 പേജുള്ള പുസ്തകം തയ്യാറാക്കിയത്.
തികച്ചും വ്യക്തിപരമായ കുറിപ്പുകളുടെ സമാഹാരമാണെങ്കിലും, അര്‍ബുദരോഗത്തിന് എതിരായ സര്‍വതലസ്പര്‍ശിയായ പോരാട്ടങ്ങളുടെ പൊതുപശ്ചാത്തലത്തിലാണ്, പരിമിതമായ കോപ്പികളുമായി ഇറങ്ങിയ ഈ പുസ്തകം സ്വീകരിക്കപ്പെട്ടത്. ജീവിതത്തിന്റെ ഏറ്റവും നല്ല സമയത്ത്, പൊടുന്നനെ മാഞ്ഞുപോയ ഒരാള്‍ക്കുവേണ്ടി ജീവിതപങ്കാളി ഒരുക്കിയ ഈ പുസ്തകത്തെക്കുറിച്ചുള്ള വീഡിയോകള്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ഷൈജലിന്റെ ഒന്നാം ഓര്‍മ്മദിനത്തില്‍, കോഴിക്കോട് നടന്ന അനുസ്മരണ പരിപാടിയില്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും സജീവമായ ചര്‍ച്ച നടന്നു.
undefined
പുസ്തകത്തിന് ആമുഖമായി ഡോ. ഷാനു എഴുതിയ, ജീവിതവും മരണവും രോഗത്തിന് എതിരായ അതിജീവനപോരാട്ടങ്ങളും വിശദമായി പ്രതിപാദിക്കുന്ന ആമുഖ കുറിപ്പിന്റെ അവസാന ഭാഗം ഇവിടെ വായിക്കാം.
(ഷൈജല്‍ ഓര്‍മ്മപ്പുസ്തകം വാങ്ങാനുള്ള നമ്പര്‍: 80759 09485)
Also Read: ആദ്യ ഭാഗം: ഷൈജല്‍ എന്ന പുസ്തകം
തുടര്‍ചികില്‍സകള്‍ക്ക് എന്തു ചെയ്യണം? ഇതായിരുന്നു തുടക്കത്തില്‍, ഷേല്‍ക്കയുടെ പ്രധാനപ്പെട്ട ആലോചന മുഴുവന്‍. ലോകത്തെവിടെയായാലും ഏറ്റവും മികച്ച ചികില്‍സ ഉറപ്പുവരുത്തണമെന്ന് ഞാനും നിരന്തരം പറയുകയും പ്രയത്നിക്കുകയും ചെയ്തിരുന്നു.
അങ്ങനെയാണ്, കേരളത്തില്‍നിന്നും പഠിച്ചിറങ്ങി, ലോകത്തെ ഉന്നത ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഉന്നത വിദ്യാഭ്യാസം ചെയ്ത്, ലോകപ്രശസ്തനായി മാറിയ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. എം വി പിള്ളയെ ബന്ധപ്പെടുന്നത്. അദ്ദേഹത്തിന്റെ നീസ് ശ്രീദേവി വഴിയായിരുന്നു ഞാന്‍ ബന്ധപ്പെട്ടത്. പരിചയമുള്ള ഒരാള്‍ വഴിയാണ് ശ്രീദേവിയെ ഞാന്‍ ബന്ധപ്പെടുന്നതും ഇന്റര്‍നാഷനല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്മെന്റ് ആന്റ് റിസര്‍ച്ച് പ്രസിഡന്റായ ഡോ. പിള്ള സാറിനെ സമീപിച്ചതും. അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ഫെലോ ആയ ഡോ. പിള്ള വളരെ കരുണയോടാണ് ഷേല്‍ക്കയോട് പെരുമാറിയത്. ഷേല്‍ക്കയെ ബാധിച്ച അസുഖത്തിന് ഈ ലോകത്തെവിടെയും കിട്ടുന്ന മികച്ച ചികില്‍സ നല്‍കാന്‍ ഇപ്പോള്‍ കേരളത്തില്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോ. അരുണ്‍ വാരിയരെ അദ്ദേഹം ഇതിനായി റെക്കമന്റ് ചെയ്തു. മാത്രമല്ല ഷേല്‍ക്കയുടെ റിസല്‍റ്റുകള്‍ വിശദമായി അറിഞ്ഞ ശേഷം അദ്ദേഹം നേരിട്ട് തന്നെ ഡോ. അരുണുമായി ബന്ധപ്പെടുകയും ചെയ്തു.
അസുഖം അഡ്വാന്‍സ്ഡ് ലെവലിലേക്ക് മാറുന്ന സമയത്ത് ഡോ. പിള്ള സാറുമായി ഞാന്‍ നേരിട്ടു തന്നെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം വിദേശത്തു നിന്ന് മരുന്നുകള്‍ വരുത്തി ചികില്‍സ നടത്തുകയും ചെയ്തു. വിദേശത്ത് ഈ രോഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളെക്കുറിച്ചും പുതുതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മരുന്നുകളെക്കുറിച്ചുും ആഴത്തില്‍ അറിയുന്ന ഡോ. എം വി പിള്ളയുടെ ഉപദേശങ്ങളും ഇടപെടലുകളും ഷേല്‍ക്കായ്ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. മയോ ക്ലിനിക് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര ആതുര-ഗവേഷണ കേന്ദ്രങ്ങളിലും ദില്ലി എയിംസ്, മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലുള്ള വിദഗ്ധരോട് മറ്റു വഴിക്കും ഞങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. എന്റെയും ഷേല്‍ക്കാന്റെയും സ്‌നേഹങ്ങളും സൗഹൃദങ്ങളും ഒരുപാടൊരുപാട് സഹായിച്ചൊരു ഘട്ടമായിരുന്നു അത്.
അങ്ങനെയാണ് ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് ചികില്‍സ മാറുന്നത്. അവിടെ പിജി ചെയ്യുന്ന ഡോ. ജോര്‍ജി എന്റെ സീനീയറായിരുന്നു. അദ്ദേഹവും അരുണ്‍ വാരിയരുടെയും ഡോ. പ്രകാശിന്റെയും പേര് തന്നെയാണ് നിര്‍ദേശിച്ചത്. ഡോ. ജോര്‍ജി ആദ്യാവസാനം ഷേല്‍ക്കയുടെ ചികില്‍സയില്‍ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അവിടേക്ക് പോവുന്നതിനു മുമ്പ് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ പോയി ഡോ. നാരായണന്‍ കുട്ടി വാരിയരെയും ഡോ ദിലീപ് വള്ളത്തോളിനെയും കണ്ട് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. അവരുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ചികില്‍സ മുന്നോട്ടു പോയത്.
2021 മാര്‍ച്ച് പതിനഞ്ച് വെളുപ്പിനായിരുന്നു കൊച്ചിയിലേക്കുള്ള ഫ്ളൈറ്റ്. പെറ്റ് സ്‌കാന്‍ ചെയ്യാത്തത് കൊണ്ട് രോഗത്തിന്റെ സ്റ്റേജും മറ്റുമൊന്നും കൃത്യമായി അന്ന് അറിഞ്ഞിരുന്നില്ല. ഇതുവരെ കണ്ട ഡോക്ടര്‍മാരൊക്കെ നിര്‍ദേശിച്ചത് സര്‍ജറിയാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പോടും കൂടെയാണ് ഞങ്ങള്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. കൊവിഡ് ഒന്നാം തരംഗത്തിന്റെയും രണ്ടാം തരംഗത്തിന്റെയും ഇടയ്ക്കുള്ള സമയം ആയിരുന്നു. എയര്‍പോര്‍ട്ടില്‍ ഏറെക്കുറെ ആളൊഴിഞ്ഞു നിന്നു. വിമാനത്തിലും കുറച്ചു പേരെ ഉണ്ടായിരുന്നുള്ളൂ, കാലിനടിയിലെ മണ്ണ് ഊര്‍ന്നുപോവുന്ന അവസ്ഥയില്‍നിന്നും പ്രതീക്ഷയുടെ ആകാശത്തിലേക്കുള്ള പറക്കല്‍ ആയിരുന്നു അത്.
രാവിലെ ഡോ. പ്രകാശ് സാറിനെ കണ്ടു. അടുത്ത ദിവസം പെറ്റ് സ്‌കാന്‍ ചെയ്തു. കാര്യങ്ങള്‍ മോശമാവുകയാണെന്നായിരുന്നു അതിലെ കണ്ടെത്തല്‍. പ്രതീക്ഷിച്ചതിനേക്കാള്‍ അഡ്വാന്‍സ്ഡ് ആണ് രോഗമെന്ന് മനസ്സിലായി. വലതു കക്ഷത്തിനകത്ത് ഒരു കഴല അവര്‍ കണ്ടെത്തി. അതു അടിയന്തിരമായി നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഒപ്പം ബയോപ്സിയും എടുക്കണം. അങ്ങനെ സര്‍ജറി നടന്നു. കഴല എടുത്തുമാറ്റി ബയോപ്സിക്ക് അയച്ചു.
കീമോ തെറാപ്പിയും റേഡിയേഷനും ആരംഭിക്കണമെന്നാണ് ഡോ. പ്രകാശ് നിര്‍ദേശിച്ചത്. ഇതിനായി കൊച്ചിയില്‍ വരണമെന്നില്ല, ആസ്റ്ററില്‍ നിന്ന് കോഴിക്കോട് മിംസിലേക്ക് മാറിയ ഡോ. ശ്രീലേഷ് സാറിന് റെഫര്‍ ചെയ്ത് ഇതേ തുടര്‍ചികില്‍സ നടത്താമെന്ന് അദ്ദേഹം അറിയിച്ചു. ചികില്‍സയില്‍ ഉടനീളം കൊച്ചിയിലെ ഡോ. അരുണ്‍ വാരിയരും ഡോ. പ്രകാശും കൂടെ ഉണ്ടായിരുന്നു.
പിറ്റേന്ന് മിംസില്‍ ചെന്ന് ഡോ. ശ്രീലേഷിനെ കാണാനാണ് പ്രകാശ് സര്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തെ കണ്ടു. ബയോപ്സി റിസല്‍റ്റ് വന്നതിനു ശേഷം കീമോ തുടങ്ങാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
മാര്‍ച്ച് 24-ന് ആസ്റ്റര്‍ മിംസില്‍നിന്നും ഡോ. ജോര്‍ജി വിളിച്ചു. 'ബയോപ്സി റിസല്‍റ്റ് വന്നു.'
ആവുന്നത്ര ശാന്തതയോടെയും കരുതലോടെയുമാണ് അദ്ദേഹമത് പറഞ്ഞിരുന്നതെങ്കിലും റിസല്‍റ്റില്‍ മോശം കാര്യങ്ങളായിരുന്നു. കക്ഷത്തിലുണ്ടായിരുന്ന മുഴ കാന്‍സറസായി മാറിയിരുന്നുവെന്ന് റിസല്‍റ്റ് വ്യക്തമാക്കി. രോഗം വ്യാപിക്കുകയാണ് എന്നാണ് അതിനര്‍ത്ഥം. വ്യാപനം കൂടുന്നത് ഒട്ടും ഗുണകരമല്ല.
അതു കേട്ടതും ആ ഇടനാഴിയില്‍ ഞാന്‍ ഞെട്ടിത്തരിച്ചു നിന്നുപോയി. ഒറ്റയ്ക്കായിരുന്നു അന്നേരവുമുണ്ടായിരുന്നത്. രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യത ഒട്ടുമില്ല, മറ്റു ലക്ഷണങ്ങള്‍ ഒന്നുമില്ലല്ലോ, ചികില്‍സിച്ച് ഭേദമാക്കാം എന്നിങ്ങനെ അത്രയ്ക്ക് ഉറപ്പിച്ച ഞങ്ങള്‍ക്ക് മുന്നിലേക്കായിരുന്നു ഈ ഞെട്ടിക്കുന്ന വിവരം എത്തിയത്. പിന്നീടങ്ങോട്ട് നിയതിയുടെ അമ്പരപ്പിക്കുന്ന കൗശലത്തില്‍ ഞാന്‍ വാക്കുകള്‍ ഇല്ലാതെ നീറിയുഴറി, ഒറ്റയ്ക്ക് തന്നെ. എന്റെ ഭര്‍ത്താവ്, പിഞ്ചു കുഞ്ഞുങ്ങള്‍, ജീവിതം, ഒരു കരയും അടുത്തില്ലാത്ത നടുക്കടലില്‍. ഒരാളോടും പറയാനാവില്ല എന്നതിലുപരി ഒന്നുറക്കെ കരയാനോ നെടുവീര്‍പ്പിടാനോ ആകാതെ...ഒന്നു മുഖം വാടിയാല്‍ പോലും ഷേല്‍ക്കയ്ക്ക് ടെന്‍ഷന്‍ ആവും.
ഷേല്‍ക്ക പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ഈ കരഞ്ഞ മുഖം അവിടെ എത്തുമ്പോള്‍ കാണാന്‍ പാടില്ല. കണ്ണു കഴുകി മുഖം തുടച്ച് ഞാന്‍ ചെന്നു.
കീമോ തെറാപ്പി
ജോസഫ് മര്‍ഫി എഴുതിയ പ്രശസ്തമായ The Power of Your Subconscious Thinking എന്ന പുസ്തകവുമായാണ് ഷേല്‍ക്ക ആദ്യമായി കീമോ തെറാപ്പിക്കു പോയത്. ആ 42 മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ അതു വായിച്ചു തീര്‍ത്തു. ഷേല്‍ക്ക അന്ന് ഫുള്‍ ആക്ടീവ് ആയിരുന്നു. കൂളായാണ് തിരിച്ച് കാറോടിച്ചതെല്ലാം. പോസിറ്റീവ് ചിന്തകള്‍ മനസ്സിലാകെ നിറയുന്നത് അറിയുന്നുണ്ടായിരുന്നു. എന്നോട് അതിനെ കുറിച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തു. ഞാന്‍ ജയിക്കും- അതായിരുന്നു ആവര്‍ത്തിച്ചത്.
ആറു മാസമെങ്കിലും കീമോയുമായി പടവെട്ടണമായിരുന്നു. ആ സമയത്ത് ഡോ. ശ്രീലേഷിനെ ഷേല്‍ക്ക പോസിറ്റീവ് ചിന്തയാല്‍ വിസ്മയിപ്പിക്കുന്നത് നേരില്‍ കാണുന്നുണ്ടായിരുന്നു.
ഡോ. ശ്രീലേഷ് പറഞ്ഞു, ''ഈ അസുഖത്തെ ഈ സ്റ്റേജില്‍ മറികടന്ന ഒരാളെ എനിക്കറിയാം. ഒരു കണ്ണൂര്‍ക്കാരനാണ്. അദ്ദേഹത്തിന്‍േറത് ഒരു മിറക്കിളായിരുന്നു.''
''സര്‍ എന്നാല്‍ ഞാനൊരാളുടെ പേരു പറയാം-ഷൈജല്‍! ഈ പേരു താങ്കള്‍ ഓര്‍ത്തുവെച്ചോളൂ. സാറിനി എന്റെ പേരും ഇതുപോലെ പറേയണ്ടി വരും. ഈ രോഗത്തെ ഞാന്‍ ജയിക്കുക തന്നെ ചെയ്യും...''-പെട്ടെന്ന് ഷേല്‍ക്ക ഇടയില്‍ കയറി പറഞ്ഞു.
ഡോക്ടര്‍ ചിരിച്ചു. ഞാനും. ഷേല്‍ക്ക കൂളായിരുന്നു.
ഇടയ്ക്കിങ്ങനെ എണ്ണുമായിരുന്നു ഷേല്‍ക്ക. ഡോക്ടര്‍ പറഞ്ഞയാള്‍ എട്ടു വര്‍ഷം നിന്നു. എനിക്കൊരു അഞ്ചാറു വര്‍ഷം കിട്ടിയാല്‍ മകന്‍ Zen -നു ഒരു 15 വയസ്സെങ്കിലുമാവുമല്ലോ എന്നൊക്കെയുള്ള കണക്കുകൂട്ടല്‍. അത് കേട്ടിരിക്കാന്‍ ഒട്ടും എളുപ്പമായിരുന്നില്ല. എന്റെ പരിമിതമായ മെഡിക്കല്‍ അറിവുകളെല്ലാം മാറ്റിവെച്ച്, ഞാനുമറിയാതെ മിറക്കിള്‍ എന്നതിലേക്ക് മനസ്സു കൊടുക്കും.
ശസ്ത്രക്രിയയുടെ നാളുകള്‍
അതു കഴിഞ്ഞായിരുന്നു ശസ്ത്രക്രിയ. അതിനായി ഞങ്ങള്‍ കൊച്ചിയിലേക്ക് വീണ്ടും പറന്നു. മുമ്പത്തേക്കാള്‍ കോണ്‍ഫിഡന്റായിരുന്നു ഷേല്‍ക്ക അത്തവണ. കീമോ ചെയ്തിട്ടും അതൊന്നും കാര്യമായി ബാധിക്കാത്തത് മൂപ്പരുടെ കോണ്‍ഫിഡന്‍സ് നല്ലോണം ഉയര്‍ത്തിയിരുന്നു. കാര്യങ്ങള്‍ നല്ല രീതിയിലേക്ക് വരികയാണ് എന്നായിരുന്നു കീമോ വെച്ച് ഞങ്ങള്‍ എത്തിയ നിഗമനവും.
2021 ജൂലൈ 1 -ന്, സര്‍ജറി കഴിഞ്ഞതോടെ പ്രകാശ് സര്‍ വിളിപ്പിച്ചു. വളരെ മോശമാണ് അവസ്ഥ എന്നായിരുന്നു സര്‍ പറഞ്ഞത്. അതോടെ ആകെ ഞെട്ടിപ്പോയി. എന്ത് ചെയ്യുമെന്നറിയില്ല. ജീവിതം വല്ലാതെ പരീക്ഷിക്കുകയാണ്.
ഇനിയെത്ര നാള്‍ എനിക്ക് ആയുസ്സുണ്ടായാലും മറക്കാനാവില്ല, കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയുടെ ഓപ്പറേഷന്‍ തിയറ്ററിനു മുന്നിലെ ആ വെയിറ്റിംഗ് ഏരിയ. ഏതോ സിനിമയിലേതുപോലെ വലിയൊരു കാര്യത്തില്‍ ഒരു ഗതിയുമില്ലാതെ ഒറ്റയ്ക്കായ ആ നേരം, തൊണ്ടയില്‍നിന്നൊന്നും ഒരു വാക്കും വരാത്ത, ആരും കേള്‍ക്കാത്ത എന്റെ ഒറ്റയ്ക്കുള്ള പരീക്ഷണങ്ങള്‍.
പക്ഷേ, ഷേല്‍ക്ക ആത്മവിശ്വാസത്തിന്റെയും പോസിറ്റീവ് ചിന്തയുടെയും പരകോടിയിലാണ്. കാന്‍സര്‍ ഉള്ള ഭാഗം എടുത്തൊഴിവാക്കിയല്ലോ ഇനി ഒന്നും പേടിക്കാനില്ലെന്നൊക്കെ എന്നെ ഇങ്ങോട്ട് സമാധാനിപ്പിക്കും.
ജൂലൈ 12 -ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമായിരുന്നു. പ്രകാശ് സാറിനും ഹോസ്പിറ്റലില്‍ കൂടെ ഉണ്ടായിരുന്ന എല്ലാര്‍ക്കും ചോക്കലേറ്റ്‌സ് വാങ്ങി കൊടുത്തു. അന്ന് ഞാനൊരു ഫേസ്ബുക് പോസ്റ്റ് എഴുതി ഷെല്‍ക്കയെ വായിച്ചുകേള്‍പ്പിച്ചു. വാക്കുകള്‍ക്കിടയില്‍ തൊണ്ട ഇടറിപ്പോയപ്പോള്‍ ഷെല്‍ക്ക എന്നെ ചേര്‍ത്തു ഉമ്മ വെച്ചു. എന്നിട്ടു ചോദിച്ചു: 'എല്ലാം മാറുവല്ലേ, ഇനി എന്തിനാ സങ്കടം?'
അടുത്ത ദിവസം 13 -ന് ഞങ്ങള്‍ ഡിസ്ചാര്‍ജായി ആയി തിരിച്ചു പോന്നു.
അതിനിടെ ഡോക്ടറോട് 'സര്‍, ഇക്കാര്യം ഷേല്‍ക്ക അറിയണം. ഇല്ലെങ്കില്‍ പെട്ടെന്നുള്ള തകര്‍ച്ച കാണേണ്ടി വരും എന്ന് ഞാന്‍ പറഞ്ഞു.
പറയാമെന്ന് സാര്‍ പറഞ്ഞു. പക്ഷേ, അപ്പോള്‍ തന്നെ പറഞ്ഞു, 'എങ്ങനെയാണ് ഞാന്‍ ഇത് പറയേണ്ടത്, അയാളുടെ പോസിറ്റീവിറ്റി കാണുമ്പോള്‍ ഇതൊന്നും പറയാന്‍ തോന്നുകയേ ഇല്ല...'
അതു ശരിയായിരുന്നു. ആര്‍ക്കും പ്രതീക്ഷിക്കാനാവാത്ത വിധം കൂള്‍ ആയിരുന്നു ഷേല്‍ക്ക. സര്‍ജറി കഴിഞ്ഞ് നാട്ടില്‍ വന്ന സമയത്തായിരുന്നു എന്റെ പിറന്നാള്‍. പരിക്ഷീണയായ എന്നെ ഒന്ന് ചേര്‍ത്തുപിടിച്ചു ചിരിപ്പിക്കാന്‍ എന്റുമ്മയും അനിയത്തിയും അനിയന്റെ ഭാര്യാ ചിന്നുവും വന്നു. സന്തോഷത്തോടെ കേക്ക് മുറിച്ചു. എന്റെ കൂടെ ഷേല്‍ക്കയും ആ കേക്ക് വാങ്ങി കഴിച്ചു. എനിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് എത്തിച്ചു തന്നു. ഷേല്‍ക്കാന്റെ കൂടെയുള്ള അവസാന പിറന്നാള്‍ ആയിരുന്നു അത്. ഷേല്‍ക്ക എനിക്കു നല്‍കുന്ന അവസാന സമ്മാനവും. അങ്ങനെയൊരു കാര്യമറിയാതെ, ഷേല്‍ക്ക വളരെ സ്മാര്‍ട്ടായി നടന്നു, ഞാനും.
അതു കഴിഞ്ഞ് വീണ്ടും കീമോ തുടങ്ങാനുള്ള തീരുമാനമായി. രണ്ടാഴ്ച കൂടുമ്പോള്‍ 48 മണിക്കൂര്‍ നേരമായിരുന്നു കീമോ. അത് തുടങ്ങിയപ്പോള്‍ ഷേല്‍ക്കയുടെ അവസ്ഥ മോശമൊന്നുമല്ലായിരുന്നു. നേരത്തെ പോലെ തന്നെ ആക്ടീവ് ആയിരുന്നു. ഒപ്പം, അതേ ആത്മവിശ്വാസവും.
അതു അതു കഴിഞ്ഞ് കഴിഞ്ഞ് പെരുന്നാള്‍. അന്നായിരുന്നു ആസ്റ്ററില്‍ റിവ്യൂ. പെരുന്നാളിന് കുട്ടികള്‍ക്കൊപ്പം ഞങ്ങള്‍ കൊച്ചിയിലേക്ക് പോയി. മടങ്ങി വന്നപ്പോള്‍ വീണ്ടും കീമോ.
ഓഗസ്ത് 23-നായിരുന്നു ഓണം. ഓണത്തലേന്ന് എന്റെ ചില സംശയങ്ങള്‍ കൊണ്ട് CEA പരിശോധിച്ചു. അത് വല്ലാതെ കൂടിയിരുന്നു. പക്ഷേ അതു മാത്രം വെച്ച് ഒന്നും കണക്കാക്കാനാവില്ല. പിറ്റേന്ന് ഓണമായിരുന്നു. ഡോ. ശ്രീലേഷ് വീട്ടിലാവും. ഈ സമയത്ത് അദ്ദേഹത്തെ വിളിച്ച് ഇക്കാര്യം പറയാന്‍ പറ്റില്ല. മറ്റാരോടും ഇത് പറയാനും ഇല്ല. അന്നോളം അനുഭവിച്ച നോവുകള്‍ക്കൊക്കെ അതീതമായിരുന്നു അന്നത്തെ സംഘര്‍ഷം. കീമോ ചെയ്തുകൊണ്ടിരിക്കുമ്പോഴും ഇതിങ്ങനെ കൂടി ഇരിക്കുന്നു എന്നത് പലപല കാരണങ്ങളാല്‍ അശുഭകരമായിരുന്നു.
നില്‍ക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ. ഇതൊന്ന് മറികടന്നേ പറ്റൂ.
വെറുതെ ഷേല്‍ക്കയുടെ ഫോണ്‍ നോക്കി. ഓണമായിട്ടും വൈത്തിരി റിസോര്‍ട്ടില്‍ ഒഴിവുണ്ട്. പൂള്‍ വില്ല തന്നെ കിട്ടി. കുട്ടികളെയും കൂട്ടി ഞങ്ങള്‍ നേരെ വിട്ടു. മോന്റെ കാലില്‍ ചെറിയ ഫ്രാക്ചര്‍ ഉണ്ടായിട്ട് പ്ലാസ്റ്റര്‍ ഇട്ടിരുന്നു. അത് പോയി വെട്ടിച്ചു, എന്നിട്ട് നേരെ വിട്ടു. ഞങ്ങള്‍ രണ്ടാളും മാറിമാറി വണ്ടിയോടിച്ചു.
ആ രാത്രി ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. കിടക്കുമ്പോള്‍, ഒരു കൈയില്‍ മകന്‍. മറു കൈയില്‍ മകള്‍. അതിനപ്പുറം ഷേല്‍ക്ക. മൂവരും ഉറങ്ങുന്നു. എനിക്കാണേല്‍ ഒരുറക്കവുമില്ല. ആലോചിക്കുന്തോറും ഭയം അരിച്ചുവരുന്നു. ഈ മനുഷ്യന്‍ ഇതെന്താവും? പേടിയും സങ്കടവും കൂടി എന്റെ ഞരമ്പുകളെ ഉലച്ചുകളഞ്ഞു. കണ്ണൊന്നടക്കാന്‍ ആവുന്നില്ല. സന്തോഷം അഭിനയിച്ചു തളര്‍ന്നു. കരയാന്‍ പോയിട്ട് ഒന്ന് നെടുവീര്‍പ്പിടാന്‍ പോലും പറ്റില്ല .
മടങ്ങുമ്പോള്‍ കുറ്റ്യാടിയിലെ ഷേല്‍ക്കാന്റെ വീടു വഴി വരാമെന്നും വീട്ടില്‍ പോവാമെന്നും ഞാന്‍ പറഞ്ഞു. ഷേല്‍ക്ക ഉമ്മാനെ വിളിച്ച് ഞങ്ങള്‍ വരികയാണെന്ന് പറഞ്ഞു. അവിടെ ചെന്നു. അവിടെ ഷേല്‍ക്കാന്റെ മൂത്ത സഹോദരിയും ഉണ്ടായിരുന്നു. അതൊരു മറക്കാനാവാത്ത ദിവസമായിരുന്നു. എല്ലാവര്‍ക്കുമൊപ്പം സന്തോഷമായി കഴിഞ്ഞു, ഷേല്‍ക്ക. ഭക്ഷണം കഴിച്ചു. അവസാനമായി ആ വീട്ടില്‍, ഷേല്‍ക്കാന്റ വീട്ടില്‍.
മടങ്ങാന്‍ നേരം, ഷേല്‍ക്ക കാറില്‍ കേറിയപ്പോ ഞാന്‍ ഉമ്മയെ മുറിയില്‍ വിളിച്ചു കാര്യങ്ങളൊക്കെ മോശമാവുകയാണെന്നും ഒരുപാടൊരുപാട് അധികം പ്രാര്‍ത്ഥിക്കണമെന്നുമൊക്കെ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും പൊട്ടിക്കരഞ്ഞു. അന്ന് ഉമ്മ എന്നോട് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, 'എന്റെ മോളെ നിന്റെയൊരു ധൈര്യം, വല്ലാത്തത് തന്നെ.'
'എന്റെ ഷേല്‍ക്ക, എന്റെ മക്കള്‍ എനിക്ക് മറ്റെന്താണുള്ളതമ്മാ..' എന്ന് ഞാന്‍ കരഞ്ഞു ചോദിച്ചുപോയി. ധൈര്യം എന്ന പദവുമായി എന്റെ അക്കാലത്തെ ജീവിക്കലുകള്‍ക്ക് എന്തേലും ബന്ധമുണ്ടോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. ഉരുകുകയാണ് ഞാന്‍ എന്നു മാത്രമറിയാം.
അതു കഴിഞ്ഞ് ഞങ്ങള്‍ ആര്‍ ഇ സിയിലെ എന്റെ വീട്ടിലേക്ക് പോയി. അവിടെ എന്റെ അനിയന്റെ ഭാര്യവീട്ടില്‍നിന്നും ആളുകള്‍ വിരുന്നിന് വരുന്നുണ്ടായിരുന്നു. കീമോ കാരണം മുടി കൊഴിഞ്ഞതിനാല്‍ കുറച്ചു നാളായി അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍നിന്നും വിട്ടുനില്‍ക്കുകയാണ് ചെയ്യാറ്. 'വേണമെങ്കില്‍ നമുക്ക് എങ്ങോട്ടേലും പോവാം' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചില്ല. 'അതിനെന്താ നമുക്കിവിടെ നില്‍ക്കാം, മുടിയൊക്കെ വന്നു തുടങ്ങിയല്ലോ' എന്ന് ആശ്വസിപ്പിച്ചു.
അതേ പോലെ കൂളായി അവിടെ ഇരുന്നു. അവരോടൊക്കെ ഇടപെട്ടു. അവരുടെ കൂടെ ഇമാം ആയി നിന്ന് നിസ്‌കരിച്ചു.
അതിന്റെ പിറ്റേന്നു വീണ്ടും കീമോയായിരുന്നു. ആ റിസല്‍റ്റുമായി നേരെ ആശുപത്രിയിലേക്ക് പോയി. ഡോ. ശ്രീലേഷിനെ റിസല്‍റ്റ് കാണിച്ചു. എന്താണ് ഞാനിനി പറയേണ്ടത് എന്നു പറഞ്ഞ് അദ്ദേഹമെന്റെ മുഖത്തു നോക്കി. കരയാന്‍ പോലും പറ്റാതെ ഞാന്‍ മരവിച്ചതുപോലെ നിന്നു. അടുത്ത നിമിഷം, ഞാന്‍ പൊട്ടിപ്പോവുമെന്നു ഭയന്നപ്പോള്‍, ഡോക്ടര്‍ എന്റെ കൈത്തലം മുറുകെ പിടിച്ചു.
പ്രതീക്ഷിച്ചതിനേക്കാള്‍ കാര്യങ്ങള്‍ മോശമാവുകയാണ്. ഓഗസ്ത്് രണ്ടാം വാരമായപ്പോള്‍, ശരീരത്തിനെ അത് ബാധിച്ചു തുടങ്ങി. അതോടെ, രക്തം കയറ്റാന്‍ തുടങ്ങി. അതിന്റെ വിഷമങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ഞാനും ഷേല്‍ക്കയും മാത്രമുള്ളൊരു ലോകം ആയിരുന്നു അത്. ഒന്നിടവിട്ട ദിവസങ്ങളില്‍ രക്തം കയറ്റാന്‍ ആശുപത്രിയില്‍ എത്തും. പുലര്‍ച്ചെ ഒരു മണി രണ്ടു മണി വരെയൊക്കെയാവും തിരിച്ചു പോവാന്‍. പ്രിയപ്പെട്ടവനെ അടുത്തിരുത്തി ആ വിജനവും വിമൂകവുമായ രാത്രികളില്‍ ഞാന്‍ വണ്ടി ഓടിച്ച് ഫ്ളാറ്റിലേക്ക്
മടങ്ങുമായിരുന്നു. ജീവിതത്തെയാകെ ഗ്രസിച്ച അനിശ്ചിതത്വങ്ങളും നൊമ്പരങ്ങളും അകമ്പടി പോരും. ഏതോ കഥയിലേത് പോലെ, എന്നാലാകുന്നതെല്ലാം, ഒരു ദശാംശം പോലും കുറയാതെ, എന്റെ ഉള്ളംകൈയിലെന്നോണം ഷെല്‍ക്കയെ ഞാന്‍ ചേര്‍ത്തണച്ചു പിടിച്ചു.
മക്കള്‍ പറയുമായിരുന്നു ഉമ്മിക്ക് പുതിയ ബേബി വന്നതുപോലെയാ പപ്പായെ നോക്കുന്നതെന്ന്. രോഗപീഡയുടെ സഹനങ്ങള്‍ നോക്കി നില്‍ക്കേണ്ടി വരുമ്പോള്‍, ആ രോഗം എനിക്കു വന്നിരുന്നൈങ്കില്‍ എന്ന് ഞാന്‍ ആലോചിച്ചുപോകുമായിരുന്നു. ഷേല്‍ക്കയ്ക്കാണെങ്കില്‍ ആ നാളുകളില്‍ എനിക്കൊരു തലവേദന വരുന്നത് പോലും ടെന്‍ഷന്‍ ആയിരുന്നു. 'നീ ഇല്ലാതിരുന്നെങ്കില്‍ ഞാനെന്താവുമായിരുന്നു, മോളെ' എന്നൊരു ചോദ്യം പലകുറി ഷേല്‍ക്ക ആവര്‍ത്തിച്ചു. ആ ഒരൊറ്റ ചോദ്യത്തില്‍ എന്റെ ഈ ജന്മത്തിന്റെ മുഴുവന്‍ സാര്‍ത്ഥകതയും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.
സെപ്റ്റംബര്‍ മാസം ആയതോടെ കാര്യങ്ങള്‍ വീണ്ടും കുഴയാന്‍ തുടങ്ങി. വീട്ടില്‍നിന്ന് ആരെങ്കിലും വന്നേ പറ്റൂ എന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചു പറഞ്ഞു. ഷേല്‍ക്ക സമ്മതിച്ചില്ല.
ഡോക്ടര്‍മാര്‍ എല്ലാവരും അതുതന്നെ പറയുന്നുണ്ടായിരുന്നു. നാട്ടില്‍നിന്ന് ആരെങ്കിലും വരാതെ പറ്റില്ല എന്നു തന്നെ പറഞ്ഞു.
''ഇവരെ ഒറ്റയ്ക്ക് ഈ അവസ്ഥയിലാക്കരുത്. അതവര്‍ക്ക് താങ്ങാനാവില്ല. അവര്‍ വല്ല ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചുപോവും.''-എന്നെ ചൂണ്ടി ഡോ. ശ്രീലേഷ് ഷേല്‍ക്കയോട് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
(എന്നെ ഈ സമയങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിഞ്ഞിരുന്നത് മിംസിലെ ഡോക്ടര്‍മാരും നഴ്സുമാരും ആയിരുന്നു. അവരെല്ലാവരും ആവുന്നതിലെല്ലാം സഹായിച്ചു, സഹകരിച്ചു. മിംസിലെ പുതിയ ബ്ലോക്കിലെ അഞ്ചാം നില. ഡോ. അരുണ്‍, ഡോ. അരുണ റെഡ്ഡി, ഡോ. അനിത, ലീന്‍സ് സിസ്റ്റര്‍ മുതല്‍ എല്ലാവരും. ഇവരോടെല്ലാവരോടും ഹൃദയം തൊട്ടുള്ള നന്ദിയും കടപ്പാടും എനിക്ക് എന്നുമുണ്ടാവും.)
കേട്ടുകേട്ട് അവസാനം ഷേല്‍ക്ക സമ്മതിച്ചു. അതൊന്നും ഇഷ്ടത്തില്‍ പറയുന്നതല്ല എന്നറിയാമായിരുന്നു. പക്ഷേ, ഞാന്‍ പിടിച്ചു നില്‍ക്കാവുന്നതിന്റെ പരമാവധി എത്തിയിരുന്നു.
അങ്ങനെ ഷേല്‍ക്കാന്റെ അടുത്തിരുന്ന് കുറ്റ്യാടിയിലെ ഉമ്മയെ വിളിച്ചു. വിവരം അറിഞ്ഞപ്പോള്‍, അവിടെനിന്നും ഉമ്മയും ഉപ്പയും അമ്മാവന്‍ എ കെ സാഹിബും സുബൈര്‍ക്കയും കൂടി ആശുപത്രിയില്‍ എത്തി. വിവരങ്ങള്‍ അറിഞ്ഞു.അവരാകെ തകര്‍ന്നിരുന്നു.
കാര്യങ്ങള്‍ വീണ്ടും മാറുകയായിരുന്നു. ഒക്ടോബര്‍ 14 വ്യാഴാഴ്ച. കുട്ടികളോട് കളിച്ചു ചിരിച്ച് ഒന്നിച്ചു കഞ്ഞി കുടിച്ചു. വൈകുന്നേരം തോളില്‍ കേറിയിരുന്ന മോളെ എടുത്ത് താഴെ വെച്ചു മോനെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് ഇറങ്ങി. അവസാനത്തെ കീമോ. അത് കഴിഞ്ഞു ചെയ്യാനുള്ള എന്തൊക്കെയോ ചെയ്തു വെച്ചായിരുന്നു അന്ന് ഇറങ്ങിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ട് റിന്യൂവല്‍ അടക്കം പലതും. ഇനിയുമൊരുപാട് കാലത്തേക്കുള്ള ജീവിതപ്ലാനുകള്‍.
അന്ന്, ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കാനിടയില്ലാത്ത ഒരു കാര്യം നടന്നു.
ഡോ. ശ്രീലേഷിനോട് സംസാരിക്കുമ്പോള്‍, ഷേല്‍ക്ക തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഇമേജ് എടുത്തു കാണിച്ചു.
''ഇതു കണ്ടോ എന്റെ ഫോട്ടോ. കീമോയെല്ലാം കഴിഞ്ഞാല്‍ എന്നെ ഈ കോലത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു തരണം.''-അതും പറഞ്ഞ് ഷേല്‍ക്ക ചിരിച്ചു.. ഡോക്ടര്‍, ഷേല്‍ക്കാനെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി.
ഈ അവസാന കീമോ കഴിഞ്ഞാല്‍ മുടി വരാന്‍ തുടങ്ങും. അതു വേഗത്തില്‍ ആക്കാനും കറുപ്പുള്ളതാക്കാനുമുള്ള കാച്ചിയ എണ്ണയും താളിപ്പൊടിയും വരെ ഷേല്‍ക്ക റെഡി ആക്കി വെച്ചിരുന്നു.
പത്തുവര്‍ഷങ്ങള്‍ക്കു ശേഷം അതേ ഇടനാഴി
ഒക്ടോബര്‍ പതിനേഴ്. അന്ന് മോന്റെ പത്താം പിറന്നാള്‍ ആയിരുന്നു. ഒപ്പം, പപ്പയുടെ അവസാന കീമോയും. അതിനാല്‍ തന്നെ അവന്‍ ആഘോഷപൂര്‍വ്വം കാത്തിരുന്നൊരു ദിവസമായിരുന്നു അത്. അവന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ അഞ്ചാറ് കൂട്ടുകാരെ ശനിയാഴ്ച്ച വൈകുന്നേരത്തേക്ക് വിളിച്ചിരുന്നു. അതിന്റെ എല്ലാ കാര്യങ്ങളും സുഹൃത്ത് ഗായത്രി ഏറ്റു. കൂടെ ഷാലിജും. അപ്പോഴേക്കും സുഹൃത്ത് എന്ന നിലയില്‍നിന്നും എന്നെ ജീവിപ്പിക്കുന്ന മൂന്നാലു മനുഷ്യരില്‍ ഒരാളായി ഗായത്രി മാറിയിരുന്നു. ആയുസ്സുള്ള കാലത്തോളം ഞാന്‍ കടപ്പെട്ടിരിക്കുന്ന വിരളം ചിലരില്‍ ഒരാള്‍, ഞാന്‍ മാത്രമല്ല ഷേല്‍ക്കയും.
വ്യാഴാഴ്ച വൈകുന്നേരം ഷേല്‍ക്ക അഡ്മിറ്റ് ആയി. കീമോയ്ക്കു മുമ്പുള്ള മെഡിസിന്‍ കൊടുത്തു. വയറ് വേദനിക്കുന്നുവെന്ന് പറയുന്നുണ്ടായിരുന്നു. പെയിന്‍ കില്ലര്‍ നല്‍കിയിട്ടും വേദന ശമിച്ചില്ല. അതിനാല്‍, അടുത്ത ദിവസം തന്നെ സിടി എടുക്കാന്‍ പറഞ്ഞു. പിറ്റേന്ന് ഉച്ചയ്ക്ക് ജുമുഅയുടെ നേരമായപ്പോള്‍, എന്റെ അനിയന്‍ അമീന്‍ ഖുര്‍ആനിലെ അല്‍കഹ്ഫ് സൂറത്തിന്റെ വീഡിയോ ഫയല്‍ അയച്ചുതന്നു. അതു കേട്ടു തീര്‍ത്ത് ഷേല്‍ക്കയെ സിടിക്ക് കൊണ്ടുപോകാറായപ്പോഴേക്കും അനിയന്‍ ഹോസ്പിറ്റലില്‍ എത്തി. അവനോട് ഷേല്‍ക്ക സിടി കഴിഞ്ഞു വരുമ്പോഴേക്കും കുടിക്കാന്‍ രണ്ടുമൂന്നു ഗ്ലാസ് തണുപ്പില്ലാത്ത ഇളനീര്‍ വാങ്ങിവെക്കാന്‍ പറഞ്ഞു.
കുറച്ചു സമയം എടുത്ത് സി ടി കഴിഞ്ഞു. ചെറുതായി ചുമ ഉണ്ടായിരുന്നു. അതിനുള്ളില്‍ നല്ല തണുപ്പായിരുന്നു, അതാവും ചുമ എന്നു പറഞ്ഞു, ഷേല്‍ക്ക. റൂമില്‍വന്ന് ഇളനീര്‍ പതിയെ കുടിച്ചു. വീട്ടില്‍നിന്നും ഉമ്മ ഷേല്‍ക്കയ്ക്ക് ഇഷ്ടപ്പെട്ട നെയ്‌ച്ചോറും കോഴിക്കറിയും പതിവുപോലെ കൊടുത്തയച്ചിരുന്നു. ചെറിയ ചുമ ഉണ്ടെങ്കിലും കുറച്ചു ഭക്ഷണം കഴിച്ചു. എന്റെ അനിയന്‍ അരികിലിരുന്ന് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. എട്ട് മണി ആയപ്പോള്‍ ഷേല്‍ക്ക അവനെ പെരിന്തല്‍മണ്ണയിലുള്ള ഭാര്യവീട്ടിലേക്ക് നിര്‍ബന്ധിച്ച് പറഞ്ഞയച്ചു. ഒരുപാട് വൈകിയാല്‍ യാത്ര ബുദ്ധിമുട്ടാവും എന്നൊക്കെ അവനോട് പറഞ്ഞു. ഒപ്പം, രാവിലെ വരുമ്പോള്‍, ചുമയ്ക്കുള്ള തേനും ശര്‍ക്കരയും ഇഞ്ചിയുമൊക്കെ ഇട്ട മരുന്ന് കൊണ്ടുവരാനും പറഞ്ഞു. ഷേല്‍ക്കാന്റെ സഹോദരന്‍ നൗഷാദ്ക്ക അന്ന് വന്നിരുന്നില്ല. വീട്ടിലേക്കുള്ള വഴിയില്‍ മണ്ണിടിഞ്ഞ് വീണത് ശരിയാക്കാന്‍ അവനെ ആശുപത്രിക്കിടക്കയില്‍ വെച്ചു തന്നെ പറഞ്ഞേല്‍പ്പിച്ചതായിരുന്നു ഷേല്‍ക്ക. അടുത്ത ദിവസം വരുമ്പോള്‍ മീനടയും ഷേല്‍ക്കാന്റെ ഉമ്മാന്റെ ചുമയ്ക്കുള്ള മരുന്നുകൂട്ടും കൊണ്ടുവരാന്‍ പറഞ്ഞു.
സമയം 10 കഴിഞ്ഞു, പക്ഷേ, ചുമ കുറയുന്നില്ല. ഡോക്ടറോട് പിന്നെയും പറഞ്ഞു. വീണ്ടും മരുന്നു കൊടുത്തു. രാത്രി പത്തര കഴിഞ്ഞപ്പോള്‍ ചുമ വല്ലാതെ കൂടി. ഓക്‌സിജന്‍ റേറ്റ് കുറഞ്ഞതായി കണ്ടു. രാത്രിയല്ലേ, ഇനിയെങ്ങാന്‍ കൂടിയാലോ എന്നു പറഞ്ഞ് ഷേല്‍ക്കയെ ഐസിയുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. രാവിലെ തിരിച്ചു റൂമിലേക്ക് തന്നെ കൊണ്ടുവരാമെന്നും ഡോക്ടര്‍ പറഞ്ഞു.
ഐസിയുവിലേക്ക് മാറ്റുമ്പോള്‍, ആ ചുമയുടെ ഇടയില്‍കൂടെ ഷേല്‍ക്ക എന്നോട് 'വീട്ടിലൊന്നും പറയണ്ട ട്ടോ' എന്നവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഒരു ഞൊടിയില്‍ ഞാന്‍ ഷേല്‍ക്കയുടെ സഹോദരന്‍ നൗഷാദ്ക്കയോട് 'ഒന്നിങ്ങോട്ട് വരാമോ' എന്നു മാത്രം ചോദിച്ചു ഫോണ്‍ കട്ടാക്കി. ഷേല്‍ക്ക കണ്ടാലോ എന്നു പേടിച്ച് പിന്നെ ഫോണ്‍ തൊട്ടില്ല.
ലിഫ്റ്റില്‍ വെച്ചു എന്നോട് പറഞ്ഞു, 'എന്നെ ഐസിയുവില്‍ ആക്കിയശേഷം നീ റൂമില്‍ വന്ന് കുറച്ചുനേരം ഉറങ്ങിക്കോ, വെറുതെ പുറത്തിങ്ങനെ നില്‍ക്കണ്ട.'
ഐസിയുവിലാക്കി കുറച്ചു നേരം കഴിഞ്ഞപ്പോള്‍ തന്നെ ഓക്‌സിജന്‍ ലെവല്‍ നോര്‍മല്‍ ആവുന്നതായി അറിഞ്ഞു.ഓക്സിജന്‍ സപ്പോര്‍ട്ടിലാക്കി ഷേല്‍ക്കയെ.
കുറച്ചു കൂടി കഴിഞ്ഞ് നൗഷാദ്ക്ക എത്തി.
ആ രാത്രി എങ്ങനെയോ വെളുപ്പിച്ചു. ശനിയാഴ്ച കാലത്ത് അനിയന്‍ വന്നു. വിവിധ ഡോക്ടര്‍മാര്‍ വന്ന് ഷേല്‍ക്കയെ പരിശോധിച്ചു. പറ്റാവുന്ന എല്ലാ ചികില്‍സകളും കൊടുത്തു. പ്രശ്‌നമുണ്ട് എന്ന് എക്‌സ് റേയില്‍ കണ്ടെങ്കിലും കുത്തിയെടുത്തു പരിശോധിക്കാന്‍ നിവൃത്തിയില്ലായിരുന്നു. കാര്യങ്ങള്‍ വല്ലാതെ വഷളാവുന്നു എന്ന് അതോടെ തിരിച്ചറിഞ്ഞു.
എന്നെ വിട്ടിട്ടു പോവല്ലേ എന്നു തന്നെ ഷേല്‍ക്ക മന്ത്രിച്ചു കൊണ്ടിരുന്നു.
ലണ്ടനില്‍ ഇരുന്നു കൊണ്ട് സുഹൃത്ത് തനു എന്നെ ഹീലിംഗ് ചെയ്തു. ശനിയാഴ്ച ഉച്ചയോടെയോ മറ്റോ എനിക്ക് വാട്ട്സാപ്പില്‍ ആ മെസേജ് വന്നു. എല്ലാവരോടും ഷേല്‍ക്കയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച്, ഷേല്‍ക്കാന്റെ നാട്ടിലെ പള്ളി സെക്രട്ടറിയും സുഹൃത്തുമായ ഇ ജെ നിയാസ്‌ക്ക എഴുതി സര്‍ക്കുലേറ്റ് ചെയ്ത മെസേജ്. എന്റെ വാക്കുകള്‍ വറ്റിത്തീര്‍ന്നിരുന്നു അപ്പോഴേക്കും.
മക്കളെയും ഉമ്മാനെയും ഉപ്പാനെയും ഒക്കെ കാണിക്കാനായി റൂമിലേക്ക് മാറ്റാം എന്നു തീരുമാനിച്ചു. ഇടയ്ക്ക് ഒന്നുരണ്ടു തവണ ഞാന്‍ ആരുടെയൊക്കെയോ സമ്മതത്തോടെ ഐസിയുവില്‍ കേറി കണ്ടു. അപ്പോഴൊക്കെ വേദനയൊന്നുമില്ല, കുറയുന്നുണ്ട്, പുറത്താരൊക്കെയാണ് ഉള്ളത് എന്നൊക്കെ പറ്റുന്നതുപോലെ ചോദിക്കുന്നുണ്ടായിരുന്നു. തിരിച്ചുവരാനാവും എന്നു തന്നെയായിരുന്നു അപ്പോഴും ഷേല്‍ക്കയുടെ പ്രതീക്ഷ.
ശനിയാഴ്ച രാത്രി പത്തു മണി ആയപ്പോള്‍ അവസ്ഥ കുറച്ചു ഭേദപ്പെടുന്നുണ്ട് എന്നൊക്കെ ഡ്യൂട്ടി ഡോക്ടര്‍ വന്നു പറഞ്ഞു. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റെല്ലാവര്‍ക്കും ഒന്ന് കാണാനായി ഒന്ന് മുറിയിലേക്ക് കൊണ്ടുവരുമെന്നും പറഞ്ഞു. അന്നേരം എനിക്കും ഒന്ന് കാണാനാവുമല്ലോ, ഒരു വാക്കു പറയാനാവുമല്ലോ എന്നൊക്കെ കരുതി.
പുലര്‍ച്ചെ മൂന്ന് മണി ആയപ്പോള്‍ ഡ്രസ്സ് ഒന്നു മാറാനായി ഞാനൊന്നു റൂമില്‍ പോയി. ഫോണ്‍ നമ്പര്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചാണ് അവിടന്ന് പോന്നത്. അല്‍പ്പം കഴിഞ്ഞപ്പോള്‍ എനിക്കൊരു ഉള്‍വിളി കേള്‍ക്കാനായി. ഷേല്‍ക്കയുടെ മന്ത്രിക്കുന്നതു പോലുള്ള സ്വരം. 'ഷാ, ഞാന്‍ പോവുന്നു' എന്ന് മന്ത്രിക്കുന്നത് പോലെ തോന്നി. അതിങ്ങനെ ആവര്‍ത്തിച്ചു.
എനിക്കൊന്നും മനസ്സിലായില്ല. ശ്വാസം തിങ്ങി. നെഞ്ചിടിക്കാന്‍ തുടങ്ങി. മുറിയിലുണ്ടായിരുന്ന രണ്ടു ഉമ്മമാരോടുമായി 'ഇന്ന് എന്തോ സംഭവിക്കും, ഷേല്‍ക്ക എന്നോട് യാത്രപറയുന്നതുപോലൊക്കെ തോന്നുന്നു, ഞാന്‍ തിരിച്ച് ഐസിയുവിന്റെ അടുത്തേക്ക് തന്നെ പോവുകയാണ്, പറ്റുമെങ്കില്‍ നിങ്ങളും വരൂ' എന്നൊക്കെ പറഞ്ഞ് ചെരിപ്പുമിട്ട് ഞാനോടി. പിന്നാലെ രണ്ട് ഉമ്മമാരും.
പുതിയ ബ്ലോക്കിലെ മുറിയില്‍ നിന്ന് പഴയ ബ്ലോക്കിലെ ഐസിയു വരെ ഓടുകയായിരുന്നു. അവിടെത്തുമ്പോള്‍ ഡോക്ടറെ കണ്ടു. 'വേഗം കേറിക്കാണൂ...തീരുകയാണ്...'-ഡോക്ടര്‍ പറഞ്ഞു.
ഞാനുച്ചത്തില്‍ 'ഷേല്‍ക്കാ...എന്റെ വാക്കാ' എന്ന് കരഞ്ഞുവിളിച്ചു അകത്തു ചെന്നു. എന്റെ മക്കള്‍ ഒന്നു കണ്ടില്ലല്ലോ എന്നൊക്കെ ഞാന്‍ കരഞ്ഞു വിളിക്കുന്നുണ്ടായിരുന്നു.
ആയാസപ്പെട്ട് ശ്വാസമെടുക്കുകയാണ്. ഷേല്‍ക്കയുടെ കണ്ണുകള്‍ എന്നെത്തന്നെ നോക്കുന്നു. 'ഞാന്‍ പറയുന്നത് കേള്‍ക്കുമോ'-ഞാന്‍ ഡോക്ടറോട് ചോദിച്ചു.
'പറഞ്ഞോളൂ, കേള്‍ക്കും' എന്ന് ഡോക്ടര്‍ മറുപടി നല്‍കി. 'ഐ ലവ് വാക്കാ...'എന്നു ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു.
'സമാധാനായിട്ട് പോവൂ, വാക്കാ. നമ്മുടെ മക്കളെ ഞാന്‍ നോക്കും. And, you are the best man I've ever met...' എന്നുറക്കെ പറഞ്ഞു, ഞാന്‍. എനിക്കൊന്നുമ്മ വെക്കണമായിരുന്നു. എന്തൊക്കെയോ വയറുകള്‍. മാസ്‌ക്, ഗൗണ്‍...തൊടുമ്പോള്‍ മേലൊക്കെ തണുപ്പറിയുന്നു. പറ്റാവുന്നിടത്തൊക്കെ തൊട്ടുനോക്കി. വലത്തേ കാലില്‍, തുടയില്‍ ചൂട് ഉണ്ടായിരുന്നു.
ഡോക്ടര്‍മാര്‍ അവിടന്ന് പോവാന്‍ പറയുന്നതുവരെ ഞാനാ കാലുകള്‍ തടവി ഉമ്മവെച്ചുകൊണ്ടിരുന്നു. തൊട്ടടുത്തായി പ്രാര്‍ത്ഥനകളുമായി ഉമ്മമാരും നൗഷാദ്ക്കയും എന്റെ അനിയനും. അനിയനോട് പ്രാര്‍ത്ഥനാ വാചകങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ പറഞ്ഞു.
പിന്നെ, ഡോക്ടര്‍മാര്‍ എല്ലാവരോടും പോവാന്‍ പറഞ്ഞു. അവരൊക്കെ പോയിട്ടും എന്നെത്തന്നെ നോക്കുന്ന ആ കണ്ണുകളിലേക്ക് നോക്കിനോക്കി ഞാന്‍ പിന്നെയും കുറച്ചു നിമിഷങ്ങള്‍ അവിടെ ഉറഞ്ഞു നിന്നു. ഇനി ബാക്കിയുള്ള കാലത്തോളം എന്നെ വിട്ടുപോകാത്ത ആ ആഴമേറിയ നോട്ടം. എന്റെ വാക്ക...എന്റെ മനുഷ്യന്‍.
പെട്ടെന്ന് ഇ സി ജി മോണിറ്ററില്‍ വരകള്‍ നേരെയായി. എന്റെ ഫോണില്‍ അന്നേരം സമയം ആറുമണി. ഒക്ടോബര്‍ 17.
ഡോക്ടര്‍മാര്‍ എന്നോട് ഇറങ്ങാന്‍ പറഞ്ഞു.
ഒരായുസ്സ് അവസാനിച്ചു.
ഞാന്‍ പുറത്തേക്ക് ബഹിരാകാശത്തെന്ന പോലെ, നിലത്തും വായുവിലുമല്ലാതെ നിന്നു. പിന്നീട് ഒരു മരവിപ്പില്‍ എല്ലാം ഞാന്‍ ചെയ്തുതീര്‍ത്തു.
മോന്‍ പുറത്തുണ്ടായിരുന്നു. പത്തു വര്‍ഷം മുമ്പ് ഇതേ ദിവസം, ഇതേ സ്ഥലത്തുവെച്ച്, ഷേല്‍ക്ക ഇളംചൂടുള്ള കൈകളാല്‍ കാത്തിരുന്ന് വാങ്ങിയ മോന്‍. അരികെ ഒന്നും മനസ്സിലാവാതെ മോള്‍. അവരോട് ഞാനെന്ത്, എങ്ങനെ പറയും എന്നായിരുന്നു അന്നേരമോര്‍ത്തത്.
പിന്നെ ഞാന്‍ കരഞ്ഞില്ല. ചെയ്യാനുള്ളതൊക്കെ ചെയ്ത്, ആംബുലന്‍സില്‍ ഷേല്‍ക്കയുടെ തണുത്ത ശരീരത്തിനരികെ ഇരുന്ന് കുറ്റ്യാടിയിലേക്ക് പാഞ്ഞു. വിവാഹദിവസം ഞാനാദ്യമായി കുറ്റ്യാടിയിലേക്ക് പോയതോര്‍ത്തു.
ഇടനാഴി കടന്ന് തുരങ്കത്തിലേക്ക്
ആദ്യം പറഞ്ഞ, രണ്ടാമത്തെ ഇടനാഴിയില്‍നിന്നും ഞാന്‍ ഒറ്റയടിക്ക് നിലം പതിച്ചത്, ഒരു തുരങ്കത്തിലേക്കായിരുന്നു. അന്നുവരെ ജീവിച്ച ജീവിതമായിരുന്നില്ല പിന്നീട്. ലോകമാകെ മാറി. ആളുകള്‍ മാറി. എന്റെ പരിഗണനകളും താല്‍പ്പര്യങ്ങളും മാറി. ജീവിതത്തിലാദ്യമായി, ഞാനെന്റെ മക്കളെക്കുറിച്ച് ആലോചിച്ചു ഭയക്കാന്‍ തുടങ്ങി.
മാര്‍ച്ച് മാസം മുതല്‍ ഒക്ടോബര്‍ മാസം വരെ നടത്തിയ ആ ഒറ്റയാള്‍ പോരാട്ടം എന്നെ അകവും പുറവും ഉലച്ചുകളഞ്ഞിരുന്നു. അതിനും എത്രയോ ആഴത്തില്‍, എന്റെ പ്രിയപ്പെട്ടവന്റെ അഭാവവും. ഈ തുരങ്കത്തില്‍ എന്നെ ജീവിപ്പിക്കാനാവുന്ന ഒരേയൊരു കാര്യം മക്കള്‍ മാത്രമാണ് എന്നു വിശ്വസിച്ചുള്ള മുന്നോട്ടു പോക്കായിരുന്നു പിന്നീട്.
സ്നേഹിച്ചു കൊതിതീരും മുമ്പേ പൊലിഞ്ഞുപോയ ഷേല്‍ക്ക, ഇവിടെ ഏല്‍പ്പിച്ചുപോയ രണ്ട് കുരുന്നുകളിലേക്ക് ഷേല്‍ക്കയോടുള്ള മുഴുവന്‍ സ്നേഹവും പകര്‍ന്നു നല്‍കാന്‍, അവരെ ചേര്‍ത്തുപിടിച്ച് കൈ പിടിച്ചുയര്‍ത്താന്‍, ഷേല്‍ക്കായ്ക്ക് വീണ്ടും വാക്ക് കൊടുത്തുകൊണ്ട്, കടപ്പെട്ടുകൊണ്ട്...
ഈ പുസ്തകം സത്യത്തില്‍ ഷേല്‍ക്കയെ വീണ്ടെടുക്കലാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോഴില്ലാത്ത ഒരാളെ ബാക്കിയുള്ളവരുടെ ഓര്‍മ്മകളിലൂടെ പുനരാവിഷ്‌കരിക്കല്‍. അതൊരാളെ മനസ്സാലെ ഉണ്ടാക്കിയെടുക്കുന്ന പ്രക്രിയയാണ്. അതേ സമയം, ആഴത്തില്‍ സമഗ്രമായി അടയാളപ്പെടുത്തലും.
ആ നിലയ്ക്ക് എന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ പുസ്തകം. ഇത് വെറും കടലാസുകളല്ല. ഇതിന്റെ താളുകളില്‍ നിറയെ ഷേല്‍ക്കയാണ്.
'ഇല്ലാ ഞാന്‍ തോറ്റിട്ടില്ലാ' എന്ന് മുമ്പ് ഡോ. ശ്രീലേഷിനോട് ഉറക്കെ ആവര്‍ത്തിക്കുന്നത് പോലെ, കൈ നീട്ടി ഷേല്‍ക്ക പറയുന്നത് ഓരോ താളും മറിക്കുമ്പോള്‍ എനിക്കു കേള്‍ക്കാനാവുന്നുണ്ട്.
ഞാന്‍ കണ്ട ഷേല്‍ക്ക കൃത്യത എന്ന വാക്കിന്റെ മനുഷ്യരൂപമായിരുന്നു. എല്ലാത്തിലും... സ്‌നേഹത്തില്‍ വരെ. ഷേല്‍ക്കയെന്നാല്‍ ഉത്തരങ്ങള്‍ ആയിരുന്നു, തീരുമാനങ്ങളായിരുന്നു, പൂര്‍ണ്ണതകള്‍ ആയിരുന്നു, ഷേല്‍ക്കയെന്നാല്‍ എല്ലാമെല്ലാമായിരുന്നു. അകംപുറം 'അസംസ്‌കൃതയായ' എനിക്ക് അതൊരു അത്ഭുതമായിരുന്നു. വാക്കുകള്‍ മുതല്‍ എല്ലാം, ഒട്ടും കൂടാതെയും കുറയാതെയും.
ആ മനുഷ്യനെ ആഴത്തില്‍ അറിയാനാവും, നിങ്ങള്‍ക്കീ പുസ്തകത്താളുകളില്‍...
(ഷൈജല്‍ ഓര്‍മ്മപ്പുസ്തകം വാങ്ങാനുള്ള നമ്പര്‍: 80759 09485)
Also Read: ആദ്യ ഭാഗം: ഷൈജല്‍ എന്ന പുസ്തകം