അതുപോലെ തന്നെ ഒരു നിശ്ചിത എണ്ണം ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കും തായ്‍വാൻ പണം ഓഫർ ചെയ്യുന്നുണ്ട്.
കൊവിഡ്, ലോകത്തെ ടൂറിസം മേഖലയെ ചെറുതായൊന്നുമല്ല വലച്ചത്. ടൂറിസത്തിൽ നിന്നും പ്രധാനമായി വരുമാനം കിട്ടിക്കൊണ്ടിരുന്ന പല രാജ്യങ്ങളും കൊവിഡ് നിയന്ത്രണത്തോടെ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ, കൊവിഡ് കേസുകൾ കുറഞ്ഞ് നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതോടെ പ്രതിസന്ധികളിൽ നിന്നും കര കയറാനുള്ള ശ്രമത്തിലാണ് അത്തരം രാജ്യങ്ങൾ. ഇപ്പോഴിതാ, വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകർഷിക്കുന്നതിനായി അവർക്ക് പണം നൽകാൻ തയ്യാറായിരിക്കുകയാണ് തായ്‍വാൻ.
ഓരോ വിനോദസഞ്ചാരിക്കും 13000 രൂപ വച്ച് നൽകാനാണ് തായ്‍വാൻ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ടൂറിസ്റ്റുകൾക്കാണ് ഈ തുക കിട്ടുക. ഡിസ്കൗണ്ട്, ലക്കിഡ്രോ, എയർലൈൻസ് എന്നിവയിലൂടെയാണ് ഈ തുക ടൂറിസ്റ്റുകൾക്ക് ലഭിക്കുക. അതുപോലെ തന്നെ വിവിധ പർച്ചേസുകളിലൂടെയും ഈ തുക നേടാനാവും.
അതുപോലെ തന്നെ ഒരു നിശ്ചിത എണ്ണം ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കുന്ന ട്രാവൽ ഏജൻസികൾക്കും തായ്‍വാൻ പണം ഓഫർ ചെയ്യുന്നുണ്ട്. തായ്‍വാന്റെ ജിഡിപി -യിൽ നാല് ശതമാനവും വരുന്നത് ടൂറിസത്തിൽ നിന്നുമാണ്. മഹാമാരിക്ക് ശേഷം എങ്ങനെ എങ്കിലും കര കയറാനുള്ള ശ്രമത്തിലാണ് ഇപ്പോൾ തായ്‍വാൻ. ഒപ്പം തന്നെ പരമാവധി ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാനും തായ്‍വാൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. അതുപോലെ തന്നെ കൊവിഡ് നിയന്ത്രണം കാരണം രാജ്യത്തിന്റെ കയറ്റുമതിയിലുണ്ടായ ഇടിവ് നികത്താനും ഈ നടപടികൾ ലക്ഷ്യമിടുന്നു.
കഴിഞ്ഞ വർഷം ഒമ്പത് ലക്ഷം വിനോദസഞ്ചാരികളുടെ ഒഴുക്ക് ഇവിടേക്ക് ഉണ്ടായിരുന്നു. എങ്കിലും, ചൈനയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഹോങ്കോങ്ങ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾ എത്തിയിരുന്നില്ല. ഏതായാലും, കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് രാജ്യത്തിന്റെ അതിർത്തികളെല്ലാം തുറന്നു കൊടുക്കപ്പെട്ടതോടെ തായ്‍വാനടക്കം പല രാജ്യങ്ങളും മരവിച്ച് കിടന്ന തങ്ങളുടെ ടൂറിസം മേഖലയിലൂടെ വരുമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ്.