2018 മെയ് മാസത്തിൽ ചിക്കാഗോയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് റോസിയെ കോർട്ട്‌നി ദത്തെടുക്കുന്നത്. അന്ന് അവൾക്ക് 12 വയസ്സുണ്ടായിരുന്നു. റോസിയ്ക്ക് ആദ്യമേ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. രണ്ടാമത്തേതും പ്രശ്നമാവാൻ തുടങ്ങിയതോടെ അതും നീക്കം ചെയ്യേണ്ടിവന്നു.
നായ്ക്കളിൽ വളരെ പ്രശസ്തമായ ഒരിനമാണ് ചിഹ്വാഹ്വ(Chihuahua). അവയുടെ നിരവധി വീഡിയോകളും, ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ചിഹ്വാഹ്വ ഇനത്തിൽ പെട്ട ഒരു നായയാണ് റോസി(Rosie)യും. അവൾക്ക് കാഴ്ചയില്ല, പല്ലുകളില്ല. എന്നാൽ, ഏറ്റവും സ്റ്റൈലിഷായ ഒരു നായയാണ് അവൾ. അവൾക്ക് നമ്മിൽ പലരേക്കാളും കൂടുതൽ വസ്ത്രങ്ങൾ സ്വന്തമായിട്ടുണ്ട്. അവളെ ഇങ്ങനെ ഒരു ഫാഷൻ ഐക്കണാക്കി മാറ്റിയത് അവളുടെ ഉടമ കോർട്ട്‌നി സിംപ്‌സൻ(Kortney Simpson) തന്നെയാണ്.
യുഎസ്സിലെ ചിക്കാഗോയിൽ നിന്നുള്ള ആ 38 -കാരി കഴിഞ്ഞ കുറച്ച് കാലങ്ങളായി തന്റെ നായയെ എല്ലാ ദിവസവും പുതിയ, സ്റ്റൈലിഷായ വസ്ത്രങ്ങൾ ധരിപ്പിക്കുന്നു. ആദ്യത്തെ ലോക്ക്ഡൗൺ സമയത്ത് ആരംഭിച്ചതാണ് അവരുടെ ഈ ഹോബി. വെറുമൊരു നേരംപോക്കിന് ആരംഭിച്ചതാണെങ്കിലും, പുതിയ വസ്ത്രങ്ങൾ ധരിച്ച നായ്ക്കുട്ടിയുടെ പുത്തൻ ചിത്രങ്ങൾ എല്ലാ ദിവസവും അവൾ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ഇതോടെ റോസി അങ്ങ് ഹിറ്റായി. ഇപ്പോൾ ഏകദേശം രണ്ട് വർഷത്തിന് മീതെയായി ഈ പരിപാടി ആരംഭിച്ചിട്ട്. ആ വകയിൽ നിരവധി ഫാൻസുമുണ്ട് റോസിയ്ക്ക്. ഇതുവരെയുള്ള കണക്ക് നോക്കി കഴിഞ്ഞാൽ, അവൾ 641 ഫോട്ടോഷൂട്ടുകൾ നടത്തി കഴിഞ്ഞു. വർണ്ണാഭമായ സൺഗ്ലാസുകൾ, ഫാൻസി ഡ്രസ് കോസ്റ്റ്യൂമുകൾ, ഫങ്കി തൊപ്പികൾ തുടങ്ങി നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ വസ്ത്രങ്ങൾ റോസിക്ക് സ്വന്തമായുണ്ട്.
undefined
എന്നാൽ, റോസിയ്ക്ക് മുൻപ് കോർട്ട്‌നിയ്ക്ക് മറ്റൊരു നായയുണ്ടായിരുന്നു, പേര് ചൂ ചൂ. അതിനെ വച്ചായിരുന്നു ഇൻസ്റ്റാഗ്രാം പേജ് ആദ്യമായി ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ റോസിയ്ക്ക് വേണ്ടിയുള്ളതാണ് അത്. 2018 മെയ് മാസത്തിൽ ചിക്കാഗോയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് റോസിയെ കോർട്ട്‌നി ദത്തെടുക്കുന്നത്. അന്ന് അവൾക്ക് 12 വയസ്സുണ്ടായിരുന്നു. റോസിയ്ക്ക് ആദ്യമേ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരുന്നു. രണ്ടാമത്തേതും പ്രശ്നമാവാൻ തുടങ്ങിയതോടെ അതും നീക്കം ചെയ്യേണ്ടിവന്നു. പിന്നീട് റോസിയ്ക്ക് ഒരു കൂട്ടിനു വേണ്ടി 2021 സെപ്റ്റംബറിൽ മറ്റൊരു ചിഹ്വാഹ്വയെ കോർട്ട്‌നി ദത്തെടുത്തു, രണ്ട് വയസ്സുകാരിയായ ക്ലാരബെല്ലെ. ഇരുവർക്കുമായി നൂറുകണക്കിന് വസ്ത്രങ്ങളാണ് അവൾ വാങ്ങിക്കൂട്ടിയിരിക്കുന്നത്.
ആദ്യം വെറും 125 ഫോളോവേഴ്‌സ് മാത്രമായിരുന്നു അവർക്ക് ഉണ്ടായിരുന്നതെന്ന് കോർട്ട്‌നി പറയുന്നു. ആദ്യം ഒരു വിനോദത്തിനായി ആരംഭിച്ചത് എന്നാൽ പിന്നീട് ആളുകളെ ആകർഷിക്കാൻ തുടങ്ങി. "ആളുകൾ ഇത്രയധികം സ്നേഹിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. കഴിയുന്നിടത്തോളം കാലം ഇത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" അവൾ പറഞ്ഞു. റോസി വളരെ സ്വീറ്റാണ് എന്നും, ക്ലാരബെൽ ചെറുതാണെങ്കിലും, ഭയമില്ലാത്തവളാണെന്നും കോർട്ട്‌നി പറയുന്നു. രണ്ടു നായ്ക്കളുടെയും ഇപ്പോഴത്തെ ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ഈ ഫോട്ടോ ഷൂട്ട് സെഷനുകളാണെന്നും അവൾ കൂട്ടിച്ചേർത്തു.